സെൽഫി(ഷ്)

‘നാരായണാ, തോട്ടും വക്കത്ത് പോയാല് വരാൽ കിട്ടോ?. മനു ഇന്ന് കാനഡേന്ന് വരുന്നുണ്ട്. നാളെത്തന്നെ പോകേം ചെയ്യും. അവനു വല്യ ഇഷ്ടാ. നീ പോയി ഒന്ന് നോക്കീട്ട് വാ. വേഗം വരണേ’

പാറുവമ്മേടെ വാക്ക് കേൾക്കേണ്ട താമസം നാരായണൻ പറപറന്നു. എന്തൊക്കെ ഒരുക്കണമെന്ന് പാറുവമ്മക്ക് നിശ്ചല്യ. വർഷങ്ങൾക്ക് ശേഷമാണ് മോന്റെ വരവ്. പണ്ട് കൊയ്ത്തുകാലായാൽ തന്റെ കൂടെ പാടത്തും വരമ്പിലും ഓടിനടന്ന കുട്ട്യാണ്. കണ്ണ് തെറ്റിയാൽ കുളത്തിൽ ചൂണ്ടയിടാൻ പോവും. വരാലും മുശിയും ജീവനാർന്ന്. കാലം എത്ര പെട്ടെന്നാ പോയത്. അങ്ങേരും യാത്ര പറയാതങ്ങുപോയി. ഇതൊന്നും കാണാൻ അങ്ങേർക്ക് യോഗല്ല്യാണ്ടായി.

‘പാറുവമ്മേ, പാറുവമ്മേ’

നാരായണന്റെ കൈയിലതാ ഈർക്കിലിയിൽ കോർത്ത വരാൽ.

‘നാരായണാ, നീതന്നെ അതിനെ ഒന്ന് വെട്ടി കഷ്‌ണാക്കിക്കൊണ്ടാ. അടുക്കളയിലെ പണി ഒന്നുമായില്ല.’

പുറകുവശത്തേക്ക് പോണ നാരായണന്റെ കൈയിലെ വരാൽ ഒന്ന് പിടച്ചു. സന്ധ്യയായപ്പോഴേക്കും അമ്മ മുറ്റത്തേക്കിറങ്ങി. റോഡിലേക്കും നോക്കി നിൽപാണ്.

‘ങ്ങള് നിന്ന് കാല് കടയണ്ട. അവര് ങ്ങട്ട് വന്നോളും.’ നാരായണന്റെ വാക്കൊന്നും പാറുവമ്മ കേട്ടില്ല. ദൂരേക്ക് കണ്ണും നട്ട് ആ അമ്മ അവിടെ തന്നെ നിൽപായി. ഒരു വണ്ടി ദൂരെ കണ്ടു. അമ്മയുടെ മുഖത്ത് വെളിച്ചം പരന്നു. തിടുക്കപ്പെട്ട് അമ്മ മുറ്റത്തുനിന്ന് മുൻവശത്തേക്ക് കയറി. ആ വണ്ടി നേരെ കടന്നു പോയി.

‘അതല്ലല്ലോ. എയർപോർട്ടീന്നു വണ്ടി പിടിച്ചു വരുംന്നാ പറഞ്ഞേ’

‘ങ്ങള് ഇവിടെ ഇരിക്ക്. മോന് ഇങ്ങോട്ട് വന്നോളും.’ നാരായണൻ ആശ്വസിപ്പിച്ചു.

പറഞ്ഞു തീരും മുമ്പേ വണ്ടി ഗേറ്റ് കടന്നു മുറ്റത്തു വന്നു നിന്നു. പെട്ടി എടുത്ത് നാരായണൻ മുറിയിലേക്ക് വെച്ചു.

‘മോനെ..’, അമ്മ മുറ്റത്തേക്കിറങ്ങി കെട്ടിപ്പിടിച്ചു ഉമ്മ വെച്ചു.

‘അമ്മേ...’

കുറച്ചു നേരത്തേക്ക് മൗനം സംസാരിച്ചു. പല കാലങ്ങളും ചിറകുവിടർത്തി പറന്നു.

‘നീയെന്താ ഒന്നും കഴിക്കാറില്ലേ, ആകെ മെലിഞ്ഞു പോയല്ലോ.’

‘ഇവിടുത്തെ പോലെ അല്ലല്ലോ അമ്മേ, നേരത്തിനൊന്നും കഴിക്കാറില്ല. മാത്രല്ല ഭക്ഷണം പൊതുവേ കുറവാ.’

‘ഡയറ്റിങ്ങാ?’

‘അങ്ങിനെയും പറയാം’

‘ന്നാ ഞാനങ്ങട്ട് പോവാ, അമ്മേം മോനും കഥ പറഞ്ഞിരിക്ക്’

‘അത് പറ്റൂല, ന്ന്‌ ഇവിടന്ന് ചോറ് തിന്നിട്ട് പോയാ മതി’ പാറുവമ്മ നിർബന്ധിച്ചു.

