യാത്രതന്നെ ജീവിതം

22 വര്‍ഷത്തെ ഷാനവാസിെൻറ പ്രവാസജീവിതത്തിൽ 15 വര്‍ഷവും യാത്രകളുടേതായിരുന്നു.  ഒാരോ വര്‍ഷവും അഞ്ചോ ആറോ യാത്രകള്‍. കണ്ടും അനുഭവിച്ചും തീർത്തത് അറുപത്തഞ്ചിലധികം വിദേശരാജ്യങ്ങൾ. ഷാനവാസ് എന്ന ഉന്മാദ യാത്രികൻ മറ്റൊരു യാത്രക്കുള്ള ഒരുക്കത്തിലാണ്^മൊറോക്കോ. ഒരു സാധാരണ മലയാളി പ്രവാസിക്ക് അപ്രാപ്യം എന്നു പറയാവുന്ന കാര്യങ്ങള്‍ ഷാനവാസ് എങ്ങനെ സാധ്യമാക്കി എന്നു കേള്‍ക്കുമ്പോള്‍ യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് അെതാരു പ്രചോദനമാകും. 
ടൂർ പാക്കേജിെൻറയോ ഗൈഡിെൻറയോ സഹായമില്ലാതെയാണ് ഇത്രയും നാടുകളിൽ അദ്ദേഹമെത്തിയത്. എല്ലാ കാഴ്ചയും തെൻറ കാമറയില്‍ പകര്‍ത്തുന്നു. നല്ലൊരു ഫോട്ടോഗ്രാഫർ കൂടിയായ ഷാനവാസിനെ യാത്രാവഴിയിലേക്ക് നയിച്ചതും ഫോട്ടോഗ്രഫി തന്നെ. ജിദ്ദയിലെ ജാംജൂം ഗ്രൂപ്പില്‍ കമ്പ്യൂട്ടര്‍ വിദഗ്ധനായി ജോലി നോക്കുന്ന ഷാനവാസ് തനിക്കു കിട്ടുന്ന വാര്‍ഷിക അവധിയും മറ്റു അവധികളും ഉപയോഗിച്ചാണ് മിക്ക യാത്രകളും നടത്തുന്നത്. അതിനിടയില്‍ നാട്ടില്‍ പോയി മാതാപിതാക്കളുടെ കൂടെ സമയം െചലവഴിക്കാനും ജിദ്ദയില്‍ കുടുംബസമേതം കഴിയുന്ന ഈ പ്രവാസി സമയം കണ്ടെത്തുന്നു.

യാത്ര എന്ന പ്രോജക്ട്
യാത്രകള്‍ക്കുള്ള  തയാറെടുപ്പ് മാസങ്ങള്‍ക്കുമുമ്പേ തുടങ്ങുന്നു. ഓരോ യാത്രയും ഓരോ പ്രോജക്ടാണ് ഷാനവാസിന്. യാത്രക്കു തെരഞ്ഞെടുത്ത രാജ്യത്തിെൻറ ചരിത്രം, കാണേണ്ട സ്ഥലങ്ങള്‍, കാലാവസ്ഥ, പോകേണ്ട വഴികള്‍ എന്നിവയെക്കുറിച്ചെല്ലാം കിട്ടാവുന്ന മാർഗങ്ങളിലൂടെ അറിയും. പാരിസ് യാത്രക്കു മുമ്പ്, ലോകചരിത്രത്തില്‍ വളരെയധികം പ്രാധാന്യം നേടിയതും ഒന്നാം ലോകയുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന ഉടമ്പടി അടക്കം പല ചരിത്രസംഭവങ്ങള്‍ക്കും സാക്ഷ്യംവഹിച്ചതുമായ വെര്‍സാല്ലി പാലസിനെക്കുറിച്ച് വായിച്ചറിഞ്ഞു. റഷ്യന്‍ യാത്രക്കു മുമ്പ് റഷ്യന്‍ വിപ്ലവത്തെക്കുറിച്ചും ലെനിനെക്കുറിച്ചും കൂടുതല്‍ അറിവ് നേടി. 1917ല്‍ ഒക്ടോബര്‍ വിപ്ലവത്തിനുശേഷം സ്വിറ്റ്സര്‍ലൻഡിൽനിന്ന് റഷ്യയില്‍ തിരിച്ചെത്തിയ ലെനിന്‍ വന്നിറങ്ങിയ സ്ഥലം, ജനങ്ങള്‍ ആവേശപൂര്‍വം സ്വീകരിച്ച സെൻറ്പീറ്റര്‍ബര്‍ഗിലെ ഫിന്‍ലീആൻറ്സ്കീ റെയില്‍വേ സ്റ്റേഷന് ചേര്‍ന്നുള്ള ലെനിൻ പ്രതിമ, അങ്ങനെ അറിഞ്ഞതെല്ലാം കൺമുന്നിൽ കാണുേമ്പാഴുള്ള  അനുഭവങ്ങൾ ഉള്ളിൽ സൂക്ഷിക്കുകയാണ് ഇദ്ദേഹം.
