വിവാഹേതര ബന്ധമെന്ന് സംശയം; യുപിയിൽ ഭാര്യയെ കസേരയിൽ കെട്ടി പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി; ഭർത്താവ് ഒളിവിൽ

കനൗജ്: ഭാര്യയെ കസേരയിൽ കെട്ടിയിട്ട് പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി ഭർത്താവ്. ഉത്തർപദേശിലെ കനൗജ് ജില്ലയിലെ ജഗത്പൂർ ഗ്രാമത്തിലാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. മുപ്പതുകാരിയായ സോനമാണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയതിനുശേഷം പ്രതി സുഖ്ബീർ സിങ് എന്ന മോനു, മക്കളായ ഏഴു വയസ്സുകാരനെയും അഞ്ചു വയസ്സുകാരിയെയും കൂട്ടി ഒളിവിൽ പോവുകയായിരുന്നു.

വ്യാഴാഴ്ച രാവിലെ ഏഴ് മണിയോടെയാണ് ദാരുണമായ സംഭവം നടന്നത്. സോനത്തെ കസേരയിൽ കെട്ടിയിട്ട ശേഷം പ്രതി പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. വീടിനുള്ളിൽ തീ പടരുന്നത് കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് പോലീസിലും ഫയർഫോഴ്സിലും വിവരം അറിയിച്ചത്. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സ് ഒന്നര മണിക്കൂറോളം പരിശ്രമിച്ചാണ് തീയണച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ സോനത്തിന്റെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങൾ കണ്ടെത്തുകയായിരുന്നു.

കൊല്ലപ്പെട്ട യുവതി സോനവും സുഖ്ബീർ സിങ്ങും തമ്മിൽ 11 വർഷം മുമ്പാണ് വിവാഹം കഴിഞ്ഞത്. ഹരിയാനയിലെ ഹിസാറിൽ ഒരു സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തുവരികയായിരുന്ന സുഖ്ബീർ, സംഭവത്തിന് ഏകദേശം 15 ദിവസം മുമ്പാണ് നാട്ടിൽ തിരിച്ചെത്തിയത്. പ്രദേശത്തെ ഒരു യുവാവുമായി സോനത്തിന് അവിഹിത ബന്ധമുണ്ടെന്ന സംശയം സുഖ്ബീർ പ്രകടിപ്പിച്ചതായും, ഇതിന്റെ പേരിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളായി ദമ്പതികൾ തമ്മിൽ നിരന്തരം വഴക്കുകൾ നടന്നിരുന്നുവെന്നും ചിവ്‌റാമൗ സ്റ്റേഷൻ ഹൗസ് ഓഫിസർ കപിൽ ദുബെ വ്യക്തമാക്കി.

സംഭവസ്ഥലത്തെത്തിയ പൊലീസ് സംഘം പരിശോധന നടത്തി. ഒളിവിൽ പോയ പ്രതിക്കായി പൊലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    
News Summary - Woman Tied to Chair and Burnt Alive by Husband in Uttar Pradesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.