തൃശൂർ: അവതരിപ്പിക്കപ്പെടുന്ന നാടകങ്ങളിൽ പകുതിയിലധികം സ്ത്രീകൾ നേതൃത്വം കൊടുക്കുന്ന ഒരു നാടകോത്സവം. അതാണ് ഇറ്റഫോക് 2025. സ്ത്രീ പ്രതിരോധത്തിന്റെ ശബ്ദമുയർത്തുകയാണ് 15ാമത് അന്താരാഷ്ട്ര നാടകോത്സവം. ‘പ്രതിരോധത്തിന്റെ സംസ്കാരങ്ങൾ’ എന്ന പ്രമേയത്തോടെ നടക്കുന്ന നാടകോത്സവത്തിലെ പകുതിയിലധികം നാടകങ്ങളിലും സ്ത്രീകളുടെ കൈയൊപ്പുണ്ട്.
ഇറ്റ്ഫോക്കിൽ പ്രദർശനത്തിനായി തെരഞ്ഞെടുത്ത 15 നാടകങ്ങളിൽ എട്ട് നാടകങ്ങളും സ്ത്രീ സംവിധായകരുടേതാണ്. ഒരു ബിന്ദുവിലേക്ക് ചുരുങ്ങി പോവേണ്ട ഒന്നല്ല സ്ത്രീയെന്ന ഓർമപ്പെടുത്തലാണ് കേരള സംഗീത നാടക അക്കാദമി 2025ലെ ഇറ്റ്ഫോക് നാടകങ്ങളിലൂടെ ഓർമപ്പെടുത്തുന്നത്.
സമകാലിക ജീവിതത്തിൽ സ്ത്രീകൾ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെ അതിജീവിച്ചാണ് ഓരോ കലാകാരികളും വാഴ്ത്തപ്പെടുന്നത്. കലാകാരി എന്നതിനപ്പുറം അവർ നേരിടുന്ന ചൂഷണങ്ങളെയും വ്യക്തമായി ചിത്രീകരിക്കുകയാണ് ഇറ്റ്ഫോക് നാടകവേദി. നീലം മാൻസിങ് ചൗധരിയുടെ ‘ഹയവദന’, ശരണ്യ രാംപ്രകാശിന്റെ ‘പ്രോജക്ട് ഡാർലിങ്’, അനുരൂപ റോയുടെ ‘ദി നൈറ്റ്സ്’, അർപ്പിത ദ കാട്ടിന്റെ ‘ഐറ്റം’, റൂവന്തി ടെ ചിക്കേരയുടെ ‘ഡിയർ ചിൽഡ്രൻ, സിൻസിയർലി’, സ്സ്ഓഫിയ ബെർക്സിയുടെ ‘സർക്കിൾ റിലേഷൻസ്’, സപൻ ശരൺന്റെ ‘ബി ലവ്ഡ്’, മലയാള ചലച്ചിത്ര നടി റീമ കല്ലിങ്കലിന്റെ ‘നെയ്ത്ത്’, തുടങ്ങിയ എട്ട് വനിതാ സംവിധായകരുടെ നാടകങ്ങൾ നാടകോത്സവത്തിൽ പ്രദർശിപ്പിക്കുന്നു.
സ്ത്രീ ശാക്തീകരണത്തിന്റെ പ്രതിരോധമായാണ് ഈ നാടകങ്ങൾ വേദിയിൽ ഉണരുന്നത്. പുരുഷാധിപത്യത്തിന്റെ സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന പോരാട്ടങ്ങളിലേക്ക് വെളിച്ചം വീശുന്ന ഒരു അനുഭൂതി ചിത്രീകരിക്കുകയാണ് മലയാള നൃത്തനാടകം ‘നെയ്ത്ത്’. നടി റീമ കല്ലിങ്കലിന്റെ നേതൃത്വത്തിലുള്ള മാമാങ്കം ഡാൻസ് കമ്പനിയാണ് നാടകവുമായി എത്തുന്നത്. ഈജിപ്ഷ്യൻ നാടകമായ ‘ബോഡി, റ്റീത്ത് ആൻഡ് വിഗ് എന്ന നാടകവും മേളയിൽ എത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.