ബാലവേല

ഇന്നു ബാലവേലവിരുദ്ധദിനമാണത്രേ! ടീച്ചർ ക്ലാസ്സിൽ ബാലവേലവിരുദ്ധ ദിനത്തെക്കുറിച്ച് പറയുമ്പോൾ ആയിഷയുടെ കണ്ണുകൾ ഈറനണിയുന്നത് അവൾപോലും അറിഞ്ഞതില്ല.തുമ്പികളോടു കിന്നാരം പറഞ്ഞും, കൂട്ടുകാർക്കൊപ്പം കളിച്ചുല്ലസിച്ചും, ബാല്യത്തിന്റെ കുസൃതി കാണിച്ചും സന്തോഷിക്കേണ്ട വേളയിൽ അവൾമാത്രം വീട്ടിലെ ജോലിത്തിരക്കിലാണ്.

എളേമ അവൾക്കായി മാറ്റിവച്ചിരിക്കുന്ന പണികൾ. സങ്കടക്കാർമേഘങ്ങൾക്കിടയിലും പുഞ്ചിരിയുടെ നിഴൽനിലാവു പരത്തി ആരോടും പരിഭവമില്ലാതെ ചെയ്തു തീർക്കുന്ന ജോലികൾ.രാവിലെ ഉണർന്നു കഴിഞ്ഞാൽ സ്കൂളിൽ പോകുന്ന സമയംവരെ എന്തെല്ലാം ജോലികൾ. മുറ്റമടിക്കണം, പാത്രങ്ങൾ കഴുകണം, തുണികൾ അലക്കണം. അങ്ങനെയങ്ങനെ.

മിയ്ക്കദിവസങ്ങളിലും സ്കൂളിൽ വൈകിയെത്തുന്ന അവളെ ആദ്യമെല്ലാം ടീച്ചർ ശകാരിക്കുമായിരുന്നു. തലകുമ്പിട്ട് എല്ലാം കേട്ടുനിൽക്കുമ്പോൾ വിതുമ്പിവരുന്ന കണ്ണുനീർത്തുള്ളികൾ താഴെ വീണുചിതറും. പിന്നെ പിന്നെ, അതു ശീലമായി. ടീച്ചർക്കും മനസ്സിലായിക്കാണും ശകാരിച്ചിട്ടു കാര്യമില്ലെന്ന്.

സ്കൂൾവിട്ടു വീട്ടിലെത്തിയാലോ, യൂണിഫോം മാറ്റിയിട്ട് തനിക്കായി മാറ്റിവെച്ച പണികൾ തുടങ്ങും. ഒരു ഗ്ലാസ് ചായ കിട്ടിയാലായി. പണികൾ തീർത്തു പഠിക്കാനോ ഹോംവർക്ക് ചെയ്യാനോ നേരമില്ല. എല്ലാവരും ഉറങ്ങുന്ന സമയം പഠിക്കാൻ ഇരുന്നാലും എളേമയുടെ ശകാരം കേള്‍ക്കാം.

ലൈറ്റിട്ടാൽ കരണ്ട് ചാർജ് കൂടുംപോലും. കൊതുകുകടി കൊണ്ട് ഉറങ്ങാനേ പറ്റില്ല. തറയിലെ കീറപ്പായയിൽ തുണി വിരിച്ചാണ് ഉറക്കം. തലയണ പോലുമില്ലാതെ!

ഒരിക്കൽ പാത്രം കഴുകുന്ന സമയത്ത് കൈയിൽനിന്നും വഴുതിവീണ പ്ലേറ്റ് പൊട്ടിയത് എളേമയെ ചെറുതായൊന്നുമല്ല ചൊടിപ്പിച്ചത്. ചട്ടുകം പഴുപ്പിച്ച് കൈത്തണ്ടിൽ വച്ചതും പോരാഞ്ഞ് ചൂരലുകൊണ്ട് രണ്ട് കാലിലും ആഞ്ഞാഞ്ഞു തല്ലിയത് ഓർക്കാനേ വയ്യ.. എന്തൊരു വേദനയും നീറ്റലുമായിരുന്നു! ഉറക്കെ കരഞ്ഞാൽ എളേമക്ക് ദേഷ്യം കൂടുമോന്ന് പേടിച്ച് ചുണ്ടു കടിച്ചുപിടിച്ച് വേദനയമർത്തി മിണ്ടാതെ നിന്നു. കണ്ണിൽനിന്നും ഒഴുകിയെത്തിയ നീർത്തുള്ളികൾ എളേമ കാണാതെ കൈവിരലാൽ ഒപ്പിയെടുത്തു.

