ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ വീ​ക്ഷി​ക്കു​ന്ന കു​ട്ടി​ക​ൾ

ഓൺലൈൻ പഠനം: പ്രത്യാഘാതങ്ങൾ തിരിച്ചറിയാം, വ്യക്തമായ ആസൂത്രണത്തിലൂടെ മികവുറ്റതാക്കാം

പ്രതിസന്ധികളിൽനിന്നാണ്​ പുതിയ സാധ്യതകൾ ഉടലെടുക്കുക. കോവിഡ്​ കാലത്തെ ഓൺലൈൻ പഠനരീതിയുടെ പ്രതിസന്ധികളും സാധ്യതകളും വിലയിരുത്തുകയാണ്​ കോഴിക്കോട്​ ചേന്ദമംഗല്ലൂർ എച്ച്​.എസ്​.എസിലെ ഒമ്പതാം ക്ലാസ്​ വിദ്യാർഥിയായ ലേഖിക

കോവിഡ് വ്യാപനം വിദ്യാഭ്യാസ രീതികളെ പാടേ മാറ്റിമറിച്ചു. ഓൺലൈൻ പ്ലാറ്റ്ഫോമുകളിലേക്ക് പഠനം മാറി. വിവര സങ്കേതിക വിദ്യയിലൂന്നിയ രണ്ടാമത്തെ അധ്യയന വർഷമാണിത്​. ഓൺലൈൻ വിദ്യാഭ്യാസത്തിന്‍റെ അടിസ്ഥാന സൗകര്യങ്ങൾ ഏറെ ചർച്ചചെയ്യപ്പെട്ട നമ്മുടെ സമൂഹം ഇവയുടെ സാമൂഹിക പ്രത്യാഘാതങ്ങളെക്കുറിച്ച് വേണ്ടപോലെ ആശങ്കപ്പെടുകയുണ്ടായില്ല.

ഈ പഠനരീതി യഥാർത്ഥത്തിൽ എന്തെല്ലാം സാമുഹിക പ്രത്യാഘാതങ്ങളാണ് വരുത്തിവെയ്ക്കുന്നത്? ഇത് എങ്ങനെയെല്ലാമാണ് വിദ്യാർഥികളെ ബാധിക്കുന്നത്? ഇവിടെ ആരെല്ലാമാണ് പുറന്തള്ളപ്പെടുന്നത്?

അധ്യാപകൻ നിസ്സഹായനാകുന്നുവോ?

കേവലം പുസ്തകങ്ങളിലുള്ളത് മാത്രമല്ല വിദ്യാഭ്യാസം. സാമൂഹികവും സാംസ്കാരികവുമായ ബോധം വിദ്യാർത്ഥികളിൽ വളർത്തിയെടുക്കലും വ്യക്തിത്വ രൂപീകരണവുമെല്ലാം വിദ്യാഭ്യാസത്തിൻ്റെ ഭാഗമാണ്. ഇതിൽ അധ്യാപകന്‍റെ പങ്കും ചെറുതല്ല. കേരളത്തിലെ പ്രസിദ്ധനായ വിദ്യാഭ്യാസ നിരീക്ഷകനും അധ്യാപകനുമായ സുകുമാർ അഴീക്കോട് ഒരിക്കൽ പറയുകയുണ്ടായി: ''അധ്യാപകനും വിദ്യാർഥിയും ഹൃദയം കൊണ്ട് അടുത്തു വരുമ്പോൾ അവിടെ വിദ്യാഭ്യാസം എന്ന പ്രകാശം ഉണ്ടാവുന്നു". ഇന്ന് ഡിജിറ്റൽ മറകൾക്കപ്പുറവും ഇപ്പുറവും ഏതു നിമിഷവും അറ്റുപോകാവുന്ന വിവര സാങ്കേതിക വിദ്യയിലൂടെ വിദ്യ അഭ്യസിപ്പിക്കുകയും അഭ്യസിക്കുകയും ചെയ്യുമ്പോൾ ഏറെ പ്രസക്തമാണ് സുകുമാർ അഴീക്കോടിന്‍റെ നിരീക്ഷണം.

