വള്ളിക്കുടിലിലെ സ്വർഗം

സംസ്ഥാനത്തെ ആദ്യ ബാഗ് രഹിത സ്കൂൾ, കേരളത്തിലെ കൊഴിഞ്ഞുപോക്കില്ലാത്ത വിദ്യാലയം, പകുതിയും ഗോത്രവർഗ വിദ്യാർഥികൾ. പ്രൈമറി തലത്തിൽ തന്നെ കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് പഠിക്കാൻ സൗകര്യമൊരുക്കിയ സ്കൂൾ. വയനാട്ടിലെ തരിയോട് എസ്.എൽ.പി സ്കൂളിലേക്ക് വരണം. ക്ലാസിന് പുറത്ത് ബാഗും പുസ്തക്കെട്ടുമില്ലാതെ പാട്ടും പാടി സ്കൂളിലേക്ക് ഓടിച്ചാടി വരുന്ന കുട്ടികളെയും വള്ളിക്കുടിലിൽനിന്ന് കവിത പാടുന്ന ടീച്ചറെയും കാണാം

 

കുട്ടികള്‍ പഠിക്കേണ്ടത് കഷ്ടപ്പെട്ടല്ല, ഇഷ്ടപ്പെട്ടാണ്. സ്കൂളും പഠനവുമൊക്കെ ഇഷ്ടപ്പെടണമെങ്കില്‍ അതിന്‍റെ ചുറ്റുവട്ടങ്ങളും ഇഷ്ടമുള്ളതാവണം. എന്നുവെച്ചാല്‍ സ്കൂളിലുള്ളവരെയും സ്കൂളും ഇഷ്ടമാകണം. അപ്പോഴാണ് പഠനം ഭാരമാവാതെ മധുരമുള്ളതാകുക. ഒരു ദിവസം പോലും സ്കൂളിൽ പോകാതിരിക്കാൻ ഇഷ്ടമല്ലാത്ത, വേനലവധി വേണ്ടെന്നു പറയുന്ന കുരുന്നുകളെ കാണണമെങ്കിൽ വയനാട്ടിലെ തരിയോട് എസ്.എൽ.പി സ്കൂളിലേക്ക് വരണം. ക്ലാസിന് പുറത്ത് ബാഗും പുസ്തക്കെട്ടുകളുമില്ലാതെ പാട്ടും പാടി സ്കൂളിലേക്ക് ഓടിച്ചാടിവരുന്ന കുട്ടികളെയും പ്രത്യേകമായുണ്ടാക്കിയ വള്ളിക്കുടിലിൽനിന്ന് ഈണത്തിൽ പാട്ടുപാടി കുട്ടികളെ കവിത പഠിപ്പിക്കുന്ന ടീച്ചറെയും ഇവിടെ കാണാം.

തരിയോട് എസ്.എൽ.പി സ്കൂൾ

 

മികവിന്റെ അറിവിടം

സംസ്ഥാനത്തെ ആദ്യ ബാഗ് രഹിത സ്കൂൾ, പകുതിയും ഗോത്ര വർഗ വിദ്യാർഥികളായിട്ടും കേരളത്തിലെ കൊഴിഞ്ഞുപോക്കില്ലാത്ത വിദ്യാലയം, പ്രൈമറി തലത്തിൽ തന്നെ കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് പഠിക്കാൻ സൗകര്യമൊരുക്കിയ ഈ സ്കൂളിന്റെ പ്രത്യേകതകൾ അനവധിയാണ്. 15 വർഷം മുമ്പ് പ്രധാനാധ്യാപികയായി എത്തിയ നിഷ ദേവസ്യ മുൻകൈയെടുത്ത് നടപ്പാക്കിയ മികവിന്റെ പദ്ധതികളെല്ലാം വിജയത്തിലെത്തിയത് പടിപടിയായിട്ടായിരുന്നു. അവഗണനയും മാറ്റിനിർത്തലും കാരണം പലപ്പോഴും പൊതുഇടങ്ങളിൽനിന്ന് ഒളിച്ചോടിയിരുന്ന ഗോത്രവർഗ വിദ്യാർഥികൾക്ക് സ്നേഹവും കരുതലും ചേർത്തുനിർത്തലും വേണ്ടുവോളം പകർന്നുനൽകി തങ്ങളുടേതുകൂടിയാണ് ഇവിടം എന്ന് അവരിൽ ഉറപ്പിക്കുകയായിരുന്നു. ഇതോടെ സ്കൂളിന്റെ മുന്നേറ്റവും എളുപ്പം സാധ്യമായി. പാഠ്യ പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍ തങ്ങളുടേതായ രീതി പിന്തുടർന്ന് വിദ്യാര്‍ഥികളുടെ സാഹചര്യങ്ങളെ തിരിച്ചറിഞ്ഞും പഠനത്തിന് പുറമെ അവരുടെ ദൈനംദിന പ്രവർത്തനങ്ങളിൽ പോലും നിതാന്ത ജാഗ്രത പുലർത്തിയും അധ്യാപകരും രക്ഷിതാക്കളും സ്കൂളിന്റെ വലിയ വലിയ നേട്ടങ്ങൾക്ക് പാതയൊരുക്കുകയായിരുന്നു.

