ആര്‍.ബി.ഐ കളമൊഴിഞ്ഞു; ഇനി പന്ത് ധനമന്ത്രിയുടെ കൈയില്‍

ചൊവ്വാഴ്ച പ്രഖ്യാപിച്ച ഏറ്റവുംപുതിയ വായ്പാനയത്തിലും പലിശനിരക്ക് കുറക്കുന്ന കാര്യത്തില്‍ പച്ചക്കൊടി കാണിക്കാന്‍ റിസര്‍വ് ബാങ്ക് (ആര്‍.ബി.ഐ) ഗവര്‍ണര്‍ രഘുറാം രാജന്‍ തയാറായിട്ടില്ല. എന്നാല്‍, ഇക്കുറി കേന്ദ്ര ബാങ്ക് മേധാവിയുടെ പ്രഖ്യാപനം വന്നതിനു പിറകെ ഓഹരിവിപണി തകര്‍ന്നില്ല. വ്യവസായമേധാവികളും വാണിജ്യ ബാങ്ക് മേധാവികളും പ്രതിഷേധിച്ചുമില്ല. തീരുമാനത്തില്‍ ആര്‍ക്കും നിരാശയേയില്ല. മറ്റൊന്നുമല്ല കാരണം. ഇക്കുറി ആരും പലിശനിരക്കില്‍ കുറവുണ്ടാകുമെന്ന് പ്രതീക്ഷിച്ചിട്ടുപോലുമില്ല. അതിനുള്ള സാഹചര്യം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയില്‍ നിലനില്‍ക്കുന്നുമില്ല. പന്ത് ഇപ്പോള്‍ രഘുറാം രാജന്‍െറ കൈയിലല്ല. അത് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ കൈയിലാണ്. പണപ്പെരുപ്പവും ധനക്കമ്മിയും നിയന്ത്രിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ അമ്പേ പരാജയപ്പെടുമ്പോള്‍ നിസ്സഹായനായി നോക്കിനില്‍ക്കാനെ കേന്ദ്ര ബാങ്ക് മേധാവിക്ക് കഴിയുകയുള്ളൂ.

കടുത്ത വെല്ലുവിളി ഏറ്റെടുത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ റിസര്‍വ് ബാങ്ക് വായ്പാ നിരക്കില്‍ 1.25 ശതമാനത്തോളം കുറവ് വരുത്തിയിരുന്നു. എന്നാല്‍, ഇതിനു ചുവടുപിടിച്ച് വായ്പാനിരക്കുകള്‍ കുറക്കാന്‍ പൊതുമേഖലാ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള വാണിജ്യബാങ്കുകള്‍ തയാറായില്ല. സമ്പദ്വ്യവസ്ഥ അടിക്കടി പരിതാപകരമായ അവസ്ഥയിലേക്ക് കൂപ്പുകുത്തുമ്പോള്‍ വായ്പകള്‍ അനുവദിച്ച് അപകടത്തില്‍പെടുന്നതിനെക്കാള്‍ ഉചിതം റിസര്‍വ് ബാങ്കിന്‍െറ കുറഞ്ഞ പലിശ നിരക്കാണെന്ന നിലപാടിലാണ് ബാങ്കുകള്‍. ധനമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ ഭീഷണികള്‍ക്കും ഈ നിലപാടില്‍ കാര്യമായ മാറ്റമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല.
പലിശനിരക്ക് ഇനിയും കുറക്കണമെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ ധനക്കമ്മി കുറച്ച് സാമ്പത്തിക അച്ചടക്കം പാലിക്കണമെന്നാണ് റിസര്‍വ് ബാങ്കിന്‍െറ നിലപാട്. ഒപ്പം പണപ്പെരുപ്പം നിയന്ത്രിക്കുകയും വേണം. അല്ളെങ്കില്‍, പണലഭ്യത ഉയര്‍ത്തി പലിശനിരക്ക് കുറക്കുന്നത് സാമ്പത്തികവളര്‍ച്ച ത്വരിതപ്പെടുത്തുകയെന്ന ലക്ഷ്യത്തിലേക്ക് രാജ്യത്തെ നയിക്കില്ല. പകരം ഇപ്പോള്‍തന്നെ അതിരൂക്ഷമായിരിക്കുന്ന പണപ്പെരുപ്പം കൂടുതല്‍ വഷളാവും; സമ്പദ്വ്യവസ്ഥയില്‍ വിപരീതഫലം ഉണ്ടാവുകയും ചെയ്യും.

