ഒലീവ് മരത്തണലിൽ
രമേഷ് ശങ്കരന്
പ്രസാധകര്: റെഡ്ചെറി ബുക്സ് കോഴിക്കോട്.
വില: 180 രൂപ
ഓരോ കാല്‍വെപ്പിലും ചരിത്രത്തെ തൊട്ടുനടക്കാനുള്ള യാത്രികന്റെ വെമ്പൽ. കാണുന്ന കാഴ്ച സ്വന്തമാക്കുകയും അതിനെ വികാരവായ്പോടെ പുണരുകയും ചെയ്യുന്ന മുന്വിധികളില്ലായ്മ. ഒരു വിനോദസഞ്ചാരിയെ യാത്രികനാക്കുന്നത് ഇവയൊക്കെയാണെങ്കില്‍ രമേഷ്ശങ്കരന് ഒരു തികഞ്ഞ യാത്രികനാണ്. യാത്രികന് മുന്‍വിധികളില്ല, ലക്ഷ്യങ്ങളില്ല. എന്തിനധികം, ശുദ്ധമായ ഉദ്ദേശ്യങ്ങള്‍ പോലുമില്ല. കാണുന്ന കാഴ്ചയില്‍നിന്ന് അനുഭവങ്ങളിലേക്കും കാഴ്ചയുടെ ചരിത്രത്തിലേക്കും കാഴ്ചയുടെ സൗന്ദര്യത്തിലേക്കും ചെല്ലുക, അറിയുക, ആന്തരവത്കരിക്കുക. അത് വിനോദയാത്രികന്, സഞ്ചാരി എന്നിങ്ങനെയുള്ള വ്യക്തിമുദ്രകള്ക്കപ്പുറത്ത് Vagabond എന്ന ഗണത്തിലാണ് പെടുക.
ബുദ്ധ-ജൈന സന്യാസിമാര്‍ യാത്രയില്‍ സഞ്ചാരദേശങ്ങളെ അറിഞ്ഞത് ഈ മനസ്സോടെയാണ്. കാണുന്നതെല്ലാം അനുഭവങ്ങള്‍. കേള്‍ക്കുന്നതെല്ലാം അനുഭവങ്ങള്‍. തൊടുന്നതെല്ലാം അനുഭവങ്ങള്‍. അതത്രേ നാടോടിയുടെ സത്യം! നമ്മുടെ മഹായാത്രികരെല്ലാം വാഗബൺഡുകളോ നാടോടികളോ ആയിരുന്നു, വിനോദസഞ്ചാരികള്‍ ആയിരുന്നില്ല. പൊറ്റെക്കാട്ടും രവീന്ദ്രനുമെല്ലാം മലയാളിക്ക് പകര്‍ന്നുതന്നത് പറഞ്ഞതുപോലെ അവര്‍ക്കുമുന്നില്‍ വന്നുപെട്ട കാഴ്ചയുടെ സൗഭാഗ്യങ്ങളെക്കുറിച്ചായിരുന്നു. താജ്മഹല്‍ 'കാണാന്‍' പോകുന്നതും പോകുന്ന വഴി താജ്മഹൽ 'കാണുന്നതും' തമ്മിൽ വലിയ വ്യത്യാസമുണ്ട്. 'കാണാന്‍' പോകുന്നവന് വിനോദസഞ്ചാരിയും 'പോകുമ്പോള്‍ കാണുന്നവൻ' യാത്രികനുമാകുന്നു. ഒരപകടം (Accident) പോലെയാണ് യാത്രികന്റെ മുന്നിൽ കാഴ്ച അനുഭവമായി വരുന്നത്. ആക്സിഡന്റ് അപ്രതീക്ഷിതമാണ്. അനുഭവം ഏറിയിരിക്കുന്നത് അതിലാണ്.
രമേഷ് ശങ്കരന്റെ 'ഒലീവ് മരത്തണലിൽ' യാത്രാപുസ്തകമോ അനുഭവപുസ്തകമോ എന്ന് കൃത്യമായി വേര്തിരിച്ചുപറയാനാവാത്തതാണ്. ജോർഡനിലൂടെയുള്ള സഞ്ചാരം. രവീന്ദ്രനെപ്പോലുള്ള യാത്രികര്‍ ദേശസഞ്ചാരം ചെയ്യുമ്പോള്‍ ദേശത്തിനകത്തുകൂടി സഞ്ചരിക്കുന്നു എന്ന് പറയാറുണ്ട്. രമേഷ് ശങ്കരന്റെ ജോർഡന് യാത്രയും ഏതാണ്ട് സംസ്കാരത്തിനകത്തുകൂടിയുള്ള യാത്രയാണ്. ദേശത്തിന്റെ മനസ്സറിയുന്ന യാത്ര. അവനവനെ ഹോമിച്ചുകൊണ്ടുളള യാത്ര! അപ്പോള്‍ മാത്രമാണ് യാത്ര ആത്മീയവും ഭൗതികവുമായ തീർഥയാത്രയാകുന്നത്.
