‘ഭരവസി’യിലേക്കൊരു തീർഥയാത്ര

രണ്ട് നീലമത്സ്യങ്ങൾ -നോവൽ
ഷാബു കിളിത്തട്ടിൽ - മാതൃഭൂമി ബുക്സ്

ഷാബു കിളിത്തട്ടിലിന്റെ ‘രണ്ടു നീലമത്സ്യങ്ങൾ’ എന്ന ഭാവതീവ്രമായ ആഖ്യായികയെ തികച്ചും വ്യത്യസ്‌തമായൊരു ദൃഷ്‌ടികോണിലൂടെ നോക്കിക്കാണാനാണ് ശ്രമം. നോവലിന്റെ ആമുഖത്തിൽ ആഖ്യായികകാരൻ തുറന്നുപറഞ്ഞ ഒരു കാര്യം ഉദ്ധരിച്ചുകൊണ്ട് തുടങ്ങട്ടെ: ‘‘നോവലിൽ പറയുന്ന ‘ഭരവസി ഗ്രാമസൊസൈറ്റി’ എന്ന ആശയം സാക്ഷാത്കരിക്കാൻ കഴിയുന്ന ഒരു സങ്കൽപലോകമാണ്. ഉണർന്നിരിക്കുമ്പോൾ കാണുന്ന സ്വപ്നങ്ങളിലൊന്ന്. എല്ലാവരെയും ഉൾക്കൊള്ളുന്ന സമൂഹത്തിനായി പ്രതീക്ഷയോടെയുള്ള കാത്തിരിപ്പ്.’’

ഈ ആഖ്യായിക വായിച്ചുതീർക്കുവോളം ഈ വാചകം വേട്ടയാടിക്കൊണ്ടിരുന്നു. ഇത്ര ഊന്നലോടെ ഈ ആശയത്തെ എഴുത്തുകാരൻ എന്തിനായിരിക്കും ഉയർത്തിപ്പിടിച്ചിട്ടുള്ളത്? അപ്പോഴാണ് പുസ്‌തകത്തിലെ പൂർവാപരക്രമം അതിശയിപ്പിച്ചത്. നോവൽ തുടങ്ങുന്നത് മുന്നിയമ്മ എന്ന ഒരമ്മൂമ്മ നീലിമ എന്ന ഗർഭിണിയെ സ്വന്തം മകളെന്നുതന്നെ കരുതി പെരുമഴയത്തൂടെ ആശുപത്രിയിലേക്കു കൊണ്ടുവരുന്ന വിവരണത്തിലൂടെയാണ്. നോവൽ അവസാനിക്കുന്നതാകട്ടെ നീലിമയുടെ മകൻ ‘എന്റെ പേര് മനുഷ്യൻ എന്നാ’ എന്ന് പറയുന്നിടത്താണ്. തന്റെ അവസ്ഥ കേട്ടറിഞ്ഞ് ആശുപത്രിയിലേക്കെത്തിച്ച സ്നേഹനിധി ആരാണെന്നുപോലും ആ സമയത്ത് നീലിമക്കറിയില്ലായിരുന്നു. തന്റെ പരിചയക്കാരികൂടിയായ ഡോക്ടറാന്റി അതാരാണെന്ന് അന്വേഷിച്ചപ്പോൾ മാത്രമാണ് ശരിക്കും അവരെക്കുറിച്ച് നീലിമയും ചിന്തിക്കുന്നത്. അപ്പോഴാണ് ‘ഭരവസി ഗ്രാമസൊസൈറ്റി’യെക്കുറിച്ച് നീലിമയും ഗൗരവത്തോടെ ചിന്തിക്കുന്നത്. അവൾക്കും അവ്യക്തമായ അറിവേ അതിനെക്കുറിച്ച് ഉണ്ടായിരുന്നുള്ളൂ. ഇനിയാണ് കഥയുടെ ചുരുൾ മെല്ലെമെല്ലെ അഴിഞ്ഞുവരുന്നത്.

ഈ നോവലിൽ നീലിമയുടെയും അൻവറിന്റെയും കഥയേക്കാൾ ആസ്വാദകനെ പിടിച്ചുലക്കുക മുനീസ എന്ന മുന്നിയമ്മയുടെയും ഹനുമാൻ റഷീദിന്റെയും പാത്തു എന്ന അവരുടെ കുഞ്ഞിന്റെയും ജീവിതാഖ്യാനമാണ്. പാത്തുവിന്റെ ദുരന്തത്തിൽനിന്നാണല്ലോ ‘ഭരവസി ഗ്രാമസൊസൈറ്റി’ എന്ന അപൂർവഭാവനയിലേക്ക് എഴുത്തുകാരൻ നമ്മെ തീർഥയാത്ര ചെയ്യിക്കുന്നത്.

ജയിൽശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ തമ്പാനൂർ റെയിൽവേ സ്‌റ്റേഷനിൽ വെച്ചാണ് വായനയിലൂടെ മനസ്സിൽ കുടിയേറിയിരുന്ന മൂകി മുത്തശ്ശി തന്നെ കർണാടകത്തിലേക്കു മൂകമായി ക്ഷണിക്കുന്നതായി മുനീസക്ക് വെളിപാടുണ്ടായത്. പ്രശസ്‌ത കന്നട സാഹിത്യകാരൻ ശിവറാം കാരന്തിന്റെ ‘മുകജ്ജിയ കനസുഗലു എന്ന നോവലിന്റെ മലയാള പരിഭാഷ മൂകാംബികയുടെ സ്വപ്‌നങ്ങൾ വായിച്ചപ്പോൾ മുതൽ മനസ്സിൽ കയറിയതാണ് മൂകി മുത്തശ്ശി. മുദുർ എന്ന ഗ്രാമത്തിലെ അരയാലിന്റെ ചുവട്ടിലിരുന്ന് കൊച്ചുമകന് കഥ പറഞ്ഞുകൊടുക്കുന്ന മുത്തശ്ശി. അവരൊരു സാധാരണ മുത്തശ്ശിയായിരുന്നില്ല. സത്യത്തോടുള്ള സ്‌നേഹവും അതിരറ്റ സഹാനുഭൂതിയുമുള്ളവരായിരുന്നു. എന്നാലവർ മതത്തെയും ജീവിതത്തെയും കുറിച്ച് സ്പഷ്ടമായ ധാരണയുള്ളവരായിരുന്നു. ദൈവസങ്കൽപത്തിന്റെ അർഥശൂന്യതയെപ്പറ്റി, അതിനെച്ചൊല്ലി ഉയരുന്ന അസംബന്ധങ്ങളെപ്പറ്റി മുത്തശ്ശി കൊച്ചുമകന് വിവരിച്ചു കൊടുക്കുന്നുണ്ട്. അതിലൊരു ഭാഗത്തിൽ കടുത്ത രോഗം ബാധിച്ച ഒരു കുഞ്ഞിനെയും താങ്ങിപ്പിടിച്ചുകൊണ്ട് ഒരവതാരത്തിന്റെ മുന്നിൽച്ചെന്ന് കരഞ്ഞപേക്ഷിക്കുന്ന ഒരു അമ്മയുടെ നിസ്സഹായാവസ്ഥ പറയുന്നുണ്ട്. എങ്ങനെയും കുഞ്ഞിനെ രക്ഷിക്കണമെന്ന് അയാളുടെ കാൽക്കൽ വീണപേക്ഷിക്കുകയാണ് ആ അമ്മ.ഒരു നിമിഷം കണ്ണുകളടച്ച് ധ്യാനനിരതനായി കാണപ്പെട്ട ശേഷം ആ അവതാരം അവരോടു പറഞ്ഞത്, ദൈവം നിന്നോട് കോപിച്ചിരിക്കുന്നു. ഉഗ്രകോപമാണ്. നിനക്കതിൽനിന്നു മോചനമില്ല. ദൈവകോപം തീർക്കാൻ ഒരേയൊരു വഴിയേയുള്ളൂ. നീ നിന്റെ കുഞ്ഞിനെ ദൈവത്തിനു സമർപ്പിക്കുക എന്ന്. അതായത് കുഞ്ഞിനെ ബലികൊടുക്കാൻ. കഥ പറഞ്ഞു നിർത്തിയ ശേഷം മുത്തശ്ശി കൊച്ചുമകനോടു ചോദിക്കുന്നുണ്ട്. ‘മോനേ, സുബാ, അതേതു ദൈവമാണ് പാവം ഒരു കുഞ്ഞിന്റെ ജീവൻ ചോദിക്കുന്നത്? അങ്ങനെ കോപിഷ്ഠരായ ദൈവങ്ങളുണ്ടെങ്കിൽ ഈ ഭൂമിയിൽ കുഞ്ഞുങ്ങൾക്കു രക്ഷയില്ലല്ലോ!’ ഈ കഥയിലെ മുത്തശ്ശിയും മുത്തശ്ശിയുടെ ചോദ്യങ്ങളും മുനീസയെ വല്ലാതെ മഥിച്ചുകൊണ്ടിരുന്നു.

