ഇനിമുതൽ 1,800ന് മുകളിലുള്ള പി.എഫ് വിഹിതം ജീവനക്കാരനും തൊഴിലുടമക്കും ഇഷ്ടമുണ്ടെങ്കിൽ നൽകിയാൽ മതി

ന്യൂഡൽഹി: ജീവനക്കാരുടെ പ്രൊവിഡന്‍റ് ഫണ്ടിലേക്കുള്ള (ഇ.പി.എഫ്) പ്രതിമാസ വിഹിതത്തിൽ സുപ്രധാന മാറ്റം വരുത്തി കേന്ദ്ര തൊഴിൽ മന്ത്രാലയം. പുതുതായി വിജ്ഞാപനം ചെയ്ത എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പദ്ധതി-2026 പ്രകാരം, നിലവിലെ 15,000 രൂപ പ്രതിമാസ ശമ്പളപരിധിക്ക് മുകളിലുള്ളവർക്ക് ശമ്പളത്തിന്‍റെ അടിസ്ഥാനത്തിൽ നൽകുന്ന പി.എഫ് വിഹിതം ഇനി നിർബന്ധമല്ല. അതായത്, 15,000 രൂപയുടെ 12 ശതമാനമായ 1,800ന് മുകളിലുള്ള പി.എഫ് വിഹിതം ജീവനക്കാരനും തൊഴിലുടമക്കും ഇഷ്ടമുണ്ടെങ്കിൽ നൽകിയാൽ മതി.

നിലവിലെ ചട്ടപ്രകാരം, അടിസ്ഥാന ശമ്പളം 15,000 വരെയുള്ള ജീവനക്കാർക്ക് ഇ.പി.എഫ് അംഗത്വം നിർബന്ധമാണ്. ശമ്പളം പിന്നീട് വർധിച്ചാൽ അതിന്‍റെ 12 ശതമാനം വീതം പി.എഫിലേക്ക് വിഹിതം നൽകുന്ന രീതിയാണ് വ്യാപകമായി പിന്തുടർന്നിരുന്നത്. പുതിയ പദ്ധതി പ്രകാരം പി.എഫ് വിഹിതം സംബന്ധിച്ചുള്ള നിബന്ധനകളിൽ വ്യക്തത വരുത്തിയിട്ടുണ്ട്.

പ്രധാന മാറ്റങ്ങൾ:

നിർബന്ധിത പി.എഫ് വിഹിതം മാസത്തിൽ 1,800 രൂപയായി നിജപ്പെടുത്തിയിരിക്കുന്നു (അല്ലെങ്കിൽ 15,000 രൂപ എന്ന അടിസ്ഥാന വേതന പരിധിയുടെ 12%). ഇതിൽ കൂടുതൽ തുക പി.എഫിലേക്ക് അടക്കാൻ ആഗ്രഹിക്കുന്നവർക്ക് അത് 'സ്വമേധയാ' ഉള്ള വിഹിതമായി കണക്കാക്കും.

ഇപ്പോൾ മുഴുവൻ അടിസ്ഥാന ശമ്പളത്തിന് ആനുപാതികമായി പി.എഫ് അടയ്ക്കുന്നവർക്ക് രണ്ട് ചോയ്സുകളാണുള്ളത്: ഒന്നുകിൽ വിഹിതം കുറച്ച് പ്രതിമാസ ശമ്പളം വർധിപ്പിക്കാം, അല്ലെങ്കിൽ നിലവിലെ പോലെ തുടർന്ന് ഭാവിയിലേക്ക് കൂടുതൽ തുക സമ്പാദിക്കാം.

