മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ

സന്ദർശിച്ചപ്പോൾ

ആൻറണിയുടെ ചന്ദനക്കുറി, പിണറായിയുടെ പൊന്നാട


മന്ത്രിയായിരുന്ന കാലത്ത് ഷിബു ബേബി ജോൺ ഗുജറാത്തിൽ മുഖ്യമന്ത്രി നരേന്ദ്ര മോദിയെ കണ്ട് ആറന്മുള കണ്ണാടി സമ്മാനിച്ച് വികസന ചർച്ച നടത്തി പുലിവാല് പിടിച്ചതൊക്കെ പഴങ്കഥ. കോഴിക്കോട്ട് ടി.ടി. ഇസ്മയിൽ ബി.ജെ.പി ജില്ല പ്രസിഡന്‍റിൽനിന്ന് പൊന്നാട സ്വീകരിച്ചതിന് മുസ്‍ലിംലീഗ് നേതൃത്വത്തോട് നിലപാട് വ്യക്തമാക്കാൻ സി.പി.എം ആവശ്യപ്പെട്ടതാകട്ടെ, അത്ര പഴങ്കഥയല്ല. ന്യൂനപക്ഷങ്ങൾക്കുനേരെ മഹാപാതകം നടത്തിയ, നാട് ഭരിക്കുന്ന മുഖ്യമന്ത്രിയെയും അവിടത്തെ വികസനരീതിയും കണ്ട് ഭ്രമിച്ചതിന് ഷിബു ബേബി ജോണിനെ രാഷ്ട്രീയകേരളം ഇടംവലം നിർത്തിപ്പൊരിച്ചത് 10 വർഷം മുമ്പാണ്. വിദ്വേഷപ്രചാരണവും വംശീയ ഉന്മൂലനവും ലക്ഷ്യമായി സ്വീകരിച്ച സംഘ്പരിവാർ നേതാക്കൾ ഒരുക്കിയ വേദിയിൽ ആദരം ഏറ്റുവാങ്ങാൻ ലീഗ് നേതാവ് പോയതിലെ അമർഷം സി.പി.എം പ്രകടിപ്പിച്ചത് മാസങ്ങൾ മുമ്പുമാത്രം.

മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് പൊന്നാട അണിയിക്കുന്നതോ ആറന്മുള കണ്ണാടിയും കഥകളിയിലെ കൃഷ്ണവേഷവും സമ്മാനിക്കുന്നതോ ഒക്കെയാണ് ഇപ്പോൾ അഭ്രപാളികളിൽ തെളിയുന്നത്. സംസ്ഥാന ഭരണാധികാരി കേന്ദ്ര ഭരണാധികാരിയെ കാണുമ്പോൾ ആദരവും ഉപഹാരവും കൈമാറുന്നു; അത്രതന്നെ. മുമ്പൊക്കെ ഇതൊന്നും പതിവില്ലാതിരുന്നതുകൊണ്ട് കാഴ്ചക്ക് കമ്പം കൂടുമെന്നുമാത്രം. 2015ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനും ചേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചെന്നു കണ്ടപ്പോൾ അവരുടെ പക്കൽ കൊടുക്കാനുണ്ടായിരുന്നത് ഭരണ-പ്രതിപക്ഷങ്ങൾ സംയുക്തമായി തയാറാക്കിയ വികസന നിവേദനമായിരുന്നു. ബി.ജെ.പിയുടെ രാഷ്ട്രീയത്തെയും ഭരണത്തെയും നേതാക്കളെയും ഉൾക്കൊള്ളാൻ മനസ്സുവരാത്ത പ്രകൃതമായിരുന്നു മുമ്പത്തെ ഭരണ-പ്രതിപക്ഷത്തിന്. അതുകൊണ്ട് ആദ്യം പിണറായി മോദിയെ ചെന്നുകണ്ട് ആറന്മുള കണ്ണാടി സമ്മാനിച്ചപ്പോൾ ചില പരിഹാസമൊക്കെ കേട്ടു. പിന്നെപ്പിന്നെ അത് നാട്ടുനടപ്പായി.

