മരട്(എറണാകുളം): നഗരത്തിൽ പട്ടാപ്പകൽ തോക്ക് ചൂണ്ടി 80 ലക്ഷം രൂപ കവർന്ന സംഭവത്തിൽ അടിമുടി ദുരൂഹത. വൈകീട്ട് മൂന്നരയോടെ കുണ്ടന്നൂരിലെ നാഷനൽ സ്റ്റീൽ കമ്പനിയിലായിരുന്നു സംഭവം. മുഖംമൂടി ധരിച്ചെത്തിയ സംഘമാണ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പണവുമായി മുങ്ങിയത്. തോപ്പുംപടി സ്വദേശി സുബിന്‍റേതാണ് സ്റ്റീൽ കമ്പനി. ഇദ്ദേഹത്തിന്‍റെ മുഖത്ത് മുളക് സ്പ്രേ അടിച്ച കവർച്ചാസംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി. സംഭവത്തിൽ എറണാകുളം വടുതല സ്വദേശി സജിയെ (30) മരട് പൊലീസ് പിടികൂടി.
നോട്ടിരട്ടിപ്പുമായി ബന്ധപ്പെട്ടാണ് സംഭവമെന്നാണ് പൊലീസ് നിഗമനം. 80 ലക്ഷം രൂപ കൊടുത്താൽ 1.10 കോടിയായി കിട്ടുമെന്നതായിരുന്നു പദ്ധതി. ‘ട്രേഡ് പ്രോഫിറ്റ് ഫണ്ട്’ എന്ന പേരിലാണ് തട്ടിപ്പ്. തോപ്പുംപടി സ്വദേശി സുബിന്‍റേതാണ് സ്റ്റീൽ കമ്പനി. നോട്ടിരട്ടിപ്പല്ലെന്ന് കമ്പനി ഉടമ പറഞ്ഞു.
അസംസ്കൃത വസ്തുക്കൾ എടുക്കാൻ കൊണ്ടുവന്ന 80 ലക്ഷം രൂപയാണ് നഷ്ടപ്പെട്ടതെന്ന് നാഷനൽ സ്റ്റീൽ കമ്പനി ഉടമ സുബിൻ പറഞ്ഞു.
പിടിയിലായ സജി വഴി സുബിൻ പരിചയപ്പെട്ട എറണാകുളം സ്വദേശികളായ ജോജി, ജിഷ്ണു എന്നിവരുമായിട്ടായിരുന്നു ഇടപാട്. ഇവർ വൈകീട്ട് മൂന്നോടെ കമ്പനിയിലെത്തി. പണം എണ്ണുന്നതിനിടെ മുഖംമൂടി ധരിച്ച മൂന്നുപേർകൂടി വന്നു. വടിവാൾ വീശിയും തോക്ക് ചൂണ്ടിയും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇതോടെ കമ്പനിയിലെ ജീവനക്കാർ ഓടിരക്ഷപ്പെട്ടു.
പണവുമായി സംഘം കുണ്ടന്നൂർ ഭാഗത്തേക്ക് കടന്നു. ബഹളത്തിനിടെ ജോജിയും ജിഷ്ണുവും മുങ്ങി. അങ്കലാപ്പിലായി നിന്നുപോയ സജിയെ സുബിനും ജീവനക്കാരും ചേർന്ന് പൊലീസിൽ ഏൽപിച്ചു. കവർച്ചാസംഘം കടന്നുകളഞ്ഞ സിൽവർ നിറത്തിലുള്ള റിറ്റ്സ് കാറിന്റെ നമ്പർ കറുത്ത തുണികൊണ്ട് മറച്ചിരുന്നു. കമ്പനിയിലെ സി.സി ടി.വി കാമറകൾ പ്രവർത്തനരഹിതമാണ്. ഉടമ ഇതുവരെ രേഖാമൂലം പൊലീസിൽ പരാതി നൽകിയിട്ടില്ലെന്നാണ് വിവരം. പ്രദേശത്തെ സി.സി ടി.വി കേന്ദ്രീകരിച്ച് പൊലീസ് വ്യാപക തിരച്ചിൽ ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.