സ്കൂൾ ബാഗ് പഴങ്കഥ

സ്കൂളിലും വീട്ടിലുമായി ഓരോ സെറ്റ് പാഠപുസ്തകങ്ങൾ സൂക്ഷിക്കുന്ന കുട്ടികൾ പഠന പ്രവർത്തനങ്ങൾക്കായുള്ള ഒരു നോട്ട് ബുക്ക് മാത്രമാണ് കൈയിൽ കരുതുന്നത്. ഇതിനായി എല്ലാ വിദ്യാർഥികൾക്കും ഒരു തുണിസഞ്ചിയുമുണ്ട്. ബാഗിന്‍റെ ഭാരമില്ലാതെ കൈയും വീശി പഠിക്കാനെത്തുന്ന ഇവിടെ കുട്ടികളുടെ മുൻ ക്ലാസുകളിലെ പഴയ പുസ്തകങ്ങൾ ശേഖരിച്ച് അവ സ്കൂളിൽ സൂക്ഷിച്ചും ഒപ്പം സർക്കാർ നൽകുന്ന പുസ്തകങ്ങൾ വീട്ടിൽ സൂക്ഷിച്ചുമാണ് 2019ല്‍ സംസ്ഥാനത്തെ ആദ്യ ബാഗ് രഹിത സ്കൂളാവാൻ എസ്.എ.എല്‍.പി സ്‌കൂളിന് കഴിഞ്ഞത്.

നിരവധി ഗവേഷണങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കുമൊടുവിലാണ് സ്‌കൂള്‍ ബാഗ് രഹിത ആശയത്തിലേക്കെത്തിയത്. കുട്ടികളുടെ പുസ്തകവും പെന്‍സിലുമെല്ലാം കളഞ്ഞുപോവുന്നതും അവ തിരഞ്ഞുനടക്കുന്നതും പതിവായതോടെ ഈ സാഹചര്യങ്ങള്‍ മറികടക്കാനാണ് പഠനോപകരണങ്ങള്‍ സ്‌കൂളില്‍തന്നെ സൂക്ഷിക്കാനുള്ള ആലോചനയുണ്ടായത്. 2018ലെ ക്രിസ്മസ് അവധിക്കുശേഷം പദ്ധതി ആരംഭിച്ചു. പരീക്ഷണാടിസ്ഥാനത്തിലാരംഭിച്ച സ്‌കൂള്‍ ബാഗ് രഹിത പദ്ധതി വൻ വിജയത്തിലെത്തുകയായിരുന്നു.

