ഐ.ടി.ആർ ഫയലിങ്: ഇന്ന് അവസാന തീയതി; ആരെല്ലാം ഫയൽ ചെയ്യണം?

ഇന്ന് ഐ.ടി.ആർ ഫയലിങ്ങിനുള്ള അവസാന തീയതിയാണ്. പുതിയ അറിയിപ്പ് അനുസരിച്ച് ഇതിനോടകം 7 കോടിയിലധികം ഐ.ടി.ആറുകൾ ഫയൽ ചെയ്യപ്പെട്ടുകഴിഞ്ഞു.  ബിസിനസ് അല്ലെങ്കിൽ പ്രഫഷണൽ വരുമാനമുള്ളതും എന്നാൽ അക്കൗണ്ടുകൾ ടാക്സ് ഓഡിറ്റിന് വിധേയമല്ലാത്തതുമായ നികുതിദായകർക്കാണ് ആഗസ്റ്റ് 31 ലെ അവസാന തീയതി ബാധകമാകുന്നത്. .

ഐ.ടി.ആർ 1, ഐ.ടി.ആർ 2 അല്ലെങ്കിൽ ഐ.ടി.ആർ 4 എന്നിവ ഉപയോഗിക്കാൻ അർഹതയില്ലാത്ത, ബിസിനസ് അല്ലെങ്കിൽ തൊഴിൽ വഴിയുള്ള വരുമാനമുള്ള വ്യക്തികൾക്കും എച്ച്‌.യു.എഫുകൾക്കും ഐ.ടി.ആർ 3 ബാധകമാകുന്നത്. 44AD, 44ADA അല്ലെങ്കിൽ 44AE വകുപ്പുകൾ പ്രകാരം പ്രിസംപ്റ്റീവ് ടാക്സേഷൻ (Presumptive taxation) തിരഞ്ഞെടുക്കുന്നതും നിശ്ചിത വ്യവസ്ഥകൾ പാലിക്കുന്നതുമായ റസിഡന്‍റ് വ്യക്തികൾക്കും എച്ച്‌.യു.എഫ് ഫേമുകൾക്കും (എൽ.എൽ.പി ഒഴികെയുള്ളവ) ഐ.ടി.ആർ 4 ലഭ്യമാണ്.

നികുതിദായകരുടെ അവസ്ഥയും വരുമാനത്തിന്‍റെ സ്വഭാവവും അനുസരിച്ച് ഐ.ടി.ആർ 5, ഐ.ടി.ആർ 7 തുടങ്ങിയ മറ്റ് റിട്ടേൺ ഫോമുകളും  ആഗസ്റ്റ് 31ലെ ഓഡിറ്റ് ഇതര അവസാന തീയതിയുടെ പരിധിയിൽ വരുന്നു. ഐ.ടി.ആർ 3, ഐ.ടി.ആർ 4, ഐ.ടി.ആർ 5, ഐ.ടി.ആർ 7 എന്നിവ ഉപയോഗിക്കുന്ന ഓഡിറ്റ് ഇതര നികുതിദായകർ ഇന്ന് തന്നെ ഫയലിങ് പൂർത്തിയാക്കണമെന്ന് ആദായ നികുതി വകുപ്പ് പ്രത്യേകം ആവശ്യപ്പെട്ടിട്ടുണ്ട്.

ശമ്പളക്കാർക്ക് നികുതി അടക്കാനുള്ള തീയതി ജൂലൈ 31ന് തന്നെ കഴിഞ്ഞിരുന്നു. ഐ.ടി.ആർ 1 അല്ലെങ്കിൽ ഐ.ടി.ആർ 2 ഫയൽ ചെയ്യുന്ന ശമ്പളക്കാർ, പെൻഷൻകാർ എന്നിവരുൾപ്പെടെയുള്ള സാധാരണ ഓഡിറ്റ് ഇതര വിഭാഗത്തിലുള്ള നികുതിദായകർക്കാണ് 2026 ജൂലൈ 31 ലെ അവസാന തീയതി ബാധകമായിരുന്നത്. ജൂലൈ 31 ലെ അവസാന തീയതിക്കുള്ളിൽ 5.9 കോടിയിലധികം ഐ.ടി.ആർ1, ഐ.ടി.ആർ 2 റിട്ടേണുകൾ ഫയൽ ചെയ്യപ്പെട്ടിരുന്നു. അതുകൊണ്ട് ആഗസ്റ്റ് 31 എല്ലാ നികുതി ദായകർക്കുമുള്ള അവസാന തീയതിയല്ല. നികുതിദായകന്‍റെ വരുമാന പ്രൊഫൈൽ, ഓഡിറ്റ് ആവശ്യകത, ബാധകമായ ഐ.ടി.ആർ ഫോം എന്നിവയെ ആശ്രയിച്ചാണ് സമയ പരിധി നിശ്ചയിക്കപ്പെടുന്നത്.

ഫ്രീലാൻസർമാരും കൺസൾട്ടന്റുകളും പ്രഫഷണലുകളും 

ഫ്രീലാൻസർമാർ, കൺസൾട്ടന്റുകൾ, പ്രൊപ്രൈറ്റർമാർ തുടങ്ങിയ പ്രഫഷണലുകൾ തങ്ങളുടെ വരുമാനം ബിസിനസ്/പ്രഫഷൻ വിഭാഗത്തിന് കീഴിലാണോ വരുന്നതെന്നും തങ്ങൾക്ക് ടാക്സ് ഓഡിറ്റ് ആവശ്യമുണ്ടോ എന്നും പരിശോധിക്കേണ്ടതാണ്.

