വി.കെ. അബ്ദു: വിവരസാങ്കേതികരംഗത്തെ അമരസാന്നിധ്യം (ഓർമ)
എഡിറ്റർ: വി.കെ. ജലീൽ
പേജ്: 320 വില: 370, വിതരണം: ഐ.പി.എച്ച്

കാലത്തിനുമുന്നിൽ നടക്കാൻ കഴിയുന്നവർക്കാണ് സമൂഹത്തിന് സാരമായ സംഭാവനകൾ നൽകാനാകുക. അത്തരം പ്രതിഭാശാലികളുടെ ജീവിതാനുഭവങ്ങളാണ് ചരിത്രത്തിൽ ഇടം നേടുന്നതും. പിന്നാലെ വരുന്നവർക്ക് ചവിട്ടിപ്പതിഞ്ഞ പാതയൊരുക്കാൻ സാധിക്കുന്നതും അത്തരക്കാർക്കുതന്നെ. വിവര സാങ്കേതിക രംഗത്ത് സമൂഹത്തിന്റെ മുന്നിൽ നടന്ന് ആയിരങ്ങൾക്ക് വെളിച്ചം കാണിച്ച ഗുരുക്കന്മാരുടെ ഗുരുവാണ് വി.കെ. അബ്ദു.

മലയാളികൾ ഐ.ടിയെക്കുറിച്ച് കേട്ടിട്ടുപോലുമില്ലാത്ത കാലത്ത് ആ രംഗത്ത് വിസ്മയകരമായ വൈദഗ്ധ്യം നേടിയ ജ്ഞാനിയാണ് വി.കെ. അബ്ദു. ഇസ്‍ലാമിക പണ്ഡിതൻ, എഴുത്തുകാരൻ, മാധ്യമപ്രവർത്തകൻ, അധ്യാപകൻ, ഐ.ടി വിദഗ്ധൻ, പൊതുപ്രവർത്തകൻ എന്നീ രംഗങ്ങളിൽ തനതായ വ്യക്തിത്വം സ്ഥാപിച്ച നിഷ്കാമകർമി. എട്ടാം ക്ലാസുകാരനായ അബ്ദുവി​െൻറ ഈ മുന്നേറ്റം ആരെയും അത്ഭുതപ്പെടുത്തുന്നതായിരുന്നു. സ്വന്തം ജീവിതത്തെ അവസാന നിമിഷംവരെ സമൂഹത്തിന് സമർപ്പിച്ച് കർമനിരതനായി മരണത്തിലേക്ക് നടന്നുനീങ്ങിയ അദ്ദേഹത്തിന്റെ ധന്യജീവിതം വ്യക്തമായും കൃത്യമായും സമഗ്രമായും സത്യസന്ധമായും അടയാളപ്പെടുത്തുന്ന സ്മൃതി പുസ്തകമാണ് 'വി.കെ. അബ്ദു: വിവരസാങ്കേതികരംഗത്തെ അമരസാന്നിധ്യം.'

ഒരു സ്മരണികക്ക് ഉണ്ടാകേണ്ട എല്ലാ നന്മകളും ഒത്തുചേർന്ന ഒന്നാണിത്. സ്മര്യപുരുഷന്റെ സംഭവബഹുലവും ധന്യവുമായ ജീവിതം ഇതിൽ ഉൾ​െപ്പടുത്തിയിരിക്കുന്നു.

ആദ്യഭാഗത്ത് അബ്ദുവി​െന്റ വിശിഷ്ട വ്യക്തിത്വത്തെ പരിചയപ്പെടുത്തുന്ന അഞ്ച് ലേഖനങ്ങളുണ്ട്. ആദ്യ ലേഖനത്തിൽ തൊള്ളായിരത്തി തൊണ്ണൂറുകളുടെ തുടക്കത്തിൽ ഐ.ടിയെ സംബന്ധിച്ച് വി.കെ. അബ്ദു നടത്തിയ പ്രവചനം ടി. ആരിഫലി ഉദ്ധരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ദീർഘവീക്ഷണവും പ്രത്യുൽപന്നമതിത്വവും വ്യക്തമാക്കുന്ന ആ വാചകങ്ങൾ ഇങ്ങനെ വായിക്കാം: ''നാം ആഗ്രഹിച്ചാലും ഇല്ലെങ്കിലും ഇൻറർനെറ്റ് വലക്കണ്ണികളിൽ നമ്മെ കോർത്തിണക്കാൻ സമീപഭാവിയിൽ തന്നെ നമ്മളും നിർബന്ധിതരാവും. ദിനപത്രങ്ങൾ, ആനുകാലിക പ്രസിദ്ധീകരണങ്ങൾ, പുസ്തകശാലകൾ, ടെലിഫോൺ, റ്റെലി ഫാക്സ്, റ്റെലക്സ്, ടെലിവിഷൻ തുടങ്ങിയ മാധ്യമങ്ങളെല്ലാം ക്രമേണ ഇൻറർനെറ്റിലേക്ക് വഴിമാറുകയാണ്. ഇൻറർനെറ്റിലൂടെ നാമമാത്ര ചെലവിൽ ലോകത്തെവിടെയും ടെലിഫോൺ ചെയ്യാനുള്ള സംവിധാനം പാശ്ചാത്യരാജ്യങ്ങൾ വ്യാപകമായി ഉപയോഗിച്ചുതുടങ്ങിയിരിക്കുന്നു.''

