മുനവ്വർ വളാഞ്ചേരി

പ്രത്യാശയുടെ വെളിച്ചം

മുനവ്വർ വളാഞ്ചേരിയുടെ 'സങ്കടക്കടലും നക്ഷത്രങ്ങളും' എന്ന നോവലിനെ ഒറ്റ വാക്കിൽ ഒരു സ്ത്രീ പക്ഷ നോവൽ എന്നു വിശേഷിപ്പിക്കാം. അതിനുമപ്പുറം കൃത്യമായ ഒരു ജീവിതവീക്ഷണവും മുനവ്വർ ഈ നോവലിലൂടെ നൽകുന്നുണ്ട്. കഴിവും ആത്മ വിശ്വാസവും പരിശ്രമവും കൊണ്ടും ഏതു സ്ത്രീക്കും തിരമാലകളെ വകഞ്ഞുമാറ്റി ഒഴുക്കിനെതിരെ നീന്തി വിജയിക്കാമെന്ന് ഈ നോവൽ നമ്മോട് പറയുന്നു.

ഫായിസ എന്ന സ്ത്രീയുടെ തീവ്രമായ യാതനയുടെയും ഉയർച്ചയുടെയും കഥ ഇരുപത്തിയൊന്ന് അധ്യായങ്ങളിലൂടെ ലളിതമായി ഒറ്റയിരിപ്പിൽ വായിപ്പിക്കുന്ന രീതിയിലാണ് മുനവ്വർ എഴുതിയിട്ടുള്ളത്. വായന ഒരു യാതനയായി മാറിയ പുതിയ കാലത്ത് വായനക്കാരെ കൂടെ കൊണ്ടുപോകാൻ 'സങ്കടക്കടലും നക്ഷത്രങ്ങളും' നോവലിന് കഴിയുന്നുണ്ട്.

ഇഷ്ട പ്രണയത്തിന്റെ പേരിൽ എല്ലാ സുഖസൗകര്യങ്ങളുമുള്ള കൊട്ടാരം പോലുള്ള വീട്ടിൽനിന്ന് ആട്ടിയിറക്കപ്പെടുന്ന ഒരു പെണ്ണിന്റെ കഥ മാത്രമല്ല 'സങ്കടക്കടലും നക്ഷത്രങ്ങളും', ഏതു പ്രതിസന്ധികൾക്കിടയിലും തോറ്റു കൊടുക്കാതെ പൊരുതി മുന്നേറിയ പെൺ കൂട്ടായ്മകളുടെ കഥകൂടിയാണ്. ചില മനുഷ്യർ നമുക്ക് ജീവിതത്തിന്റെ വെളിച്ചം കാണിച്ചു തരും എന്ന് നോവലിലൊരിടത്ത് ഫായിസ പറയുന്നുണ്ട്. പെൺ കൂട്ടായ്മകളിലൂടെ തൊഴിലിടങ്ങളിലെ ആത്മാർഥതയിലൂടെ അതിജീവിതം സാധ്യമാണ് എന്ന ഒരു പാഠവും വായനക്കാർക്ക് നൽകുന്നുണ്ട് എന്ന അർഥത്തിൽ ഇതൊരു വെളിച്ചം വിതറുന്ന കൃതിയാണ്.

ഈ നോവലിലെ സ്ത്രീകൾ സ്വന്തം കഴിവുകൊണ്ടും ആത്മവിശ്വാസം കൊണ്ടും സമൂഹത്തിന് വലിയ വെളിച്ചം നൽകുന്നവരാണ് എന്ന് ആമുഖക്കുറിപ്പിൽ നോവലിസ്റ്റുതന്നെ പറയുന്നുണ്ട്. ഏതെങ്കിലും ഒരു പുരുഷന്റെ തണലില്ലാതെ തന്നെ സമൂഹത്തിൽ വലിയ മാറ്റം കൊണ്ടുവരാൻ ഒരു പെണ്ണിന്റെ ഇച്ഛാശക്തിക്ക് കഴിയുമെന്ന് 'സങ്കടക്കടലും നക്ഷത്രങ്ങളും' നോവലിലൂടെ വായനക്കാർക്ക് ബോധ്യപ്പെടുത്താനാവുന്നുണ്ട് നോവലിസ്റ്റിന്.

മറ്റൊരു തരത്തിൽ പ്രചോദനാത്മക സാഹിത്യം എന്ന നിലയിലും വായിക്കപ്പെടാവുന്ന ഒന്നാണ് 'സങ്കടക്കടലും നക്ഷത്രങ്ങളും' എന്ന് അവതാരികയിൽ വിനു എബ്രഹാം പറയുന്നുണ്ട്. നോവൽ വായിച്ചു കഴിഞ്ഞാലും ഫായിസ എന്ന സ്ത്രീയുടെ ചിത്രം വായനക്കാരുടെ മനസ്സിൽ മായാതെ നിൽക്കും.

'സങ്കടക്കടലും നക്ഷത്രങ്ങളും' എന്ന നോവലിൽ കടം വാങ്ങിയ ദർശനങ്ങളില്ല. നമ്മുടെ നാടിന്റെ അന്തരീക്ഷത്തിൽ സ്ത്രീ ശാക്തീകരണത്തിലൂടെ ദാരിദ്ര്യ നിർമാർജനം സാധ്യമാണ് എന്ന സന്ദേശം ലളിതമായ ഭാഷയിൽ മനസ്സിൽ തട്ടുന്നവിധം പറയുന്നതു കൊണ്ടാണ് വായനക്കാർക്ക് ഈ നോവൽ ഹൃദ്യമാവുന്നത്. ഏത് ഇരുളിന്റെയറ്റത്തും പ്രത്യാശയുടെ വെളിച്ചം വിതറുന്ന ഒരു നക്ഷത്രമുണ്ടാവും എന്ന് വായനക്കാരോട് പറയാതെ പറയുന്ന നോവലാണ് 'സങ്കടക്കടലും നക്ഷത്രങ്ങളും'.●

സങ്കടക്കടലും നക്ഷത്രങ്ങളും
(നോവൽ)
മുനവ്വർ വളാഞ്ചേരി
ബാഷോ ബുക്സ്
പേജ് : 162- വില 250
Tags:    
News Summary - About Munavvar Valanchery's novel, P.K. Parakadav writes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.