ലോക ചരിത്രത്തില്‍ രണ്ടാം ലോകയുദ്ധകാലത്തെ ഹിറ്റ്ലറുടെയും നാസിപ്പടയുടെയും ക്രൂരതയുടെ സ്മാരകമായി നിലനില്‍ക്കുന്ന പോളണ്ടിലെ ഓഷ്വിറ്റ്സ് മരണ കാമ്പ് സന്ദര്‍ശനം ഏതൊരു സഞ്ചാരിയേയും കുറച്ചൊന്നുമല്ല നൊമ്പരപ്പെടുത്തുക. ഷാനവാസിനെ യാത്രകള്‍ക്കിടയില്‍ ഏറ്റവും വേദനിപ്പിച്ച കാഴ്ചകളും ആ സന്ദര്‍ശനത്തിലായിരുന്നു. ചരിത്രരേഖകള്‍ അനുസരിച്ച് ഒരു മില്യണിലധികം ആളുകളെ കൂട്ടക്കൊലക്കിരയാക്കിയ സ്ഥലം, പ്രധാന വാതിലിനു മുന്നില്‍ രണ്ടു റെയില്‍വേ പാതകള്‍പോലെ ട്രാക്കുകളുണ്ട്. യുദ്ധത്തടവുകാരെ രണ്ടായി തരംതിരിച്ചായിരുന്നുവത്രെ കൊണ്ടുവന്നിരുന്നത്. ഒരു ട്രാക്കില്‍ കായികശക്തി ഇല്ലാത്തവരെയും വികലാംഗരെയും കുട്ടികളെയും നേരെ ഗ്യാസ് ചേംബറില്‍ എത്തിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ ഭസ്മമാക്കി. അടുത്ത പാത കായികശക്തി ഉള്ളവര്‍ക്കുള്ളതായിരുന്നുവെന്നും അവരെ ജയിലറക്കുള്ളില്‍ കടുത്ത പീഡനങ്ങൾക്ക് ഇരയാക്കുകയും അത് മരണത്തിലേക്ക് നയിച്ചിരുന്നുവെന്നും ചരിത്രം പറയുന്നു. അവര്‍ ഉപയോഗിച്ചിരുന്ന ബാഗ്, ഷൂ, കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ തുടങ്ങിയവയുടെ ഒരു കൂമ്പാരംതന്നെ ഇന്നും അവിടെ സൂക്ഷിക്കുന്നുണ്ട്. ഈ ക്രൂരതകള്‍ക്ക് നേതൃത്വം നല്‍കിയിരുന്നവരില്‍ ചിലരെ പിന്നീട് തൂക്കിലേറ്റിയ കഴുമരവും അതുപോലെ നിലകൊള്ളുന്നു.
