??.?. ???????? ????

പ്രവാസം തണല്‍ വിരിച്ച അരനൂറ്റാണ്ട്

ഒരു കൊച്ചു മുറിയിൽ 13 പേർ നിലത്ത്  കിടന്നുറങ്ങുന്ന ചിത്രം ഇബ്രാഹിം ഹാജിയുടെ മനസ്സിൽ ഇന്നുമുണ്ട്. തണുത്ത വെള്ളത്തിൽ കുളിക്കുന്ന കാര്യം പറയുേമ്പാൾ ഹാജിയുടെ വിരലിൽ ഇന്നും ആ വിറയലുണ്ട്. വെള്ളം ചൂടാക്കുന്ന സംവിധാനമൊന്നുമില്ലാത്ത ഇടത്തായിരുന്നു ദുബൈയിലെ ആദ്യ താമസം. വർഷം 1966. കൂട്ടത്തിൽ പഠിപ്പുള്ളവനെന്ന ഇളവിൽ മറ്റുള്ളവർ  ഇബ്രാഹിമിന് മാത്രം ഒരു കട്ടിലിടാൻ സൗകര്യമൊരുക്കി.പിന്നീട് 1980കളുടെ തുടക്കത്തിൽ ഇബ്രാഹിം ഹാജി താമസിച്ചത് പണക്കാർ മാത്രം താമസിക്കുന്ന ആർഭാട താമസ കേന്ദ്രമായ ദുബൈയിലെ അൽഗുറൈർ സെൻററിൽ. സഞ്ചരിച്ചത് മെഴ്സിഡസ് ബെൻസിൽ. ഇൗ സൗകര്യങ്ങൾ അനുഭവിക്കുന്ന മലയാളികൾ അന്ന് ദുബൈയിൽ വിരളം.അരനൂറ്റാണ്ടിലേറെ കാലം നീണ്ട പ്രവാസം ഇൗ കാസർകോട് ബേക്കൽ പള്ളിക്കരക്കാരൻ പറയുേമ്പാൾ മുന്നിൽ നിവരുക അദ്ദേഹത്തിെൻറ മാത്രം വിജയ കഥയല്ല. രാജ്യവും ദേശവുമെല്ലാം അതിൽ ഇതിവൃത്തമാകും.
 ****   
മൂന്നു തലമുറയുടെ ബിസിനസ് പാരമ്പര്യവുമായാണ് പി.എ. ഇബ്രാഹിം 1966 ഒക്ടോബറിൽ ദുബൈയിൽ വന്നത്. മദിരാശിയിൽ നിന്ന്  ഒാേട്ടാമൊബൈൽ എൻജിനീയറിങ്ങിൽ ഡിപ്ലോമയും കഴിഞ്ഞ് ബോംബെയിൽ ജോലി ചെയ്യുകയായിരുന്നു അന്ന്. ബാപ്പ ഹജ്ജിന് പോകുന്ന കാര്യം പറഞ്ഞപ്പോൾ  തെൻറ വക എന്തെങ്കിലും കൊടുക്കണ്ടേ എന്ന ചിന്തയിൽനിന്നാണ് 23കാരെൻറ മുന്നിൽ ദുബൈ തെളിയുന്നത്. തുണിത്തരങ്ങളും പലചരക്കുമായി നാട്ടിലെ പ്രധാന വ്യാപാരികളിലൊരാളായിരുന്നു ബാപ്പ അബ്ദുല്ല ഹാജി. കഠിനാധ്വാനിയാണ്. പഞ്ചസാര ചാക്ക് ഒറ്റക്ക് പൊന്തിക്കുന്ന കരുത്തൻ. 12ാം വയസ്സുമുതല്‍ ഇബ്രാഹിം ബാപ്പയുടെ കടയില്‍ പോയിനില്‍ക്കാറുണ്ട്. ചൂലെടുത്ത് അടിച്ചുവാരും. സാധനങ്ങൾ എടുത്തുവെക്കും. വൃത്തിയുടെ കാര്യത്തിൽ ബാപ്പ കണിശക്കാരനായിരുന്നു. 
അഞ്ചാം ക്ലാസ് വരെ പള്ളിക്കര ഗവ. മാപ്പിള എല്‍.പി സ്കൂളിലായിരുന്നു പഠനം. ആറുമുതല്‍ 11 വരെ ഗവ. ഫിഷറീസ് സ്കൂളില്‍. വീട്ടില്‍നിന്ന് മൂന്നു കിലോമീറ്റര്‍ നടക്കണം. ബേക്കല്‍ പുഴക്ക് അന്ന് പാലമില്ല. റെയില്‍പാലമേയുള്ളൂ. അതിനുമുകളിലൂടെയാണ് നടക്കാറ്. വണ്ടിവരുമ്പോള്‍ ഓടി പാലത്തിലെ കാബിനില്‍ കയറും. ചിലപ്പോൾ തുഴഞ്ഞുപോകുന്ന ചെറിയ തോണി കിട്ടും. സ്വന്തമായി അധ്വാനിച്ച് ജീവിക്കണമെന്ന വലിയ പാഠം ബാപ്പയില്‍നിന്നു കിട്ടിയതാണ്. നമുക്കുണ്ടെങ്കില്‍ എല്ലാവരും തരും; ഇല്ലെങ്കില്‍ ആരും തരില്ല എന്നദ്ദേഹം പറയുമായിരുന്നു. സത്യസന്ധതയാണ് മറ്റൊരു പാഠം. അളവും തൂക്കവുമെല്ലാം കൃത്യമായിരിക്കണം. ഉമ്മ ആയിശാബിയുടെ കുടുംബത്തിൽ കര്‍ഷകരും മതപണ്ഡിതന്മാരുമായിരുന്നു കൂടുതൽ. ഒരു പറമ്പില്‍നിന്ന് അടുത്ത പറമ്പിലേക്ക് പോകുമ്പോള്‍ ചെരിപ്പിെൻറ അടിയിലെ മണ്ണ് അവിടെ തട്ടുമത്രെ. തേൻറതല്ലാത്ത ഒന്നും എടുക്കരുതെന്ന സൂക്ഷ്മത അവിടെനിന്നു കിട്ടിയതാണ്. 
ഉമ്മ  ദയാലുവായിരുന്നു. അക്കാലത്ത് ദാരിദ്ര്യം കൂടുതലായിരുന്നു. ഇബ്രാഹിമിെൻറ വീട്ടില്‍ മൂന്നുനേരം ഭക്ഷണമുണ്ടായിരുന്നു. അതില്ലാത്ത ദുരെയുള്ള ബന്ധുക്കളും മറ്റും ആ സമയത്ത് വരുമായിരുന്നു. അവര്‍ക്കൊക്കെ ഉമ്മ ഭക്ഷണം വിളമ്പും. ആരെയും മടക്കിയയക്കാറില്ല. താന്‍ ഇപ്പോഴും പാലിക്കുന്ന രീതിയാണതെന്ന് ഇബ്രാഹിം ഹാജി പറയുന്നു. നാട്ടില്‍ അരിക്ഷാമമാണ്. 14 അണയാണ് ഒരാളുടെ കൂലി. ഇന്നത്തെ ഒരുരൂപ തികയില്ല. സ്ത്രീകള്‍ക്ക് എട്ടണ.  28 പൈസയാണ് അന്ന് ഒരു സേര്‍ അരിക്ക്.  

