തിരുവനന്തപുരം: സംസ്ഥാന മെഡിക്കല്‍/ എന്‍ജിനീയറിങ് പ്രവേശ പരീക്ഷകള്‍ തിങ്കളാഴ്ച തുടങ്ങും. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ എന്‍ജിനീയറിങ് പ്രവേശ പരീക്ഷയും ബുധന്‍, വ്യാഴം ദിവസങ്ങളില്‍ മെഡിക്കല്‍/ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശ പരീക്ഷയും നടക്കും.
കേരളത്തിലും മുംബൈ, ഡല്‍ഹി, ദുബൈ എന്നിവിടങ്ങളിലുമായുള്ള 351 കേന്ദ്രങ്ങളില്‍ 165861 പേരാണ് പരീക്ഷ എഴുതുന്നത്. ഇതില്‍ 123914 പേര്‍ എന്‍ജിനീയറിങ് പ്രവേശ പരീക്ഷയും 126186 പേര്‍ മെഡിക്കല്‍ പരീക്ഷയും എഴുതുന്നവരാണ്. പരീക്ഷാ നടത്തിപ്പിനായി സര്‍ക്കാര്‍, എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ ഉള്‍പ്പെടെ 8000ത്തോളം പേരെയാണ് നിയമിച്ചിരിക്കുന്നത്. രാവിലെ 10ന് തുടങ്ങുന്ന പരീക്ഷക്കായി അരമണിക്കൂര്‍ മുമ്പ് വിദ്യാര്‍ഥികള്‍ ഹാളില്‍ എത്തണം. ഉച്ചക്ക് 12.30 വരെയാണ് പരീക്ഷ. തിങ്കളാഴ്ച എന്‍ജിനീയറിങ് പ്രവേശ പരീക്ഷയുടെ ആദ്യപേപ്പര്‍ ഫിസിക്സ്, കെമിസ്ട്രി പരീക്ഷയാണ് നടക്കുക.
ചൊവ്വാഴ്ച പേപ്പര്‍ രണ്ട് മാത്തമാറ്റിക്സ് പരീക്ഷയും നടക്കും. ബുധനാഴ്ച മെഡിക്കല്‍ പ്രവേശ പരീക്ഷയില്‍ പേപ്പര്‍ ഒന്ന് ഫിസിക്സ്, കെമിസ്ട്രിയും വ്യാഴാഴ്ച പേപ്പര്‍ രണ്ട് ബയോളജിയും നടക്കും.
പ്രവേശപരീക്ഷകള്‍ക്കുള്ള ഒരുക്കമെല്ലാം പൂര്‍ത്തിയായതായി കമീഷണര്‍ ബി.എസ്. മാവോജി അറിയിച്ചു. കേരളത്തിലെ 347 പരീക്ഷാകേന്ദ്രങ്ങളിലും ആവശ്യമായ പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തുന്നതിനും ഇന്‍റര്‍നെറ്റ്, വൈദ്യുതി, വെള്ളം, മതിയായ യാത്രാസൗകര്യം എന്നിവ ലഭ്യമാക്കുന്നതിനും അധികാരികള്‍ക്ക് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അപേക്ഷയിലെ ന്യൂനതകള്‍ കാരണം തടഞ്ഞുവെക്കപ്പെട്ട ഭൂരിഭാഗം വിദ്യാര്‍ഥികള്‍ക്കും ഉപാധികളോടെ അഡ്മിറ്റ് കാര്‍ഡ് ലഭ്യമാക്കിയിട്ടുണ്ട്.
അഡ്മിറ്റ് കാര്‍ഡിന്‍െറ കളര്‍പ്രിന്‍റൗട്ടുമായി വിദ്യാര്‍ഥികള്‍ നിശ്ചിത സമയത്തിനു മുമ്പുതന്നെ പരീക്ഷാകേന്ദ്രങ്ങളില്‍ എത്തിച്ചേരണം. പരീക്ഷാകേന്ദ്രങ്ങളില്‍ മൊബൈല്‍ഫോണുകള്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. വിദ്യാര്‍ഥികള്‍ മൊബൈല്‍ഫോണുകളോ, ഇലക്ട്രോണിക് സാമഗ്രികളോകൊണ്ട് പരീക്ഷാഹാളില്‍ പ്രവേശിച്ചാല്‍ പരീക്ഷാക്രമക്കേടായി കണക്കാക്കും. അത്തരക്കാരില്‍നിന്ന് അവ കണ്ടുകെട്ടി റിപ്പോര്‍ട്ട് ചെയ്യുന്നതിനും സംശയമുള്ള വിദ്യാര്‍ഥികളുടെ ദേഹപരിശോധന ഉള്‍പ്പെടെ നടത്തുന്നതിനും ചീഫ് സൂപ്രണ്ടുമാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പരീക്ഷാഹാളില്‍ ശ്രദ്ധിക്കാന്‍
1.പരീക്ഷയുടെ അരമണിക്കൂര്‍ മുമ്പ് സീറ്റില്‍ എത്തുക
2.പരീക്ഷ തുടങ്ങി അരമണിക്കൂറിന് ശേഷം വരുന്നവരെ എഴുതാന്‍ അനുവദിക്കില്ല
3.പരീക്ഷ അവസാനിക്കുന്നതിനു മുമ്പ് ഹാള്‍ വിട്ടുപോകാന്‍ പാടില്ല
4.നീല/ കറുപ്പ് മഷിയുടെ ബോള്‍ പോയന്‍റ് പേനയാണ് ഉപയോഗിക്കേണ്ടത്
5.കാല്‍കുലേറ്റര്‍/ ലോഗ് ടേബിളുകള്‍/ ഇലക്ട്രോണിക് ഉപകരണങ്ങള്‍ അനുവദിക്കില്ല
6.പെന്‍സില്‍, മായ്ക്കാനുള്ള റബര്‍ എന്നിവ അനുവദിക്കില്ല
7.ചോദ്യങ്ങള്‍ അടങ്ങിയ ബുക്ലെറ്റിലും അഡ്മിഷന്‍ ടിക്കറ്റിലും രേഖപ്പെടുത്തിയ വേര്‍ഷന്‍ കോഡ് (എ1, എ2, ബി1, ബി2) ഒന്നുതന്നെയാണെന്ന് ഉറപ്പുവരുത്തുക
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.