െചലവു കുറഞ്ഞതായിരിക്കും എല്ലാ യാത്രകളും. അതിന് സഞ്ചാരികള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ വളരെ ലളിതമാണെന്നാണ് ഷാനവാസിെൻറ ഭാഷ്യം. യാത്രക്ക് ഉപയോഗിക്കുന്ന ബാഗും അതില്‍ വസ്ത്രങ്ങള്‍ ചുരുട്ടിവെക്കുന്ന രീതി മുതല്‍ കൊണ്ടുപോകേണ്ട സാമഗ്രികള്‍ അടക്കം അതില്‍പെടുന്നു. പോകുന്ന രാജ്യങ്ങളില്‍ അവിടെയുള്ള പൊതു യാത്രാസൗകര്യമാണ് ഉപയോഗിക്കുന്നത്. നടന്നുപോകാന്‍ പറ്റുന്ന സ്ഥലങ്ങളിലേക്ക് നടന്നുപോകുന്നു. താമസത്തിനു തിരഞ്ഞെടുക്കുന്നത് ആ രാജ്യത്തെ ഹോസ്റ്റല്‍ സൗകര്യവും. എല്ലാം മുന്‍കൂട്ടി ഓണ്‍ലൈന്‍ സഹായത്താല്‍ ബുക്ക്‌ ചെയ്യുന്നു. ഭക്ഷണകാര്യത്തില്‍ മിതത്വം പാലിക്കുന്നു. സമയത്തില്‍ കൃത്യനിഷ്ഠത ഓരോ സഞ്ചാരിക്കും പ്രധാനം. ഹോസ്റ്റല്‍ ആയതിനാല്‍ പല വിദേശരാജ്യങ്ങളില്‍നിന്നുള്ളവരെ സഹവാസികളായി കിട്ടുന്നു. അവരില്‍നിന്ന് പല പുതിയ അറിവുകളും നേടാന്‍ കഴിയുന്നു.  അവര്‍ എപ്പോഴും അടുത്ത അകലങ്ങളിലുള്ള കൂട്ടുകാരായി മാറുന്നു. സ്ലോവാക്യയില്‍നിന്ന് േസ്ലാവേനിയയിലേക്കുള്ള 
യാത്രകൾക്കിടയിൽ പരിചയപ്പെട്ട ഒരു ആസ്ട്രേലിയൻ കുടുംബം ചുരുങ്ങിയത് ആറു മാസമെങ്കിലും അവരുടെ നാട്ടിലെ പുതിയ ഫാംഫൗസിലേക്ക് താമസിക്കാന്‍ ക്ഷണിച്ച കാര്യം ഷാനവാസ് പങ്കുവെക്കുകയുണ്ടായി.
ഷാനവാസിെൻറ അനുഭവത്തില്‍ റഷ്യന്‍ ജനതയാണ് ഇന്ത്യക്കാരെ ഏറ്റവും ബഹുമാനിക്കുന്നത്, അതിനു ഒരുപേക്ഷ കാരണം പഴയ ഇന്ത്യന്‍ സോവിയറ്റ് യനേിയന്‍ ബന്ധമാകാം. സഞ്ചാരികള്‍ക്ക് എത്തിപ്പെടാന്‍ കഴിയുന്ന എല്ലാ ഭൂഖണ്ഡങ്ങളിലും എത്തിയിരിക്കുന്നു ഷാനവാസും. കുട്ടിക്കാലത്തെ മാതാപിതാക്കളുടെ കൂടെയുള്ള യാത്രകളായിരുന്നു തുടക്കം. അതില്‍നിന്നുള്ള പ്രചോദനവും കുടുംബത്തിെൻറ പിന്തുണയുമാണ് ഇന്നും പ്രേരണ. പ്രവാസത്തിനു മുമ്പേ ഇന്ത്യയിലെ മിക്ക സ്ഥലങ്ങളിലും എത്തിയിട്ടുള്ള ഈ സഞ്ചാരി, പ്രവാസിയായപ്പോള്‍ കൂടുതൽ രാജ്യങ്ങളിലെത്താനാണ് ശ്രമിച്ചത്. ആദ്യം സൗദിയിലും പിന്നെ അയല്‍രാജ്യങ്ങളിലുമെത്തി.


