കഥ തീരുന്നവർ ആരൊക്കെ ?

അടുത്ത അഞ്ചു വർഷത്തേക്കുള്ള ജനവിധിയാണ് ഞായറാഴ്ച പുറത്തുവരുന്നത്. ഭരണത്തോടുള്ള വിശ്വാസ്യത മാത്രമല്ല, എക്സിറ്റ് പോളിന്‍റെ ആധികാരികതയും വെളിച്ചത്തുവരും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താരമൂല്യവും ഇൻഡ്യ പ്രസ്ഥാനത്തിന്‍റെ സാധ്യതകളും കൂടിയാണ് ഈ തെരഞ്ഞെടുപ്പു ഫലത്തിലൂടെ അളക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള പുതിയ പ്രവണതകൾക്ക് വഴിമരുന്നാകുന്നതുകൊണ്ട് ഞായറാഴ്ച ഫലം രാജ്യത്തിന് അത്രമേൽ നിർണായകം. ഇവിടെ നിന്നങ്ങോട്ട് ലോക്സഭ തെരഞ്ഞെടുപ്പിന്‍റെ ആരവമാണ്. തിങ്കളാഴ്ച തുടങ്ങുന്ന ശീതകാല പാർലമെന്‍റ് സമ്മേളനത്തിൽ വിവിധ പാർട്ടികളുടെ ചുവടും ചുവടുമാറ്റവും തെളിഞ്ഞുവരും. പാർട്ടികൾക്കുള്ളിൽ നിന്ന് നേതാക്കളുടെ പോരും പാരയും പുറംലോകത്തേക്ക് ഇറങ്ങിവരും. ഒപ്പം, ഇനിയുമൊരങ്കത്തിന് ബാല്യമില്ലാതെ പിൻവാങ്ങാൻ നിർബന്ധിതരാവുന്നവരുടെ ഒരു നിരതന്നെ ഈ തെരഞ്ഞെടുപ്പു ഫലത്തോടെ ഉണ്ടായിത്തീരും.

മധ്യപ്രദേശിലെ ഫലമാണ് ഏറ്റവും നിർണായകം. എക്സിറ്റ് പോളുകളിൽ ബി.ജെ.പിക്കാണ് മുൻതൂക്കം. ബിഹാറിനുപിന്നാലെ ഹിന്ദി ഹൃദയഭൂമിയിൽനിന്ന് മറ്റൊന്നുകൂടി നഷ്ടപ്പെടാതിരിക്കാൻ അവർ അത്യധ്വാനം നടത്തിയിട്ടുമുണ്ട്. തുടർച്ചയായ നാലാമൂഴത്തിലേക്ക് മുന്നേറാൻ കഴിഞ്ഞാൽ ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് ബി.ജെ.പിയുടെ അവകാശവാദങ്ങൾ കൂടുതൽ ഉച്ചത്തിലാവും. പറഞ്ഞുനിൽക്കാൻ കോൺഗ്രസ് പണിപ്പെടും. വിയോജിപ്പുകൾ അടക്കിവെച്ചിരിക്കുന്ന പ്രാദേശിക പാർട്ടികൾ ഇൻഡ്യ സഖ്യത്തെ നയിക്കാനുള്ള കോൺഗ്രസിന്‍റെ കെൽപ് വീണ്ടും ചോദ്യം ചെയ്യും. ബി.ജെ.പി നേട്ടമായി പറയുന്ന ഇരട്ട എൻജിൻ സർക്കാറിന്‍റെ കിതപ്പും ജനങ്ങളുടെ മടുപ്പും മുതലാക്കാൻ ഇത്തവണയും കഴിയുന്നില്ലെന്നുവന്നാൽ ലോക്സഭ തെരഞ്ഞെടുപ്പിനെ വീറോടെ നേരിടാൻ കഴിയുന്നൊരു സംവിധാനം കോൺഗ്രസിന് മധ്യപ്രദേശിൽ ഇല്ലെന്നു കൂടിയാണ് വരുന്നത്. കമൽനാഥ്, ദിഗ് വിജയ്സിങ് എന്നീ മുൻ മുഖ്യമന്ത്രിമാരിൽ വിശ്വാസമർപ്പിച്ച് തുടരാനോ, പറ്റിയൊരു തലമുറ മാറ്റത്തിനോ വഴിയില്ലാത്ത ദുരവസ്ഥ കോൺഗ്രസിനെ വേട്ടയാടും.