 ****   
ആറാം ക്ലാസ് വരെയേ ബാപ്പ പഠിച്ചിട്ടുള്ളൂവെങ്കിലും മക്കളെയെല്ലാം അന്നത്തെ 11ാം ക്ലാസ് വരെ പഠിപ്പിച്ചു. എന്നാൽ, പത്തു മക്കളിൽ നാലാമനായ ഇബ്രാഹിമിന് കോളജില്‍ പോകണമെന്ന് നിർബന്ധം. ബാപ്പ ആദ്യം അനുവദിക്കാത്തതിനാൽ മൂത്ത പെങ്ങളുടെ സ്വർണമാല പണയപ്പെടുത്തിയാണ് മംഗലാപുരത്ത് കോളജില്‍ ചേര്‍ന്നത്. പിന്നീട് ബാപ്പയോട് വിവരം പറഞ്ഞപ്പോൾ ആ മാല അദ്ദേഹംതന്നെ പെങ്ങള്‍ക്ക് തിരിച്ചുവാങ്ങിക്കൊടുത്തു. മംഗലാപുരം ആർട്സ് കോളജിലെ ബി.എസ്സി പഠനകാലത്താണ് മുന്‍ കേന്ദ്രമന്ത്രിമാരായ  പി.എം. സഈദിനെയും വീരപ്പമൊയ്ലിയെയും പരിചയപ്പെട്ടത്. സഇൗദുമായുള്ള  സ്നേഹബന്ധം മരിക്കുന്നത് വരെ തുടര്‍ന്നു.  എന്‍ജിനീയറാകാനായിരുന്നു ചെറുപ്പത്തിലേ ആഗ്രഹം. കര്‍ണാടകയിലെ സൂറത്ത്കല്‍ ആര്‍.ഇ.സിയില്‍ ചേരാനായിരുന്നു താല്‍പര്യം. മലയാളികള്‍ക്ക് അവിടെ ആകെ 25 സീറ്റാണുണ്ടായിരുന്നത്. 400 അപേക്ഷകരും. ബാംഗ്ലൂരില്‍ നടന്ന അഭിമുഖത്തില്‍ പുറത്തായി. അങ്ങനെയാണ് ബി.എസ്സി നിർത്തി ഡിപ്ലോമക്ക് ചേരുന്നത്. പിന്നീട് 2000ത്തില്‍ മംഗലാപുരത്ത് പി.എ എന്‍ജിനീയറിങ് കോളജ് തുടങ്ങാന്‍ കാരണമായത് ഇതാണ്. തനിക്ക് ബി.ടെക് എടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഇപ്പോള്‍ 6000ത്തോളം എന്‍ജിനീയര്‍മാര്‍ തെൻറ കോളജില്‍നിന്ന് പഠിച്ചിറങ്ങിയത് ഒാർക്കുേമ്പാൾ ഹാജിക്ക് സന്തോഷം.
അഭ്യസ്തവിദ്യരുടെ അന്നത്തെ അഭയകേന്ദ്രം ബോംബെയായിരുന്നു. ഡിപ്ലോമ പാസായശേഷം 1965ല്‍ ബോംബെയിലെത്തി. ഒന്നരവര്‍ഷം അവിടെ നിന്നു. രണ്ടു ഗാരേജുകളില്‍ ജോലി ചെയ്തു.  നാട്ടില്‍ വിവാഹാലോചന തകൃതിയായി നടക്കുന്നുണ്ടായിരുന്നു.  എന്നാല്‍, ഗൾഫ് യാത്ര മുടങ്ങുമെന്നതിനാല്‍  സമ്മതിച്ചില്ല. ഗൾഫിലെത്തിയതിെൻറ  പിറ്റേന്ന് അവിടെയുണ്ടായിരുന്നവരോട് ജോലി കിട്ടാന്‍ എന്താ വഴിയെന്ന്  ചോദിച്ചപ്പോള്‍ കൂട്ടച്ചിരിയായിരുന്നു മറുപടി. വന്നതിെൻറ പിറ്റേന്ന് ജോലിയോ എന്ന പരിഹാസമായിരുന്നു അത്. തനിക്കാണെങ്കില്‍ വെറുതെയിരിക്കാനാവില്ല.  സര്‍ട്ടിഫിക്കറ്റുമായി ഇറങ്ങി. ആറുദിവസം കൊണ്ട് നാലു ജോലി കിട്ടി. ബ്രിട്ടീഷ് മോട്ടോര്‍ കോര്‍പറേഷെൻറ ഏജൻസിയായ അലി ബിൻ അബ്ദുല്ല അൽ ഉവൈസ് കമ്പനിയിൽ സ്പെയർപാർട്സ് സെയിൽസ്മാനായി ചേർന്നു. 400 ദിര്‍ഹം ശമ്പളം. കമ്പനി മാനേജര്‍ മാഹി പള്ളൂര്‍ സ്വദേശി മാധവന്‍  നായരായിരുന്നു. വലിയൊരു ആത്മബന്ധത്തിെൻറ തുടക്കമായിരുന്നു അത്. അഞ്ചുവര്‍ഷം ഈ കമ്പനിയില്‍ നിന്നു. ഒരുവര്‍ഷം ഗലദാരി കമ്പനിയില്‍ സ്പെയര്‍പാര്‍ട്സ് മാനേജറായിരുന്നു. ഇടക്കാലത്ത് കുറച്ചുകാലം മസ്ക്കത്തിലുമുണ്ടായിരുന്നു. നിസാന്‍ ഒട്ടോമൊബൈല്‍ ക്ഷണിച്ചിട്ടുപോയതാണ്. മാസങ്ങള്‍ക്കുശേഷം ദുബൈയില്‍ തിരിച്ചെത്തി.

