കുഞ്ഞൻകവിതകളുടെ നനുത്ത സ്പർശം

എല്ലാ ക്രാഫ്റ്റിൽനിന്നും ഒഴിഞ്ഞുമാറി ഒറ്റക്കു പെയ്യുന്ന മഞ്ഞുവർഷമാണ് അശ്റഫ് കല്ലോടിന്റെ കവിതകൾ. ആരോടും വഴങ്ങാതെ, ഒന്നിനോടും തോൽക്കാതെ, ഏതൊന്നിലും ലയിക്കാതെ പൊരുതി പൊരുളുണർത്തുന്നതാണ് അവ. വളരെ മുമ്പുതന്നെ ആനുകാലികങ്ങളിലൂടെ അശ്റഫ് ക​േല്ലാട് എന്ന കവിയെ വായിക്കുന്നുണ്ട്. ചെത്തിക്കൂർപ്പിച്ച കൊച്ചു കൊച്ചു വരികളിലൂടെ പറച്ചിലിന്റെ ഒരുവിധ ധാരാളിത്തവും ഇല്ലാതെ വലിയ ലോകം തീർക്കുന്ന മഞ്ഞുതുള്ളിപോലെ ആർദ്രമായ കവിതകൾ.

അശ്റഫ് കല്ലോടിന്റെ ഏറ്റവും പുതിയ കാവ്യസമാഹാരമാണ് ‘മഞ്ഞുതുള്ളികൾ’. ചെറുതിൽ വലുപ്പം കണ്ടെത്തുന്ന വായനക്കാരുടെയും എഴുത്തുകാരുടെയും പുതുലോകമാണിത്. ഒരു തോണ്ടലിലൂടെ വലിയൊരു ലോകം മലർക്കെ തുറക്കുന്നയീ ഡിജിറ്റൽ യുഗത്തിൽ കുറു​െമാഴികൾക്കാണ് വീര്യം. ഇന്ദ്രിയങ്ങളെല്ലാം തുറന്നുവെച്ച് പ്രപഞ്ചത്തിലേക്കൊന്ന് കണ്ണയച്ചാൽ കണ്ടതിനപ്പുറം കവികൾക്ക് കാണാൻ സാധിക്കുന്നു. ഒന്ന് ചെവി കൂർപ്പിച്ചുവെച്ചാൽ കേട്ടതിനപ്പുറം കേൾക്കാൻ സാധിക്കുന്നു.

ഇതുപോലെ മനുഷ്യന്റെ തനതു ചുറ്റുപാടുകളോട് സമ്പൂർണമായി ഇഴുകിച്ചേർന്നതുകൊണ്ടാവാം ‘മഞ്ഞുതുള്ളികളി’ൽ കവിക്ക് അതീന്ദ്രിയ ചിത്രങ്ങളും സൂക്ഷ്മമായ ശബ്ദങ്ങളും ആവിഷ്കരിക്കാൻ കഴിയുന്നത്. കാൽപനികതയുടെ മാധുര്യം നിറഞ്ഞ, യാഥാർഥ്യബോധത്തിന്റെ തീവ്രതയേറിയ പല കവിതകളും വായിക്കു​േമ്പാൾ ആത്മസ്വത്വത്തിലേക്കെറിയുന്ന ചാട്ടുളിപോലെ അനുഭവപ്പെടും.

ഒരു വലിയ വെളുത്ത പേപ്പർ/അതിലൊരു ചെറിയ കറുത്ത പൊട്ട്/ ഞാൻ കണ്ടത്/ കറുത്ത പൊട്ടു മാത്രം! നന്മകളുടെ ഹിമബിന്ദുക്കൾ നിരന്തരം വർഷിച്ചുകൊണ്ടിരിക്കുന്ന മനുഷ്യപരിസരത്ത് വല്ലപ്പോഴും വന്നുവീഴുന്ന കറുത്ത കല്ലിനെ മാത്രം അനുഭവിച്ച് കുണ്ഠിതപ്പെടുന്ന ആത്്മവിമർശനമാണീ വരികളിലെങ്കിൽ നേരമില്ലൊന്നിനും/നേരെയാവാനും എന്ന വരികൾ ക്രൂരമായ പരിഹാസമാണ്.

