ഇത്തിരി കരാട്ടെ, കുറച്ച് കുങ്ഫു, പിന്നെ ഒരൽപം കളരി.. വിവിധതരം ആയോധന കലകൾ കൂട്ടിക്കുഴച്ച് ഒരു കിടിലൻ ഐറ്റം...

കൊച്ചി: ഇത്തിരി കരാട്ടെ, കുറച്ച് കുങ്ഫു, പിന്നെ ഒരല്പം കളരി.. വിവിധതരം ആയോധന കലകൾ കൂട്ടിക്കുഴച്ച് ഒരു കിടിലൻ ഐറ്റം...വനിതകൾക്ക് സ്വയം സുരക്ഷ പരിശീലനം നൽകുന്നതിനായി കേരള പൊലീസ് നടത്തുന്ന വുമൺ സെൽഫ് ഡിഫൻസ് ടെക്നിക് (ഡബ്ല്യു.എസ്.ഡി.ടി) ക്ലാസുകളുടെ മൊഡ്യൂൾ ആണിത്.

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് കൊച്ചി മറൈൻഡ്രൈവിൽ നടക്കുന്ന എന്റെ കേരളം മെഗാ എക്സിബിഷനിൽ പൊലീസിന്റെ പവലിയനിലെ പ്രധാന ആകർഷണം കൂടിയാണ് ഡബ്ല്യു.എസ്.ഡി.ടി ടീമിന്റെ പരിശീലന പരിപാടി. സ്ത്രീ സുരക്ഷക്ക് പ്രത്യേക പരിഗണന നൽകിയാണ് സ്റ്റാൾ തയാറാക്കിയിട്ടുള്ളത്.

റോഡിലും ബസിലും ക്ലാസിലും മുതൽ വീടകങ്ങളിൽ വരെ വനിതകൾ നേരിടുന്ന അതിക്രമങ്ങളെ പ്രതിരോധിക്കാനും സ്വയം സുരക്ഷ ഉറപ്പു വരുത്താനുമായി 2015ലാണ് ഡബ്ല്യു.എസ്.ഡി.ടി പ്രവർത്തനം ആരംഭിച്ചത്. ആയോധന പരിശീലനം നേടാൻ ആഗ്രഹമുള്ള വനിതകളും കുട്ടികളും ആവശ്യപ്പെട്ടാൽ സ്ഥലത്തെത്തി പരിശീലനം നൽകുന്ന തരത്തിലാണ് സജ്ജീകരണം.

ഇതിനായി സംസ്ഥാനത്തെ 18 പൊലീസ് ജില്ലകളിലും നാല് വനിത പൊലീസുകാരെ വീതം പ്രത്യേക പരിശീലനം നൽകിയാണ് ടീം തയാറാക്കിയിട്ടുള്ളത്. ഇതിനോടകം ഏഴ് ലക്ഷത്തോളം വനിതകൾക്കാണ് പരിശീലനം നൽകിയത്. ഇവരുടെ പ്രവർത്തനങ്ങളും ബോധവൽക്കരണവുമാണ് സ്റ്റാളിൽ ഒരുക്കിയിട്ടുള്ളത്. ഇതിനോടകം നിരവധി വനിതകളാണ് ഇവിടെ സന്ദർശിച്ചത്. ഇവർക്ക് അതിക്രമം നേരിടുന്ന സാഹചര്യങ്ങളിൽ എങ്ങനെ പ്രതികരിക്കണമെന്നും ദേഹോപദ്രവ മേൽപ്പിച്ചാൽ രക്ഷപ്പെടുന്നതിനുള്ള മാർഗങ്ങളും ഡബ്ല്യു.എസ്.ഡി.ടി ടീം പരിശീലിപ്പിക്കുന്നു.

സ്ത്രീ സുരക്ഷക്കായി കേരള പൊലീസ് തയാറാക്കിയിട്ടുള്ള നിർഭയ ആപ്ലിക്കേഷന്റെ വിവരണവും ബോധവൽക്കരണ വീഡിയോകളുടെ പ്രദർശനവും സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട് ലക്കി ഡ്രോയും സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമേ ശിശു സൗഹൃദ പൊലീസിങ്ങിനായി നടപ്പാക്കിയിട്ടുള്ള സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകളുടേത് ഉൾപ്പടെയുള്ള പ്രവർത്തനങ്ങളും സ്റ്റാളിൽ ഒരുക്കിയിട്ടുണ്ട്.

Tags:    
News Summary - A bit of karate, a bit of kung fu, and a bit of karate..a mix of different martial arts into one cool item...

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-07 10:02 GMT