നടപ്പ് സാമ്പത്തികവര്‍ഷം ധനക്കമ്മി ആഭ്യന്തര മൊത്ത ഉല്‍പാദനത്തിന്‍െറ 3.9 ശതമാനമാക്കുകയെന്നതായിരുന്നു കേന്ദ്രസര്‍ക്കാറിന്‍െറ ലക്ഷ്യം. 2016-17ല്‍ ഇത് 3.5 ശതമാനമായും 2018ഓടെ മൂന്നു ശതമാനമായും കുറക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, നികുതികള്‍ വര്‍ധിപ്പിച്ച് രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവില കുത്തനെ കുറഞ്ഞതിന്‍െറ എല്ലാ നേട്ടവും ഉപഭോക്താക്കളില്‍നിന്ന് തട്ടിയെടുത്തിട്ടും ഇതിന്‍െറ അടുത്തത്തൊന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് വസ്തുത.
കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ വ്യവസായികളെ പ്രീതിപ്പെടുത്താന്‍ കമ്പനി നികുതി അഞ്ചു ശതമാനത്തോളം കുറച്ചത് സര്‍ക്കാറിന്‍െറ വരുമാനത്തില്‍ വന്‍ ഇടിവിന് കാരണമായിരുന്നു. എന്നാല്‍, ഇതുമൂലം സ്വകാര്യമേഖലയില്‍നിന്നുള്ള വ്യവസായിക നിക്ഷേപത്തില്‍ കാര്യമായ വര്‍ധന ഉണ്ടാവുകയും ചെയ്തില്ല.
ഏഴാം ശമ്പള കമീഷന്‍ ശിപാര്‍ശകള്‍ നടപ്പാക്കിയതോടെ 2016-17 സാമ്പത്തികവര്‍ഷം ലക്ഷം കോടി രൂപയിലേറെ അധികബാധ്യത ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിന്‍െറ ദോഷഫലങ്ങള്‍ ഇപ്പോള്‍തന്നെ സര്‍ക്കാറിന്‍െറ ചെലവുകളില്‍ പ്രകടമാകുന്നുമുണ്ട്. നികുതികള്‍ വര്‍ധിപ്പിച്ച് സാധാരണക്കാരെ ആവുന്നതും പിഴിഞ്ഞിട്ടും ഈ അധിക ബാധ്യതകള്‍ക്ക് പരിഹാരമായിട്ടില്ല എന്നാണ് ഇതുവരെയുള്ള കേന്ദ്ര ഖജനാവിന്‍െറ കമ്മി വ്യക്തമാക്കുന്നത്.

സമ്പദ്രംഗം അതീവ പരിതാപകരമായ അവസ്ഥയിലായതോടെ സ്വകാര്യമേഖലയില്‍ നിന്നുള്ള നിക്ഷേപങ്ങളും ഇല്ലാതായി. പിന്നെ സമ്പദ്വ്യവസ്ഥയില്‍ ഉണര്‍വ് കൊണ്ടുവരാന്‍ ഏക പോംവഴി സര്‍ക്കാര്‍ നിക്ഷേപങ്ങളാണ്. കമ്മി കുമിഞ്ഞുകൂടിയതോടെ കാര്‍ഷികമേഖലയില്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ പദ്ധതികള്‍ ഏതാണ്ട് നിലച്ചമട്ടാണ്. ഇത് സമ്പദ്വ്യവസ്ഥയെ കൂടുതല്‍ ദരിദ്രമായ അവസ്ഥയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. പലിശനിരക്ക് കൂടുതല്‍ കുറക്കാനുള്ള സമ്മര്‍ദങ്ങള്‍ അതിജീവിച്ച് റിസര്‍വ് ബാങ്ക് നടത്തിയ ശ്രമങ്ങള്‍ നിലവില്‍ പണപ്പെരുപ്പം ആറു ശതമാനത്തില്‍ പിടിച്ചുനിര്‍ത്തിയിട്ടുണ്ട്. എന്നാല്‍, പണപ്പെരുപ്പവും അതീവ ഗുരുതരാവസ്ഥയിലേക്കാണ് നീങ്ങുന്നത് എന്നാണ് ലഭ്യമായ വിവരങ്ങള്‍ നല്‍കുന്ന സൂചന. 2015 ആഗസ്റ്റിനുശേഷം ഉപഭോക്തൃ വിലസൂചിക കുതിച്ചുയരുന്ന പ്രവണത കാണിക്കുന്നതിനെ കേന്ദ്ര ബാങ്ക് ആശങ്കയോടെയാണ് കാണുന്നത്. ഡിസംബറില്‍ ഭക്ഷ്യവിലപ്പെരുപ്പം 6.4 ശതമാനംവരെ ഉയരുകയും ചെയ്തിട്ടുണ്ട്.