യാതൊരു ഒളിച്ചു കളിയുമില്ലാതെ വെട്ടിത്തുറന്നൊരു ചോദ്യക്കവിതയുണ്ട് ‘മഞ്ഞുതുള്ളികളി’ൽ. അതിങ്ങനെ: കരഞ്ഞതിനാൽ/ആത്മഹത്യചെയ്തതിനാൽ/നിരപരാധിയാകുമോ സ്​ത്രീ?/ കരയാതിരുന്നതിനാൽ/ആത്മഹത്യ ചെയ്യാതിരുന്നതിനാൽ/ പ്രതിയാകുമോ പുരുഷൻ? ഒരേസമയം പെൺവാദികളെയും പുരുഷവിരുദ്ധരെയും വിചാരണ ചെയ്യുന്ന അനേകം അടരുകളുള്ള വലിയൊരാശയത്തെ ഏതാനും വരികളിൽ മനോഹരമായി അടക്കിവെച്ചിരിക്കുന്നു.

ഊഷ്മളതയുടെ പട്ടുമെത്തയിലേക്കാണ് ഇന്നത്തെ കുട്ടികൾ ജനിച്ചുവീഴുന്നത്. വെള്ളിക്കരണ്ടിയുമായി പെറ്റുവീഴുന്ന കുട്ടികൾ വലുതാകുംതോറും ആഗ്രഹിക്കുന്നതെല്ലാം കൈപ്പിടിയിലേക്ക് വന്നെത്തുന്ന സമൃദ്ധിയുടെ കാലമാണിത്. ഒരിക്കലും എത്തിപ്പിടിക്കാനാവാതെ പാഞ്ഞുപോകുന്ന മഞ്ഞുമേഘങ്ങളെപ്പോലെ സാഫല്യമറ്റ ഒരുപാട് പൂതികളും ആഗ്രഹങ്ങളും മനസ്സിൽ താലോലിച്ചവരായിരുന്നു മുൻതലമുറ.

പമ്പരം കറക്കി വാവിട്ടു ചിരിക്കുന്ന കുഞ്ഞനുജനെ കണ്ട കവിക്ക് പക്ഷേ, തന്റെ പഴയകാലത്തെ നൊമ്പരയോർമകൾ പിടിച്ചുവെക്കാനായില്ല. വെറും രണ്ടേ രണ്ടു വരിയിൽ ആ നൊമ്പരപ്പെരുക്കങ്ങൾ ഒതുക്കിവെച്ചതു നോക്കൂ: അന്നു കളിച്ചത് പമ്പരം കൊണ്ടായിരുന്നില്ല/ നൊമ്പരം കൊണ്ടായിരുന്നു.

കുറഞ്ഞ വാക്കുകളിൽ ഏറെ കാര്യങ്ങൾ എന്ന ധ്വന്യാത്മക രീതിയിലുള്ളതും മൂകത സമാനവുമായ രചനകളാണ് ‘മഞ്ഞുതുള്ളികളി’ ലെ ആദ്യ ഭാഗത്തെങ്കിൽ തഴുകിത്തലോടി കടന്നുപോകുന്ന നനുത്ത ഇളംകാറ്റ് പോലെയുള്ള ഭാവഗാനങ്ങളുടെ കാവ്യശീലുകളാണ് അവസാനഭാഗത്ത്.

മഞ്ഞുകണങ്ങളുടെ സഹജഭാവം പോലെ തന്നെ സഹൃദയരുടെ വായനബോധത്തെ ശീതളസ്​പർശം കൊണ്ട് ആർദ്രമാക്കുന്ന വായനാനുഭവം സമ്മാനിക്കുന്ന മഞ്ഞുതുള്ളികളുടെ വായന തീർന്നപ്പോൾ കവികളെക്കുറിച്ച് എം.ടി പറഞ്ഞ വാക്കുകളാണ് ഓർമയിലേക്കെത്തിയത്. ‘കാലം ചിതൽ കുത്താത്ത പൂമരങ്ങളാണ് കവികൾ. തണലും സുഗന്ധവും നൽകുന്ന ഈ തരുച്ഛായകൾ മാത്രമാണല്ലോ വരണ്ട നമ്മുടെ സാമൂഹിക ജീവിതത്തിലെ അപൂർവ സൗഭാഗ്യങ്ങൾ’.

Tags:    
News Summary - poems of ashraf kallode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.