വ്യവസ്ഥകൾ പാലിക്കുകയാണെങ്കിൽ പ്രിസംപ്റ്റീവ് ടാക്സേഷൻ തിരഞ്ഞെടുക്കുന്ന നികുതിദായർക്ക് ഐ.ടി.ആർ 4 ഫയൽ ചെയ്യാൻ അർഹതയുണ്ടായിരിക്കും. ഉദാഹരണത്തിന്, മൊത്തം വരുമാനം 50 ലക്ഷം രൂപയിൽ കവിയാത്തപ്പോഴും, ബിസിനസ് അല്ലെങ്കിൽ പ്രഫഷണൽ വരുമാനം പ്രിസംപ്റ്റീവ് അടിസ്ഥാനത്തിൽ കണക്കാക്കുമ്പോഴും പൊതുവെ ഐ.ടി.ആർ 4 ലഭ്യമാണ്. ഐ.ടി.ആർ 4ന് അർഹതയില്ലാത്തവർ ഐ.ടി.ആർ 3 അല്ലെങ്കിൽ മറ്റ് ബാധകമായ റിട്ടേണുകൾ ഫയൽ ചെയ്യണം.

അക്കൗണ്ടുകൾ ടാക്സ് ഓഡിറ്റിന് വിധേയമാണെങ്കിൽ എന്ത് സംഭവിക്കും?

അക്കൗണ്ടുകൾ ഓഡിറ്റ് ചെയ്യേണ്ടതുള്ള നികുതിദായകർക്ക് ഇന്നത്തെ അവസാന തീയതി ബാധകമല്ല. AY 2026-27 ലേക്ക്, FY 2025-26-ന്റെ ടാക്സ് ഓഡിറ്റ് റിപ്പോർട്ട് സമർപ്പിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 30 ആണ്. ഓഡിറ്റ് കേസുകളുടെ ഐ.ടി.ആർ ഫയലിങ് അവസാന തീയതി സാധാരണയായി 2026 ഒക്ടോബർ 31 ആണ്.

ടാക്സ് ഓഡിറ്റിനുള്ള പരിധി 

ബിസിനസ്: വിറ്റുവരവ് (Turnover), സെയിൽസ് അല്ലെങ്കിൽ ഗ്രോസ് റിസീപ്റ്റ്സ് 1 കോടി രൂപയിൽ കവിയുമ്പോൾ.

കുറഞ്ഞ പണമിടപാടുകളുള്ള ബിസിനസ്: ആകെ തുകയുടെ 5 ശതമാനത്തിൽ കൂടുതൽ പണമായിട്ടുള്ള വരവുകളും ചെലവുകളും ഇല്ലാത്ത പക്ഷം ഈ പരിധി 10 കോടി രൂപ വരെയാകാം.

പ്രഫഷൻ: ഗ്രോസ് റിസീപ്റ്റ്സ് 50 ലക്ഷം രൂപയിൽ കവിയുമ്പോൾ.

അവസാന തീയതി മിസ് ആയാൽ

അവസാന തീയതി മിസ് ആയാലും വൈകിയുള്ള റിട്ടേണായി (Belated return) ഇത് ഫയൽ ചെയ്യാൻ സാധിക്കും. എങ്കിലും വൈകി ഫയൽ ചെയ്യുന്നത് സാമ്പത്തികമായും നികുതിപരമായും ചില പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാം. പരമാവധി 5,000 രൂപ വരെ ലേറ്റ് ഫീ ഈടാക്കപ്പെടാമെന്നും ബാധകമായ കേസുകളിൽ കുടിശ്ശികയുള്ള നികുതിക്ക് പലിശ നൽകേണ്ടി വരുമെന്നും ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നുണ്ട്.

ഫയലിങ് മാത്രമല്ല ഇ-വെരിഫിക്കേഷനും

റിട്ടേൺ സമർപ്പിച്ചതിന് ശേഷം അത് വെരിഫൈ ചെയ്തിട്ടുണ്ടെന്ന് നികുതിദായകർ ഉറപ്പുവരുത്തേണ്ടതാണ്. നിശ്ചിത സമയപരിധിക്കുള്ളിൽ വെരിഫിക്കേഷൻ പൂർത്തിയാക്കാത്ത പക്ഷം ഫയൽ ചെയ്ത ഐ.ടി.ആർ പെൻഡിങ് ആകും.

AY 2026-27 ലെ റിട്ടേണുകൾ വെരിഫിക്കേഷൻ ബാക്കിയുള്ള നികുതിദായകർക്ക് ആദായ നികുതി വകുപ്പ് പ്രത്യേകം നോട്ടിഫിക്കേഷൻ അയച്ചിട്ടുണ്ട്. ഇന്ന് രാത്രി 11.59 വരെ നികുതിദായകരെ സഹായിക്കുന്നതിനായി ആദായ നികുതി വകുപ്പിന്‍റെ ഇ-ഫയലിങ് പോർട്ടൽ സപ്പോർട്ട് ലൈനുകൾ 24 മണിക്കൂറും പ്രവർത്തിക്കും. 

Tags:    
News Summary - ITR filing last date

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.