പങ്കാളിയുടെ പേരിൽ സ്വർണം വാങ്ങും മുമ്പ് അറിഞ്ഞിരിക്കേണ്ടത്
പലരും സ്വർണാഭരണങ്ങളും നാണയങ്ങളും ബാറുകളും തങ്ങളുടെ വരുമാനം കൊണ്ട് വാങ്ങി പങ്കാളിയുടെ പേരിൽ രജിസ്റ്റർ ചെയ്യാറുണ്ട്. വാങ്ങുമ്പോൾ അത് ബാധിക്കില്ലെങ്കിലും വിൽക്കുമ്പോൾ നികുതി പ്രശ്നങ്ങൾ നേരിട്ടേക്കാം.
സ്വർണം വാങ്ങാൻ ഉപയോഗിച്ച പണത്തിന്റെ ഉറവിടമാണ് ഇതിൽ പ്രധാനം. പങ്കാളി തന്റെ വരുമാനം കൊണ്ട് സ്വർണം വാങ്ങുകയോ, വാങ്ങാൻ പണം നൽകുകയോ ചെയ്താൽ, വിൽപ്പനയിലൂടെ ലഭിക്കുന്ന ലാഭത്തിന് ക്ലബ്ബിങ് വ്യവസ്ഥകൾ ബാധകമാകും. പങ്കാളിയുടെ പേരിൽ സ്വർണ്ണം വാങ്ങുന്നതിന് മുമ്പ് ദമ്പതികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതാ.
വാങ്ങുമ്പോൾ നികുതിയില്ല
തന്റെ വരുമാനം കൊണ്ട് പങ്കാളിയുടെ പേരിൽ സ്വർണം വാങ്ങുന്നതിന് നികുതിയില്ല. എന്നാൽ, മതിയായ പ്രതിഫലം ഇല്ലാതെ പങ്കാളിക്ക് സ്വത്ത് കൈമാറിയാൽ, അതിൽ നിന്ന് ലഭിക്കുന്ന വരുമാനം വാങ്ങുന്നയാളുടെ വരുമാനത്തോടൊപ്പം ചേർക്കപ്പെടും. പങ്കാളിക്ക് നൽകുന്ന സമ്മാനമായി നൽകുന്ന പണത്തിനും നികുതി ബാധകമല്ല.
എപ്പോഴാണ് നികുതി ബാധകമാകുക?
പങ്കാളിയുടെ പണം കൊണ്ട് വാങ്ങിയ സ്വർണം വിൽക്കുമ്പോളാണ് നികുതി ബാധകമാകുക. ഇങ്ങനെ സ്വർണം വിറ്റ് ലഭിക്കുന്ന ലാഭം ഭർത്താവിന്റെ വരുമാനത്തോടൊപ്പം ചേർത്ത് (ക്ലബ്ബിങ്) നികുതി ചുമത്തും. ആദായനികുതി നിയമം 2025, സെക്ഷൻ 99 പ്രകാരമാണ് ഇത്.
സ്വർണം 24 മാസത്തിനുള്ളിൽ വിറ്റാൽ സാധാരണ സ്ലാബ് നിരക്കിലാണ് നികുതി ചുമത്തുക. ഇനി 24 മാസങ്ങൾക്ക് ശേഷമാണ് സ്വർണം വിൽക്കുന്നതെങ്കിൽ 12.5 ശതമാനം നികുതിയുണ്ട്. അതേസമയം, പങ്കാളി സ്വന്തം വരുമാനം കൊണ്ടോ, പിൻ മണി (ചെലവ് കാശ്) കൊണ്ടോ വാങ്ങിയ സ്വർണത്തിന് ഈ നിയമം ബാധകമല്ല.
നികുതി പരിശോധന ഒഴിവാക്കാൻ എന്തൊക്കെ രേഖകൾ സൂക്ഷിക്കണം?
ഒരാളുടെ വരുമാനം ഉപയോഗിച്ച് പങ്കാളിയുടെ പേരിൽ സ്വർണം വാങ്ങുന്നത് ആദായനികുതി നിയമങ്ങളുടെ ലംഘനമല്ല. പക്ഷേ, അവരുടെ വരുമാനത്തിന്റെ ആനുപാതികമല്ലാത്ത ഉയർന്ന മൂല്യമുള്ള വാങ്ങൽ ആദായനികുതി വകുപ്പിന്റെ പരിശോധനയ്ക്ക് കാരണമായേക്കാം.
ഫണ്ടിന്റെ ഉറവിടം വ്യക്തമാക്കുന്നതിന് വാങ്ങിയതിന്റെ ഇൻവോയ്സുകൾ, പേയ്മെന്റ് രസീതുകൾ, ബാങ്ക് സ്റ്റേറ്റ്മെന്റുകൾ, സമ്മാനമായി നൽകിയതിന്റെ രേഖകൾ എന്നിവ ദമ്പതികൾ നിർബന്ധമായും സൂക്ഷിക്കണം. സ്വർണം വാങ്ങാൻ ഉപയോഗിച്ച പണത്തിന്റെ ഉറവിടം തൃപ്തികരമായി വിശദീകരിക്കാൻ സാധിച്ചില്ലെങ്കിൽ, ആ നിക്ഷേപം കണക്കിൽപ്പെടാത്തതായി കണക്കാക്കപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.