ചാലിയം നോർത്ത് ബീച്ച്

മ്മുടെ സ്പീഷീസിെൻറ ചരിത്രത്തിലേതാണ്ട് ആകമാനം നല്ലഭക്ഷണം തിരക്കിനടക്കുന്നവരായാണ് നമ്മൾ ജീവിച്ചത്.
''ഹോട്ടലിൽ ചോറും കറിയും വെക്കുന്നവൻ വീട്ടിൽ നിന്നും ഊണ് കൊണ്ടുവന്ന് കഴിക്കുന്നു. മാർക്കറ്റിലെ പച്ചക്കറിക്കടക്കാരൻ വീട്ടിൽ ഉണ്ടാക്കിയ പച്ചക്കറി കഴിക്കുന്നു. അതാണ് കാലം ഉസ്മാനേ. എല്ലാവരും എല്ലാവരെയും പറ്റിക്കുകയും സ്വയം പറ്റിക്കപ്പെടുകയും ചെയ്യുന്നകാലം'' തങ്കപ്പൻ ചിരിച്ചു.
വൈകീട്ടാണ് നാലുപെട്ടി മീൻ ഗോവയിൽനിന്ന് വന്നത്. ഉസ്മാൻ ഒരു പെട്ടി മേശപ്പുറത്തേക്ക് ചെരിഞ്ഞ് മത്തിയെടുത്ത് ചെകിളപ്പൂക്കൾ ഇളക്കിനോക്കി. ചോരയൊന്നും കാണണില്ലല്ലോ തങ്കപ്പാ എന്നു പറഞ്ഞതും കിലോക്ക് 60 ഉറുപ്പിക മതിയെന്ന് മറുപടി കിട്ടി. പച്ചമീനല്ലാത്തത് വേണ്ട. തങ്കപ്പനോട് മീൻ തിരിച്ചെടുത്ത് കൊണ്ടുപോവാൻ പറഞ്ഞു.

''നിനക്ക് മീൻ കച്ചോടമെന്നല്ല ഒരു കച്ചോടവും അറിയില്ല ഉസ്മാനേ. കിലോ 60െൻറ മത്തി വാങ്ങി 120ന് വിറ്റാലേ നിന്‍റെ വീടിന്‍റെ ഷീറ്റ് മേൽക്കൂര മാറ്റി കോൺക്രീറ്റാക്കാൻ പറ്റൂ. നാട്ടുകാര് കൊണ്ടോയി തിന്നിട്ട് രാവിലെ കാണുമ്പോ നല്ല മീനായിരുന്നൂന്ന് നമ്മളോട് പറഞ്ഞിട്ട് എന്ത് കിട്ടാനാ?''

നാലു കിലോ അയല കൂടി മുന്നിലുണ്ട്. അത് വിറ്റുതീർന്നാൽ വീടുപിടിക്കാനുളള തയാറെടുപ്പിലായിരുന്നു അന്നേരം ഉസ്മാൻ. നാളേക്ക് ഐസിലിട്ട് വെക്കണ പരിപാടിയൊന്നും അയാൾക്കില്ല. രാവിലെ ചാലിയം ബീച്ചിൽ പോയി നല്ല മീൻ നോക്കി ലേലം വിളിച്ചെടുക്കും.മിക്കവാറും ഉച്ചയോടെ അത് വിറ്റുതീരും. പെടയ്ക്കണ മീൻ ആദായ വിലക്ക് എന്ന് കൂക്കിവിളിച്ച് ആളെക്കൂട്ടും. നാലേ നാല് അയല കൂടി മേശപ്പുറത്ത് ബാക്കിനിൽക്കുമ്പോഴാണ് ഗോപാലൻ മാഷ് വടി കുത്തിപ്പിടിച്ചു വന്നത്.


വൈകീട്ട് വായനശാലയിൽ പോയി തിരിച്ചുവരുന്ന വഴി ഉസ്മാെൻറ മുന്നിൽവന്ന് വടിയിലൂന്നി ഒറ്റ നിൽപ്പാണ്. മിനിറ്റുകളോളം മീനിൽതന്നെ നോക്കിനിൽക്കും. അപ്പുറത്തെ കച്ചവടക്കാർ പിടയ്ക്കണ മീൻ തരാന്നുപറഞ്ഞു വിളിച്ചാലൊന്നും മാഷ് ഇളകില്ല. മാഷ് വന്നാൽ ഉസ്മാൻ മീനുകളിൽനിന്ന് ചിലതിനെയെടുത്ത് തല ഞെക്കി കാട്ടിക്കൊടുക്കും. അന്നേരം മീനിെൻറ കണ്ണിൽ നല്ല ചെമന്ന നിറമുണ്ടോന്ന് മാഷ് കട്ടിക്കണ്ണടയിലൂടെ കൂർപ്പിച്ചുനോക്കും. മീൻകണ്ണ് കാട്ടിക്കൊടുത്താൽ പിന്നെ മാഷിന് അതിെൻറ ചെകിളപ്പൂക്കൾ കാണണം.