സിലബസിനപ്പുറത്ത് അധ്യാപകൻ പകർന്ന് നൽകുന്ന പാഠ്യേതര അനുഭവങ്ങളും ആശയങ്ങളും ഊർജവും വിദ്യാർഥിയെ ഏറെ സ്വാധീനിക്കുന്നുണ്ട്. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രം ലഭിക്കുന്ന 45 മിനിറ്റിൽ ഇരുതല കൂട്ടിമുട്ടിക്കാൻ പ്രയാസപ്പെടുകയാണ് ഇന്ന് ഒരോ അധ്യാപകനും. ഒരോ വിദ്യാർഥിയുടെയും മേന്മകളും ന്യൂനതകളും വൈകല്യങ്ങളും ജീവിത പശ്ചാത്തലങ്ങളും തിരിച്ചറിഞ്ഞ് ഒരോരുത്തർക്കും വേണ്ട പരിഗണനയും ശ്രദ്ധയും നൽകാൻ അധ്യാപർക്ക് സാധിക്കുക നേരിട്ടുള്ള ഇടപെടലുകളിലൂടെയാണ്. ഇന്ന് വെർച്വൽ ക്ലാസ് മുറികളിൽ അധ്യാപകൻ നിസ്സഹായനാണ് എന്നതാണ് വാസ്തവം.

പുസ്തത്തിലെ പാഠഭാഗത്തിനപ്പും വിദ്യാർഥിയും അധ്യാപകനും നിരന്തരം ചർച്ച ചെയ്ത് ആശയങ്ങൾ ഗ്രഹിക്കുന്നതാണ് ഇന്നത്തെ നമ്മുടെ വിദ്യാഭ്യാസ രീതി. എന്നാൽ ഓൺലൈൻ ക്ലാസ് മുറികളിൽ യാന്ത്രികമായ അധ്യാപനമാണ് നടന്നു വരുന്നത്. മറിച്ച് ആഗ്രഹിക്കുന്ന അധ്യാപകർ ഇവിടെയും നിസ്സഹായരാണ്. വിദ്യാർഥികളുടെ ഭാഗത്ത് നിന്ന് കാര്യമായ പ്രതികരണം ഉണ്ടാവുന്നില്ല എന്നതാണ് കാര്യം. സൈബർ ലോകം അധ്യാപകരെയും വിദ്യാർഥികളെയും പരസ്പരം അകറ്റിയിരിക്കുന്നു. ഇവിടെ ഏകാധിപത്യ പഠനമുറികളായി മാറുകയാണ് ഓൺലൈൻ ക്ലാസുകൾ.

വിദ്യാർഥികൾക്ക്​ നഷ്​ടമാകുന്നത്​

വിദ്യാലയത്തിൽ നിന്ന് വിദ്യാർഥികൾ പലതും ഗ്രഹിക്കുന്നു. സഹവർത്തിത്വവും പരസ്പര ആശ്രയവും കൂട്ടുജീവിതവും സഹകരണവുമെല്ലാം. സമപ്രായക്കാരുമായുള്ള വിനിമയം അവരുടെ വ്യക്തിത്വത്തെ ഏറെ സ്വാധീനിക്കുന്നു. രക്ഷിതാക്കളോട് പങ്കുവെയ്ക്കാത്ത പല ആശങ്കകളും ആഗ്രഹങ്ങളും അവർ പരസ്പരം കൈമാറുന്നു. എന്നാൽ, ഇന്ന് മുഖമറിയാത്ത ഗൂഗ്ൾ അക്കൗണ്ടുകൾക്ക് മുന്നിൽ അപരിചിതരാണ് സഹപാഠികൾ. ജീവിതം വീട്ടുതടങ്കലുകളിൽ ഒതുങ്ങിപോകുമ്പോൾ മാനസികമായും സാമൂഹികമായും അവർ ഒറ്റപ്പെട്ടു പോകുന്നു. അവരുടെ സ്വഭാവരൂപീകരണത്തെ ഇത് ഏറെ പ്രതികൂലമായി സ്വാധീനിക്കുന്നു.