കൊഴിഞ്ഞുപോകാൻ റെഡിയല്ല

ഒരിക്കൽ മാത്രം സ്കൂളിലെത്തി പിന്നീട് അവിടേക്ക് തിരിച്ചെത്താത്ത ഒരുപാട് ഗോത്ര വിദ്യാർഥികൾ പലയിടങ്ങളിലും ഇപ്പോഴുമുണ്ട്. ഇവരെ സ്കൂളിലെത്തിക്കാനോ പഠനത്തിൽ സഹായിക്കാനോ അധ്യാപകർക്കോ അധികാരികൾക്കോ പലപ്പോഴും വലിയ താൽപര്യവുമുണ്ടാകാറില്ല. കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ വിവിധ സ്‌കൂളുകളില്‍നിന്നു കൊഴിഞ്ഞുപോയത് ഗോത്രവിഭാഗങ്ങളില്‍നിന്നുള്ള പതിനെട്ടായിരം വിദ്യാര്‍ഥികളാണെന്ന വിവരം 2022ല്‍ സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു. തരിയോട് എസ്.എ.എൽ.പി സ്കൂളിൽ പഠിക്കുന്നവരിൽ പകുതിയോളംപേർ ബാണാസുര സാഗർ അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശങ്ങളിൽനിന്നുള്ള ആദിവാസി വിദ്യാർഥികളായിരുന്നു. കുറച്ചുമുമ്പുവരെ ഇവിടെയും അക്കാദമികരംഗത്തുള്ള പിന്നാക്കാവസ്ഥയും ഹാജരില്ലായ്മയുമെല്ലാം വേണ്ടുവോളമുണ്ടായിരുന്നു. എങ്ങനെ അതെല്ലാം മറികടക്കാം എന്ന് അധ്യാപകരും രക്ഷിതാക്കളുമെല്ലാം കൂട്ടായി ചര്‍ച്ചചെയ്തു. കോളനികള്‍തോറും കയറിയിറങ്ങി, വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വീട്ടുകാരെ നിരന്തരം ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു. ക്രമേണ സ്കൂൾ ഒരു ഭാരമല്ലെന്ന തോന്നലുണ്ടാക്കി, കളിക്കാനും ആടാനും മാവിൽനിന്ന് പഴുത്ത മാങ്ങ വീഴുന്നത് കാത്തിരിക്കാനുമൊക്കെയുള്ള ഇടമാക്കി സ്കൂളിനെ മാറ്റിയെടുക്കുകയായിരുന്നു. വള്ളികളായി പടരുന്ന ഔഷധ സസ്യങ്ങൾ കൊണ്ട് നിർമിച്ച വള്ളിക്കുടിൽ എന്നു വിളിക്കുന്ന ഗ്രീൻ ക്ലാസ് റൂം പോലുള്ളവ മുറികളിൽ അടച്ചിടുന്ന വിരസത ഇല്ലാതാക്കി. വിദ്യാലയമെന്നതിനപ്പുറത്തേക്ക് കുട്ടികള്‍ക്ക് ഒരു കളിയിടമായിത്തന്നെ സ്‌കൂളിനെ കാണാന്‍ സാധിക്കുന്ന രീതിയിലേക്ക് അധ്യാപകര്‍ വിദ്യാലയത്തെ മാറ്റിക്കൊണ്ടുവന്നു. അങ്ങനെ 2016 മുതല്‍ ജില്ലയിലെ കൊഴിഞ്ഞുപോക്കില്ലാത്ത സ്‌കൂളായി തരിയോട് എസ്.എ.എല്‍.പി മാറി. ഈ വിദ്യാലയത്തിൽ കൊഴിഞ്ഞുപോക്കില്ല എന്നല്ല, ഇവിടെ നിന്നും പോകാൻ കുട്ടികൾ തയാറല്ല എന്നു പറയുന്നതാവും കൂടുതൽ ശരി.