രമേഷിന്റെ യാത്ര ജോൾഡന്റെ മണ്ണിലൂടെ മാത്രമല്ല, അതിന്റെ ആകാശത്തുകൂടിയുള്ളതാണ്. ഖലീല്‍ ജിബ്രാനെപ്പോലുള്ളവര് വരച്ചിടുന്ന ഭൂപ്രകൃതിയുടെ ആത്മീയാംശങ്ങൾകൂടി ഉൾപ്പെടുന്ന ദേശത്തനിമ രമേഷിന്റെ വിവരണത്തില്‍ മിന്നിത്തെളിയുന്നു. ഒരു കോമ്പസിന്റെ സൂചിക്ക് ദിശ കാട്ടാവുന്ന ദിക്കല്ല യഥാർഥ യാത്രികന്റെ ദേശങ്ങൾ. അയാൾ ആയുധം കൊണ്ടല്ല, മനസ്സു കൊണ്ടും നേത്രങ്ങള്‍ കൊണ്ടുമാണ് അവിടം കീഴടക്കുന്നത്. അയാള്‍ ദേശത്തിലേക്ക് ലയിക്കുന്നു. ജോർഡന് എന്ന 'ദൈവത്തിന്റെ പൂന്തോട്ടം' രമേഷിൽ ലയിച്ചതിന്റെ ഉപലബ്ധിയാണ് 'ഒലീവ്മരത്തണലില്'. അതുകൊണ്ട് ഒരു വായനക്കാരന് ഇതിലൂടെ സഞ്ചരിക്കുമ്പോള്‍ ആത്മീയമായി ജോർഡനിലൂടെ സഞ്ചരിക്കുകതന്നെയാണ്.
ജോർഡന് അതിന്റെ ദൈവകൽപനകള് അക്ഷരംപ്രതി അനുസരിക്കുകയാണ് എന്ന് ഈ പുസ്തകത്തിലെ യാത്രികന്റെ വിവരണങ്ങൾ തെളിയിക്കുന്നു. ഓരോ ജന്മവും കാഴ്ചയുടെ അത്ഭുതങ്ങളാല്‍ കെട്ടിപ്പടുത്ത ജോർഡന് മനുഷ്യന്റെ കൈകളേയും പ്രകൃതിയുടെ കൈകളേയും അതിനായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ജോർഡന് ദൈവത്തിന് കീഴടങ്ങിയതാണോ, ദൈവം ജോർഡനു കീഴടങ്ങിയതാണോ എന്ന് പറയാനാവാത്തവിധമുള്ള ഒരു ലയനം അവിടെയുണ്ട്. ഒരിഞ്ചുപോലും വിട്ടുപോകാതെ അതെല്ലാം രമേഷ് ശങ്കരന് ഇതിൽ പകര്‍ത്തിയിട്ടുണ്ട്. ചിലതെല്ലാം അയാൾ എഴുതിപ്പോയതാവണം. ചിലതെല്ലാം മനഃപൂർവം എഴുതിയതും.
യാത്രികന്റെ കണ്ണു വിടരുമ്പോഴൊക്കെയും വായനക്കാരന്റെ കണ്ണും വിടരുംവിധമുള്ള ഒരു ആഖ്യാനം രൂപപ്പെടുത്താൻ രമേഷിന് സാധിച്ചിട്ടുണ്ട്. കാഴ്ചയെ പകര്‍ത്തുകയല്ല, ഹൃദയൈക്യം വന്ന കാഴ്ചകളെ മമതയോടെ നോക്കിക്കാണുന്നവന്റെ ആത്മഭാഷണമാണ് ഈ പുസ്തകത്തിലെ വാക്യങ്ങള്‍. അനുഭവം പ്രസരിക്കുന്നു എന്നതാണ് ഇതിന്റെ ലാക്ഷണികത. ജോർഡനില്‍ എന്നപോലെ കാഴ്ചകളും അവയുടെ അത്ഭുതങ്ങളും കുന്നുകൂട്ടി വെച്ചിരിക്കയാണ് ഈ പുസ്തകത്തിലും. ഇത് വായിച്ചുകഴിഞ്ഞ്, ആദ്യമായി ജോർഡനില്‍ പോകുന്ന ഒരാള്‍ തീര്‍ച്ചയായും രണ്ടാം തവണയാകും ജോർഡനില്‍ പോകുന്നത്. ആദ്യയാത്ര ഇതിന്റെ വായനയോടെ അവര്‍ നിർവഹിച്ചുകഴിഞ്ഞിരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.