കുട്ടുകാരോടൊപ്പം ഇരുന്ന് രസകരമായി പാഠഭാഗം പഠിക്കേണ്ടയിടത്ത്​, ക്ലാസിൽ ജോയിൻ ചെയ്തോ? പഠിച്ചോ? അസൈൻമെൻ്റ് സബ്മിറ്റ് ചെയ്തോ? തുടങ്ങിയ രക്ഷിതാക്കളുടെ നിരന്തരമായ അന്വേഷണങ്ങൾ അവരിലുണ്ടാക്കുന്ന മാനസിക പിരിമുറുക്കം ചെറുതല്ല.

സ്പെഷ്യൽ സ്കൂളുകളിലെ കുട്ടികൾ 

അതികഠിനമായ ദുരിതമാണ്‌ സ്പെഷ്യൽ സ്കൂളുകളിലെ കുട്ടികൾ നേരിടുന്നത്. അവരോട് ആശയ വിനിമയം നടത്താൻ സാധിക്കുന്ന, അവരുടെ വൈകാരികതകൾ മസ്സിലാക്കാൻ സാധിക്കുന്ന ആളുകളുടെ കൂടെ ജീവിക്കാൻ സാധിക്കുന്നത് അവർക്ക് എറെ ആശ്വാസകരമാണ്. ഇവരിൽ ചിലർക്ക് സ്വന്തം രക്ഷിതാക്കളുടെ സാന്നിധ്യത്തേക്കാൾ ആവശ്യം തങ്ങളെ പൂർണ്ണമായും മനസ്സിലാക്കാൻ സാധിക്കുന്ന സഹപാഠികളുടെയും അധ്യാപകരുടെയും സാന്നിധ്യമാണ്. ഇന്നത്തെ ഓൺലൈൻ പഠനരീതിയിൽ ഏറ്റവും പ്രയാസമനുഭവിക്കുന്നതും ഇക്കൂട്ടർ തന്നെയാണ്. കഴിഞ്ഞവർഷം ഇവർക്ക് ലഭിച്ച ക്ലാസുകളുടെ എണ്ണം വളരെ തുച്ഛമാണ്.

ശബ്ദത്തിൽ കേന്ദ്രീകരിച്ചതാണ് കൂടുതൽ ക്ലാസുകളും. ആംഗ്യഭാഷയെ ആശ്രയിക്കുന്നവർക്ക് അവരുടെ അവസരമാണ് നഷ്​ടപ്പെടുന്നത്. ഇവർക്ക് പഠനത്തേക്കാൾ ആവശ്യം സാമൂഹിക ജീവിതമാണ്. ഇതുപോലും നിഷേധിക്കപ്പെട്ടവർ അനുഭവിക്കുന്ന പീഡനം ചെറുതല്ല.

സാങ്കേതിക വിദ്യയിൽ അറിവില്ലാത്ത രക്ഷിതാക്കൾ

ഓൺലൈൻ പഠനാരംഭത്തിൽ ഡിവൈസുകളുടെ അഭാവം ആദിവാസി വിഭാഗങ്ങളെയും സമൂഹത്തിൽ താഴെ തട്ടിലുള്ളവരെയും ഏറെ കഷ്ടത്തിലാക്കിയിരുന്നില്ലോ ? അതിൻ്റെ പേരിൽ ജീവൻ പോലും പൊലിഞ്ഞ നാടാണ് നമ്മുടേത്. ഇത് ഏറേ പരിഹരിക്കപ്പെട്ടിട്ടുണ്ടെങ്കിൽ ഇപ്പോഴും ദുരിതമനുഭവിക്കുന്ന ചെറിയ ഒരു വിഭാഗമുണ്ട്. സാങ്കേതിക വിദ്യയിലെ വൈദഗ്ധ്യക്കുറവും മറ്റൊരു വെല്ലുവിളിയാണ്. മാതാപിതാക്കളുടെ സാങ്കേതിക വിദ്യയിലെ അറിവില്ലായ്മയാണ് ഒരു പരിധി വരെ കുട്ടികൾ മൊബൈൽ ഫോണുകൾ ദുരുപയോഗം ചെയ്യുന്നതിനും കാരണം.