സ്കൂളിന്റെ കഥ, ഉയർച്ചയുടെയും

ഗ്രാമീണ ജനതയുടെ, പ്രത്യേകിച്ച് ഗോത്ര വിഭാഗത്തിന്റെ വിദ്യാഭ്യാസം ലക്ഷ്യമാക്കി ആനി ബസന്റിന്റെ നേതൃത്വത്തിൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലേക്കും വളന്റിയർമാരെ അയച്ചു. എൽ.എൻ. റാവു എന്ന വളന്റിയർ വയനാട്ടിലെത്തുകയും ഗോത്രവിഭാഗങ്ങൾ കൂടുതലുള്ള സ്ഥലങ്ങൾ തിരഞ്ഞുപിടിച്ച് 1950ൽ ജിനചന്ദ്ര ഗൗഡരുടെ സഹായത്തോടെ സെര്‍വ് ഇന്ത്യാ ആദിവാസി ലോവര്‍ പ്രൈമറി സ്‌കൂള്‍ എന്ന പേരില്‍ ഏഴ് വിദ്യാലയങ്ങള്‍ ആരംഭിക്കുയും ചെയ്തു. അതിലൊന്നാണ് തരിയോട് എസ്.എ.എല്‍.പി സ്‌കൂള്‍. കേരളത്തിൽ ഇടുക്കിയിലാണ് മറ്റൊരു സ്കൂൾ ഇത്തരത്തിലുള്ളത്. ബാണാസുര സാഗർ പദ്ധതി വന്നതോടെ കുടിയൊഴിപ്പിക്കൽ പ്രദേശത്തായിരുന്ന സ്കൂൾ 1990 ലാണ് ഇപ്പോഴുള്ള സ്ഥലത്തേക്ക് മാറ്റിസ്ഥാപിച്ചത്. ഒഴിവുവരുന്ന അധ്യാപക തസ്തികയിലേക്ക് ഒരു രൂപ പോലും ഡൊണേഷൻ വാങ്ങാതെ പരീക്ഷ നടത്തി ഏറ്റവും മാർക്കുള്ളവരെ നിയമിക്കുന്ന രീതിയാണ് സ്കൂൾ പിന്തുടരുന്നത് എന്നത് മികവുറ്റ വിദ്യാലയത്തിലേക്ക് ഏറ്റവും മികവുള്ള അധ്യാപകർ തന്നെ എത്തിപ്പെടാൻ കാരണമാവുന്നു. പ്രീ പ്രൈമറി മുതൽ നാലുവരെ ക്ലാസുകളിലായി 100 കുട്ടികളാണ് ഇപ്പോൾ ഇവിടെ ഉള്ളത്. ബാണാസുര പദ്ധതി പ്രദേശമായതിനാൽ കുടുംബങ്ങൾ ഇപ്പോഴും കുടിയൊഴിഞ്ഞുപോകുന്നതിനാൽ ജനവാസം കുറഞ്ഞ മേഖലയായത് കുട്ടികളുടെ എണ്ണവും കുറക്കുന്നു.

പൊതുവെ അടച്ചിട്ട മുറികളോട് പൊരുത്തപ്പെടാൻ സന്നദ്ധമല്ലാത്ത പണിയ, കുറിച്യ ഗോത്ര വിഭാഗത്തിൽപെട്ട കുട്ടികളെ സ്കൂളിൽ നിലനിർത്താൻ മരത്തണലിൽ ക്ലാസൊരുക്കിയും പ്രകൃതിയോട് ഇണങ്ങുന്ന ഗ്രീൻ ക്ലാസ് റൂമുകൾ സജ്ജീകരിച്ചും പഠന സാഹചര്യമുണ്ടാക്കുകയായിരുന്നു. കളിക്കാൻ ഊഞ്ഞാലുകളും ഫുട്ബാളും കാരംസും ചെസ് ബോർഡും വിദ്യാലയത്തിൽ ഒരുക്കി. അതോടെ കളിക്കാൻ വേണ്ടി വിദ്യാർഥികൾ മുടങ്ങാതെ സ്കൂളിൽ എത്താൻ തുടങ്ങിയെന്ന് പ്രധാനാധ്യാപിക നിഷ ദേവസ്യ പറയുന്നു. ബാഗും പുസ്തകവും ചുമക്കേണ്ടെന്നുകൂടി വന്നതോടെ അവർ സ്കൂളിലേക്ക് കൂടുതൽ ആകർഷിക്കപ്പെട്ടു. ജനറൽ കാറ്റഗറിയിൽപെട്ട വിദ്യാർഥികളുടെ നിലവാരത്തിലേക്ക് എല്ലാ നിലക്കും ഗോത്രവർഗ വിദ്യാർഥികളെ മാറ്റുകകൂടി ചെയ്തതോടെ സ്ഥിരം കണ്ടുവരാറുള്ള വേർതിരിവിന്റെ നൂൽപാലവും ക്രമേണ ഇല്ലാതായി. പഠനത്തിൽ പിന്നാക്കം നിൽക്കുന്നവരെ കണ്ടെത്തി ദിനേന പ്രത്യേകം ട്യൂഷനുകൾ അധ്യാപകർ ഒരുക്കി. അങ്ങനെ 16 വർഷം കൊണ്ട് പടിപടിയായി നിരവധി നേട്ടങ്ങളുടെ നെറുകെയിൽ സ്കൂൾ എത്തിപ്പിടിച്ചു. പഠനം കഴിഞ്ഞ് മറ്റു സ്കൂളുകളിലേക്ക് പോവുന്ന കുട്ടികളെ നിരീക്ഷിക്കാൻ ഇവിടെ സംവിധാനമുണ്ടെന്നറിയുമ്പോഴാണ് ഈ മാതൃക വിദ്യാലയത്തിന്റെ മഹത്ത്വം മനസ്സിലാകുക. സാമ്പത്തിക ആവശ്യങ്ങൾക്കുപോലും അവർക്ക് ഈ സ്കൂളിനെ സമീപിക്കാമെന്നത് അധ്യാപകർ ഒരുക്കിയ സൗകര്യമാണ്. ഇവിടെ പഠിച്ച നിരവധി ഗോത്രവർഗ വിദ്യാർഥികൾ ഇപ്പോൾ ഉപരിപഠനത്തിലേക്ക് പോവുകയോ സർക്കാർ ജോലിവരെ എത്തിപ്പിടിക്കുകയോ ചെയ്തിട്ടുണ്ട്.