സാഹസിക അനുഭവങ്ങൾ
സൗദിയിലെ റിയാദ് പ്രവിശ്യയിലെ എഡ്ജ് ഓഫ് വേള്‍ഡിലേക്കുള്ള യാത്രയെക്കുറിച്ച് നെഞ്ചിൽ ഒരു കാളലോടെയല്ലാതെ ഒാർക്കാനാകില്ല. എനിക്കും കൂടെയുള്ളവർക്കും പെരുമഴയില്‍ വഴിതെറ്റി. ഭാഗ്യംകൊണ്ട് മാത്രമാണ് അന്ന്  രക്ഷപ്പെട്ടത്. കെനിയയിലെ സംബൂരു നാഷനല്‍ പാര്‍ക്കില്‍നിന്ന് ആന, സിംഹം, പുലി, കാണ്ടാമൃഗം, കാട്ടുപോത്ത് എന്നീ മൃഗങ്ങളെ ഒന്നിച്ചുകണ്ട സന്തോഷത്തില്‍ മടങ്ങുമ്പോള്‍ താനുള്‍പ്പെട്ട സംഘത്തെ കെനിയന്‍ തസ്കരസംഘം ബന്ദികളാക്കി. ആയുധങ്ങളും തോക്കും ചൂണ്ടി വിലപേശാനായുള്ള അവരുടെ ശ്രമം ആ വഴി വന്ന ചില മലയാളി മിഷനറിമാരുടെ ശ്രദ്ധയില്‍പെട്ടു, അവര്‍ നല്‍കിയ വിവരമനുസരിച്ച് മൗണ്ട് മെറു എന്ന സ്ഥലത്തുനിന്ന് കെനിയന്‍ പട്ടാളം ഹെലികോപ്ടറിൽ എത്തി കാട്ടിനു നടുവില്‍നിന്ന് രക്ഷപ്പെടുത്തി. അന്ന് അത് കെനിയന്‍ മാധ്യമങ്ങളില്‍ പ്രധാന വാര്‍ത്തയായിരുന്നു. 
ക്രൊയേഷ്യന്‍ യാത്രയില്‍ പ്ലിറ്റ്വിറ്റ്സെ ലൈക് നാഷനല്‍ പാര്‍ക്ക് സന്ദര്‍ശനവേളയില്‍ കനത്ത മഴയും മിന്നലും. കൺമുന്നിൽ  മിന്നലേറ്റ് ഒരു വൃക്ഷം കരിഞ്ഞു വീണു.  അമേരിക്കന്‍ യാത്രയില്‍ ഗ്രാന്‍ഡ്‌ കന്യോന്‍ നാഷനല്‍ പാര്‍ക്കില്‍ അപൂര്‍വ ഫോട്ടോകള്‍ ഒപ്പിയെടുക്കാന്‍ വേണ്ടിയുള്ള സാഹസികയാത്ര, നോര്‍വേയിലേക്കുള്ള യാത്രയില്‍ ബെര്‍ഗന്‍ എന്ന സ്ഥലത്ത് വിമാനം ഇറങ്ങിയപ്പോള്‍ അവിടെ പൊതുവാഹന സൗകര്യം ചില ബാങ്കുകളുമായുള്ള പ്രശ്നം കാരണം നിന്നുപോയിരുന്നു, ടാക്സി കൂലി വളരെ ഉയർന്നതും. 
പിന്നീട് 18 കിലോമീറ്റര്‍ നടന്നാണ് താമസസ്ഥലത്ത് എത്തിയത്. അന്ന് നോര്‍വേയുടെ ഭംഗി ആസ്വദിച്ചു നടന്ന് കാമറയില്‍ പകര്‍ത്താന്‍ കഴിഞ്ഞത് ഒരു നേട്ടമായി കാണുന്നു.  


പഠിക്കണം, ഒരുങ്ങണം 
ഓരോ രാജ്യവും സന്ദര്‍ശിക്കുമ്പോള്‍ ആദ്യം പഠനം നടത്തേണ്ടത് അവിടത്തെ കാലാവസ്ഥയാണെന്ന് ഷാനവാസ് ഓർമപ്പെടുത്തുന്നു. അന്തരീക്ഷ ഊഷ്മാവ് പതിനെട്ടിനും ഇരുപത്തിനാലിനുമിടയില്‍ ആയിരുന്നാല്‍ യാത്ര സുഖകരമായിരിക്കും. ചൂട് കൂടിയാല്‍  ക്ഷീണം കൂടും. യാത്ര മുടങ്ങാൻ ചിലപ്പോൾ അത് കാരണമാകും. ഷാനവാസിെൻറ എട്ടു ദിവസം നീണ്ട  ട്രാന്‍ സൈബീരിയന്‍, ട്രാന്‍മംഗോളിയന്‍ തീവണ്ടിയാത്ര അവിസ്മരണീയമായ യാത്രയായി നിലകൊള്ളുന്നു. റഷ്യയില്‍നിന്ന് ചൈനവരെയുള്ള യാത്ര, പതിനായിരം കിലോമീറ്റര്‍ എട്ടു ദിവസംകൊണ്ട് താണ്ടിയ അനുഭവം. രണ്ടാം ലോക യുദ്ധകാലത്ത് ഈ വണ്ടി കടന്നു പോയിരുന്നത് ലൈക്ക് ബേക്കല്‍ എന്ന മഞ്ഞു തടാകത്തിനു മുകളിലൂടെയായിരുന്നു. 