തുടർന്ന് അദ്ദേഹത്തിന്റെ അനശ്വര സംഭാവനയെ സംബന്ധിച്ചും ആരിഫലി സംസാരിക്കുന്നു. സയ്യിദ് അബുൽ അഅ്‍ലാ മൗദൂദിയുടെ വിശ്വവിഖ്യാത ഖുർആൻ വ്യാഖ്യാന ഗ്രന്ഥമായ തഫ്ഹീമുൽ ഖുർആന് അബ്ദു സാഹിബിന്റെ നേതൃത്വത്തിൽ ഡി ഫോർ മീഡിയ തയാറാക്കിയ ഡിജിറ്റൽ എഡിഷൻ അതിലുൾപ്പെടുത്തിയ വിഷയങ്ങളുടെയും ചിത്രങ്ങളുടെയും വിഡിയോകളുടെയും വൈവിധ്യംകൊണ്ടും സർച്ചിങ് സൗകര്യങ്ങളുടെ വ്യാപ്തികൊണ്ടും സമാനതകളില്ലാത്തതാണ്. മൂലഭാഷയായ ഉർദുവിൽപോലും അത്തരം ഒന്നില്ല.

ഈ സ്മൃതിപുസ്തകത്തിന്റെ എഡിറ്റർ കൂടിയായ പ്രമുഖ പണ്ഡിതനും എഴുത്തുകാരനുമായ വി.കെ. ജലീൽ സ്മര്യപുരുഷനെ സമഗ്രമായി പരിചയപ്പെടുത്തുന്നു. ഡി ഫോർ മീഡിയയുടെ എക്സിക്യൂട്ടിവ് ഡയറക്ടർ കെ. എ. നാസർ ഇസ്‍ലാമിക പ്രസ്ഥാനത്തിന് ഐ.ടി. രംഗത്ത് അബ്ദു ചെയ്ത അനശ്വര സംഭാവനകൾ അനാവരണം ചെയ്യുന്നു. ഇസ്‍ലാം ഓൺ ലൈവ് ഉൾ​െപ്പടെയുള്ള പദ്ധതികൾക്ക് രൂപംനൽകിയത് എങ്ങനെയെന്ന് വിശദീകരിക്കുന്നു. ഡോക്യുമെൻററി സംവിധായകൻ എം.എ. റഹ്മാൻ കേരള സാഹിത്യ അക്കാദമി, കോഴിക്കോട് നടത്തിയ ക്യാമ്പിൽ ഒന്നിച്ചു കഴിഞ്ഞ മധുരസ്മരണകൾ അയവിറക്കുന്നു.

പത്രപ്രവർത്തകനായ വി.കെ. അബ്ദുവിനെ പരിചയപ്പെടുത്തുന്നത് മാധ്യമമേഖലയിലെ ലബ്ധപ്രതിഷ്ഠരായ വി.കെ. ഹംസ അബ്ബാസ്, ഒ. അബ്ദുറഹ്മാൻ, യാസീൻ അശ്റഫ്, സി.കെ.എ. ജബ്ബാർ തുടങ്ങിയവരാണ്. തുടർന്ന് വിവിധ മേഖലകളിലെ പ്രമുഖ വ്യക്തികൾ അബ്ദുവിന്റെ സംഭാവനകൾ വിശകലനം ചെയ്യുന്നു. പ്രവാസ ജീവിതത്തിലെ കൂട്ടുകാരും മുസാഫിർ ഇരുമ്പുഴിയും എം.എൽ.എ പി. ഉബൈദുല്ലയും ഉൾപ്പെടെയുള്ളവരും തങ്ങളുടെ അനുഭവങ്ങൾ പങ്കുവെക്കുന്നു. എഴുത്തുകാരിൽ മഹാഭൂരിപക്ഷവും ഐ.ടി മേഖലയിലെ ശിഷ്യന്മാർ കൂടിയാണ്. സഹോദരീ സഹോദരന്മാരുടെയും മക്കളുടെയും കുറിപ്പുകളിലൂടെ കടന്നുപോകുന്ന ഏവർക്കും ജോലിത്തിരക്കുകൾക്കിടയിലും സ്നേഹനിധിയായ സഹോദരനും പിതാവും പിതാമഹനുമൊക്കെയായി എത്രമേൽ മാതൃകാവ്യക്തിത്വമായി നിലകൊള്ളാൻ അബ്ദുവിന് സാധിച്ചുവെന്ന് മനസ്സിലാക്കാം.

അവസാനഭാഗം അദ്ദേഹത്തിന്റെ രചനകളെ പരിചയപ്പെടുത്തുന്നു. 1979ലെ ഹറം സംഭവത്തെ സംബന്ധിച്ച് അക്കാലത്ത് അദ്ദേഹം തയാറാക്കിയ നാലു ലേഖനങ്ങൾ അവയിലുൾപ്പെടും.

ഒട്ടേറെ സവിശേഷതകളുള്ള ഈ സ്മൃതി പുസ്തകം തയാറാക്കാൻ നേതൃത്വം നൽകിയ പണ്ഡിതനും എഴുത്തുകാരനും പൊതു പ്രവർത്തകനുമായ വി.കെ. ജലീൽ, ഇത് വെളിച്ചം കാണുന്നതിനുമുമ്പേ നമ്മോട് വിട പറഞ്ഞുവെന്നത് ഒരു ദുഃഖസ്മരണയായി മനസ്സിനെ നൊമ്പരപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ അസാധാരണമായ സംഘാടനത്തിന്റെയും സമർപ്പണത്തിന്റെയും സംവിധാനത്തിന്റെയും മിടിപ്പുകളും തുടിപ്പുകളും കരവിരുതും ഇതിന്റെ ഓരോ പേജിലും പ്രകടമായിക്കാണാം. ഈ സമൃതിപുസ്തകം വായനക്കാരിൽ നന്മയുടെ നിരവധി നാമ്പുകൾ നട്ടുവളർത്തുമെന്ന് ന്യായമായും പ്രതീക്ഷിക്കാം.

Tags:    
News Summary - VK Abdu book review by Shaikh Muhammad Karakunnu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.