കൈയിലെ നീറ്റൽ സഹിക്കാൻ കഴിയുന്നില്ല. എങ്കിലും കുളിച്ചു യൂണിഫോമിട്ടു പോകാനൊരുങ്ങി. തണുത്തവെള്ളം മുറിവിൽ വീണപ്പോഴുണ്ടായ നീറ്റൽ..

സ്കൂളിൽ എത്തിയപ്പോഴേക്കും കൈത്തണ്ട കുമളിച്ചിരുന്നു. കൂട്ടുകാരോടു കളവു പറഞ്ഞു, തിളച്ചവെള്ളം വീണതാണെന്ന്. അവർക്കാർക്കും അറിയില്ലല്ലോ, വീട്ടിലെ അവസ്ഥ. ആരോടും പറഞ്ഞിട്ടുമില്ല. ടീച്ചറോടും കള്ളം പറഞ്ഞു. പക്ഷേ ടീച്ചർ കണ്ടുപിടിച്ചു.

വീട്ടിൽ അമ്മ കണ്ടില്ലേ എന്നു ചോദിച്ചു. പിന്നെ ടീച്ചറോട് സത്യം പറയേണ്ടി വന്നു. ക്ലാസ്റൂമിലെ അലമാരയിൽനിന്നും ഫസ്റ്റ് എയ്ഡ് ബോക്സെടുത്ത് ടീച്ചർ മരുന്നു പുരട്ടിത്തന്നു. ടീച്ചറുടെ തലോടലേറ്റപ്പോൾ എന്തൊരു സുഖമായിരുന്നു. പെട്ടെന്ന് ഉമ്മിയെ ഓർത്തുപോയി.

ഉമ്മിയെ ഒരുപാട് ഉപദ്രവിക്കുമായിരുന്നു വാപ്പി. തെക്കേലെ അമ്മമ്മ പറയുന്നത് കേട്ടിട്ടുണ്ട്. ഒരു ദിവസം വാപ്പി കുടിച്ചുവന്ന്‌ ഉമ്മിയെ ഒത്തിരി ഉപദ്രവിച്ചത്രേ! തലക്കടിയേറ്റാണ് ഉമ്മി മരിച്ചത്. പിന്നീടാണ് എളാമയെ കല്യാണം കഴിച്ചത്.

ബാലവേല വിരുദ്ധദിനത്തോടനുബന്ധിച്ച് ഒരുപാട് പ്രോഗ്രാമുകൾ സ്കൂളിലുണ്ടായിരുന്നു. പല വിഡിയോകളും കണ്ടപ്പോൾ സങ്കടായി.. സ്കൂളിൽ പോകേണ്ട പ്രായത്തിൽ എത്രയെത്ര കുട്ടികളാണ് പലവിധ ജോലികൾ ചെയ്യുന്നത്. ഹോട്ടലുകളിലും, പടക്കക്കമ്പനികളിലും.. അങ്ങനെ ഏതെല്ലാം സ്ഥലങ്ങളിൽ. നെഞ്ചുരുക്കുന്ന വിങ്ങലോടെയാണ് ആ കാഴ്ചകൾ കണ്ടു തീർത്തത്... ആ കുട്ടികൾക്കും ഉമ്മമാരുണ്ടാകില്ലേ?

സ്കൂൾ വിട്ടപ്പോൾ ടീച്ചറും കൂടെ വീട്ടിലേക്കു പോന്നു. എളാമ്മയെ കണ്ടു കുട്ടികളുടെ അവകാശങ്ങളെപ്പറ്റിയും കുട്ടികൾക്കായുള്ള സംഘടനകളെക്കുറിച്ചും ഒക്കെ സംസാരിച്ചു. ഇനി ആയിഷയെ ഉപദ്രവിക്കുകയാണെങ്കിൽ കർശന നടപടികൾ എടുക്കേണ്ടിവരുമെന്നും പറഞ്ഞു.ടീച്ചർ ഇതെല്ലാം പറയുമ്പോൾ എളേമയുടെ മുഖമൊന്നു കാണണമായിരുന്നു!

എന്തായാലും ആശ്വാസമായി. ഇനി പണികളൊന്നും ചെയ്യേണ്ടല്ലോ. എന്നാലും എളേമക്കൊരു സഹായത്തിന് കുറച്ചൊക്കെ ജോലികൾ ചെയ്യാം.. വീട്ടിലെ ജോലികളല്ലേ...

Tags:    
News Summary - Story about child labour

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-06-11 15:50 GMT