‘എന്താണ് നാരായണേട്ടന്റെ വിശേഷങ്ങൾ, പണ്ടത്തെ പകിടകളി ഒക്കെ ഉണ്ടോ?’

‘ഏയ്‌, ഇപ്പൊ ഒന്നൂല്യ. പണ്ടത്തെ പോലെ ഒന്നിനും വയ്യ.’

‘മോന് ന്നാ കുളിച്ചു മാറിയിട്ട് വാ.’

‘നാരായണാ, ആ വാഴേന്നു മൂന്നു നാക്കില ഇങ്ങോട്ട് മുറിച്ചോ’

കത്തി കൈയിൽ കൊടുത്ത് പാറുവമ്മ പറഞ്ഞു.ഇല മുറിച്ച് കഴുകി ടേബിളിൽ വെച്ച് നാരായണൻ ചോറ് വിളമ്പി. കറികളെല്ലാം അമ്മ അടുപ്പിച്ചു കൊടുത്തു. കുളിച്ചു വന്നപ്പോഴേക്കും എല്ലാം റെഡി.

‘നിന്റെ സ്പെഷ്യൽ കറിയാ. വരാൽ’

അമ്മ കറി ഒഴിച്ച് പറഞ്ഞു.

‘ആ പഴയ രുചിയൊന്നും ഇല്ല, അല്ലേ.’ മനു പറഞ്ഞു.

‘വീടും സ്ഥലത്തിന്റെയും കാര്യം എന്തായി’ അമ്മ വിഷയത്തിലേക്ക് കടന്നു.

‘അതെല്ലാം ശരിയായിട്ടുണ്ട്. അതിന്റെ പേപ്പർ എല്ലാം ക്ലിയർ ആക്കിയിട്ടുണ്ട്. നാളെ രജിസ്ട്രേഷൻ ഓഫിസിൽ പോയി ഒപ്പിട്ടു കൊടുക്കണം. വൈകീട്ട് തിരിച്ചു പോകണം.’

മനുവിന്റെ വാക്കുകൾ അമ്മയുടെ മുഖത്ത് ഇരുട്ട് പരത്തി.

‘ഈ തറവാടും ഇത്രേം സ്ഥലവും ഇങ്ങനെ കാട് പിടിച്ചിട്ടെന്താ കാര്യം. അമ്മയാണെങ്കിൽ ഇവിടെ തനിച്ചും. അതുകൊണ്ടാ ഇത് വിറ്റ് പുതിയ സംരംഭം തുടങ്ങാന്നു വിചാരിച്ചത്.’

‘എന്താണ് പുതിയ സംരംഭം’

ഇപ്പൊ പ്രായമായവരെല്ലാം തനിച്ചാണല്ലോ. അവരെ എല്ലാവരെയും ചേർത്തുപിടിച്ച് അവർക്കായ് ഒരിടം. എന്റെ കൂട്ടുകാരൻ മുന്നോട്ടുവെച്ച ആശയം. മാത്രമല്ല നമുക്ക് നല്ലൊരു വരുമാനവും കിട്ടും. ഒരുപക്ഷേ ഇനിയുള്ള കാലത്തെ ഏറ്റവും നല്ല ബിസിനസ്സ്. ഞങ്ങൾ മൂന്നുപേരുണ്ട്.’

ഒന്ന് നിർത്തി മനു തുടർന്നു.

‘അമ്മക്കാകുമ്പോൾ അവിടെ താമസിക്കേം ചെയ്യാം, കാര്യങ്ങൾ കൊണ്ടുനടക്കേം ചെയ്യാം. ഒരു ബോറടിയും ഉണ്ടാകില്ല, മിണ്ടാനും പറയാനും കുറെ പേരും ഉണ്ടാകും. ഓഫിസ് സ്റ്റാഫ്‌ എല്ലാം എക്സ്പീരിയൻസ് ഉള്ളവരാ.’

അമ്മ കേട്ടിരുന്നു

‘അമ്മയെ എവിടെയാക്കിയിട്ട് നീ പോവും. പിന്നെ എന്നെങ്കിലും ഈ നാട് കാണോ.?’

‘എന്താ അമ്മേ, അമ്മേനെ കാണാൻ ഞാൻ വരില്ലേ’

എഴുന്നേറ്റ് കൈ കഴുകുന്നതിനിടയിൽ പറഞ്ഞു.

‘ഞാനൊന്നു കിടക്കട്ടെ. നാളെ പറഞ്ഞപോലെ നേരത്തേ പോണം. രാവിലെ റെഡിയായിരിക്ക്.’

അമ്മക്ക് തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വന്നില്ല. എത്ര കാലമായിട്ടുള്ള കൂടാണിത്. എന്നെന്നേക്കുമായി അത് നഷ്‍ടപ്പെടാൻ പോവാ...