1968ലായിരുന്നു ഇബ്രാഹിമിെൻറ വിവാഹം. കമ്പനി വക താമസസൗകര്യമുള്ളതിനാൽ ‘70ല്‍തന്നെ ഭാര്യയെ ദുബൈയിലേക്ക് കൊണ്ടുവന്നു. സ്വന്തം ബിസിനസ് എന്ന ആഗ്രഹം ഇതിനിടയിൽ മനസ്സിൽ മുളപൊട്ടിയിരുന്നു. ആദ്യപടിയായി സബ്കയില്‍ ഒരു കട വാങ്ങി. 17,000 ദിര്‍ഹം വില നിശ്ചയിച്ചു. 1974ൽ ഡിസംബറിൽ ഹജ്ജ് ചെയ്ത് വന്ന ശേഷം ജോലി ഒഴിവാക്കി പൂർണമായും ബിസിനസില്‍ ഇറങ്ങി. ബാപ്പയുടെ കൂടെ കച്ചവടം ചെയ്തതിെൻറ ഗുണം അവിടെ കണ്ടു. ബന്ധുവിെൻറ  തുണിക്കട 1976ല്‍ ഏറ്റെടുത്തു. സെഞ്ച്വറി ട്രേഡിങ് കമ്പനി. അന്ന് പാർട്ണറായി വന്ന സ്വദേശി ബാങ്ക് ഉദ്യോഗസ്ഥനായ മുഹമ്മദ് ശമാലി ഇന്നും ഇബ്രാഹിം ഹാജിക്കൊപ്പമുണ്ട്. 