ഹിന്ദി ഹൃദയഭൂമിയിലെ തോൽവി ബി.ജെ.പിയെ ദുർബലമാക്കും. മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാനേക്കാൾ, കോൺഗ്രസിൽനിന്ന് സമ്പാദ്യമായി സ്വീകരിച്ച കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയും തെരഞ്ഞെടുപ്പിനെ നയിക്കാൻ നിയോഗിച്ച മറ്റു കേന്ദ്രമന്ത്രിമാരും പ്രതിക്കൂട്ടിലാവും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനസ്വീകാര്യതക്കേറ്റ ഇടിവായും അത് വിലയിരുത്തപ്പെടും. മോദിപ്രഭാവം മാത്രമല്ല, അയോധ്യയിലെ ക്ഷേത്ര നിർമാണം അടക്കം ഹിന്ദുത്വ ദുരഭിമാനം കൂടി ആവാഹിച്ച് ഭരണവിരുദ്ധ വികാരം മറികടക്കാനാണ് ബി.ജെ.പി ശ്രമിച്ചതെന്നിരിക്കേ, ലോക്സഭ തെരഞ്ഞെടുപ്പിലേക്കുള്ള ഈ ട്രയൽറൺ ഫലം കണ്ടില്ലെന്നുകൂടി വായിക്കപ്പെടും. ബി.ജെ.പി ജയിച്ചാലും തോറ്റാലും മൂന്നുവട്ടം മുഖ്യമന്ത്രിയായ ശിവരാജ്സിങ് ചൗഹാനെ പാർട്ടി പിന്തള്ളും. കേന്ദ്രമന്ത്രി നരേന്ദ്രസിങ് തോമർ അടക്കമുള്ള എം.പിമാരെ നിയമസഭയിലേക്ക് മത്സരിപ്പിച്ചതിൽ അത് വ്യക്തവുമാണ്. കോൺഗ്രസ് ജയിച്ചാൽ രണ്ടു മുൻ മുഖ്യമന്ത്രിമാർക്കും തലയുയർത്തി തുടരാം. പക്ഷേ തോറ്റാൽ, കമൽനാഥും ദിഗ് വിജയ്സിങ്ങും സടകൊഴിഞ്ഞ സിംഹങ്ങളായി രൂപാന്തരം പ്രാപിക്കും.

മധ്യപ്രദേശിലെന്ന പോലെയാണ് രാജസ്ഥാനിലും ബി.ജെ.പിയുടെ കാര്യം. പാർട്ടി ജയിച്ചാലും വസുന്ധര രാജെയല്ല മുഖ്യമന്ത്രി. വസുന്ധരയെ തെരഞ്ഞെടുപ്പിനുമുമ്പേ ഒതുക്കിയാണ് മൂന്നു കേന്ദ്രമന്ത്രിമാരെ മുഴുസമയ പ്രവർത്തനത്തിന് നിയോഗിച്ച് നരേന്ദ്ര മോദി പ്രചാരണം നയിച്ചത്. പതിവുപോലെ ഊഴംമാറി കോൺഗ്രസിൽനിന്ന് ബി.ജെ.പി ഭരണം പിടിച്ചാൽ അർജുന്‍ റാം മേഘ്വാൾ, ഗജേന്ദ്രസിങ് ശെഖാവത് എന്നീ കേന്ദ്രമന്ത്രിമാരിൽ ഒരാൾക്കാവും മിക്കവാറും മുഖ്യമന്ത്രിക്കസേര. ‘കറുത്ത കുതിര’യായി ഒരാൾ വന്നുകൂടായ്കയുമില്ല. രാജസ്ഥാനിലെ പതിവുകൾ തെറ്റിച്ച് കോൺഗ്രസിന് തുടർഭരണം കിട്ടിയാൽ ഇവരോ മോദിയോ അല്ല, വസുന്ധരയായിരിക്കും ബി.ജെ.പിയുടെ വിചാരണ കോടതിയിൽ ഒന്നാം പ്രതി. അങ്ങനെ പ്രതിയായാൽക്കൂടി, സംസ്ഥാനത്ത് അവഗണിക്കാൻ കഴിയാത്ത ശക്തിയാണ് താനെന്ന് പാർട്ടി നായകരെ ബോധ്യപ്പെടുത്താനുള്ള അവസരമാണ് വസുന്ധരക്ക് തുറന്നുകിട്ടുക. ഫലത്തിൽ ബി.ജെ.പി ജയിച്ചാൽ വസുന്ധരക്ക് വനവാസം.

കോൺഗ്രസ് ജയിച്ചാൽ മുഖ്യമന്ത്രിപദം സചിൻ പൈലറ്റിന് വിട്ടുകൊടുക്കാൻ അശോക് ഗെഹ് ലോട്ട് തയാറാവില്ല. തനിക്കുള്ള ജനപിന്തുണയുടെ ആകെത്തുകയാണ് തുടർഭരണാവകാശമെന്ന് പറഞ്ഞുകഴിഞ്ഞ ഗെഹ്​ ലോട്ടിനെ മാറ്റിനിർത്താൻ ഹൈകമാൻഡിനും കഴിയില്ല. തൂക്കുസഭ വന്നാൽ, തൂക്കമൊപ്പിക്കാൻ വിദഗ്ധനായ ഗെഹ് ലോട്ട് ബി.ജെ.പിക്ക് കളം വിട്ടുകൊടുക്കുകയുമില്ല. അന്നേരം സചിൻ പൈലറ്റ് വില്ലനും വിമതനുമാകുമോ, നീണ്ട കാത്തിരിപ്പിന് ക്ഷമനശിച്ച് മറുവഴി തേടുമോ എന്നൊന്നും പറയുക വയ്യ. അതേസമയം, കോൺഗ്രസ് തോറ്റാൽ അശോക് ഗെഹ് ലോട്ടിന് ഇനിയൊരു ഊഴമില്ല. കോൺഗ്രസ് അധ്യക്ഷ പദവിയേക്കാൾ വലുതാണ് മുഖ്യമന്ത്രി കസേരയെന്ന് തീരുമാനിച്ച ഗെഹ് ലോട്ടിന് ദേശീയതലത്തിൽ വിപുലമായ റോൾ നൽകാൻ ഹൈകമാൻഡിന് താൽപര്യമുണ്ടായെന്നും വരില്ല. കോൺഗ്രസ് തോറ്റാൽ ഫലത്തിൽ രാജസ്ഥാനിൽ ഇരു പാർട്ടികളുടെയും നേതൃമുഖങ്ങൾ മാറും.