‘അമ്മ ഒപ്പ് വെക്കോ?’ ഉദ്യോഗസ്ഥൻ ചോദിച്ചു.

‘ഇല്ല, കൈയൊപ്പാണ്’

അമ്മയുടെ കൈ പിടിച്ച് അയാൾ ഒപ്പുവെച്ചു. കൈ തലയിൽ തുടച്ച് പുറത്തുവന്ന അമ്മയെ മകൻ വാഹനത്തിലേക്ക് കയറ്റി. അമ്മ മൗനിയായി ഇരുന്നു.

‘വീടും സ്ഥലവും വെറുതെ ഇങ്ങനെ കിടന്നിട്ടെന്താ അമ്മേ. വിറ്റത് എന്തായാലും നന്നായി.’

ഏകമകന്റെ വാക്കുകൾക്ക് അമ്മ പ്രതികരിച്ചതേ ഇല്ല. ഗേറ്റിന് മുന്നിൽ വാഹനം നിന്നപ്പോഴാണ് വീടെത്തിയത് അമ്മ അറിഞ്ഞത്.

‘ഊണ് കഴിഞ്ഞ് രണ്ടുമണിക്ക് തന്നെ ഇറങ്ങണം. അമ്മയെ അവിടെ കൊണ്ടു ചെന്നാക്കിയിട്ട് വേണം എനിക്ക് എയർപോർട്ടിലെത്താൻ.’

തിടുക്കത്തോടെയുള്ള മകന്റെ വാക്കുകൾ അമ്മ ഒന്ന് രൂക്ഷമായി നോക്കി. അമ്മയുടെ നോട്ടത്തെ നേരിടാൻ കഴിയാതെ മകൻ മുഖം വെട്ടിത്തിരിച്ചു. സാധങ്ങളെല്ലാം വണ്ടിയിലേക്കുവെച്ച് കാറിൽ കയറുന്നതിനു മുമ്പേ മകൻ പറഞ്ഞു.

‘അമ്മേ നമുക്കൊരു ഫോട്ടോ എടുക്കാം’

വീടിന് മുന്നിൽ നിന്നുകൊണ്ട് തന്നെ ഒരു സെൽഫിയെടുത്തു.

‘ഈ ഫോൺ ഞാൻ കാനഡേന്ന് വരുമ്പോൾ അമ്മക്ക് കൊണ്ടുവന്നതാ. അവിടെ നിന്നും ഇടക്ക് വിളിക്കാലോ. അമ്മ തന്നെ വെച്ചേക്ക്.’

അമ്മ ഫോണെടുത്ത് സെൽഫിയിലേക്ക് നോക്കി. ഇനി ഒരിക്കലും ഈ വീട്ടിലേക്ക് തിരിച്ചുവരവില്ലല്ലോ ഈശ്വരാ. കണ്ണ് നിറഞ്ഞുതൂവി.

വാഹനം സ്ഥാപനത്തിലേക്ക് കയറിയപ്പോഴേ ആളുകൾ ചുറ്റും വന്നു. അമ്മയെ കാറിൽ നിന്നിറക്കി.

‘അമ്മേ, എന്നാ ഞാനിറങ്ങട്ടെ. വൈകിയാൽ ഫ്ലൈറ്റ് മിസ്സ്‌ ആകും. അമ്മക്ക് എന്ത് ആവശ്യമുണ്ടായാലും അവരോട് പറഞ്ഞാൽ മതി. എല്ലാം ഞാൻ ഏൽപി ച്ചിട്ടുണ്ട്.’

അമ്മ മകനെ ചേർത്തുപിടിച്ചു. മൂർധാവിൽ ഉമ്മവെച്ചു പറഞ്ഞു.

‘മോനെ സൂക്ഷിച്ചു പോണേ’

മൂകനായി മകൻ വണ്ടിയിലേക്ക് കയറി. വണ്ടിയുടെ വേഗത കുറഞ്ഞ പോലെ അവനു തോന്നി. അമ്മയുടെ ഫോണിൽ നിന്നയച്ച സെൽഫി നോക്കി. അമ്മയ്ക്കും മകനും പിറകിൽ ആ പഴയ വീട്. ചാറ്റ് ജിപിടി തുറന്ന് ഒരു പ്രോംറ്റ് കൊടുത്തതേ ഉള്ളൂ. അമ്മ ചിത്രത്തിൽ നിന്നും മാഞ്ഞുപോയി. ഇപ്പോൾ തറവാട് വീടിന് മുന്നിൽ ചിരിച്ചുകൊണ്ടു നിൽക്കുന്ന മകൻ മാത്രം. പതിയെ എക്‌സിലേക്ക് അവൻ അത് പോസ്റ്റ്‌ ചെയ്തു. തുടരെ കമന്റുകളുടെയും ലൈക്കുകളുടെയും വൈബ്രേഷൻ വന്നുകൊണ്ടേയിരുന്നു.

Tags:    
News Summary - Selfie(sh)

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.