ബജറ്റിലെ കുതിപ്പ്; ഇന്ത്യയുടെ കിതപ്പ്

ഒടുവിലത്തെ കേന്ദ്ര ബജറ്റിന് ഒരു വയസ്സായപ്പോൾ രാജ്യമെത്ര മുന്നേറി! ജനത്തിന്‍റെ ഓർമയിലേക്ക് ഓടിയെത്തുന്ന ബജറ്റ് നേട്ടങ്ങൾ ഒറ്റയടിക്ക് പറഞ്ഞുതീർക്കാൻ പറ്റില്ല. പെട്രോൾവില മൂന്നക്കത്തിൽ. വിലക്കയറ്റം എട്ടുനിലയിൽ. അംബാനിയും അദാനിയും ടാറ്റയും 'ഖുശി'. എയർ ഇന്ത്യ വിറ്റ് ചുമട്ടുഭാരം സർക്കാർ ഒഴിവാക്കി. പോറ്റാൻ പറ്റാത്ത വിമാനത്താവളങ്ങൾ പലതും അദാനിയെ ഏൽപിച്ചു. അതിർത്തിയിൽ ഭൂമി അടിച്ചുമാറ്റിയാലെന്ത്, പൊരുതാൻ കൂടുതൽ പടക്കോപ്പ് എത്തിച്ചു. ജനത്തെ നിരീക്ഷിക്കാൻ പെഗസസ് അടക്കം സന്നാഹങ്ങൾ.

പണമില്ലാക്കാലത്ത് സഹസ്രകോടികൾ ചെലവിട്ട് പുതിയ പാർലമെന്‍റ് മന്ദിരവും പുതിയ ചരിത്രവുമെല്ലാം കെട്ടിപ്പൊക്കുന്നു. അയോധ്യയിൽ രാമക്ഷേത്രം ഉയരുന്നു. എന്തിനധികം, പുതിയ ഇന്ത്യയിലേക്ക് കിതക്കാത്ത ഓട്ടമാണ്. ഈ തിരക്കുകൾക്കിടയിലും കാവിയുടുത്ത് ഗംഗയിൽ മുങ്ങുന്നതു മുതൽ, തെരഞ്ഞെടുപ്പുറാലികളിലേക്ക് റാകിപ്പറക്കുന്നതു മുതൽ, നിത്യം യോഗ ചെയ്യുന്നതുവരെ, പിടിപ്പതു പ്രദർശനജോലികൾക്ക് സമയം കണ്ടെത്തുന്ന ഭരണാധികാരികൾ. കലശലായ പണഞെരുക്കമാണ് സർക്കാറിന്‍റെ പ്രധാന പ്രശ്നം. അതല്ലെങ്കിൽ കോവിഡിന്‍റെ രണ്ടാം തരംഗത്തിൽ ഓക്സിജന് ക്ഷാമം ജനം അനുഭവിക്കേണ്ടിവരില്ലായിരുന്നു.

കർഷകർക്കൊരു മിനിമം താങ്ങുവില ഉറപ്പാക്കുമായിരുന്നു. തൊഴിലിനും തൊഴിലുറപ്പിനും വിദ്യാഭ്യാസത്തിനുമൊക്കെ വാരിക്കോരി നൽകിയേനേ. ചൊവ്വാഴ്ച വരാനിരിക്കുന്ന പുതിയ ബജറ്റിലും സർക്കാറിന്‍റെ ഈ ദിശാബോധം തെളിഞ്ഞുകിടക്കും, തീർച്ച. സർക്കാറിനെ സംബന്ധിച്ചിടത്തോളം യു.പി അടക്കം അഞ്ചു നിയമസഭ തെരഞ്ഞെടുപ്പുകളിൽ കണ്ണുവെക്കുക എന്നതാണ് ഈ ബജറ്റിലെ അടിയന്തര ദൗത്യം. വോട്ടു സ്വാധീനിക്കാനുള്ള മേമ്പൊടികൾ ഉറപ്പ്. എന്നാൽ അതിനപ്പുറം, കോവിഡ് കെടുതിയുടെ മൂന്നാം വർഷത്തിലേക്ക് രാജ്യം എടുത്തെറിയപ്പെട്ട സമയമാണിത്. യഥാർഥത്തിൽ ആരോഗ്യ, തൊഴിൽ, സേവന, വിദ്യാഭ്യാസ, സാമൂഹിക സംരക്ഷണ, അടിസ്ഥാന സൗകര്യ വികസന മേഖലകളിൽ വീണ്ടെടുപ്പിന് വലിയ പരിഗണന നൽകേണ്ട ഘട്ടം.