തെലങ്കാനയിൽ കോൺഗ്രസ് ജയിച്ചാലും മുഖ്യമന്ത്രിയായില്ലെങ്കിലും താരം രേവന്ത് റെഡി തന്നെ. കോൺഗ്രസ് ഭരണം പിടിച്ചാൽ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനൊപ്പം ഭാരത് രാഷ്ട്ര സമിതിയുടെയും തിളക്കം മായും. ദേശീയ ലക്ഷ്യങ്ങളോടെയാണ് ടി.ആർ.എസിനെ റാവു ബി.ആർ.എസാക്കിയത്. എന്നാൽ, ഒമ്പതു വർഷം കൊണ്ട് തെലങ്കാന സംസ്ഥാനത്തിന്‍റെ കാരണഭൂതൻ അവിടത്തെത്തന്നെ ജനങ്ങൾക്ക് അനഭിമതനായി മാറിയെന്ന യാഥാർഥ്യത്തിനു മുന്നിലാണ് കുടുംബവാഴ്ചാസമേതനായി റാവു നിൽക്കുന്നത്. തെലങ്കാന ഉൾപ്പെടുന്ന പഴയ ആന്ധ്രാപ്രദേശ് ഇതിനേക്കാൾ വമ്പൻ താരങ്ങളെ മലർത്തിയടിച്ച നാടാണ്. എൻ.ടി. രാമറാവുവും ചന്ദ്രബാബു നായിഡുവും കോൺഗ്രസുമൊക്കെ മലർന്നടിച്ചു വീണവർ. മൂന്നാം മുന്നണിയുടെ നായകനായി മാറാനുള്ള ചന്ദ്രശേഖര റാവുവിന്‍റെ ശ്രമങ്ങൾക്കുള്ള ഉത്തരം കൂടിയാണ് തെരഞ്ഞെടുപ്പുഫലം.

ഛത്തിസ്ഗഢിൽ കോൺഗ്രസ് വീണ്ടും ഭരണത്തിൽ വന്നാൽ മുൻ മുഖ്യമന്ത്രി രമൺസിങ് ബി.ജെ.പിയിൽ അപ്രധാന കഥാപാത്രമായി മാറുകയാണ്. എടുത്തുപറയാവുന്ന മറ്റൊരു സംസ്ഥാന നേതാവില്ലാത്ത സ്ഥിതിയിലേക്കു കൂടിയാണ് ബി.ജെ.പി ചെന്നെത്തുക. പ്രചാരണത്തിലെ അവസാനഘട്ട മുന്നേറ്റത്തിനൊത്ത് ബി.ജെ.പിക്ക് അധികാരം വിട്ടുകൊടുക്കേണ്ടിവന്നാൽക്കൂടി മുഖ്യമന്ത്രി ഭൂപേഷ് ബാഘേൽ, ഉപമുഖ്യമന്ത്രി ടി.എസ്. സിങ്ദേവ് എന്നിവരെ കേന്ദ്രീകരിച്ചു തന്നെയാവും കോൺഗ്രസ് രാഷ്ട്രീയം. മറ്റെല്ലായിടത്തും പ്രതിപക്ഷ നേതാവായി മാറുന്നവരേക്കാൾ പാർട്ടിയിലും സംസ്ഥാന രാഷ്ട്രീയത്തിലും ഇവർക്കുള്ള കരുത്തും സ്വാധീനവും തുടരുകതന്നെ ചെയ്യും. മറ്റു നാലിടങ്ങൾക്കുമൊപ്പം തെരഞ്ഞെടുപ്പുനടന്ന സംസ്ഥാനമാണ് മിസോറമെങ്കിലും, അവിടത്തെ പൊതുതാൽപര്യം മുൻനിർത്തി വോട്ടെണ്ണൽ തിങ്കളാഴ്ചത്തേക്ക് മാറ്റിയിട്ടുണ്ട്. മിസോറമിൽ സൊറം പീപ്ൾസ് മൂവ്മെന്‍റ് നയിക്കുന്ന ഭരണമാറ്റമാണ് പൊതുവായ പ്രവചനം. അതാകട്ടെ, നിലവിലെ ഭരണകക്ഷി മിസോ നാഷനൽ ഫ്രണ്ടിന്‍റെ ഭാവി രാഷ്ട്രീയത്തെ സാരമായി ബാധിക്കും.

Tags:    
News Summary - madhyamam Delhi Diary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.