അവിടവും വിട്ട് ‘മുണ്ടു മോദി’യെന്ന വിമർശനവും കേട്ടാണ് പിണറായി മുന്നോട്ടു നീങ്ങുന്നത്. നയത്തിലെയും പെരുമാറ്റത്തിലെയും സമാനതകൾക്കാണ് ആ ചെല്ലപ്പേര്. ഇത്തവണ മോദിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങൾ വാർത്തസമ്മേളനം നടത്തി ജനങ്ങളെ അറിയിക്കാൻ മുഖ്യമന്ത്രി മെനക്കെട്ടില്ല. ദിനേന വാർത്തസമ്മേളനം നടത്തിപ്പോന്ന മുഖ്യമന്ത്രിയെ ഓർത്താൽ, ഒമ്പതു വർഷത്തിനിടയിൽ ഒരിക്കൽപോലും വാർത്തസമ്മേളനം നടത്താത്ത മോദിയുമായി അദ്ദേഹത്തിന് താരതമ്യമില്ല. കോവിഡ് കേസുകളുടെ എണ്ണം പറയാൻ വാർത്തസമ്മേളനം അനിവാര്യമായി തോന്നിയ മുഖ്യമന്ത്രിക്ക് ഒമ്പതു മാസത്തിനിടയിൽ ആദ്യമായി പ്രധാനമന്ത്രിയെ കണ്ടപ്പോഴത്തെ ചർച്ചയുടെ ഉള്ളടക്കം ജനങ്ങളെ അറിയിക്കാൻ നാലുവരി വാർത്തക്കുറിപ്പു മാത്രം മതിയെന്നാണ് തോന്നിയത്. കടക്കു പുറത്ത് എന്നുപറയാനും വാർത്തസമ്മേളനം ഒഴിവാക്കാനും മുഖ്യമന്ത്രിക്ക് കഴിയും. എന്നുകരുതി അത് ഔചിത്യമോ മര്യാദയോ ആവില്ല. നടന്നത് സ്വകാര്യ കൂടിക്കാഴ്ചയൊന്നുമല്ല. ബഫർ സോൺ, സിൽവർ ലൈൻ, ഗവർണർ, വായ്പ തുടങ്ങി കേരളത്തെ ചൂഴ്ന്നുനിൽക്കുന്ന പ്രധാന വിഷയങ്ങളിൽ പ്രധാനമന്ത്രിയോട് മുഖ്യമന്ത്രി എന്തു പറഞ്ഞുവെന്ന് അറിയാൻ കേരളത്തിലെ ജനങ്ങൾക്ക് അവകാശമുണ്ട്. അതൊന്നും മാനിക്കപ്പെട്ടില്ല. പകരം, പൊന്നാട പുതപ്പിച്ചതിന്റെയും കൃഷ്ണവേഷം കൊടുത്തതിന്റെയും പടങ്ങൾ എമ്പാടും വിതരണം ചെയ്യാനാണ് സർക്കാർ സംവിധാനങ്ങൾ മത്സരിച്ചത്.

അതിൽത്തന്നെയാണ് കൂടിക്കാഴ്ചയുടെ രാഷ്ട്രീയം തെളിഞ്ഞുകിടക്കുന്നത്. സൗഹൃദവും മമതയുമാണ് അതിലെ പ്രമേയം. പഴങ്കഥകളിൽ മാത്രം നീരാടിക്കഴിഞ്ഞാൽ മുന്നോട്ടുള്ള പോക്ക് പ്രയാസം. ഊരിപ്പിടിച്ച വാളുകൾക്കു നടുവിലൂടെ നെഞ്ചുവിരിച്ചു നടന്ന കാലമോർത്ത് ഊറ്റംകൊള്ളുമ്പോൾത്തന്നെ, ആ പഴമ്പുരാണത്തിൽ ഊരിപ്പിടിച്ച വാളുമായി നിന്നവർ ആരായിരുന്നുവെന്ന കാര്യം മറക്കാൻ പഠിക്കണം. കാലം മാറുന്നതിനൊത്ത് കോലം മാറിക്കൊണ്ടിരിക്കണം. കേന്ദ്രം ഭരിക്കുന്നവരുടെ തൃപ്തിയും പ്രീതിയും പല കാരണങ്ങളാൽ മുഖ്യമന്ത്രിക്ക് പ്രധാനമാണെന്ന കാര്യം ഒരുവശത്ത്. ആദരിക്കാൻ മറക്കാറില്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതും പ്രധാനംതന്നെ. കിട്ടുന്ന തക്കത്തിനെല്ലാം മോദിയെയും ബി.ജെ.പി രാഷ്ട്രീയത്തെയും എതിർക്കുന്നത് ഭൂരിപക്ഷ വിഭാഗക്കാർ അകലാൻ ഇടയാക്കുമെന്നും അവർക്ക് മോദിയോടുള്ള കമ്പം കൂടുമെന്നുമുള്ള തിരിച്ചറിവിലാണ് ഇടം-വലമില്ലാതെ പാർട്ടികൾ. അതുകൊണ്ടു തന്നെയാണ് മോദിയെ കാണാൻ പോകുന്ന പിണറായി, സൗഹൃദത്തിനൊപ്പം ചില പ്രതീകങ്ങൾ കൂടി സമ്മാനിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നത്.