എന്നാൽ, ഏറ്റവും കൂടുതൽ തഴയപ്പെടുന്നത് ഈ മേഖലകളാണ്. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക സംരക്ഷണം തുടങ്ങിയ പതിവു പൊതുച്ചെലവുകളുടെ കാര്യത്തിൽ വളരുന്ന മറ്റ് സമ്പദ് വ്യവസ്ഥകളേക്കാൾ താഴെയാണ് ഇന്ത്യ. കോർപറേറ്റ് ഇന്ത്യ വളരുകയും ഗ്രാമീണ ഇന്ത്യ തളരുകയും ചെയ്യുന്നു. ഇന്ത്യൻ സമ്പദ് വ്യവസ്ഥ നിരീക്ഷിക്കുന്ന സ്ഥാപനമായ സി.എം.ഐ.ഇയുടെ കണക്കു പ്രകാരം കഴിഞ്ഞ മാസം രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് നാലു മാസത്തിനിടയിലെ ഏറ്റവും ഉയർന്ന തോതായ 7.9 ശതമാനത്തിൽ എത്തിയിരിക്കുന്നു. ഈ ഗ്രാഫ് ഇനിയും മേലോട്ടുതന്നെ. നഗരങ്ങളിലെ തൊഴിൽരഹിതരുടെ എണ്ണം കൂടുതൽ വേഗത്തിൽ ഉയർന്നു. 20-24 പ്രായക്കാർക്കിടയിൽ തൊഴിലില്ലായ്മ നിരക്ക് 37 ശതമാനമാണ്. അവരിൽതന്നെ ബിരുദധാരികളുടെ തൊഴിലില്ലായ്മ 60 ശതമാനം. സമ്പദ് വ്യവസ്ഥയുടെ 54 ശതമാനവും സേവനമേഖലയുടേതാണ്. വ്യാപാരം, ഹോട്ടൽ, ഗതാഗതം, നിർമാണം തുടങ്ങിയ അസംഘടിത മേഖലകളിൽ തൊഴിൽസ്ഥിതി ഏറെ മോശം.

ഇന്ത്യയിൽ സഹസ്ര കോടീശ്വരന്മാരുടെ എണ്ണം 102ൽനിന്ന് 142 ആയി. എന്നാൽ, പാവപ്പെട്ടവരായ 20 ശതമാനം ജനങ്ങളുടെ വരുമാനത്തിൽ 53 ശതമാനം കുറവ് കഴിഞ്ഞ വർഷം ഉണ്ടായെന്നാണ് പഠനങ്ങൾ. സമ്പന്ന വിഭാഗത്തിൽപെടുന്ന 20 ശതമാനത്തിന്‍റെ കാര്യത്തിലാകട്ടെ, 39 ശതമാനം വരുമാന വർധനയാണ് ഉണ്ടായത്. ഫലത്തിൽ അസമത്വം വർധിച്ചിരിക്കുന്നു. ദേശീയ വരുമാനത്തിന്‍റെ 57 ശതമാനം 10 ശതമാനം സമ്പന്നരുടെ പക്കലാണ്. പൊതുസേവന രംഗത്തെ ഇന്ത്യയുടെ മുതൽമുടക്ക് അപര്യാപ്തമാണ്. ബജറ്റിൽ മുൻഗണനതന്നെ നഷ്ടപ്പെട്ട സ്ഥിതി. കോവിഡ് കാലം സ്ഥിതി ഒന്നു കൂടി മോശമാക്കി. ഓൺലൈൻ സംവിധാനത്തിനൊത്ത ഡിജിറ്റൽ സൗകര്യങ്ങൾ വർധിപ്പിക്കുന്നതടക്കം പലതും ചെയ്യേണ്ട ഘട്ടമാണെങ്കിലൂം വിദ്യാഭ്യാസത്തിന് കഴിഞ്ഞ ബജറ്റിൽ വിഹിതം കുറക്കുകയാണ് ചെയ്തത്. അതിൽതന്നെ പകുതി ചെലവാക്കിയിട്ടുമില്ല.