ഗോപാലൻ മാഷ് പെൻഷൻ പണത്തിെൻറ നല്ല ഭാഗം മീൻ വാങ്ങാൻ ചെലവാക്കും. അയലയോടാണ് താൽപര്യം. അതും വലിയ അയലയോട്. കൂട്ടത്തിൽനിന്ന് ഏറ്റവും വലുതിനെ നോക്കി എടുത്താലും അതിനേക്കാൾ വലുത് എടുക്ക്‌ ഉസ്മാനേന്ന് മാഷ് പറഞ്ഞു കൊണ്ടിരിക്കും. കൂട്ടത്തോടെ അയല കിടക്കുന്നത് കാണുമ്പോൾ ഏറ്റവും അടിയിൽ വലുത് ഉണ്ടാവോന്ന് മാഷിന് എപ്പഴും ഒരു സംശയമാണ്. ഏഴാം ക്ലാസുവരെ കണക്ക് പഠിപ്പിച്ച മാഷാണ്.

വലിയ കച്ചവടക്കാർക്കിടയിൽ ചെറിയ ഒരിടമാണ് ഉസ്മാേൻറത്. സ്ഥിരമായി മീനിനുവേണ്ടി അയാളെ തേടി വരുന്ന കുറച്ചുപേരുണ്ട്. പിറ്റേന്ന് രാവിലെ ആറുമണിക്കാണ് തങ്കപ്പെൻറ ഫോൺ വന്നത്. ഗോവയിൽനിന്ന് ഒരു വണ്ടി അയല വന്നിട്ടുണ്ട്. നല്ല വിലക്കുറവിൽ തരാം.

ഉസ്മാൻ പഴയ എം.80 സ്കൂട്ടർ സ്റ്റാർട്ടാക്കി. ചാലിയത്ത് മീൻ വന്നിട്ട് നാലുദിവസമായി. ഒരാഴ്ചയായി കച്ചവടം മോശമാണ്. കാളമുരുകന്‍റെ കൈയിൽനിന്ന് 5000 രൂപ പലിശക്കു വാങ്ങിയാണ് മുന്നോട്ട് പോവണത്. അത് തീരാറായി.

മീൻ മാർക്കറ്റിലെത്തുമ്പോഴേക്കും തങ്കപ്പൻ മീൻപെട്ടികൾ ഇറക്കിക്കഴിഞ്ഞിരുന്നു. മാർക്കറ്റിൽ ആൾക്കാർ ഉള്ളതുകൊണ്ട് തങ്കപ്പൻ കച്ചവടക്കാരിൽ ഓരോരുത്തരെയായി അരികിൽ വിളിപ്പിച്ചിട്ട് സ്വകാര്യമായി പറഞ്ഞു.

''സാധനം ഗോവയിൽ നിന്നാണ്. അയല നല്ല കിടുവാണ്.''

പിന്നെ ഒന്നുനിർത്തി ഉസ്മാനോട് കണ്ണിറുക്കി ശബ്ദം പിന്നെയും താഴ്ത്തി ചോദിച്ചു. ''നീ ഗോവയിലെ പെമ്പിള്ളേരെ കണ്ടിട്ടുണ്ടോ? നല്ല സ്മാർട്ട് പിള്ളേരാ . ''

ഉസ്മാൻ അയ്യേന്ന് പറഞ്ഞ് അയലയെടുത്ത് തൂക്കി നോക്കിയപ്പോ തങ്കപ്പൻ പറഞ്ഞു.

''ചോരക്കണ്ണാ കാഴ്ചയ്ക്ക്. പക്ഷേ പിടിച്ചിട്ട് 20 ദിവസത്തെ പഴക്കം ഉണ്ട്. പിന്നെ ഇവിടെ തീരത്തൊന്നും മീൻ കിട്ടാനില്ലല്ലോ.'' തങ്കപ്പൻ അയലയെടുത്ത് ചെറിയ പെട്ടിയിലേക്ക് മാറ്റിക്കൊണ്ടിരുന്നു. ഉസ്മാൻ വേറൊരു പെട്ടി തുറന്ന് അയല തൂക്കിയെടുത്തു നോക്കി.

