തലശ്ശേരി: ഓൺലൈൻ മാർക്കറ്റിങ് മറവിൽ സ്ത്രീയിൽനിന്നും പണം തട്ടിയ സംഭവത്തിൽ ന്യൂമാഹി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. പെരിങ്ങാടി സ്വദേശിനി ആമിനയാണ് പരാതിക്കാരി. ന്യൂ മാഹി പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഓൺലൈൻ ആപ് ഹാക്ക് ചെയ്ത് തട്ടിപ്പ് നടത്തിയ ആളെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചു. 1,27,100 രൂപ പരാതിക്കാരിക്ക് നഷ്ടപ്പെട്ടതായാണ് വിവരം. വഞ്ചനാക്കുറ്റത്തിനാണ് പൊലീസ് കേസെടുത്തത്. ന്യൂമാഹി ഇൻസ്പെക്ടർ പി.വി. രാജന്റെ മേൽനോട്ടത്തിൽ പ്രിൻസിപ്പൽ എസ്.ഐ മഹേഷ് കണ്ടമ്പേത്തിനാണ് അന്വേഷണ ചുമതല.
ഓൺലൈൻ പോർട്ടലിലൂടെ ഇടക്ക് സാധനങ്ങൾ വാങ്ങുന്നയാളാണ് പരാതിക്കാരി. ഇവരുടെ പേരിൽ ഏതാനും ദിവസം മുമ്പ് ഒരു രജിസ്ട്രേഡ് കവർ വീട്ടിലെത്തി. തുറന്ന് നോക്കിയപ്പോൾ കണ്ട സ്ക്രാച്ച് ആൻഡ് വിൻ കൂപ്പൺ ചുരണ്ടി നോക്കിയപ്പോൾ 13, 50,000 രൂപ സമ്മാനമുണ്ടെന്ന് കണ്ടു. അതിൽ കാണപ്പെട്ട വാട്സ് ആപ് നമ്പറിൽ തെളിവുകൾ അയച്ചുനൽകിയപ്പോൾ മറുപടി മറ്റൊരു നമ്പറിൽനിന്ന് വന്നു. ഓൺലൈൻ എക്സിക്യൂട്ടിവാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയാണ് ഫോൺ കോൾ വന്നത്. നിങ്ങളുടെ കൂപ്പൺ വെരിഫൈ ചെയ്യേണ്ടതുണ്ടെന്നായിരുന്നു സന്ദേശം. സമ്മാനമുണ്ടെന്ന് കേട്ട സ്ത്രീക്ക് പിന്നീട് ഫോൺ സന്ദേശങ്ങൾ വന്നുകൊണ്ടേയിരുന്നു.
ആദ്യം ആവശ്യപ്പെട്ടത് സമ്മാനസംഖ്യയുടെ ഒരു ശതമാനം ഉടൻ അയക്കണമെന്നായിരുന്നു. പതിമൂന്നര ലക്ഷത്തിനായി വീട്ടമ്മ 14,000 മുതൽ 1,27,100 രൂപവരെ വിവിധ ഗഡുക്കളായി അയച്ചുനൽകിയെങ്കിലും ചുരണ്ടി കണ്ടെത്തിയ സമ്മാനം മാത്രം വന്നില്ല. വ്യത്യസ്ത കാരണങ്ങൾ പറഞ്ഞ് 1,21,500 രൂപ വീണ്ടും ആവശ്യപ്പെട്ടപ്പോഴാണ് ഇത് തട്ടിപ്പാണെന്നും താൻ വഞ്ചിക്കപ്പെട്ടതായും ഇവർ തിരിച്ചറിഞ്ഞത്. തുടർന്ന് ന്യൂമാഹി പൊലീസിൽ പരാതിപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.