ഫാസിൽ
കൊച്ചി: ചേരാനല്ലൂർ ഗവ. എൽ.പി സ്കൂളിന് സമീപത്തുള്ള തയ്യൽ കടയിൽ കയറി സ്ത്രീയുടെ നാലരപ്പവൻ വരുന്ന സ്വർണമാല മോഷ്ടിച്ച പ്രതി അറസ്റ്റിൽ. കണ്ണൂർ തലശ്ശേരി കൂരാര സ്വദേശി ചാലിൽ വീട്ടിൽ ഫാസിലിനെയാണ് (32) ചേരാനല്ലൂർ പൊലീസ് അറസ്റ്റ് ചെയ്തത്. മാർച്ച് അഞ്ചിനാണ് സംഭവം.
ഒട്ടേറെ മോഷണക്കേസുകളിൽ പ്രതിയാണ് ഫാസിൽ. മാർച്ച് അഞ്ചിന് ഉച്ചയോടെ കടവന്ത്ര കൺസ്യൂമർ ഫെഡിലെ ജീവനക്കാരന്റെ സ്കൂട്ടർ മോഷ്ടിച്ച് അതിൽ ചേരാനല്ലൂരിൽ എത്തി തയ്യൽ കടയിൽ ജോലി ചെയ്യുകയായിരുന്ന സ്ത്രീയുടെ മാല പറിച്ചെടുത്ത് ഇതേവാഹനത്തിൽ കടന്നുകളയുകയുമായിരുന്നു. ആദ്യം തൃശൂർ ഭാഗത്തേക്കും തുടർന്ന് ഇവിടെനിന്ന് കണ്ണൂരിലേക്കും ഇയാൾ കടന്നു. കൊച്ചി സിറ്റി പൊലീസ് കമീഷണർ നാഗരാജുവിന്റെ നിർദേശപ്രകാരം ചേരാനല്ലൂർ പൊലീസ് ഇൻസ്പെക്ടർ കെ.ജി. വിപിൻ കുമാറിന്റെ നേതൃത്വത്തിൽ രൂപവത്കരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കവർച്ച നടത്തിയ സ്ഥലത്തുനിന്ന് വാഹനവുമായി മോഷ്ടാവ് സഞ്ചരിച്ച എറണാകുളം നഗരം മുതൽ തൃശൂർ ടൗൺ വരെയുള്ള വിവിധ സ്ഥലങ്ങളിലെ 240ൽ അധികം സി.സി.ടി.വി കാമറകൾ നിരീക്ഷിച്ച് മാസങ്ങൾ നീണ്ട അന്വേഷണത്തിനുശേഷമാണ് പ്രതി പിടിയിലായത്.
മോഷ്ടിച്ച വാഹനം കോഴിക്കോട് പയ്യോളി ഭാഗത്തുനിന്നും മാല കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപത്തെ ജ്വല്ലറിയിൽനിന്നും പൊലീസ് കണ്ടെടുത്തു. കണ്ണൂർ തളിപ്പറമ്പ്, തൃശൂർ ഈസ്റ്റ് തുടങ്ങിയ പൊലീസ് സ്റ്റേഷൻ പരിധികളിൽ മോഷണം നടത്തിയതായി ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.