വഴിയിൽ തടഞ്ഞ് പരിശോധന വേണ്ട, അറസ്റ്റ് വേണ്ട: ജി.എസ്.ടി നിയമ ലംഘനങ്ങളിൽ പുതിയ നിർദേശം

ന്യൂഡൽഹി: ജി.എസ്.ടി നിയമപ്രകാരം സെൻട്രൽ ജി.എസ്.ടി ഉദ്യോഗസ്ഥർ അറസ്റ്റുകൾ നടത്തുന്നതും ചരക്കു വാഹനങ്ങളുടെ റോഡരികിലെ പരിശോധനകളും പൂർണ്ണമായി നിർത്താൻ സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് നിർദ്ദേശം നൽകി. കൂടാതെ 10,000 രൂപയിൽ താഴെയുള്ള തുകകൾ ഉൾപ്പെടുന്ന ഷോ കോസ് നോട്ടീസുകൾ നൽകുന്നത് ഒഴിവാക്കാനും ഉത്തരവിലുണ്ട്.

ഒക്ടോബർ 8ന് നടന്ന 57ാമത് ജി.എസ്.ടി കൗൺസിൽ യോഗത്തിലെ തീരുമാനങ്ങളുടെയും ശുപാർശകളുടെയും അടിസ്ഥാനത്തിലാണ് വെള്ളിയാഴ്ച ഈ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. 2017ലെ സി.ജി.എസ്.ടി ആക്ടിൽ ആവശ്യമായ നിയമഭേദഗതികൾ വരുന്നതുവരെ, കൗൺസിലിന്റെ പരിഷ്കരണ നടപടികൾ അടിയന്തരമായി നടപ്പിലാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

നിയമഭേദഗതികൾ 2027 ഏപ്രിൽ 1 മുതൽ നിലവിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതുവരെ ഫീൽഡ് തലത്തിലുള്ള സെൻട്രൽ ജി.എസ്.ടി ഉദ്യോഗസ്ഥർ സി.ബി.ഐ.സിയുടെ ഈ ഇടക്കാല നിർദ്ദേശങ്ങൾ പാലിക്കണം. ജി.എസ്.ടി പ്രകാരം ഇനി മുതൽ അറസ്റ്റുകൾ ഒന്നും തന്നെ പാടില്ലെന്ന് സി.ബി.ഐ.സി ഫീൽഡ് ഓഫീസുകൾക്ക് നൽകിയ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

പ്രധാന നിർദ്ദേശങ്ങൾ

അറസ്റ്റുകൾ നിർത്തിവെച്ചു: നികുതി ഉദ്യോഗസ്ഥർക്ക് അറസ്റ്റ് ചെയ്യാനുള്ള അധികാരം നൽകുന്ന സി.ജി.എസ്.ടി ആക്ടിലെ 69ാം വകുപ്പ് എടുത്തുമാറ്റാൻ കൗൺസിൽ തീരുമാനിച്ചിരുന്നു.

വാഹന പരിശോധനകളിൽ നിയന്ത്രണം: പ്രത്യേക രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലും, ജോയിന്റ് കമ്മീഷണർ റാങ്കിന് താഴെയല്ലാത്ത ഉദ്യോഗസ്ഥന്റെ എഴുതി തയ്യാറാക്കിയ അനുമതിയോടുകൂടി മാത്രമേ ഇനി മുതൽ ചരക്കു വാഹനങ്ങൾ തടയാൻ പാടുള്ളൂ.

അധികാരപരിധി: പരിശോധിക്കുന്ന ഉദ്യോഗസ്ഥന്‍റെ പ്രാദേശിക അധികാരപരിധിയിൽ വരാത്ത വിതരണക്കാരോ സ്വീകർത്താക്കളോ ആണെങ്കിൽ, വാഹനങ്ങൾ തടയാതെ പോകാൻ അനുവദിക്കണം. സംശയകരമായ വിവരങ്ങൾ ബന്ധപ്പെട്ട ജി.എസ്.ടി അധികാരികൾക്ക് കൈമാറുകയും വേണം.

ഇളവുകൾ: ഇ-വേ ബില്ലോ ഉത്ഭവസ്ഥാനമോ ലക്ഷ്യസ്ഥാനമോ വ്യക്തമാക്കുന്ന രേഖകളോ ഇല്ലാത്ത വാഹനങ്ങൾ കൊണ്ടുപോകുന്ന സന്ദർഭങ്ങളിൽ അധികാരപരിധി നോക്കാതെ ഉദ്യോഗസ്ഥർക്ക് പരിശോധന നടത്തുകയോ സാധനങ്ങൾ തടഞ്ഞുവെക്കുകയോ പിടിച്ചെടുക്കുകയോ ചെയ്യാം. കൂടാതെ, ചരക്കുനീക്കത്തിനിടയിൽ സാധനങ്ങളും വാഹനങ്ങളും കണ്ടുകെട്ടുന്നത് സി.ബി.ഐ.സി വിലക്കിയിട്ടുണ്ട്.

ചെറിയ തുകയ്ക്കുള്ള നോട്ടീസുകൾക്ക് വിലക്ക്: ബാധകമായ ജി.എസ്ടി സെസും ഉൾപ്പെടെ ആകെ തുക 10,000 രൂപയിൽ താഴെയാണെങ്കിൽ, 73, 74, 74A എന്നീ വകുപ്പുകൾ പ്രകാരം ഷോ കോസ് നോട്ടീസുകൾ നൽകരുതെന്നും ബോർഡ് നിർദ്ദേശിച്ചിട്ടുണ്ട്.

വ്യാപാര സ്ഥാപനങ്ങൾക്കും ബിസിനസ്സുകൾക്കും ജി.എസ്ടി നിയമങ്ങൾ കൂടുതൽ ലളിതമാക്കാനും, അനാവശ്യ വ്യവഹാരങ്ങൾ ഒഴിവാക്കാനും, ജി.എസ്ടി പരിശോധനകൾ കൂടുതൽ സുതാര്യമാക്കാനുമുള്ള വിശാലമായ ശ്രമങ്ങളുടെ ഭാഗമായാണ് 57ാമത് ജി.എസ്.ടി കൗൺസിൽ ഈ ശുപാർശകൾ നൽകിയത്.

Tags:    
News Summary - new GST laws

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.