പ്രതീക്ഷിക്കാത്ത കുതിച്ചുകയറ്റമായിരുന്നു പിന്നീട്. വളരെ പെെട്ടന്ന് ദുബൈയിലെ  ഏറ്റവുംവലിയ തുണിക്കച്ചവടക്കാരുടെയും  ഇറക്കുമതിക്കാരുടെയും കൂട്ടത്തിൽ സെഞ്ച്വറിയും എത്തി. 1998 വരെ ആ നില തുടര്‍ന്നു. ജപ്പാനില്‍നിന്ന് ഇറക്കുമതി ചെയ്ത്  ഗള്‍ഫിലേക്കെങ്ങും തുണിത്തരങ്ങള്‍ അയച്ചു. അന്ന് ജപ്പാനിലായിരുന്നു മികച്ച തുണിത്തരങ്ങള്‍ ഉണ്ടായിരുന്നത്. 

‘80കളുടെ തുടക്കത്തിൽ ധിരുഭായി അംബാനി വിമൽ ബ്രാൻഡിലൂടെ ആധുനിക സാേങ്കതികവിദ്യയെല്ലാം ഇറക്കി ഇന്ത്യയിൽനിന്ന് തുണി കയറ്റുമതി തുടങ്ങിയതോടെയാണ് ഇന്ത്യ ഇൗ മേഖലയിൽ മുന്നിലെത്തിയത്. അക്കാലത്ത് അംബാനിയുമായി ഇബ്രാഹിം ഹാജിക്ക് ബന്ധമുണ്ടായിരുന്നു.  14 വർഷം വിമൽ ഫാബ്രിക്സിെൻറ മിഡിലീസ്റ്റിലെ വിതരണക്കാരായിരുന്നു ഹാജിയുടെ സെഞ്ച്വറി ടെക്സ്റൈൽസ്. 30 ഒാളം റീെട്ടയിൽ കടകളും തുടങ്ങി. കുവൈത്തിലും ബഹ്റൈനിലും ഖത്തറിലും ഒമാനിലും സൗദിയിലുമെല്ലാം കടകൾ തുറന്നു.  തുണിക്കച്ചവടം നന്നായി പച്ചപിടിച്ചു. ദുബൈയിലെ തുണിക്കച്ചവടത്തിൽ അന്നും ഇന്നും സിന്ധികളുടെ മേധാവിത്വമാണ്. ആകെ വ്യാപാരികളിൽ 85 ശതമാനവും അവരാണ്. 500ലേറെ മൊത്തവ്യാപാരികൾ അന്ന് ദുബൈയിലുണ്ടായിരുന്നു. 1991ൽ ഇവരെല്ലാം ചേർന്ന ടെക്സ്റ്റൈൽ മർച്ചൻറ്സ് അസോസിയേഷൻ രൂപവത്കരിച്ചപ്പോൾ ഹാജിയെ വൈസ് ചെയർമാനായി തെരഞ്ഞെടുത്തു. 1996ൽ ചെയർമാനുമായി. രണ്ടുതവണയായി 2001 വരെ ആ സ്ഥാനത്ത് തുടർന്നു. ഇക്കാലത്താണ്  50 ലക്ഷം ചതുരശ്രയടി സ്ഥലം ദുബൈ സർക്കാർ ടെക്സ്റൈൽ സിറ്റി നിർമാണത്തിനായി അസോസിയേഷന് നൽകുന്നത്. അതിൽ കച്ചവടക്കാരെ പ്രതിനിധാനംചെയ്ത് സർക്കാറുമായി ഒപ്പുവെച്ചത് ഇബ്രാഹിം ഹാജിയാണ്. 
എളുപ്പം എല്ലാവരുടെയും വിശ്വാസം നേടിയെടുക്കാനായി എന്നതായിരുന്നു വിജയത്തിെൻറ അടിസ്ഥാനമെന്ന് നല്ല മതവിശ്വാസിയായ ഹാജി പറയുന്നു. വാക്കുകളും കരാറുകളും പാലിച്ചു. സത്യസന്ധമായി കച്ചവടം നടത്തി. ചെക്ക് മടങ്ങാതെ നോക്കി. ഇതിനിടെ സൂപ്പർമാർക്കറ്റുകളും മാളുകളും റെഡിമെയ്ഡ് വസ്ത്രങ്ങളും വ്യാപകമായതോടെ തുണിക്കച്ചവടത്തിൽനിന്ന് ശ്രദ്ധമാറ്റി. റീെട്ടയിലിൽനിന്ന് പൂർണമായി മാറി. കൃത്യമായ ഇടപാടു നടത്തുന്നവരുമായി മാത്രം മൊത്തക്കച്ചവടം തുടരുന്നുണ്ട്. 