 

തരിയോട് എസ്.എൽ.പി സ്കൂളിലെ അധ്യാപകരും കുട്ടികളും

പി.ടി.എയ​​ും ഹൗസ്ഫുൾ

മക്കളെ പഠനത്തിൽ മിടുക്കരാക്കുന്നതിനും കൃത്യമായി സ്കൂളിൽ വരുത്തുന്നതിനും രക്ഷിതാക്കളെ കൂടി നിതാന്ത ജാഗ്രതയുള്ളവരാക്കാൻ നല്ലൊരു ശ്രമം തന്നെ വേണ്ടിവന്നു. ബോധവത്കരണത്തിനപ്പുറത്തേക്ക് തങ്ങളെ പരിഗണിക്കുന്നു എന്ന ബോധ്യം ഗോത്രവർഗ വിഭാഗത്തിലെ രക്ഷിതാക്കൾക്കുണ്ടാക്കിയെടുക്കാൻ നിരവധി പദ്ധതികൾ ആവിഷ്കരിച്ചു. വർഷാവർഷം വിനോദയാത്രയിൽ കുട്ടികളോടൊപ്പം രക്ഷിതാക്കളെയും കൊണ്ടുപോകാൻ തുടങ്ങി. ഇത് സ്കൂളുമായി അവരെ അടുപ്പിക്കൽ വേഗം സാധ്യമാക്കി. ഗോത്രവിഭാഗത്തിൽപെട്ട പല രക്ഷിതാക്കളും അത്തരം യാത്രയിലൂടെയാണ് കോഴിക്കോടും മൈസൂരുമൊക്കെ ആദ്യമായി കണ്ടത്. രക്ഷിതാക്കൾ സ്കൂളിന്റെ ഭാഗമായതോടെ പി.ടി.എ യോഗങ്ങളിൽപോലും 90 ശതമാനമാണ് ഹാജറെന്ന് പ്രസിഡന്റ് ഹാരിസ് പറയുന്നു.

15 വര്‍ഷമായി സ്‌കൂളില്‍ 30 നിമിഷം എന്ന പ്രത്യേക ട്യൂഷന്‍ പദ്ധതി നടത്തിവരുന്നുണ്ട്. വർഷാരംഭത്തിൽ തന്നെ ടെസ്റ്റ് നടത്തി ബുദ്ധിമുട്ടുള്ള വിഷയങ്ങള്‍ കണ്ടെത്തി അവക്ക് പ്രത്യേക പരിശീലനം നല്‍കുന്ന പദ്ധതിയാണിത്. വി ക്യാന്‍ എന്ന പേരില്‍ കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് പരിശീലനവും നടത്തിവരുന്നുണ്ട്. ഗോത്രഭാഷയിലുള്ള പാട്ടുകളും സംഭാഷണങ്ങളും ക്ലാസ്മുറികളില്‍ പരിശീലിപ്പിക്കുന്നത് വേർതിരിവി​ന്റെ അതിർവരമ്പുകൾ ഇല്ലാതാക്കാൻ കുറച്ചൊന്നുമല്ല സഹായിക്കുന്നത്. കൂടാതെ, കോളനികളിൽ കുട്ടികളെ പഠിപ്പിക്കാനും സഹായിക്കാനും പഠനമുറിയെന്ന പ്രത്യേക പദ്ധതിയും നടപ്പാക്കുന്നു.