ആവേശത്തോടെ മുദുർ ഗ്രാമത്തിൽ പോയെങ്കിലും അവിടെയൊരു ആൽമരമോ മൂകി മുത്തശ്ശിയെപ്പോലൊരു സ്ത്രീയെയോ കണ്ടില്ല. എങ്ങും ആരാധനാമൂർത്തികളുടെ അമ്പലങ്ങൾ, ദൈവത്തിന് ഇടനില നിൽക്കുന്ന അവതാരങ്ങൾ. ബലിപീഠങ്ങൾ...ആദ്യം നിരാശ തോന്നിയെങ്കിലും മുനീസ തോറ്റോടാൻ തയാറല്ലായിരുന്നു. അങ്ങനെയാണ് ‘ഭരവസി ഗ്രാമസൊസൈറ്റി’ എന്ന യാഥാർഥ്യത്തിലേക്ക് മുനീസ എത്തിച്ചേരുന്നത്. ഭിന്നശേഷിക്കാരായ ഓരോ കുട്ടിയിലും തന്റെ പാത്തുവിനെ കണ്ടെത്താൻ ഒരു കാരണംകൂടി ഉണ്ടായി. ഒരു സ്കൂളിൽ സഹായിയായി നിന്ന സമയത്താണ് ബാഗെശ്രീയെയും മകൻ ബദ്രിപ്രസാദിനെയും പരിചയപ്പെട്ടത്. ബദ്രി പ്രസാദ് എന്ന ഭിന്നശേഷിക്കാരനിൽ മുനീസ പാത്തുവിനെ കണ്ടു. ഭർത്താവ് ഉപേക്ഷിച്ചുപോയ ആ സ്ത്രീ കൗമാരപ്രായത്തിലെത്തിയ, വൈകല്യമുള്ള മകനെയുംകൊണ്ട് ജീവിക്കാൻ പാടുപെടുകയായിരുന്നു. ഒരേ തൂവൽപ്പക്ഷികളായ ആ രണ്ട് സ്ത്രീകൾ ഒരു അയൽക്കൂട്ടഗ്രാമം സൃഷ്ടിച്ചു. നാട്ടുകാർ അവരിൽ താൽപര്യം കാണിച്ചു. ആ സംഘം സ്വാശ്രയത്തിന്റേതായ ഒരു വലിയ മാതൃക തീർത്തു. ഓരോ വീട്ടിലും കൃഷിത്തോട്ടമുണ്ടാക്കി പച്ചക്കറിത്തൈകൾ നട്ടു. ഒപ്പം ഒരു കെയർഹോം കൂടി തുടങ്ങി. സന്നദ്ധസംഘടനകളും ആരോഗ്യപരിപാലകരും ‘ഭരവസി ഗ്രാമസൊസൈറ്റി’ക്ക് സഹായഹസ്‌തങ്ങളുമായി എത്തി. അവിടെ ഭിന്നശേഷിക്കാർക്കൊപ്പം മുനീസയെന്ന മുന്നിയമ്മയും ആടിപ്പാടി പങ്കുചേർന്നു.

അൻവറിന്റെ നീലക്കണ്ണുകളിൽനിന്നാണല്ലോ കഥയുടെ ഒരു ചരട് നീളുന്നത്. അവരുടെ സന്തോഷവേളയിൽ വാങ്ങിയ അക്വേറിയത്തിലെ നീലക്കണ്ണുകളുള്ള ബെറ്റ മത്സ്യങ്ങളിലൂടെ അൻവറിനെയും നീലിമയെയും പ്രതീകവത്കരിക്കാനാണ് ഷാബു കിളിത്തട്ടിൽ ശ്രമിക്കുന്നത്. അതിനിടയിലാണ് ഇർഫാൻ അലി കടന്നുവരുന്നതും അവരുടെ ജീവിതത്തെത്തന്നെ മാറ്റിമറിക്കുന്നതും. ആ ഭാഗങ്ങൾ ഈ നോവലിൽ പ്രധാനപ്പെട്ടതുതന്നെയാണ്. പക്ഷേ, അവരുടെ ജീവിതത്തെക്കൂടി കോർത്തിണക്കി ഭരവസി എന്ന മനുഷ്യമാതൃകാലോകത്തിലേക്കാണല്ലോ എഴുത്തുകാരൻ ആസ്വാദകരെ കൂട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നത്.

ഷാബു കിളിത്തട്ടിൽ വിഭാവനം ചെയ്‌തു നിർമിച്ച രണ്ട് ഹ്യൂമനോയിഡ് റോബോട്ടുകളെക്കുറിച്ചുകൂടി പരാമർശിക്കാതെ ഈ കുറിപ്പ് അവസാനിപ്പിക്കാനാവില്ല. എല്ലാ അർഥത്തിലും ഇമോഷൻസ് മനസ്സിലാക്കുന്ന രണ്ട് റോബോട്ട് പങ്കാളികൾ. ഭവിശ്യ എന്ന സ്ത്രീ റോബോട്ടിനെ നോക്കൂ. കടുംനീല നിറമുള്ള സാരിയുടുപ്പിച്ച ഒറ്റനോട്ടത്തിൽത്തന്നെ സുന്ദരിയായ ഒരു യുവതി. അടക്കിപ്പിടിച്ച സംസാരം, ചിരി. ഭവിശ്യയുടെ പങ്കാളിയായ പുരുഷ റോബോട്ടും മോശക്കാരനൊന്നുമല്ല. നമ്മുടെകൂടി ചിന്താവൈകല്യങ്ങൾക്കുള്ള ചികിത്സാവിധിയാണ് ‘രണ്ട് നീലമത്സ്യങ്ങൾ’ എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. 

Tags:    
News Summary - randu neela malsyangal book review shabu kilithattil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.