ആഡംബര കാറുകൾ, വലിയ വീട്?: സാമ്പത്തിക വിജയത്തിന്റെ യഥാർഥ ലക്ഷണങ്ങൾ എന്തൊക്കെ?

സാമ്പത്തിക വിജയം എന്നത് ഓരോരുത്തർക്കും ഓരോ രീതിയിലാണ്. അത് എപ്പോഴും ഉയർന്ന ശമ്പളം വാങ്ങുന്നതിലോ ഏറ്റവും വിലകൂടിയ സാധനങ്ങൾ സ്വന്തമാക്കുന്നതിലോ അല്ല. മറിച്ച്, സ്വന്തം പണത്തിന്മേൽ നമുക്കുള്ള നിയന്ത്രണം, ഭാവിക്കായുള്ള കരുതലുകൾ, സാമ്പത്തിക ആശങ്കകളില്ലാത്ത ജീവിതം എന്നിവയാണ്. താഴെ പറയുന്ന ലക്ഷണങ്ങളിൽ പലതും നിങ്ങളിൽ ഉണ്ടെങ്കിൽ, നിങ്ങൾ വിചാരിക്കുന്നതിനേക്കാൾ മികച്ച രീതിയിലാണ് സാമ്പത്തികമായി നിങ്ങൾ മുന്നോട്ട് പോകുന്നതെന്ന് മനസിലാക്കാം.

ഒരു ആഡംബര കാറോ വലിയൊരു വീടോ അല്ലെങ്കിൽ ബാങ്കിൽ കോടികളുടെ ബാലൻസോ ഉള്ളതാണ് സാമ്പത്തിക വിജയം എന്നാണ് പലരും കരുതുന്നത്. എന്നാൽ യാഥാർഥത്തിൽ, പണം ധൂർത്തടിച്ച് കാണിക്കുന്നതിലല്ല, മറിച്ച് സാമ്പത്തിക ഭദ്രത, നല്ല ശീലങ്ങൾ, സമാധാനം എന്നിവയിലാണ് മികച്ച സാമ്പത്തിക ആരോഗ്യം അടങ്ങിയിരിക്കുന്നത്. നിങ്ങൾ നിങ്ങളെ ഒരു സമ്പന്നനായി കണക്കാക്കുന്നുണ്ടാവില്ല, എങ്കിലും സാമ്പത്തിക ലക്ഷ്യങ്ങൾ കൃത്യമായി നേടാനും പണവുമായി ബന്ധപ്പെട്ട മാനസിക സമ്മർദ്ദങ്ങൾ ഒഴിവാക്കാനും സാധിക്കുന്നുണ്ടെങ്കിൽ നിങ്ങൾ മികച്ച നിലയിലാണ്.

ബില്ലുകൾ കൃത്യസമയത്ത് അടക്കാൻ സാധിക്കുന്നു: അവസാന നിമിഷം പണത്തിനായി നെട്ടോട്ടമോടാതെ വീട്ടുവാടക, ഇ.എം.ഐ, കറന്റ്-വെള്ളം ബില്ലുകൾ, ക്രെഡിറ്റ് കാർഡ് കുടിശ്ശികകൾ എന്നിവ കൃത്യസമയത്ത് അടക്കാൻ കഴിയുന്നത് സാമ്പത്തിക ഭദ്രതയുടെ ലക്ഷണമാണ്.

ഒരു അടിയന്തിര ഫണ്ട് : പെട്ടെന്നുണ്ടാകുന്ന ചികിത്സാ ചെലവുകൾ, വണ്ടിയുടെ തകരാറുകൾ, അല്ലെങ്കിൽ താൽക്കാലികമായി ജോലി നഷ്ടപ്പെടൽ തുടങ്ങിയ സാഹചര്യങ്ങളെ നേരിടാൻ ആവശ്യമായ സമ്പാദ്യം നിങ്ങൾ മാറ്റിവെച്ചിട്ടുണ്ടെങ്കിൽ, നിങ്ങൾ പലരേക്കാളും മുന്നിലാണ്. ഏതാനും മാസത്തെ ചെലവുകൾക്കുള്ള പണം കൈവശമുണ്ടാകുന്നത് വലിയ സുരക്ഷിതത്വം നൽകും.

അടിസ്ഥാന ആവശ്യങ്ങൾക്ക് ക്രെഡിറ്റ് കാർഡുകളെ ആശ്രയിക്കുന്നില്ല: ആവശ്യങ്ങൾ എളുപ്പമാക്കാൻ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത് നല്ലൊരു രീതിയാണ്. എന്നാൽ നിത്യോപയോഗ സാധനങ്ങൾ വാങ്ങാനും അടിസ്ഥാന പ്രതിമാസ ചെലവുകൾ നടത്താനും അതിനെ ആശ്രയിക്കുന്നത് അത്ര നല്ലൊരു കാര്യമല്ല. നിങ്ങളുടെ വരുമാനം കൊണ്ട് തന്നെ അടിസ്ഥാന ആവശ്യങ്ങൾ നടന്നുപോകുന്നുണ്ടെങ്കിൽ അത് സാമ്പത്തിക ഭദ്രതയുടെ നല്ലൊരു ലക്ഷണമാണ്.