പണലഭ്യത നിയന്ത്രിച്ച് പണപ്പെരുപ്പം നിയന്ത്രിക്കാനേ കേന്ദ്രബാങ്കിന് കഴിയൂ. എന്നാല്‍, യഥാര്‍ഥത്തില്‍ പണപ്പെരുപ്പം കുറയണമെങ്കില്‍ പൊതുവിപണിയില്‍ ഉല്‍പന്നങ്ങളുടെ വില കുറയണം. അതില്‍ സുപ്രധാനമാകുക കേന്ദ്രസര്‍ക്കാറിന്‍െറ നയങ്ങളാണ്. പണപ്പെരുപ്പത്തിന്‍െറ പേരില്‍ യു.പി.എ സര്‍ക്കാറിനെ അതിരൂക്ഷമായി വിമര്‍ശിച്ചും വലിയ പ്രഖ്യാപനങ്ങള്‍ നടത്തിയുമാണ് എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതെങ്കിലും അവയൊന്നും ഇതുവരെ പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് വസ്തുത.

രാജ്യാന്തരവിപണിയില്‍ അസംസ്കൃത എണ്ണവില കുത്തനെ ഇടിഞ്ഞതിന് ചുവടുപിടിച്ച് ഇന്ത്യയിലും ഇന്ധനവില കുറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറായിരുന്നെങ്കില്‍ പണപ്പെരുപ്പവും കുത്തനെ കുറക്കാന്‍ കഴിയുമായിരുന്നു. എന്നാല്‍, അടിക്കടി എക്സൈസ് തീരുവ ഉയര്‍ത്തി വിലക്കുറവിന്‍െറ നേട്ടം ഉപഭോക്താക്കളില്‍നിന്ന് തട്ടിയെടുത്തതോടെ ആ അവസരവും നഷ്ടമായി. ഇതോടെ സാധാരണക്കാര്‍ അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തില്‍ നട്ടംതിരിയുകയാണ്.

പണപ്പെരുപ്പം നിയന്ത്രണത്തിലായാലെ പലിശനിരക്കുകള്‍ ഇനി കുറക്കുകയുള്ളൂവെന്ന് ആര്‍.ബി.ഐ മേധാവി മാസങ്ങള്‍ക്ക് മുമ്പുതന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഏറ്റവും ഒടുവിലത്തെ വായ്പാനയ അവലോകനത്തിലും അദ്ദേഹം വ്യക്തമാക്കുന്നത് ഇതുതന്നെയാണ്. പ്രതീക്ഷ ഈ മാസം ഒടുവില്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന ധനമന്ത്രിയുടെ നിലപാടുകളിലാണ്. നിലവിലെ സാഹചര്യത്തില്‍ ഇത് അതീവ നിര്‍ണായകവുമാണ്. കമ്മി നിയന്ത്രിക്കുന്നതിനും സമ്പദ്വ്യവസ്ഥക്ക് പുതുജീവന്‍ ലഭ്യമാക്കുന്നതിലും ഒപ്പം വിലക്കയറ്റം നിയന്ത്രിക്കുന്നതിനും അദ്ദേഹം എന്ത് നിലപാട് സ്വീകരിക്കുന്നു എന്ന് ഉറ്റുനോക്കുകയാണ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT