'ഒരു റേഡിയോ പരിപാടിയിലൂടെ നടത്താനായത്​ 101 വിവാഹങ്ങൾ' -ഗൾഫിലെ പഴയ റേഡിയോ കാലം ഓർത്തെടുത്ത്​ മൊയ്​തീൻ കോയ

ഏ​കദേശം 19 കൊല്ലമാകുന്നു, യു.എ.ഇയിലെ മാധ്യമ-സിനിമ പ്രവർത്തകരിൽ പ്രമുഖനായ കെ.കെ. മൊയ്​തീൻ കോയ റേഡിയോ രംഗം വിട്ടിട്ട്​. പക്ഷേ, ഇന്നും അദ്ദേഹം പലർക്കിടയിലും അറിയപ്പെടുന്നത്​ 'റേഡിയോക്കാരൻ' എന്നാണ്​. അതിന്​ കാരണവുമുണ്ട്​. യു.എ.ഇയിൽ മലയാളം റേഡിയോ പ്ര​ക്ഷേപണത്തിന്‍റെ തുടക്കക്കാരിൽ ഒരാളായിരുന്നു അദ്ദേഹം. ഒരു റേഡിയോ സ്​റ്റേഷനും ഒരു മണിക്കൂർ പ്രക്ഷേപണവും ഉണ്ടായിരുന്ന കാലം. അക്കാലത്ത്​ സിനിമാതാരങ്ങളെക്കാൾ ആരാധനയും സ്വീകാര്യതയും കിട്ടിയിരുന്നു പ്രവാസി സമൂഹത്തിൽ റേഡിയോ പ്രവർത്തകർക്ക്​. ഇന്ന്​ അഞ്ച്​ സ്​റ്റേഷനുകളും 24x7 ലൈവ്​ പ്രക്ഷേപണവുമായി ശക്​തമായ സാന്നിധ്യമാണ്​ യു.എ.ഇയിൽ മലയാളം റേഡിയോ രംഗം.

ഓരോ ഫെബ്രുവരി 13 വരുമ്പോഴും ആരെങ്കിലും ഏതെങ്കിലും വിധത്തിൽ തന്‍റെ 'റേഡിയോക്കാലം' ഓർമ്മിപ്പിക്കാറു​ണ്ടെന്ന്​ പറയുന്നു കോയക്ക എന്നും കോയജി എന്നും പ്രിയപ്പെട്ടവർക്കിടയിൽ അറിയപ്പെടുന്ന മൊയ്​തീൻ കോയ. കുഞ്ഞുന്നാളിലേ റേഡിയോ ഒരു ആവേശമാക്കി ഉള്ളിൽ വളർത്തിയ, ആദ്യമായി റേഡിയോ പരിപാടികൾ പരിശീലിപ്പിച്ച, കോഴിക്കോട് റേഡിയോ സ്റ്റേഷനിൽ കൊണ്ടുപോയി നടുവണ്ണൂർ ഉപാസന ചിൽഡ്രൻസ് റേഡിയോ ക്ലബിന്‍റെ പേരിൽ 'ബാലലോകം' പരിപാടികൾ റെക്കോർഡ് ചെയ്യിച്ച പ്രിയ എം.ജി. മാഷെയാണ്​ റേഡിയോ ദിനത്തിൽ ആദ്യം ഓർമ്മ വരിക.

ബാലലോകത്തിൽ തുടങ്ങി യുവവാണിയും കഴിഞ്ഞ് ആകാശവാണിയിൽ ഗ്രേഡഡ് കാഷ്വൽ ആർട്ടിസ്റ്റ് ആയിരുന്നു കോയക്ക. അപ്പോൾ ഏറെ സഹായങ്ങൾ നൽകിയ ഖാൻ കാവിൽ, പി.പി. ശ്രീധരനുണ്ണി, അബ്ദുല്ല നന്മണ്ട, എ.പി. മെഹ്‌റലി, കാപ്പിൽ വി. സുകുമാരൻ, കെ.എ. മുരളീധരൻ, പി. ഉദയഭാനു, തിക്കോടിയന്‍റെ മകൾ പുഷ്‌പേച്ചി, മുഹമ്മദ് റോഷൻ ഉൾപ്പെടെ പലരെയും കോയക്ക ഓർത്തെടുക്കുന്നു. പിന്നീട് ഗൾഫിൽ ദീർഘകാലം റേഡിയോ ശിൽപിയായി സ്വന്തം മുദ്രയിടാൻ സഹായിച്ചതും ആകാശവാണിയിലെ ഈ ആദ്യപാഠങ്ങളും വഴികാട്ടികളും സഹപ്രവർത്തകരുമാണ്​.