എൻജിനീയറിങ് കോളജ് തുടങ്ങണമെന്ന ആഗ്രഹം വന്നതോടെ ശ്രദ്ധ അങ്ങോട്ടായി. പിന്നീട് 2003ൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ നിക്ഷേപമിറക്കാൻ അവസരം ലഭിച്ചു.  കാസർകോട് ബസ്സ്റ്റാൻഡിന് സമീപത്ത് ഹാജി നിർമിച്ച ഏഴുനില കെട്ടിടത്തിൽ മലബാൾ ഗോൾഡ് ഷോറൂം തുറന്നു. അന്ന് അവർക്ക് മൂന്നു ഷോപ് മാത്രം. സ്വർണക്കച്ചവടം വളരെ പെെട്ടന്ന് വളർന്നു. ഇന്ന് 175 ഷോറൂമായി. ഗ്രൂപ്പിെൻറ പ്രധാന നിക്ഷേപകനായി ഹാജി മാറി. ഇപ്പോൾ കോ ചെയർമാനാണ്. തുണിക്കച്ചവടത്തിലൂടെ ഉണ്ടാക്കിയ പണമെല്ലാം സ്വർണത്തിലേക്ക് മാറ്റി. ഇപ്പോൾ സ്വർണവും വിദ്യാഭ്യാസവുമാണ് പ്രധാന പ്രവർത്തനമേഖല. 
അതിനിടെ 1994ൽ സെഞ്ച്വറി ഇൻറർനാഷനൽ ട്രാവൽസ് ആൻഡ് ടൂർസ് തുടങ്ങി. മാധവൻ നായരുമായുള്ള അടുപ്പം കുടുംബത്തിലേക്കും വളർന്നിരുന്നു. ദുബൈയിൽ അയൽ വീടുകളിലായിരുന്നു താമസം. അദ്ദേഹവുമായി ചേർന്നാണ് 1984ൽ കോഴിക്കോട്ട് ഇൻഡസ് മോേട്ടാഴ്സ് തുടങ്ങുന്നത്. 1986ൽ മാരുതി കാറുകളുടെ ഏജൻസി ലഭിച്ചു. ദുബൈയിലിരുന്ന് ബിസിനസ് ശ്രദ്ധിക്കാനാകാതെ വന്നപ്പോൾ ഇരുവരും ഭൂരിഭാഗം ഒാഹരികളും പി.വി. അബ്ദുൽ വഹാബിന് കൈമാറി. എങ്കിലും ഇബ്രാഹിം ഹാജി ഇപ്പോഴും വൈസ് ചെയർമാനാണ്. 