ഈ തീരുമാനമെടുക്കുന്നതിന് മുൻപ് ഓരോ ജീവനക്കാരും പരിഗണിക്കേണ്ട അഞ്ച് കാര്യങ്ങൾ:

പ്രായവും വിരമിക്കൽ കാലയളവും:

20കളിലും 30കളിലും ഉള്ളവർക്ക് ദീർഘകാലത്തേക്ക് നിക്ഷേപം തുടരുന്നത് 'കോമ്പൗണ്ടിങ്' ഗുണം നൽകും. എന്നാൽ വിരമിക്കാൻ അടുത്തിരിക്കുന്നവർക്ക് പെട്ടെന്നുള്ള സാമ്പത്തിക ആവശ്യങ്ങൾക്കായി പണം കൈവശം വെക്കുന്നതായിരിക്കും കൂടുതൽ ഉചിതം.

വിരമിക്കൽ ലക്ഷ്യങ്ങൾ:

എല്ലാ സമ്പാദ്യവും പി.എഫിൽ മാത്രം നിക്ഷേപിക്കുന്നത് ബുദ്ധിയല്ല. മ്യൂച്ചൽ ഫണ്ട് തുടങ്ങിയ മറ്റ് നിക്ഷേപ മാർഗങ്ങളും പരിഗണിക്കണം. നിങ്ങളുടെ നിലവിലെ സമ്പാദ്യവും ദീർഘകാല ലക്ഷ്യങ്ങളും അടിസ്ഥാനമാക്കിയാണ് തീരുമാനം എടുക്കേണ്ടത്.

പ്രതിമാസ ചെലവുകൾ:

ഭവന വായ്പകൾ, കുട്ടികളുടെ വിദ്യാഭ്യാസം തുടങ്ങിയ വലിയ സാമ്പത്തിക ബാധ്യതകൾ ഉള്ളവർക്ക്, പി.എഫ് വിഹിതം 1,800 രൂപയിലേക്ക് കുറക്കുന്നത് വഴി കൈയിൽ ലഭിക്കുന്ന തുക വർധിപ്പിക്കാൻ സാധിക്കും. (തൊഴിലുടമയുടെ നയം ഇതിന് അനുവദിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതുണ്ട്).

നികുതി ബാധ്യതകൾ:

പി.എഫ് നിക്ഷേപങ്ങൾക്ക് നികുതി ആനുകൂല്യങ്ങൾ ഉണ്ടെങ്കിലും, നിർബന്ധിത പരിധിയിൽ കൂടുതൽ നിക്ഷേപിക്കുമ്പോൾ ആദായ നികുതി നിയമപ്രകാരം അതിനുള്ള നികുതി വശങ്ങൾ കൂടി കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്.

നിക്ഷേപ വൈവിധ്യവൽക്കരണം:

വളണ്ടറി പ്രൊവിഡന്റ് ഫണ്ട് സൗകര്യം ഇപ്പോഴും ലഭ്യമാണ്. എന്നാൽ മുഴുവൻ തുകയും പി.എഫിൽ നിക്ഷേപിക്കുന്നതിന് പകരം മ്യൂച്ചൽ ഫണ്ടുകൾ, നാഷണൽ പെൻഷൻ സിസ്റ്റം, മറ്റ് സ്ഥിര നിക്ഷേപങ്ങൾ എന്നിവയിലായി തുക വിഭജിച്ച് നിക്ഷേപിക്കുന്നതാണ് ദീർഘകാലാടിസ്ഥാനത്തിൽ കൂടുതൽ ഗുണകരം.

പുതിയ നിയമം ജീവനക്കാർക്ക് കൂടുതൽ സാമ്പത്തിക സ്വാതന്ത്ര്യം നൽകുന്നു. ശമ്പളം കൈയിൽ കൂടുതൽ വേണോ അതോ ഭാവിയിലേക്ക് കൂടുതൽ തുക നിക്ഷേപിക്കണോ എന്നത് നിങ്ങളുടെ സാമ്പത്തിക സാഹചര്യങ്ങളും ലക്ഷ്യങ്ങളും അടിസ്ഥാനമാക്കി മാത്രം തീരുമാനിക്കുക.

Tags:    
News Summary - From now on, both the employee and the employer can contribute PF contributions above Rs 1,800 if they wish

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.