ചിത്രീകരണം:: അരുണിമ

അക്ഷരങ്ങൾ വിൽക്കുന്നയാൾ


ദൂരങ്ങൾ പാഞ്ഞോടിക്കുതിച്ചതിന്റെ കിതപ്പണക്കാനെന്നോണം വിജനമായ, പച്ചപ്പിന്റെ കുളിർമയാൽ മനോഹരമായ ഏതോ ഒരു സ്റ്റേഷനിൽ തീവണ്ടി ഒന്ന് നടുനിവർത്തി. മുമ്പോട്ടുള്ള കാതങ്ങളെ കളിയാക്കി കൂവിക്കൊണ്ട് വണ്ടി വീണ്ടും കുതിച്ചപ്പോൾ എവിടുന്നോ അയാൾ ഓടിക്കയറി. കൈയിൽ ഒരു വലിയ കറുത്ത ബാഗുമായി. വറ്റിവരണ്ട മുഖമുള്ളയൊരാൾ! അത് ഹെഡ്ഫോൺ വിൽപനക്കാരനാവണേയെന്ന് ഞാൻ പ്രാർഥിച്ചു. മണിക്കൂറുകളായി സഹയാത്രികന്റെയും ചുറ്റുമുള്ള പല മാന്യരുടെയും മൊബൈലിലെ ന്യൂസും റീൽസും കോമഡികളും സഹിക്കുന്നു. എന്റെ കാശിന് ഓരോ ഹെഡ്ഫോൺ വാങ്ങി അവർക്ക് നൽകാം എന്നാശിച്ചു.

ഇതൊന്നും വകവെക്കാതെ ആ ഇലക്ട്രിക് പക്ഷി പാഞ്ഞുകൊണ്ടേയിരുന്നു. അയാൾ, തന്റെ വലിയ കറുത്ത ബാഗിന്റെ വായ് മലർക്കെ തുറന്നു. അതിൽ കൈയിട്ട് അടുക്കിപ്പെറുക്കി കുറെ പുസ്തകങ്ങൾ പുറത്തെടുത്തു. എന്റെ പ്രതീക്ഷ ചില പാലം കണക്കെ തകർന്നുവീണു. പല കനത്തിലുള്ള പല വർണങ്ങളിലെ പുറംചട്ടയുള്ള പുസ്തകങ്ങൾ കൈയിലെടുത്ത് ഒത്തിരിയൊത്തിരി സ്വപ്നങ്ങളോടെ ആകെയൊന്ന് നോക്കി. ചിലർ ഉറക്കെവെച്ച ഫോൺ വിഷയങ്ങളിൽ, മറ്റുചിലർ തീവണ്ടിയിൽ കയറുന്ന അന്ന് തിന്നാം എന്ന് കരുതി മാസങ്ങളായി പട്ടിണി കിടന്നപോലെ ആർത്തിയിലുള്ള ഭുജിപ്പിലാണ്. തലങ്ങും വിലങ്ങും നഗരത്തിലൂടെ ആംബുലൻസ് പായുംപോലെ വടക്കാരനും ചായക്കാരനും ഓടുന്നുമുണ്ട്!

പുസ്തകങ്ങൾ പലയടുക്കുകളായി ഓരോരുത്തരുടെ അടുത്ത് അയാൾ വെച്ചു. അബദ്ധവശാൽ ആർക്കെങ്കിലും വാങ്ങിക്കാൻ തോന്നിയാലോ!

ദുർഗന്ധം വമിക്കുന്ന പട്ടണത്തിലെ ഡ്രെയ്നേജിലേക്ക് നോക്കുന്നപോലെ പുസ്തകങ്ങളിൽ നോക്കി അറപ്പോടെ അകന്നിരുന്ന്, ഉറക്കെ അലറി ഫോണിൽ സംസാരിച്ച് അടുത്തിരിക്കുന്നവന്റെ ക്ഷമയെ പരീക്ഷിച്ചുകൊണ്ടിരുന്നു പല ആഡ്യന്മാരും!

പെട്ടെന്ന്, കോട്ടിട്ട പരിശോധകന്റെ തല ദൂരെ കണ്ടു. ഉടൻ അയാൾ പുസ്തകങ്ങൾ ബാഗിൽവെച്ച് എവിടെയോ ഒളിച്ചു.

ജന്മനാ ഉദരത്തിൽ വിഷവുമായി വരുന്ന പാക്കറ്റ് ഭക്ഷണങ്ങൾ വിൽക്കാം. ജനനത്തീയതി പോലും അറിയാത്ത പഴംപൊരിയും വടയും വിൽക്കാം. പുസ്തകങ്ങൾ പാടില്ല! നേരാണ് പല വിഷയങ്ങളെപ്പറ്റിയും അക്ഷരങ്ങൾ പഠിപ്പിക്കും.

തീപാറും വേഗത്തിൽ തീവണ്ടി പായുകയാണ്.അയാൾ എങ്ങുനിന്നോ വീണ്ടും വന്നു. ആ പുസ്തകങ്ങളുടെ മൂല്യത്തേക്കാൾ അത് വിറ്റ് വീട്ടിലേക്ക് വാങ്ങുന്ന അരിയുടെ മൂല്യം ആ തളർന്ന മുഖത്ത് കണ്ടു.

'ഈ പുസ്തകം എല്ലാം കൂടെ ആ തട്ടുമ്പുറത്തെങ്ങാനും എടുത്ത് വെക്ക്. മേശപ്പുറത്തെ പൊടി തൂത്ത് തൂത്ത് ഞാൻ മടുത്തു.' തലച്ചോറിൽ ഒരു ഭീകരധ്വനി മുഴങ്ങി. കാണുമ്പോഴുള്ള ആർത്തിക്ക് വാങ്ങി, വായിക്കാതെ മേശപ്പുറത്ത് വിങ്ങിപ്പൊട്ടുന്ന പുസ്തകങ്ങളെ ഓർത്തു. തട്ടുമ്പുറത്തെ എണ്ണം കൂട്ടെണ്ട എന്ന് കരുതി ഞാൻ അയാളെ നോക്കിയതേയില്ല.

ഒരു മാന്യദേഹം പുസ്തകങ്ങളെല്ലാം വാങ്ങി തിരിച്ചും മറിച്ചും നോക്കി തിരിച്ചുകൊടുത്തു.

അയാൾ, അയാളുടെ സ്വപ്നങ്ങൾ അടുക്കിപ്പെറുക്കി വലിയ കറുത്ത ബാഗിൽ നിറച്ചു. നിരാശയേക്കാൾ ആരുടെയൊക്കെയോ വിശപ്പിന്റെ വിളി. ആ മുഖത്ത് ഒരു നൊമ്പരച്ചിരിയായി.

ഒന്ന് ക്ഷീണമകറ്റാൻ വണ്ടി പതിവുപോലെ എവിടെയോ നിന്നു. വെയിൽ ജ്വാല പാറുന്ന, സിമന്റ് തറയിലേക്ക്, മുൻപരിചിതമായ ലാഘവത്തോടെ അയാൾ ചാടിയിറങ്ങി. പുസ്തകങ്ങളുടെ ഭാരമറിയാതെ എവിടെക്കൊക്കെയോ നോക്കി.

അയാൾ നടന്നകന്നതാണോ, വണ്ടി നീങ്ങിത്തുടങ്ങിയതാണോ. അറിയില്ല, കാഴ്ചയുടെ കോണിൽനിന്ന് അയാൾ മാഞ്ഞുപോയി. തോളിലെ വലിയ കറുത്ത ബാഗുമായി...

Tags:    
News Summary - Letter seller short story koottickal jayachandran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.