കൽപിത സർവകലാശാല:ആർക്കും എൻ.ഒ.സി നൽകിയിട്ടില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് കൽപിത സർവകലാശാല പദവിക്ക് അപേക്ഷിക്കാൻ സർക്കാർ ആർക്കും നിരാക്ഷേപ പത്രം നൽകിയിട്ടില്ലെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു. ആറ് അപേക്ഷകളാണ് നിരാക്ഷേപ പത്രത്തിനായി സർക്കാറിന് ലഭിച്ചതെന്നും നിയമസഭയിൽ ടി.വി. ഇബ്രാഹിമിനെ മന്ത്രി രേഖാമൂലം അറിയിച്ചു.

കളമശ്ശേരി രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസ്, സീറോ മലങ്കര കാത്തലിക് ചർച്ച്, തൃശൂർ ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എൻജിനീയറിങ് കോളജ്, പാലക്കാട് അഹല്യ ഹെൽത്ത്, ഹെറിറ്റേജ് ആൻഡ് നോളജ് വില്ലേജ്, തൃശൂർ വടക്കേമഠം ബ്രഹ്മസ്വം എന്നിവരുടെ അപേക്ഷയാണ് സർക്കാറിന് മുന്നിലുള്ളത്. കൽപിത സർവകലാശാല പദവി നൽകുന്ന വിഷയത്തിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

കൽപിത സർവകലാശാലകൾക്ക് എൻ.ഒ.സി നൽകുന്നതുമായി ബന്ധപ്പെട്ട് പഠിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായി സർക്കാർ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. എയ്ഡഡ് കോളജുകൾക്ക് സർക്കാർ ശമ്പളം നിലനിർത്തി കൽപിത സർവകലാശാലയാകാൻ അനുമതിക്ക് നീക്കം നടക്കുന്നതിനിടെയാണ് അപേക്ഷ സമർപ്പിച്ച ഏജൻസികളുടെ പേരുവിവരം പുറത്തുവരുന്നത്. സീറോ മലങ്കര കാത്തലിക് ചർച്ചിന് കീഴിലാണ് സ്വയംഭരണ പദവിയുള്ള തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ്.

കോളജും അനുബന്ധ സ്ഥാപനങ്ങളും ചേർത്ത് കൽപിത സർവകലാശാലയാക്കാനുള്ള നിർദേശമാണ് ഏജൻസി സർക്കാറിന്‍റെ അംഗീകാരത്തിനായി സമർപ്പിച്ചിരിക്കുന്നത്.

Tags:    
News Summary - University: No one has been issued NOC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.