മാധവൻ നായരുടെ മകളാണ് പ്രശസ്ത സിനിമ തിരക്കഥാകൃത്തും സംവിധായകയുമായ അഞ്ജലി മേനോൻ. നായർ മരണപ്പെെട്ടങ്കിലും ഇപ്പോഴും കോഴിക്കോട്ട് പോകുേമ്പാൾ അദ്ദേഹത്തിെൻറ വീട്ടിൽ പോകും. തിരിച്ചും അങ്ങനെതന്നെ. മക്കൾ അനിൽ നായരും അജിത് നായരും ഇൻഡസ് ഡയറക്ടർമാരാണ്.
വിദ്യാഭ്യാസരംഗത്തേക്ക്  കച്ചവടക്കാരനായല്ല എത്തിയതെന്ന് ഹാജി പറയുന്നു. 1999വരെ തുണിക്കച്ചവടത്തിലൂടെ നല്ല കാശുണ്ടാക്കി. പണം ബാങ്കിൽ കിടന്നിട്ട് കാര്യമില്ല. സമൂഹത്തിന് എന്തു തിരിച്ചുകൊടുക്കും എന്ന ചിന്തയിൽനിന്നാണ് വിദ്യാഭ്യാസരംഗം തെരഞ്ഞെടുത്തത്. പണ്ട് ബി.ടെക് പ്രവേശനം കിട്ടാത്ത വിഷമം മംഗലാപുരത്ത് സ്വന്തം കോളജ് തുടങ്ങാൻ പ്രേരണയുമായി. 2001ൽ കുവൈത്തിൽ സ്കൂൾ തുടങ്ങി^ഇന്ത്യ ഇൻറർനാഷനൽ സ്കൂൾ. അടുത്ത വർഷം ഷാർജയിൽ ഗൾഫ് ഏഷ്യൻ ഇംഗ്ലീഷ് സ്കൂൾ തുറന്നു. 
ഇേപ്പാൾ ഗൾഫിൽ മൊത്തം  ആറു സ്കൂളുകളായി. ഇന്ത്യ ഇൻറർനാഷനൽ സ്കൂൾ ഷാർജ, പേസ് ഇൻറർനാഷനൽ സ്കൂൾ ഷാർജ, ക്രിയേറ്റിവ് ബ്രിട്ടീഷ് സ്കൂൾ അബൂദബി. ഇപ്പോൾ പേസ് ഗ്രൂപ്പിെൻറ കീഴിലാണ് വിദ്യാഭ്യാസ രംഗത്തെ പ്രവർത്തനം. ഗ്രൂപ്പിന് കീഴിൽ 20,000 ത്തിലേറെ കുട്ടികൾ പഠിക്കുന്നു. 1500 ലേറെ അധ്യാപകരുമുണ്ട്.

കേരളത്തിൽ മഞ്ചേരിയിൽ ബ്ലോസം പബ്ലിക് സ്കൂൾ, പേസ് െറസിഡൻഷ്യൽ സ്കൂൾ ഫോർ ഗേൾസ്, കണ്ണൂർ റിംസ് ഇൻറർനാഷനൽ സ്കൂൾ എന്നിവ നടത്തുന്നുണ്ട്. കോഴിക്കോട്ട് തുടങ്ങാൻ പരിപാടിയുമുണ്ട്. എം.ബി.എയും  എൻജിനീയറിങ്ങും പോളിടെക്നിക് കോഴ്സുകളും മംഗലാപുരത്തുണ്ട്. ഭാവിയിൽ ഒരു സർവകലാശാലയാക്കാനാണ് ഉദ്ദേശിക്കുന്നത്.

  ****   

ദുബൈയോടൊപ്പം തന്നെയായിരുന്നു ഇബ്രാഹിം ഹാജിയുടെ വളർച്ച. ദുബൈയുടെ വിസ്മയക്കുതിപ്പ് വിശദീകരിക്കാൻ ഹാജി ഒരു അനുഭവകഥ പറയും. ബ്രിട്ടീഷ് മോേട്ടാർ 
കോർപറേഷെൻറ ഏജൻസിയിൽ ജോലി ചെയ്യുന്ന കാലം. അന്ന് കെല്ലി എന്ന ടയറിന് ഒാർഡർ നൽകാനായി അമേരിക്കയിലെ കമ്പനി ആസ്ഥാനത്തേക്ക് കമ്പിയയച്ചപ്പോൾ  ദുബൈ എവിടെയാണെന്നായിരുന്നു അവരുടെ ചോദ്യം. പറഞ്ഞുകൊടുക്കാനുമാകുന്നില്ല. കുവൈത്തും സൗദി അറേബ്യയും പേർഷ്യയും (ഇറാൻ) അവർക്കറിയാം. അവസാനം പറഞ്ഞുപറഞ്ഞ് ഷാർജയെക്കുറിച്ച് അവർക്ക് ചെറിയ കേട്ടുകേൾവിയുണ്ടെന്ന് മനസ്സിലായി. അതുവഴിയാണ് ദുബൈയെ പരിചയപ്പെടുത്തിയത്. അരനൂറ്റാണ്ട് മുമ്പ് ദുബൈയെ പരിചയപ്പെടുത്താൻ ബുദ്ധിമുട്ടിയതോർക്കുമ്പാൾ ഇന്നത്തെ ലോക നഗരത്തിലിരുന്ന് ഹാജി ചിരിക്കുന്നു. 
അദ്ദേഹം പിന്നീട് പ്രവാസത്തിെൻറ തുടക്കകാലത്തെക്കുറിച്ച് പറഞ്ഞു: മലയാളികൾ ആദ്യ ഗള്‍ഫ് പ്രവാസം തുടങ്ങുന്നത് കുവൈത്തിലേക്കാണ്. ‘60കള്‍ ആകുേമ്പാള്‍ ചിലരെല്ലാം  യു.എ.ഇയിലുമെത്തി. ലോഞ്ചില്‍. നാട്ടിൽ പണിയില്ല. കൃഷി മാത്രമാണ് ഏക ജോലി. ബോംബെയിൽ പോവുക എന്നതാണ് യുവാക്കളുടെ അടുത്തമാർഗം. അങ്ങനെ ബോബെയിൽ പോയവരാണ് പിന്നീട് ഗൾഫിലേക്ക് വഴിവെട്ടിയത്. അതിന് വളരെ മുമ്പ് തന്നെ സിന്ധികളും മാർവാടികളും ദുബൈയിലെത്തിയിരുന്നു. അന്ന് എയര്‍ ഇന്ത്യക്ക്                ദുബൈയിൽനിന്ന് ബോംബെയിലേക്ക് ആഴ്ചയില്‍ മൂന്നു സര്‍വിസുണ്ട്. ബോംബെയില്‍നിന്ന് മംഗലാപുരത്തേക്ക് വിമാനമുണ്ടെങ്കിലും സീറ്റ് കിട്ടാന്‍ പാടാണ്.  ഇന്ത്യക്കാരെ അറബികൾ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. അന്നും ഇന്നും ഇന്ത്യക്കാരോട് സൗഹൃദ മനോഭാവമാണ്.

ഇന്ത്യക്കാർ പ്രശ്നക്കാരല്ല എന്നതു തന്നെയാണ് അടിസ്ഥാന കാരണം. ഒരുകാലത്ത് ഇന്ത്യൻ രൂപയായിരുന്നു ദുബൈയിലെ കറൻസി. താൻ വരുന്ന സമയത്ത് ക്യൂഡിആർ ആണ്. ഖത്തർ ദുബൈ റിയാൽ. ശൈഖ് റാശിദിെൻറ  മകൾ ശൈഖ മറിയത്തെയാണ് അന്നത്തെ ഖത്തർ അമീർ വിവാഹം ചെയ്തത്. 50 റിയാൽ കൊടുത്താൽ 100 രൂപ അതായിരുന്നു വിനിമയനിരക്ക്. അബൂദബിയിലേക്ക് ദുബൈയിൽനിന്ന് നേരെ റോഡില്ല. ആറു മണിക്കൂറെങ്കിലും വേണം അവിടെയെത്താൻ. വഴിയിൽ മൂന്നോ നാലോ ചെക്ക്പോസ്റ്റുകളുണ്ടായിരുന്നു. 1971ൽ യു.എ.ഇ പിറക്കുംവരെ ഇതായിരുന്നു അവസ്ഥ. ശൈഖ് സായിദിെൻറയും ശൈഖ് റാശിദിെൻറയും ശക്തമായ നേതൃത്വവും ദീർഘവീക്ഷണവുമാണ് ഇൗ രാഷ്ട്രത്തിന് കരുത്ത് നൽകിയത്. ശൈഖ് റാശിദിെൻറ ഖബറടക്ക ചടങ്ങിൽ പെങ്കടുത്തത്  ഒാർമയിലുണ്ട്.  പ്രവാസികൾക്കെല്ലാം ഏറെ പ്രിയപ്പെട്ട നേതാവായിരുന്നു അദ്ദേഹം. 
 കുറച്ച് മലയാളികളെ ഉള്ളൂ എന്നതിനാൽ ആഴ്ചയിലൊരിക്കലെങ്കിലൂം ഒരിടത്ത് കൂടിച്ചേരുമായിരുന്നു. െവള്ളിയാഴ്ച പള്ളിയായിരുന്നു ഒരു കേന്ദ്രം. അവിടെ വെച്ചാണ് നാട്ടിലെ വിശേഷങ്ങളൊക്കെ അറിയുന്നതും പങ്കുവെക്കുന്നതും. നാട്ടിലെ പത്രങ്ങൾ അപൂർവമായി ആരെങ്കിലും െകാണ്ടുവരും.1978ൽ ബുള്ളറ്റിൻ എന്ന പേരിൽ ഒരു ഇംഗ്ലീഷ് പത്രം ഇവിടെ ഇറങ്ങിയിരുന്നു. അതിൽ കേരളത്തിലെ വാർത്തകളൊക്കെ ഉണ്ടാകുമായിരുന്നു. നാട്ടിൽനിന്ന്് ടെലക്സിൽ വരുന്ന വാർത്തകൾ സൈക്ലോസ്റ്റൈലിൽ കോപ്പിയെടുത്ത് പിൻ കുത്തിയാണ് വിതരണം ചെയ്തിരുന്നത്. അന്നത്തെ വാർത്തകൾക്ക് ഇന്നത്തെ ചൂടോ പ്രധാന്യമോ ഒന്നുമില്ലായിരുന്നു. മനുഷ്യർ അവരവരുടെ ജീവിതത്തിനായിരുന്നു പ്രധാന്യം നൽകിയിരുന്നത്.