മോദിയുടെ രാഷ്ട്രീയം കൊടികുത്തിവാഴുന്ന കാലമാണ്. ന്യൂനപക്ഷങ്ങളെ നോട്ടപ്പുള്ളികളായി കാണാൻ പഠിപ്പിച്ച് ഹിന്ദുഭൂരിപക്ഷത്തെ വശത്താക്കുന്ന തന്ത്രം ബി.ജെ.പി സമർഥമായി നടപ്പാക്കിവരുന്നു. ഇതിനിടയിൽ ഹിന്ദുക്കളെ ചേർത്തു നിർത്താതെ, ന്യൂനപക്ഷ തുല്യതക്കും അവകാശത്തിനുംവേണ്ടി മാത്രം പോരാടിയാൽ പാർട്ടി പാപ്പരാകുമെന്ന ഉൾഭയം സി.പി.എമ്മിനെ മാത്രമല്ല കോൺഗ്രസിനെയും വേട്ടയാടുന്നു. ഗത്യന്തരമില്ലാത്ത ന്യൂനപക്ഷത്തിന്റെ വോട്ടുകൊണ്ടുമാത്രം തെരഞ്ഞെടുപ്പ് ജയിക്കാനാവില്ല. ഹൈന്ദവ ഭൂരിപക്ഷത്തിനിടയിൽനിന്ന് പരമ്പരാഗതമായി കിട്ടിപ്പോരുന്ന വോട്ടുകൾ ചോർന്നുപോകാതിരിക്കാൻ മൃദുഹിന്ദുത്വത്തെ തലോടിയേ മതിയാവൂ എന്നാണ് ഇരുകൂട്ടരുടെയും തിരിച്ചറിവ്. മുതിർന്ന നേതാവ് എ.കെ. ആൻറണി കോൺഗ്രസ് സ്ഥാപകദിനത്തിൽ കോൺഗ്രസുകാർക്ക് ഒരിക്കൽകൂടി വെട്ടിത്തെളിച്ചുകൊടുത്ത വഴിയും അതുതന്നെ. മുസ്‍ലിമിന് പള്ളിയിൽ പോകാം, ക്രിസ്ത്യാനിക്ക് ചർച്ചിൽ പോകാം. ഹിന്ദു സുഹൃത്തുക്കൾ അമ്പലത്തിൽ പോയാൽ, ചന്ദനക്കുറിയിട്ടാൽ അത് മൃദുഹിന്ദുത്വമാക്കുന്ന സമീപനം മോദിയെ വീണ്ടും അധികാരത്തിൽ കൊണ്ടുവരാനേ സഹായിക്കൂ എന്നാണ് അദ്ദേഹം നൽകിയ ജാഗ്രത നിർദേശം. അമ്പലത്തിൽ പോവുകയും ചന്ദനം തൊടുകയും കാവിയുടുക്കുകയുമൊക്കെ ചെയ്യുന്ന ഹിന്ദുവിനെ പറഞ്ഞുപറഞ്ഞ് വർഗീയ ചിന്താഗതിക്കാരനാക്കി ബി.ജെ.പി പാളയത്തിൽ കൊണ്ടുചെന്നാക്കരുത്, വിശ്വാസികളായ ഹിന്ദുക്കളെ ചേർത്തുനിർത്താൻ പ്രത്യേക ശ്രദ്ധ വേണമെന്നർഥം.

