ആലപ്പുഴ: വീട്ടമ്മയുടെ കഴുത്തിൽ കയർ മുറുക്കി ശ്വാസം മുട്ടിച്ച് നാലരപ്പവൻ സ്വർണമാല കവർന്ന സംഭവത്തിൽ പ്രതിയെ കണ്ടെത്താൻ പൊലീസ് രേഖാചിത്രം തയാറാക്കുന്നു.പഴവീട് ചെള്ളാട്ട് ലെയിനിൽ ശിവനാരായണിയുടെ വീട്ടിൽ വാടകക്ക് താമസിക്കുന്ന മനോജിന്റെ ഭാര്യ സിന്ധുവിന്റെ താലിമാലയാണ് കയർ മുറുക്കി പരിക്കേൽപിച്ച് മോഷ്ടാവ് കവർന്നത്. സമീപത്തെ സി.സി.ടി.വി അടക്കം ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും കാര്യമായ തെളിവ് കിട്ടിയിട്ടില്ല.
ഈ സാഹചര്യത്തിലാണ് ആക്രമണത്തിനിരയായ സിന്ധുവിൽനിന്ന് പ്രതിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ച് ചിത്രം വരക്കുന്നത്. അഞ്ചരയടി ഉയരവും കറുത്തമുടിയും കട്ടിമീശക്കാരനും ഇരുനിറവുമുള്ള മലയാളിയാണ് മോഷ്ടാവെന്നാണ് സിന്ധു പൊലീസിന് മൊഴി നൽകിയിട്ടുള്ളത്. 45 വയസ്സ് തോന്നിക്കും. മോഷണസമയത്ത് നീല ഷർട്ടും കടുംനീല പാന്റ്സുമാണ് ധരിച്ചിരുന്നത്.
ബുധനാഴ്ച രാവിലെ 10.30നായിരുന്നു സംഭവം. മനോജ് ജോലിക്ക് പോയതിന് പിന്നാലെ വീട് അന്വേഷിച്ചെത്തിയയാളാണ് കവർച്ച നടത്തിയത്. മുകളിൽ വാടകക്ക് നൽകാനുള്ള വീടിന്റെ താക്കോൽ വാങ്ങിയശേഷം സിന്ധുവിനൊപ്പം മുറികളും അടുക്കളയും കണ്ടശേഷമായിരുന്നു ആക്രമണം. കഴുത്തിൽ കയർ വലിഞ്ഞുമുറുക്കിയപ്പോൾ സിന്ധു ബോധമറ്റ് നിലത്തുവീണു.വീട്ടമ്മ മരിച്ചെന്ന് കരുതിയാണ് മോഷ്ടാവ് പൊട്ടിച്ചെടുത്ത മാലയുമായി കടന്നുകളഞ്ഞത്. ചികിത്സയിലായിരുന്ന വീട്ടമ്മ ആശുപത്രി വിട്ട് വീട്ടിലെത്തിയെങ്കിലും ഞെട്ടൽ മാറിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.