കൃത്യമായി പണം സമ്പാദിക്കുന്നു: മാസം 500 രൂപയോ 50,000 രൂപയോ ആകട്ടെ, ഭാവിക്കായി കൃത്യമായി ഒരു തുക മാറ്റിവെക്കുന്നത് നിങ്ങളുടെ സാമ്പത്തിക അച്ചടക്കത്തെയും ദീർഘവീക്ഷണത്തെയുമാണ് കാണിക്കുന്നത്.

കടങ്ങൾ നിയന്ത്രണവിധേയം: ഭവന വായ്പയോ വിദ്യാഭ്യാസ വായ്പയോ ഉള്ളത് ഒരു തെറ്റല്ല. എന്നാൽ ആ വായ്പകളുടെ തിരിച്ചടവ് നിങ്ങളുടെ വരുമാനത്തിന്റെ വലിയൊരു പങ്ക് കവർന്നുപോകാതെ നിയന്ത്രിക്കാൻ സാധിക്കുന്നുണ്ടോ എന്നതാണ് പ്രധാനം.

ചെറിയ അടിയന്തിര സാഹചര്യങ്ങൾ കൈകാര്യം ചെയ്യൽ: വീട്ടിലെ ഏതെങ്കിലും ഉപകരണത്തിന്റെ അറ്റകുറ്റപ്പണിയോ, പെട്ടെന്നുണ്ടാകുന്ന ചികിത്സാ ചെലവുകളോ, അടിയന്തിര യാത്രകളോ നിങ്ങളുടെ മാസ ബജറ്റിനെ താളംതെറ്റിക്കുന്നില്ലെങ്കിൽ, നിങ്ങൾക്കൊരു സാമ്പത്തിക സുരക്ഷാ കവചമുണ്ടെന്ന് ഉറപ്പിക്കാം.

ഭാവിക്കായി നിക്ഷേപം: മ്യൂച്വൽ ഫണ്ടുകൾ, ഓഹരികൾ, റിട്ടയർമെന്റ് അക്കൗണ്ടുകൾ അല്ലെങ്കിൽ മറ്റ് നിക്ഷേപങ്ങൾ എന്നിവയിലേക്ക് നിങ്ങൾ പണം മാറ്റുന്നുണ്ടെങ്കിൽ, നിങ്ങൾ വെറുതെ സമ്പാദിക്കുകയോ ചെലവഴിക്കുകയോ മാത്രമല്ല, മറിച്ച് സമ്പത്ത് വളർത്തുകയാണ് ചെയ്യുന്നത്.

കുറ്റബോധമില്ലാതെ പണം ചിലവഴിക്കാൻ സാധിക്കുന്നു: അടുത്ത മാസത്തെ ബില്ലുകളെക്കുറിച്ച് ആകുലപ്പെടാതെ ഒരു യാത്ര പോകാനോ, വല്ലപ്പോഴുമൊന്ന് പുറത്തുപോയി ഭക്ഷണം കഴിക്കാനോ, സ്വന്തം ഹോബികൾക്കായി പണം കണ്ടെത്താനോ സാധിക്കുന്നത് സന്തുലിതമായ സാമ്പത്തിക ജീവിതത്തിന്റെ ലക്ഷണമാണ്.

വ്യക്തമായ സാമ്പത്തിക ലക്ഷ്യങ്ങൾ: സാമ്പത്തികാരോഗ്യം ഉള്ളവർക്ക് ഒരു വീട് വാങ്ങുക, കുട്ടികളുടെ വിദ്യാഭ്യാസം, റിട്ടയർമെന്റ് ഫണ്ട് രൂപീകരിക്കുക അല്ലെങ്കിൽ സാമ്പത്തിക സ്വാതന്ത്ര്യം നേടുക എന്നിങ്ങനെ വ്യക്തമായ പ്ലാനുകൾ ഉണ്ടായിരിക്കും.

നിങ്ങളുടെ ആകെ സമ്പാദ്യം ക്രമേണ വളരുന്നു: മാസാമാസം കണക്ക് നോക്കുമ്പോൾ കടങ്ങൾ കുറയുകയും സമ്പാദ്യവും നിക്ഷേപങ്ങളും വർധിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ നിങ്ങൾ ശരിയായ ദിശയിലാണ് സഞ്ചരിക്കുന്നത്.

പണമല്ല നിങ്ങളുടെ ഏറ്റവും വലിയ മാനസിക സമ്മർദം: എല്ലാവരും എപ്പോഴെങ്കിലുമൊക്കെ പണത്തെക്കുറിച്ച് ആശങ്കപ്പെടാറുണ്ട്. എന്നാൽ പണത്തെക്കുറിച്ചുള്ള ചിന്തകൾ നിങ്ങളുടെ ദൈനംദിന ജീവിതത്തെയും മനസിനെയും എപ്പോഴും അലട്ടുന്നില്ലെങ്കിൽ, നിങ്ങൾ സാമ്പത്തിക കാര്യങ്ങൾ മികച്ച രീതിയിലാണ് കൈകാര്യം ചെയ്യപ്പെടുന്നത് എന്ന് മനസ്സിലാക്കാം.

സാമ്പത്തിക ഭദ്രതയുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണം "മനസമാധാനം" ആണ്. ജീവിതത്തിലെ അപ്രതീക്ഷിത പ്രതിസന്ധികളെ പരിഭ്രാന്തിയില്ലാതെ നേരിടാൻ കഴിയും എന്ന ആത്മവിശ്വാസം ഏതൊരു ആഡംബര വസ്തുവിനേക്കാളും വിലമതിപ്പുള്ളതാണ്.

Tags:    
News Summary - What are the true signs of financial success?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.