''നീ തിന്നണ്ട. നാട്ടുകാരല്ലേ തിന്നണത് ഉസ്മാനേ.''

ഹെൽത്ത് ഇൻസ്പെക്ടർമാര് പിടിക്കില്ലേന്ന് ചോദിച്ചപ്പോ തങ്കപ്പൻ ധൈര്യം കൊടുത്തു.

''എെൻറ മീൻ ഒരു ഇൻസ്പെക്ടറും പിടിക്കില്ല. അതിന് വേണ്ട കാര്യങ്ങളൊക്കെ ഈ തങ്കപ്പൻ ചെയ്യുന്നുണ്ട്. പിന്നെ ഞാനൊരു പാക്കറ്റ് പൊടി തരും. അത് നന്നായി മീനിൽ വിതറി കുഴച്ചോണ്ടും. അത് നാട്ടുകാരെ കാണിക്കാതെ വേണം''

ഉസ്മാൻ മീനിെൻറ തൊലിയിൽ ഞെക്കി നോക്കി.

''ഉസ്മാനേ നീയിനിയെങ്കിലും വലിയ ആദർശം പറയാതെ പെമ്പിള്ളേരെ കെട്ടിച്ചുവിടാൻ അയല വിറ്റ് നാലു കാശുണ്ടാക്കാൻ നോക്ക്.'' ഒരു പെട്ടി മീനിെൻറ വില തങ്കപ്പൻ ചെവിയിൽ പറഞ്ഞു. തരക്കേടില്ലാത്ത കച്ചോടമാണെന്നു തോന്നിയപ്പോൾ ഉസ്മാൻ രണ്ടായിരത്തിെൻറ നോട്ട് അഡ്വാൻസ് കൊടുത്തു.

''ചാലിയത്തെ പെടയ്ക്കണ അയലാന്ന് നീ നാല് കൂക്കിവിളി നടത്തിയാ ഈ അയലകൾ മുഴുവൻ ആരാന്‍റെ ചട്ടിയിലെത്തും. വൈകുന്നേരമാവുമ്പോഴേയ്ക്കും ബാക്കി പൈസ തന്നേയ്ക്ക്. വീട്ടിലെ ചെലവ് നടത്തിയാലും കുറച്ച് പൈസ മിച്ചംപിടിക്കാൻ പറ്റും.'' ആരും കാണാതെ തങ്കപ്പൻ തന്ന പൊടിയുടെ പാക്കറ്റ് പൊട്ടിച്ച് അയലകളിൽ പിടിപ്പിച്ച് ഉസ്മാൻ ഒന്ന് കൂക്കി.

''പെടയ്ക്കണ ചാലിയം അയല. ദാ ഇങ്ങട്ട് പോരിൻ'' കള്ളം പറഞ്ഞ് വീണ്ടും കൂക്കിയപ്പോൾ തൊണ്ട വേദനിച്ചു. ആദ്യം വന്നയാൾ പത്തെണ്ണം വാങ്ങിയപ്പോൾ കൈനീട്ടമാണെന്നുപറഞ്ഞ് ഒരു അയല അധികം നൽകി. മാഷ് നേരത്തേ വന്നെത്തി. പിന്നെ കുട മണ്ണിൽ കുത്തി വളഞ്ഞങ്ങനെ നിന്നു.

''ഉസ്മാനേ അയലയെന്ത് വില?''

വിലയൊക്കെ എന്തോന്ന് ചോദിക്കാനാ മാഷേന്നു പറഞ്ഞ് ഉസ്മാൻ തേക്കിെൻറ ഇലയെടുത്ത് ഇടത്തെ കൈയിൽ കുമ്പിൾ പോലെ വെച്ചു. ''ചാലിയം കടപ്പുറത്തുനിന്ന് തന്നെയല്ലേ?

''പെടയ്ക്കണ സാധനം മാത്രമേ ഈ മേശമേല് ഉണ്ടാവൂ മാഷേ''

ഉസ്മാെൻറ ഉള്ള് കാളി.

