1. പിടിയിലായ ഓമനക്കുട്ടൻ 2. മോഷ്ടിച്ച വൈദ്യുത കമ്പി

മോഷ്ടിച്ച വൈദ്യുത കമ്പിയുമായി ആക്രിക്കടയിൽ; മുങ്ങാൻ ശ്രമിച്ച മോഷ്ടാവിനെ ഓടിച്ചിട്ട് പിടികൂടി

തിരുവല്ല: മോഷ്ടിച്ച വൈദ്യുത കമ്പികൾ ആക്രിക്കടയിൽ വിൽക്കാനെത്തിയ കുപ്രസിദ്ധ മോഷ്ടാവിനെ നാട്ടുകാരും പൊലീസും ചേർന്ന് ഓടിച്ചിട്ട് പിടികൂടി. മോഷണം അടക്കം ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ തലവടി നടുവിലെ മുറി പാപ്പനംവേലിൽ വീട്ടിൽ ഓമനക്കുട്ടൻ (62 ) ആണ് പിടിയിലായത്.

ഞായറാഴ്ച രാവിലെ ഏഴരയോടെ നെടുമ്പ്രം പുത്തൻകാവ് ദേവിക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. ക്ഷേത്രത്തിന് സമീപത്തെ ആക്രിക്കടയിൽ പ്ലാസ്റ്റിക് ചാക്ക് ഉപയോഗിച്ച് പൊതിഞ്ഞ നിലയിൽ രണ്ട് കെട്ട് കമ്പികളുമായി സൈക്കിളിൽ ഓമനക്കുട്ടൻ എത്തി. ചാക്കിൽ പൊതിഞ്ഞനിലയിൽ കമ്പികൾ കണ്ടതോടെ സംശയം തോന്നിയ നാട്ടുകാർ വാർഡ് മെമ്പർ ജിജോ ചെറിയാനെ വിവരം അറിയിച്ചു.

തുടർന്ന് സ്ഥലത്തെത്തിയ ജിജോ ചെറിയാനും നാട്ടുകാരും ചേർന്ന് മോഷ്ടാവിനെ തടഞ്ഞുവെച്ച ശേഷം പുളിക്കീഴ് പൊലീസിലും കെ.എസ്.ഇ.ബി മണിപ്പുഴ സെക്ഷനിലും വിവരം അറിയിച്ചു. ഇതിനിടെ നാട്ടുകാരുടെ കണ്ണുവെട്ടിച്ച് മോഷ്ടാവ് കടന്നു. തുടർന്ന് സമീപത്തെ ആളൊഴിഞ്ഞ വീടിന് പിന്നിൽ ഒളിച്ചു. തുടർന്ന് സ്ഥലത്തെത്തിയ പുളിക്കീഴ് എസ്.ഐ കുരുവിള സക്കറിയുടെ നേതൃത്വത്തിൽ എത്തിയ പൊലീസ് സംഘവും വാർഡ് മെമ്പർ ജിജോ ചെറിയാനും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ ഒളിച്ചിരുന്ന ഓമനക്കുട്ടനെ കണ്ടെത്തി.

പൊലീസിനെ കണ്ടതോടെ ഇയാൾ ഓടി. തുടർന്ന് ഇയാളെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. വൈക്കത്തില്ലത്തിന് സമീപത്ത് നിന്നും മോഷ്ടിച്ച 10,000 രൂപയോളം വില വരുന്ന 11 കെ.വി ലൈനിലെ കമ്പികളാണ് പ്രതിയിൽ നിന്നും കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു. പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിവിധ സ്റ്റേഷനുകളിൽ മോഷണം അടക്കമുള്ള നിരവധി കേസുകൾ ഓമനക്കുട്ടനെതിരെ ഉള്ളതായി പൊലീസ് അറിയിച്ചു.


Tags:    
News Summary - Robbery with stolen electrical wire in shop; Thief chased and caught after trying to drown

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.