കൂത്തുപറമ്പ്: നിരവധി കവർച്ച കേസുകളിൽ പ്രതികളായ അന്തർജില്ല മോഷ്ടാക്കളെ കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. വിവിധ ജില്ലകളില്‍നിന്നായി സ്വര്‍ണമാലകളും ബൈക്കുകളും കവര്‍ച്ച ചെയ്ത കോട്ടയം സ്വദേശികളായ രണ്ടുപേരെയാണ് കൂത്തുപറമ്പ് എ.സി.പി പ്രദീപന് കണ്ണിപൊയിലിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
കുപ്രസിദ്ധ മോഷ്ടാക്കളായ കോട്ടയം ഭരണങ്ങാനത്തെ വി.ടി. അഭിലാഷ്, പൂഞ്ഞാറിലെ കീരി സുനി എന്ന സുനിൽ സുരേന്ദ്രൻ എന്നിവരാണ് അറസ്റ്റിലായത്. നവംബറിൽ പ്രതികൾ തലശ്ശേരി റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്ന് ബൈക്ക് മോഷ്ടിച്ചിരുന്നു. ഈ ബൈക്കുമായി സഞ്ചരിച്ച് കതിരൂരിൽനിന്ന് സ്ത്രീയുടെ സ്വർണമാല മോഷ്ടിക്കാൻ ശ്രമിക്കുകയും അതേദിവസം തന്നെ കൂത്തുപറമ്പ് പാറാലിലെ ശോഭ കാരായിയുടെ മൂന്ന് പവനോളം വരുന്ന മാല പൊട്ടിച്ച് കടന്നുകളയുകയും ചെയ്തിരുന്നു.
കൂത്തുപറമ്പിലെ സംഭവത്തിനുശേഷം പ്രതികൾ ഏലത്തൂരിൽനിന്ന് സ്ത്രീയുടെ മാല മോഷ്ടിച്ചതായി പൊലീസ് ചോദ്യംചെയ്യലിനിടെ പ്രതികൾ പറഞ്ഞു. എറണാകുളം, പത്തനംതിട്ട, കോട്ടയം, തൃശൂർ, മലപ്പുറം, ആലപ്പുഴ തുടങ്ങിയ ജില്ലകളിലായി സ്വർണമാലകളും ബൈക്കും കവർച്ച ചെയ്ത് 30ലധികം കേസുകൾ ഇവർക്കുണ്ട്. അഭിലാഷിനെ കോട്ടയം കെ.എസ്ആർ.ടി.സി ബസ് സ്റ്റാൻഡിൽനിന്നും സുനിലിനെ മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽനിന്നുമാണ് പൊലീസ് സംഘം പിടികൂടിയത്. മലപ്പുറം മഞ്ചേരിയിൽ ഉപേക്ഷിച്ച ബൈക്കും കണ്ടെത്തി. സ്വർണമാല പ്രതികൾ മധുരയിൽ വിൽക്കുകയായിരുന്നു. കൂത്തുപറമ്പ് എ.സി.പി പ്രദീപൻ കണ്ണിപ്പൊയിലിന് പുറമെ എ.സി.പി സ്ക്വാഡ് അംഗങ്ങളായ എ.എസ്.ഐ മിനീഷ് കുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ കെ.എ. സുധി, രാഹുൽ ദാമോദരൻ, പി. അനൂപ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.