ജോമിറ്റ്, വിനീത്, വിപിൻ ,ആനന്ദ്, ഫൈസൽ
കളമശ്ശേരി: മാരകായുധങ്ങളുമായി ഭിന്നശേഷിക്കാരന്റെ വീട്ടിൽ കയറി അതിക്രമം നടത്തുകയും വീട്ടുകാരെ ആക്രമിക്കുകയും ചെയ്ത ഗുണ്ടസംഘത്തെ കളമശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. എരുമത്തല നാലാംമൈൽ നീരിയേലിൽ വീട്ടിൽ ഫൈസൽ പരീത് (38), ചെമ്പറക്കി സൗത്ത് വാഴക്കുളം തച്ചേരിൽ വീട്ടിൽ ജോമിറ്റ് (34), തേവക്കൽ സ്വദേശികളായ താന്നിക്കോട് വീട്ടിൽ വിപിൻ (32), വടക്കേടത്ത് വീട്ടിൽ വി.എസ്. ആനന്ദ് (36), വളവിൽ വീട്ടിൽ വിനീത് (36) എന്നിവരാണ് അറസ്റ്റിലായത്.
കളമശ്ശേരിയിൽ തിങ്കളാഴ്ച വൈകീട്ട് 3.30ഓടെ വാഹനത്തിലെത്തിയ അഞ്ചംഗ സംഘം ഭിന്നശേഷിക്കാരനും കിടപ്പുരോഗിയുമായ പള്ളിലാംകരയിൽ പ്ലാത്താഴത്ത് സുരേഷിന്റെ വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും വീട്ടുകാരെ ആക്രമിക്കുകയും വീട്ടുപകരണങ്ങൾ തകർക്കുകയും ചെയ്തു. ശേഷം വാഹനത്തിൽ കടന്നുകളഞ്ഞു. പരിക്കേറ്റ സുരേഷിന്റെ മക്കളായ സഞ്ജയ് (22), സൗരവ് (23) എന്നിവരെ കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രതികളിലൊരാളുടെ സുഹൃത്തിന്റെ സഹോദരിയെ പരിക്കേറ്റവരുടെ വീട്ടിൽ താമസിപ്പിച്ചു എന്നതായിരുന്നു അക്രമത്തിന് കാരണമായി പൊലീസ് പറഞ്ഞത്. സ്ഥലത്തെത്തിയ കളമശ്ശേരി പൊലീസ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതികൾ പെരുമ്പാവൂർ ഭാഗത്തേക്ക് കടന്നതായി മനസ്സിലാക്കി. പൊലീസ് മൂന്ന് സംഘമായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചു. മണിക്കൂറുകൾക്കുള്ളിൽ പ്രതികൾ സഞ്ചരിച്ച വാഹനം പുക്കാട്ടുപടി ഭാഗത്ത് കണ്ടെത്തി. പൊലീസിനെ കണ്ടപാടെ കടക്കാൻ ശ്രമിച്ച പ്രതികളെ പിന്തുടർന്ന് തേവക്കൽ ഭാഗത്തുെവച്ച് തടഞ്ഞുനിർത്തി.
അറസ്റ്റിന് ശ്രമിക്കുന്നതിനിടെ അക്രമാസക്തരായ പ്രതികളെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. ഇതിനിടെ, സ്റ്റേഷൻ ഇൻസ്പെക്ടർ വിബിൻദാസ്, പൊലീസുകാരായ നജീബ്, ഷെമീർ എന്നിവർക്ക് പരിക്കേൽക്കുകയും ചെയ്തു.പ്രതികൾ നിരവധി അടിപിടി, കവർച്ച കേസുകളിൽ പ്രതികളാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.