ട്രാന്‍ സൈബീരിയന്‍ യാത്രക്കിടയില്‍ ഇര്‍കുട്സ്ക്ക് എന്ന സ്ഥലത്ത് കണ്ട ഗോവിന്ദ കഫേ എന്ന ഇന്ത്യന്‍ ഹോട്ടലില്‍ കയറിയപ്പോള്‍ കണ്ടത് ഇന്ത്യന്‍ ഭക്ഷണത്തിെൻറ കലവറ. വിശപ്പുകാരണം എല്ലാം തീന്‍മേശക്കു മുന്നില്‍ എത്തി. എന്നാല്‍, ഒന്നും ഒരു മലയാളിയുടെ വായക്കും പറ്റാത്ത രുചി. അപ്പോഴാണ്‌ മുന്നില്‍ തൂക്കിയ ബോര്‍ഡ്‌ കണ്ടത്: കഴിക്കാവുന്നേത വാങ്ങാന്‍ പാടുള്ളൂ, വാങ്ങിയത് മുഴുവന്‍ കഴിക്കണം അല്ലെങ്കില്‍ നിയമനടപടി നേരിടേണ്ടിവരും എന്ന്. ഒടുവില്‍ ഒന്നും കഴിക്കാതെ ഹോട്ടല്‍ ജീവനക്കാരുടെ കണ്ണുവെട്ടിച്ചു രക്ഷപ്പെട്ട അനുഭവം ഒരു പുതിയ അറിവ് പകര്‍ന്നുനല്‍കി. തുടര്‍ച്ചയായി ജിദ്ദ മുതല്‍ ഷികാഗോ വരെ പതിനേഴര മണിക്കൂര്‍ ഒരിടത്തും നിർത്താതെയുള്ള അന്നത്തെ ഏറ്റവും ദീര്‍ഘമായ വിമാനയാത്രാ  അനുഭവവും ഈ സഞ്ചാരിക്കുണ്ട്. ഷാനവാസിെൻറ പല ഫോട്ടോകളും കേരള ടൂറിസത്തിെൻറ പരസ്യത്തിനുവേണ്ടി ഉപയോഗിച്ചിട്ടുണ്ട്. ജിദ്ദയിലെ തെൻറ ഓഫിസ് ചുവരുകളില്‍ ഷാനവാസ് ചിത്രങ്ങള്‍ വളരെ നേരേത്ത സ്ഥാനം പിടിച്ചിരുന്നു. ആയിരത്തിലധികം ഫോട്ടോഗ്രാഫര്‍മാർ ഉൾപ്പെട്ട കൂട്ടായ്മക്കും ഷാനവാസ് നേതൃത്വം നല്‍കുന്നു. സൗദിയിലെയും ഇന്ത്യയിലെയും പല ഫോട്ടോ പ്രദര്‍ശനങ്ങളിലും ഷാനവാസിെൻറ ഫോട്ടോകള്‍ സ്ഥാനം പിടിക്കുകയും പുരസ്കാരങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്. പല സ്ഥലങ്ങളിലും യാത്രയെക്കുറിച്ചും ഫോട്ടോഗ്രഫിയെക്കുറിച്ചും ക്ലാസ് എടുക്കാറുണ്ട്. 
യു.എ.ഇയിലേക്ക് സ്ഥലംമാറ്റം ലഭിച്ചത് സഞ്ചാരസാധ്യതകൾ വർധിപ്പിക്കുന്നു. മലപ്പുറം ജില്ലയിലെ തിരൂര്‍ സ്വദേശിയായ ഷാനവാസിെൻറ എല്ലാ യാത്രകള്‍ക്കും പൂര്‍ണ പിന്തുണ നല്‍കി ഭാര്യ ഷൈനിയും മക്കളായ റിയ, സാദിയ, സിയ എന്നിവരും കൂടെയുണ്ട്. ചില യാത്രകളില്‍ ഷാനവാസ് കുടുംബത്തെ ഒപ്പം കൂട്ടാറുണ്ട്. 
l

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-28 03:15 GMT