ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാം; ചരിത്രപരമായ തീരുമാനത്തിലേക്ക് കലാമണ്ഡലം

ചെറുതുരുത്തി: കലാമണ്ഡലത്തിൽ അടുത്ത അധ്യയന വർഷം മുതൽ ആൺകുട്ടികൾക്കും മോഹിനിയാട്ടം കോഴ്സിന് പ്രവേശനം നൽകാൻ ബുധനാഴ്ച നടന്ന കലാമണ്ഡലം ഭരണസമിതി യോഗം തീരുമാനിച്ചു. കലാഭവൻ മണിയുടെ സഹോദരൻ ഡോ. ആർ.എൽ.വി. രാമകൃഷ്ണനെതിരെ നർത്തകി സത്യഭാമ നടത്തിയ അധിക്ഷേപ പ്രയോഗത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. വൈസ് ചാൻസലർ പ്രഫ. ബി. അനന്തകൃഷ്ണനും രജിസ്ട്രാർ ഡോ. പി. രാജേഷ് കുമാറും വാർത്തസമ്മേളനത്തിലാണ്​ ഇക്കാര്യം അറിയിച്ചത്​.

അടുത്ത അധ്യയന വർഷം മുതൽ കലാമണ്ഡലത്തിലെ എല്ലാ കോഴ്സുകളിലേക്കും ആൺ -പെൺ വേർതിരിവില്ലാതെ ​പ്രവേശനം നൽകുമെന്ന് വി.സി പറഞ്ഞു. കഴിഞ്ഞദിവസം വിദ്യാർഥി യൂനിയൻ ക്ഷണപ്രകാരം കലാമണ്ഡലം കൂത്തമ്പലത്തിൽ മോഹിനിയാട്ടം അവതരിപ്പിക്കാനെത്തിയ ആർ.എൽ.വി. രാമകൃഷ്ണൻ കലാമണ്ഡലത്തിൽ ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാൻ അവസരം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു.

കലാമണ്ഡലം ഭരണസമിതി അംഗമായിരുന്ന ഡോ. എൻ.ആർ. ഗ്രാമപ്രകാശ്​ ഉൾപ്പെടെയുള്ളവരും പുതിയ വിവാദത്തിന്‍റെ പശ്ചാത്തലത്തിൽ നിർദേശം മുന്നോട്ടുവെച്ചിരുന്നു. വിദ്യാർഥി യൂനിയനും ഈ ആവശ്യത്തെ ശക്തമായി അനുകൂലിച്ചു. ഇതോടെയാണ്​ ബുധനാഴ്ച നടന്ന ഭരണസമിതി യോഗം അനുകൂല തീരുമാനമെടുത്തത്​. രണ്ടുവർഷം മുമ്പാണ്​ കലാമണ്ഡലത്തിൽ പെൺകുട്ടികൾക്കും കഥകളി പഠനത്തിന്​ അനുമതി നൽകിയത്​.

Tags:    
News Summary - Boys can also learn Mohiniyattam; Kalamandal to a historic decision

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.