ചിത്രീകരണം: സൂര്യജ എം.

നഖം; ക്ഷതവും ചിത്രവും

1

ഇരുൾ നീറ്റും ഗുഹയിൽ

നാം

വരച്ച ചിത്രമത്രേ, നീറി നീറി നിറം കെട്ട്

കരിംകട്ടത്തഴമ്പായി, അറിയാത്ത

തൊടുന്യായക്കറയായി, ഈറയായി, പരസ്പരം

കരിമ്പടത്തൊലി പിഞ്ഞും മറയായി,

വെറുതെയായ്...


2

തല കുനിച്ച് നീ വരച്ച നാണമത്രേ, വിരൽ

കടിച്ചെൻ ചുണ്ടിലെറ്റും സംശയത്തിന്‍

ശിഷ്ടമത്രേ, ഉപ്പുവെള്ളച്ചൂടു പോലും തോറ്റിടുന്ന

ചൂഴ്ന്നഴുക്ക്, ഓക്കാനമിറക്കുന്ന താമ്പാള

നറുംമഞ്ഞ; മൂടു ചെത്തി മറച്ചേക്കാം

കെട്ടതും പുഴുക്കുത്തുമെല്ലാം


3

ഒറ്റനിറച്ചേലണിഞ്ഞ ഇറ്റു മാത്രപ്രതലത്തിൽ

വർണവിസ്തൃതി കോറിടുന്ന

പുതുകാലബോധചിത്രം.

ഉടൽചെറ്റിലവനില്ലാ-

തവള്‍ വരഞ്ഞെടുക്കുന്നു

വിറ തെന്നി വിളറാത്ത

വിലക്ഷണ നഖമുന..!

Tags:    
News Summary - malayalam poem by prasad kakkassery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.