അഞ്ചാറു കൊല്ലമായിട്ട് മാഷ് എന്നും നല്ല മീൻ മാത്രം ചോദിച്ചു. നല്ലത് മാത്രം കൊടുത്തു. മാഷ് പാവമാണ്. പണ്ട് സ്കൂളിൽ പഠിപ്പിക്കുന്ന കാലത്ത് ഉച്ചക്ക് കുട്ടികൾക്കൊപ്പം ക്ലാസിൽ ഇരുന്നുതന്നെയാണ് ചോറുണ്ണുക. നാലെണ്ണം മതിയെന്ന് മാഷ് പറഞ്ഞതും ചാലിയം അയലയാണെന്ന് ഒരിക്കൽക്കൂടി കള്ളം പറഞ്ഞു.

മാഷ് പോയതും തങ്കപ്പൻ അടുത്തുവന്നു.

''മാഷിന് അയല കണ്ടിട്ട് എന്തേലും മനസ്സിലായതായി നിനക്ക് തോന്നിയോ ഉസ്മാനേ?''

''ഇല്ല.''

''കൊണ്ടുപോയി കറിവെച്ച് തിന്നാലും ഒന്നും മനസ്സിലാവാൻ പോവണില്ല.''

തങ്കപ്പൻ ഉസ്മാെൻറ തോളിൽ തട്ടി

''നോക്ക് ഉസ്മാനേ, ആന്ത്രാപോളജിക്കൽ തെളിവ് വളരെ രസകരമാണ്. പണ്ടുതൊട്ടെ നാമൊക്കെ ഭക്ഷണം തേടിയലഞ്ഞ് നടക്കുന്നവരാ. വൈകീട്ട് ഈ അങ്ങാടിയിൽ ആൾക്കാർ നടത്തണത് ആധുനികകാലത്തെ ഭക്ഷണം തിരയൽ തന്നെ. നമ്മൾ ഭക്ഷണമാക്കും മുമ്പ് ഗോതമ്പ് വെറും ഒരു ചെടിയായിരുന്നു. പിന്നെ അതിന്മേൽ വിഷം തളിക്കൽ തുടങ്ങി. ശാപ്പിടൽ ജീനല്ലേ നമ്മുടെ ഉള്ളിൽ. നോട്ടം പിന്നെ കടലിലേക്കായി. അയലയിൽ വരെ ഇപ്പം ഫോർമാലിൻ കലർത്തലായി. ബുദ്ധിയുള്ളവർ ബുദ്ധിയില്ലാത്തവരെ വേട്ടയ്ക്കയച്ചു. പക്ഷേ ആധുനിക ലോകത്ത് വേട്ടക്കാർക്ക് ലാഭക്കൊതി വേണ്ടത്ര ബുദ്ധി നൽകി''

മീൻവണ്ടിയിൽനിന്ന് ചെറിയ സഞ്ചിയെടുത്ത് തങ്കപ്പൻ ഉസ്മാന് നൽകി.

''ഇത് ഒറിജിനൽ ചാലിയം കടപ്പുറത്തെ അയലയാ. നാലെണ്ണം കൊണ്ടുപോയി കറിവെക്ക്.''

ഉസ്മാൻ വേണ്ടാന്നുപറഞ്ഞപ്പോൾ തങ്കപ്പന് ചിരി പൊട്ടി. പിറ്റേന്ന് രാവിലെ ഷുഗറിെൻറ ഗുളിക വാങ്ങാൻ മീൻ മാർക്കറ്റിനടുത്ത മരുന്നുകടയിൽ വന്ന മാഷിനെ കണ്ടപ്പോ അയല എങ്ങനെ ഉണ്ടായിരുന്നെന്ന് ഉസ്മാൻ ചോദിച്ചതും നിന്നെയെനിക്ക് നല്ല വിശ്വാസമാണെന്ന മറുപടി കിട്ടി. അഴിമുറിച്ചിരമ്പിയെത്തിയ ഒരു സമുദ്രം ഹൃദയത്തിെൻറ നാലറകളും നിറച്ചു.

ഒരു പടിഞ്ഞാറൻ കാറ്റടിച്ചു.
പെട്ടെന്ന് തല കുനിച്ചുപോയി.

രാവിലെ തങ്കപ്പൻ കൊണ്ടുവെച്ച രണ്ടുപെട്ടി അയല മേശപ്പുറത്തുണ്ടായിരുന്നു. അതെല്ലാം വാരിക്കൂട്ടി അതേ പെട്ടിയിലാക്കി അടച്ചുവെച്ച് മേശ തുടച്ച് വൃത്തിയാക്കി പിടയ്ക്കണ മീൻ തിരഞ്ഞ് അയാൾ നേരെ പോയി ചാലിയം നോർത്ത് ബീച്ചിലേക്ക്.

കഥ കേൾക്കാം



Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.