ഞങ്ങൾക്ക് അവധി വേണ്ട

വേനലവധിയും വാരാന്ത്യ അവധി ദിനങ്ങളും ഞങ്ങൾക്ക് വേണ്ടെന്നാണ് നാലാം ക്ലാസുകാരിയായ ശ്രീനന്ദന പറയുന്നത്. "ഞങ്ങളുടെ ഇഷ്ടം ഈ സ്കൂളിൽ തന്നെ നിൽക്കാനാണ്. സ്‌കൂള്‍ ഭയങ്കര ഇഷ്ടാ. ടീച്ചര്‍മാരും വേറെ ക്ലാസിലെ കുട്ടികളും എല്ലാവരും ഒരു വീട്ടിലെ പോലെയാ ഇവിടെ. സ്‌കൂളിലേക്ക് വരുമ്പോള്‍ ചെറിയ തുണിസഞ്ചിയില്‍ ഒരു നോട്ടുപുസ്തകം മാത്രം കൊണ്ടുവന്നാമതി". സ്കൂളിനെ കുറിച്ച് കുട്ടികൾക്കെല്ലാം പറയാനുള്ളത് ഇതുതന്നെയാണ്. ഏറ്റവും പ്രിയപ്പെട്ടയിടമാണ് അവര്‍ക്ക് സ്‌കൂള്‍. ഇവിടം വിട്ടുപോകാൻ അവർക്ക് ഒട്ടും ഇഷ്ടമില്ല. അതിനാല്‍തന്നെ അവധിയൊന്നും വേണ്ടെന്നാണ് കുരുന്നുകള്‍ പറയുന്നത്. അസാധ്യമെന്ന് ഉറപ്പിച്ചുപറയുന്നിടത്തുനിന്ന് സാധ്യമെന്നു കാണിച്ചുകൊടുത്ത് യാഥാസ്ഥിതിക വിദ്യാഭ്യാസ ചട്ടങ്ങളോട് സലാം പറഞ്ഞ് കളിച്ചും ചിരിച്ചും സ്നേഹിച്ചും ചേർത്തുനിർത്തിയും ഉയരങ്ങളിലേക്ക് പഠിച്ചുമുന്നേറുകയാണ് ഈ വിദ്യാലയം.

വേണം ഒരു പാർക്ക്

സംസ്ഥാനത്തെ ആദ്യ ബാഗ് രഹിത വിദ്യാലയം, ഗോത്ര വിഭാഗങ്ങൾ പകുതിയോളമുള്ള സ്കൂളായിട്ടും കൊഴിഞ്ഞുപോക്കില്ലാത്ത, 2007 മുതല്‍ തുടര്‍ച്ചയായി എല്‍.എസ്.എസ് വിജയികളെ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന സ്‌കൂള്‍, പൊതുവിദ്യാഭ്യാസവകുപ്പിന്റെ വിദ്യാഭ്യാസ റിയാലിറ്റി ഷോയായ 'ഹരിതവിദ്യാലയ'ത്തിലേക്ക് ജില്ലയില്‍നിന്നും തിരഞ്ഞെടുക്കപ്പെട്ട ഏക പ്രൈമറി വിദ്യാലയം, മികച്ച പരിസ്ഥിതി സൗഹൃദ വിദ്യാലയമെന്ന അംഗീകാരം, ഗ്രീൻ ക്ലാസ് റൂമുകൾ, ഉപജില്ലയിലെ ബെസ്റ്റ് പി.ടി.എ അവാർഡ്... നേട്ടങ്ങളുടെ പട്ടിക ഏറെയാണ്.

ഇനിയും ഒരു പാട് മോഹങ്ങളുണ്ട് ഈ സ്കൂളിന്. ഒരേക്കർ സ്ഥലമുള്ള സ്കൂളിന് കുട്ടികൾക്ക് ഒരു പാർക്ക് നിർമിക്കുക എന്നത് അധ്യാപകരുടെ‍യും രക്ഷിതാക്കളുടെയും വലിയൊരു സ്വപ്നമാണ്. എല്ലാ വിദ്യാർഥികൾക്കും അത് വലിയ ഉന്മേഷം നൽകും. സ്ഥലമുണ്ടെങ്കിലും ഫണ്ടിന്റെ അപര്യാപ്തതയാണ് പാർക്കിന് തടസ്സം.

Tags:    
News Summary - first bag-free school in kerala-Tarithayad SLP School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.