1967ൽ തെൻറ കമ്പനിയിെല മലയാളികൾ ചേർന്നാണ് കോസ്മോപൊളിറ്റൻ ക്ലബ് എന്ന പേരിൽ ആദ്യത്തെ മലയാളി കൂട്ടായ്മയുണ്ടാക്കിയത്.  ഒരു പഴഞ്ചൻ കെട്ടിടത്തിലായിരുന്നു ക്ലബ്. ടി.എം. നായർ, ഖാദർ മാനോളി, വി.കെ.സി, പോകുമ്മ തുടങ്ങി 50ഒാളം പേരുണ്ടായിരുന്നു. കാരംസും ബാഡ്മിൻറൺ കളിയൊക്കെയായിരുന്നു പ്രധാന വിനോദം. മലയാളികളെ ഇവിടത്തെ ഭരണാധികാരികൾ ഇഷ്ടപ്പെടാൻ കാരണം അവർ സൗമ്യരും സത്യസന്ധരുമായതിനാലാണ്. ആദ്യകാലത്തെ പ്രവാസികളു ണ്ടാക്കിയ സൽപ്പേരാണ് ഇന്നും മലയാളികൾക്ക് ഇൗ രാജ്യം സ്വാഗതമരുളുന്നതിന് കാരണം.

***  ***  ***

മക്കളെ ബിസിനസ് നോക്കിനടത്താൻ ഏൽപിച്ചിട്ടുണ്ടെങ്കിലും 73ാം വയസ്സിലും എല്ലാ കാര്യവും ശ്രദ്ധിച്ച് ഇബ്രാഹിം ഹാജി സജീവമാണ്. ആഗ്രഹിച്ചതെല്ലാം പടച്ചവൻ തന്നു എന്നു പറയാം. ചെറുപ്പത്തിലേ പണക്കാരനാകാൻ ആഗ്രഹമുണ്ടായിരുന്നു. ബാപ്പയുടെ കൂടെ നിന്ന കാലത്ത് കടയിലെ  കടുക് നിറച്ച ചാക്ക് കാണുേമ്പാൾ ഇൗ കടുകിെൻറയത്രയും പണം തനിക്ക് കിട്ടിയാൽ നന്നായേനെ എന്ന തോന്നൽ കൊച്ചു ഇബ്രാഹിമിനുണ്ടായിരുന്നു. എന്തിനാണ് പണമെന്ന് ചോദിച്ചാൽ കഷ്ടപ്പെടുന്നവരെ സഹായിക്കാൻ എന്നാണ് മറുപടി. അതു രണ്ടും ഇപ്പോഴും നടക്കുന്നു. പണം ഉണ്ടാക്കുന്നു. അത് കൊടുക്കുന്നു. മതവിശ്വാസവും അനുഭവവും പൂർവികരും പകർന്നുനൽകിയ ചില ജീവിതവീക്ഷണങ്ങളും അദ്ദേഹം പങ്കുവെച്ചു. 

   അതിങ്ങനെ: നമ്മള്‍ മറ്റുള്ളവര്‍ക്ക് ചെയുന്ന ഗുണം മറക്കണം. അത് ദൈവം കണക്കുവെക്കുന്നുണ്ട്.  മറ്റുള്ളവര്‍ നമ്മോട് ചെയ്ത ഉപദ്രവവും മറക്കണം. അറിഞ്ഞും അറിയാതെയും ദ്രോഹിച്ചവരുണ്ട്. പക്ഷേ, അതെല്ലാം അപ്പോഴേ മറക്കാൻ ശ്രമിച്ചു. മറന്നു.പിന്നീട് അവരില്‍നിന്ന് നല്ല ഗുണം കിട്ടിയതായാണ് തെൻറ അനുഭവം. ശത്രുത പുലര്‍ത്തിയാല്‍ അവരെ നമുക്ക് നഷ്ടപ്പെടും. ജീവിത വിജയം വരുന്നത് ദൈവത്തിലൂടെയാണ്. അവൻ  അറിവും കഴിവും ദിശാബോധവും തരും. അതോടൊപ്പം നമ്മൾ കഠിനാധ്വാനം ചെയ്യണം-അദ്ദേഹം പറഞ്ഞുനിർത്തി.
 

Tags:    
News Summary - pravasi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-28 03:15 GMT