ആരോഗ്യ മന്ത്രാലയത്തിന്‍റെ വിഹിതത്തിൽ നല്ല പങ്കും കോവിഡ് വാക്സിനുവേണ്ടി മാത്രമാണ് ചെലവിട്ടത്. ആരോഗ്യ മേഖലക്ക് മൊത്തം ആഭ്യന്തര ഉൽപാദനത്തിന്‍റെ മൂന്നു ശതമാനമെങ്കിലും നീക്കിവെക്കണമെന്നാണ് സങ്കൽപമെങ്കിലും ഇന്ത്യ ചെലവിടുന്നത് 1.3 ശതമാനം മാത്രം. ബജറ്റിലെ പ്രഖ്യാപനങ്ങൾക്കപ്പുറം, വിഹിതത്തിൽ 34 ശതമാനം മാത്രമാണ് ജലശക്തി മന്ത്രാലയം വിനിയോഗിച്ചത്. സാമൂഹികനീതി-ശാക്തീകരണ മന്ത്രാലയത്തിന്‍റെ കാര്യത്തിൽ ഇത് പത്തിലൊന്നു മാത്രം.

ചൈനയെ കടത്തിവെട്ടി അഞ്ചു ട്രില്യൺ ഡോളറിന്‍റെ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറാൻ പോകുകയാണെന്ന വായ്ത്താരി കുറെക്കാലമായി എന്തോ, ഭരണകർത്താക്കളിൽനിന്ന് കേൾക്കാനില്ല. മൂന്നു വർഷംകൊണ്ട് കാർഷിക വരുമാനം ഇരട്ടിയാക്കാൻ പോകുന്നുവെന്ന പ്രഖ്യാപനം കർഷകസമരത്തിൽ തട്ടി തകർന്നു.

'മേക് ഇൻ ഇന്ത്യ' മുദ്രാവാക്യം, നിർമിച്ചവർപോലും മറന്നു. എല്ലാറ്റിനും കോവിഡിനെ പഴിചാരാമെന്ന മെച്ചമുണ്ട്. സർക്കാർ പഠിച്ച പണിയെല്ലാം നോക്കിയിട്ടും വിൽപനക്കുവെച്ച പൊതുമേഖല സ്ഥാപനങ്ങൾ വാങ്ങാൻതന്നെ ആളില്ലാത്ത സ്ഥിതി, അതു വേറെ. റിസർവ് ബാങ്കിന്‍റെ കരുതൽശേഖരമെടുത്തും കമ്പനികൾ തീറെഴുതിയും ഇന്ധന നികുതി ജനത്തിനു കുറച്ചു കൊടുക്കാതെയുമൊക്കെയാണ് സർക്കാറിന്‍റെ പോക്ക്. വിത്തെടുത്തു കുത്തുന്ന ഈ ശീലത്തിന്‍റെ പുതിയ ഇനങ്ങളല്ലാതെ ബജറ്റിൽ കൂടുതൽ പ്രതീക്ഷകൾക്ക് വകയില്ല.

ബാങ്കുകൾ അടക്കം കൂടുതൽ പൊതുമേഖല സ്ഥാപന ഓഹരികൾ വിൽപനക്കു വെക്കും. കോർപറേറ്റ് സ്ഥാപനങ്ങളെ സന്തോഷിപ്പിക്കുന്ന വകകളും ഉണ്ടാകും. അതിനപ്പുറം, സാധാരണക്കാരന്‍റെ നിത്യജീവിതപ്രശ്നങ്ങളെ സർക്കാർ എത്രത്തോളം ഗൗരവത്തോടെ സമീപിക്കുന്നുവെന്ന് കണ്ടുതന്നെ അറിയണം. വെറും വായ്ത്താരിയും അതിനൊത്ത അക്കങ്ങളുമല്ല, സ​ഹാ​നു​ഭൂ​തി​യും സാ​ന്ത്വ​ന​സ്പ​ർ​ശ​വു​മാ​ണ് ഏ​തൊ​രു ബ​ജ​റ്റി​നെ​യും അ​ർ​ഥ​വ​ത്താ​ക്കു​ന്ന​ത്. അ​ത് പ്ര​തീ​ക്ഷി​ക്കേ​ണ്ട​തു​ണ്ടോ എ​ന്ന​താ​ണ് ചോ​ദ്യം.

Tags:    
News Summary - Article about Union Budget

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.