പുതിയ ലോകത്തിലേക്കുള്ള പരിശീലന കളരി 

ഇങ്ങനെയെല്ലാമാണെങ്കിലും വലിയൊരു സാധ്യതയുടെ ലോകമാണ് ഓൺലൈൻ വിദ്യാഭ്യാസം നമുക്ക് മുമ്പിൽ തുറക്കുന്നത്. ഏതാനും വർഷങ്ങൾക്ക് മുൻപ് 'പൂർണ്ണമായും വിവര സാങ്കേതിക വിദ്യയിലൂന്നിയ വിദ്യാഭ്യാസം' എന്നത് നമ്മളിൽ പലർക്കും വിശ്വസിക്കാനാവുന്നതിലും അപ്പുറത്തായിരുന്നു. പൂർണ്ണമായും ഡിജിറ്റൽ യുഗത്തിലേക്ക് ലോകം മാറുമെന്ന് പറയപ്പെടുന്നു. അതിലേക്കുള്ള ഒരു പരിശീലന കളരി കൂടിയാവും മാറുന്ന നമ്മുടെ ഒാൺലൈൻ പഠന രീതികൾ

സാമൂഹികമായി ഇടപെടാൻ ആഗ്രഹിക്കാത്ത, എന്നാൽ ഏറ്റവും അടുത്തവരുമായി ഇഷ്ടത്തോടെ ഇടപഴകുകയും മറ്റുള്ളവരുടെ സാന്നിധ്യത്തിൽ അസ്വസ്ഥരാവുകയും ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനം ഏറെ ഉപയോഗപ്രദമാണ്. അവർക്ക് അവരുടെ സമയം ഇഷ്ടത്തോടെ ചിലവഴിക്കാനും മറ്റ് അസ്വസ്ഥതകളില്ലാതെ പഠിക്കാനും സാധിക്കുന്നു.​

പഠനവും സമയവും

സ്കൂൾ വിദ്യാഭ്യസം സാധാരണ നിലയിൽ ഒരു ശരാശരി വിദ്യാർത്ഥിക്ക് പഠിക്കാൻ സൗകര്യകരമായ വേഗതയിലും മറ്റുമാണ് നടന്നുപോകുന്നത്. ഇവിടെ അതിവേഗം പഠിക്കാൻ സാധിക്കുന്ന കുട്ടികളുടെ സമയം പാഴായി പോകുന്നു. അതുപോലെ, കൂടുതൽ ശ്രദ്ധയാവശ്യമുള്ള, പഠിക്കാൻ കൂടുതൽ സമയമെടുക്കുന്ന വിദ്യാർത്ഥികൾക്ക് പ്രായാസകരവുമാണ്. എന്നാൽ, ഓൺലൈൻ വിദ്യാഭ്യാസത്തിൽ തങ്ങൾക്ക് ആവശ്യമായ സമയമെടുത്തും കൂടുതൽ വിവരങ്ങൾ സാമ്പാദിച്ചും കുട്ടികൾക്ക് തങ്ങളുടേതായ വഴികളിൽ തങ്ങൾക്ക് ഉൾകൊള്ളാൻ കഴിയുന്ന രീതിയിൽ പഠിക്കാനാവുന്നു.

വൈകല്യങ്ങളാൽ സ്കൂളുകളിൽ എത്താൻ സാധിക്കാതെ പാഠഭാഗങ്ങൾ നഷ്ടപ്പെട്ടു പോയ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് ക്ലാസുകൾ അവരുടെ വിരൽ തുമ്പിലെത്തും. മറ്റുളളവരിൽ നിന്ന് വേർതിരിവില്ലാതെ അവർക്കും വിദ്യ അഭ്യസിക്കാനാവുന്നു. ഏറെ സാധ്യതകളും വെല്ലുവിളികളും നിറഞ്ഞ മേഖലയാണ് വിവര സങ്കേതിക വിദ്യ. വ്യക്തമായ ബദലുകളുടെ സഹായത്തോടെയും ആസൂത്രണങ്ങളിലൂടെയും ഏറ്റവും മികച്ച വിദ്യാഭ്യാസം നമുക്ക് സ്വായത്തമാക്കാം.

Tags:    
News Summary - Challenges and Possibilities of Online Education

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.