ഇനി കേരളത്തിലെ അടുത്ത യുദ്ധം, മൃദുഹിന്ദുത്വം പയറ്റുന്നത് ഞാനോ നീയോ എന്നതിനെ ചൊല്ലിയാണ്. സി.പി.എമ്മിന്‍റെയും കോൺഗ്രസിന്‍റെയും പരസ്പരമുള്ള പഴിചാരലും ‘മൃദുഹിന്ദു’ക്കൾക്കായി രണ്ടു കൂട്ടരും നടത്തുന്ന പോരാട്ടവും ഫലത്തിൽ ബി.ജെ.പിക്ക് ഗുണകരം. യഥാർഥത്തിൽ തൊപ്പിയും കൊന്തയും ചന്ദനവുമെല്ലാം വിശ്വാസിയുടേതല്ല, വർഗീയവാദിയുടേതാക്കി ചിത്രീകരിച്ചത് ആരാണ്? മതസങ്കൽപങ്ങൾ രൂഢമൂലമായ മണ്ണാണ് ഇന്ത്യയെന്ന യാഥാർഥ്യത്തിനിടയിൽ, വിശ്വാസനിന്ദയും മതനിരാസവുമാണ് നവോത്ഥാനത്തിലേക്കുള്ള വഴിയെന്ന് ചൂണ്ടിക്കാണിച്ചവർ, തീണ്ടാപ്പാടകലെ നിർത്തിയിരുന്ന വിശ്വാസികളെ ആട്ടിത്തെളിച്ച് കൂട്ടിൽ കയറ്റാൻ പണിപ്പെടുന്നതാണ് ഇന്നത്തെ കാഴ്ച.

രാമനും കൃഷ്ണനും അമ്പലവും ചന്ദനവും കഥകളിയും കാവിയും കളഭവും പൊന്നാടയുമൊക്കെ വിശ്വാസികളുടെ ആചാരവും കലയും സംസ്കാരവുമെല്ലാമാണെങ്കിൽ, അതത്രയും രാഷ്ട്രീയോദ്ദേശ്യ തീവ്രചിന്തയിൽ ഹിന്ദുക്കളിൽ തന്നെ ഒരുവിഭാഗം ഹൈജാക്ക് ചെയ്തു കൊണ്ടുപോയി എന്നതാണ് വിഷയത്തിന്‍റെ മർമം. തൊപ്പിയും കൊന്തയുമൊക്കെ പ്രതിയോഗിയുടെ അടയാളമാക്കി ചിത്രീകരിക്കുന്നതിലും അവർ വിജയിച്ചു. അങ്ങനെ കാവിരാഷ്ട്രീയം കൊടിനാട്ടിയ ഇന്ത്യയിൽ നവോത്ഥാനത്തിലേക്കു മാത്രമല്ല, ഭരണഘടനാ മൂല്യങ്ങളിലേക്കുള്ള പാതയും കാടുപിടിച്ചുപോയിരിക്കുന്നു. മോദിയെയും ബി.ജെ.പിയെയും വെല്ലുവിളിക്കുകയല്ല, ഹിന്ദു രാഷ്ട്രസങ്കൽപത്തിന് അനുസൃതമായി സംഘ്പരിവാർ കൊളുത്തിവിട്ട ഹിന്ദു ദുരഭിമാനത്തെ പരിക്കേൽപിക്കാതെ മുന്നോട്ടുപോകാൻ ശീലിക്കുകയും സ്വന്തം പ്രത്യയശാസ്ത്രങ്ങൾ മാറ്റിവെക്കുകയുമാണ് പ്രതിപക്ഷം. ഹിന്ദുത്വത്തിനു മുന്നിൽ മൃദുഹിന്ദുത്വം സ്വയം എടുത്തണിയുകയാണ്. അതിന് പിണറായിയെന്നോ ആന്റണിയെന്നോ ഭേദമില്ല. 

Tags:    
News Summary - Delhi Diary on contemporary politics

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.