റാസൽഖൈമ റേഡിയോയിൽ ഫ്രീലാൻസറായി തുടങ്ങി പിന്നെ ഉമ്മുൽ ഖുവൈൻ റേഡിയോ, ഏഷ്യാനെറ്റ് റേഡിയോ... അങ്ങിനെ ദശകങ്ങൾ നീണ്ട റേഡിയോക്കാലമാണ്​ കോയക്കയുടെ ജീവിതത്തിലുള്ളത്​. കെ.പി.കെ വെങ്ങര, സത്യഭാമ, രമേഷ്​ പയ്യന്നുർ, നിസാർ സെയ്​ദ്​, മനീഷ, പ്രവീണ, കബീർ തുടങ്ങിയവരായിരുന്നു ആദ്യകാല സഹപ്രവർത്തകർ. ശ്രോതാക്കളെ കൂടി ഉൾപ്പെടുത്തി സത്യഭാമ അവതരിപ്പിച്ചിരുന്ന 'നമ്മൾ തമ്മിൽ' എന്ന ഇന്‍ററാക്​ടീവ്​ പരിപാടിയുടെയൊക്കെ ജനപ്രീതി ഇന്നും ആവേശമുളവാക്കുന്നതായി അദ്ദേഹം ഓർത്തെടുക്കുന്നു. ഒരു മണിക്കൂറിനുള്ളിൽ 47,000ത്തോളം ഫോൺകോളുകൾ ആ പരിപാടിയിലേക്ക്​ എത്തിയ ദിവസമുണ്ട്​. യു.എ.ഇയിലെ ടെലികോം സർവിസ്​ദാതാക്കളായ ഇത്തിസാലാത്തിന്‍റെ സേവനം തന്നെ ജാം ആയ ദിവസമായിരുന്നു അത്​. പിന്നീട്​ ഇത്തിസാലാത്ത്​ റേഡിയോക്കായി പ്രത്യേക സെർവർ അനുവദിച്ചു.

'നമ്മൾ തമ്മിൽ' എന്ന പരിപാടിയിലൂടെ 101 വിവാഹങ്ങൾ നടത്തികൊടുക്കാനായതും ലത്തൂർ ഭൂകമ്പത്തിൽ ഇരകളായവരെ സഹായിക്കാൻ ശ്രോതാക്കളിൽനിന്ന്​ ലക്ഷക്കണക്കിന്​ രൂപ സമാഹരിക്കാനായതുമൊക്കെ കോയക്കക്ക്​ ഇന്നും മധുരമുള്ള ഒാർമ്മകൾ. ടി.വി ചാനലുകൾ അത്ര സജീവമല്ലായിരുന്ന അക്കാലത്ത്​ റേഡ​ിയോ ആയിരുന്നു വാർത്തകൾ അറിയുന്നതിനും വിനോദത്തിനുമായുള്ള പ്രവാസികളുടെ ഏക വഴി. ഇന്നും എട്ടും പത്തും മണിക്കൂർ ജോലി ചെയ്യുന്ന പ്രവാസികൾക്ക്​ ടി.വി കാണലിനെക്കാളും പത്രവായനയെക്കാളും സ്വീകാര്യമായതും സാധ്യമായതുമായ മാധ്യമം റേഡിയോ ആണെന്ന്​ കോയക്ക പറയുന്നു.

'അന്ന്​ ഞങ്ങളൊക്കെ പ​ങ്കെടുക്കുന്ന ​പൊതുപരിപാടികളിൽ വൻ ജനക്കൂട്ടമാണ്​ എത്തിയിരുന്നത്​. സ്വരത്തിലൂടെ എന്നും അവർക്കരികിലെത്തുന്ന ആളുകളെ നേരിൽ കാണാൻ ആയിരുന്നു അത്​. പ്രവാസികളുടെ ശബ്​ദമായി മാറിയതാണ്​ അവർക്കിടയിൽ റേഡിയോകൾക്ക്​ ഇത്രയും സ്വാധീനമുണ്ടാകാനുള്ള കാരണം. പ്രവാസികളുടെ വിവിധ പ്രശ്​നങ്ങൾ, അവരുടെ നിലനിൽപ്പിനെ ബാധിക്കുന്ന വെല്ലുവിളികൾ എന്നിവയല്ലാം അധികൃതരിലേക്കും ജനങ്ങളിലേക്കും എത്തിക്കാൻ റേഡിയോകൾ എന്നും ശ്രദ്ധിച്ചിരുന്നു. വിനോദവും വിജ്​ഞാനവും പ്രശ്​നാധിഷ്​ഠിത പരിപാടികളുമായി അവർ ഇന്നും ഗൾഫ്​ മേഖലയിൽ സജീവമാണ്​' -കോയക്ക പറയുന്നു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.