അറസ്റ്റിലായ കെ.എ. ജയപ്രകാശ്

'കാണേണ്ടതുപോലെ കണ്ടാല്‍ എല്ലാം ശരിയാക്കിത്തരാം'; ഹോട്ടല്‍ ഉടമയില്‍നിന്ന് കൈക്കൂലി വാങ്ങിയ അസി. ലേബര്‍ ഓഫിസര്‍ അറസ്റ്റില്‍

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രപരിസരത്തെ പ്രമുഖ ഹോട്ടലി​ന്റെ ഉടമയില്‍നിന്ന് കൈക്കൂലി വാങ്ങിയ അസി. ലേബര്‍ ഓഫിസര്‍ അറസ്റ്റില്‍. ചാവക്കാട് അസി. ലേബര്‍ ഓഫിസറായിരുന്ന കെ.എ. ജയപ്രകാശിനെയാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്.

ഹോട്ടലില്‍ താൽക്കാലിക ജോലിക്കാര്‍ കൂടുതലായതിന് നടപടിയെടുക്കാതിരിക്കാന്‍ എന്ന പേരിലാണ് ഇയാള്‍ കൈക്കൂലി ആവശ്യപ്പെട്ടത്. ആഗസ്റ്റ് 30ന് ഹോട്ടലില്‍ പരിശോധന നടത്തിയപ്പോഴാണ് സ്ഥാപനത്തില്‍ താല്‍ക്കാലിക ജീവനക്കാര്‍ കൂടുതലാണെന്നും കാണേണ്ടതുപോലെ കണ്ടാല്‍ എല്ലാം ശരിയാക്കിത്തരാമെന്നും ജയപ്രകാശ് പറഞ്ഞതെന്ന് പരാതിക്കാരന്‍ പറഞ്ഞു.

തുടര്‍ന്ന് ജയപ്രകാശ് ഹോട്ടല്‍ മാനേജരുടെ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ട പണം നല്‍കിയില്ലെങ്കില്‍ നോട്ടീസ് അയക്കുമെന്ന് ഭീഷണിപ്പെടുത്തിയത്രേ. സെപ്റ്റംബര്‍ പത്തിന് ലേബര്‍ ഓഫിസില്‍ ഹാജരാകാന്‍ നോട്ടീസ് അയക്കുകയും ചെയ്തു. അതിനുശേഷം ജയപ്രകാശ് മാനേജരെ വീണ്ടും ഫോണില്‍ വിളിച്ച് 16ന് ഓഫിസില്‍ എത്തിയാല്‍ മതിയെന്ന് അറിയിച്ചു.

തുടര്‍ന്ന് ഹോട്ടല്‍ മാനേജര്‍ ലേബര്‍ ഓഫിസിലെത്തി ജയപ്രകാശിനെ കണ്ടു. നടപടികള്‍ സ്വീകരിക്കാതിരിക്കാന്‍ 10,000 രൂപ കൈക്കൂലി നല്‍കണമെന്ന് ആവശ്യപ്പെടുകയും ആദ്യപടിയായി 5000 രൂപ നിര്‍ബന്ധിച്ച് വാങ്ങുകയും ചെയ്തു. ഇതിനിടെ ജയപ്രകാശിനെ ചാവക്കാട്ടുനിന്ന് കാക്കനാട് ലേബര്‍ ഓഫിസിലേക്ക് മാറ്റിയിരുന്നു.

എന്നാല്‍, ഈ വിവരം ഹോട്ടൽ മാനേജരില്‍നിന്ന് മറച്ചുവെച്ച് വീണ്ടും ഫോണില്‍ വിളിച്ച് ബാക്കി തുകയായ 5,000 രൂപ ഗൂഗ്ള്‍ പേ ചെയ്യാന്‍ ആവശ്യപ്പെട്ടു. ഗൂഗ്ള്‍ പേ ചെയ്യാൻ സാധിക്കില്ലെന്ന് അറിയിച്ചപ്പോള്‍ നേരിട്ട് വന്ന് പണം വാങ്ങിക്കൊള്ളാമെന്ന് അറിയിച്ചു. ഇക്കാര്യം മാനേജര്‍ വിജിലന്‍സിനെ അറിയിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ പണം വാങ്ങാന്‍ ഹോട്ടലിലെത്തിയ ജയപ്രകാശിനെ കാത്തുനിന്ന് വിജിലന്‍സ് സംഘം പിടികൂടുകയായിരുന്നു.


Tags:    
News Summary - Assistant Labour Officer arrested for accepting bribe from hotel owner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.