വർഷം 1 കോടി രൂപയിലധികം ശമ്പളം എന്നത് പലരുടെയും സ്വപ്നമാണ്. എന്നാൽ അത്രയധികം സമ്പാദിക്കുന്ന ഒരാളുടെ കൈയിൽ ആദായ നികുതിയായി 15,000 രൂപ അടയ്ക്കാൻ പോലും പണമില്ലെങ്കിലോ? ഒരു ചാർട്ടേഡ് അക്കൗണ്ടന്‍റ് അടുത്തിടെ എക്സിൽ പങ്കുവെച്ച ഒരു കഥയാണിത്. ഉയർന്ന ശമ്പളം ഉള്ളവരെല്ലാം നല്ല സാമ്പത്തിക സ്ഥിതിയാണോ എന്ന ചോദ്യത്തിലേക്കാണ് ഇത് വിരൽ ചൂണ്ടുന്നത്.
ചാർട്ടേഡ് അക്കൗണ്ട് കുറിക്കുന്നതിങ്ങനെ, "എന്‍റെ ഐ.ഐ.ടി (IIT) ഉദ്യോഗസ്ഥനായ ഒരു ക്ലയന്‍റിന്‍റെ ഐ.ടി.ആർ ഫയൽ ചെയ്തു. കഴിഞ്ഞ 5 വർഷമായി 1 കോടിയിലധികം പാക്കേജ് ഉള്ള ഒരു യുവാവാണ് അദ്ദേഹം. ആൾക്ക് 3 വീടുകളുണ്ട്, അതിൽ 2 എണ്ണത്തിന്‍റെ പണികൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ 15,000 രൂപ ടാക്സ് അടയ്ക്കാൻ തന്‍റെ കൈയിൽ പണമില്ലെന്നും, ശമ്പളം വരട്ടെ, അപ്പോൾ ടാക്സ് അടയ്ക്കാം, അതിനാൽ ഓഗസ്റ്റ് വരെ കാത്തിരിക്കാൻ അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു." കൂടുതൽ വൈകിയാൽ പലിശ കൂടുമെന്ന് കണ്ട് കടം വാങ്ങി ടാക്സ് അടക്കുയായിരുന്നുവെന്ന് അക്കൗണ്ടന്‍റ് പറയുന്നു.
ഉയർന്ന വരുമാനം ഉണ്ടെന്ന് കരുതി സാമ്പത്തികമായി മികച്ച സ്ഥിതിയിലാണെന്ന് അർഥമില്ല. ഒരു തെറ്റായ സാമ്പത്തിക പ്രവണതയിലേക്കാണ് ഈ എക്സ് പോസ്റ്റ് വിരൽ ചൂണ്ടുന്നത്. ഒരാൾക്ക് ഉയർന്ന വരുമാനവും വിലയേറിയ ആസ്തികളും ഉണ്ടായിരിക്കാം, എന്നാൽ ഭൂരിഭാഗം പണവും ഹോം ലോണുകൾ, നിക്ഷേപങ്ങൾ, ഇ.എം.ഐകൾ എന്നിവയിൽ ചെലഴിക്കുകയാണെങ്കിൽ എത്ര വലിയ തുക വരുാനമുണ്ടെങ്കിലും സാമ്പത്തിക ഞെരുക്കം അനുഭവപ്പെടും. സാമ്പത്തിക വിദഗ്ദർ ഇതിനെ പലപ്പോഴും "ആസ്തികളാൽ സമ്പന്നൻ എന്നാൽ പണമില്ലാത്തവൻ" (asset-rich but cash-poor) എന്നാണ് വിശേഷിപ്പിക്കുന്നത്. ഒരാൾക്ക് വിലയേറിയ ആസ്തികൾ ഉണ്ടായിരിക്കാം, എന്നാൽ ആ ആസ്തികൾ പെട്ടെന്ന് ബില്ലുകൾ അടയ്ക്കാൻ ഉപയോഗിക്കാൻ കഴിയില്ല.
വലിയ ശമ്പളം സമ്പാദിക്കുന്നത് മാത്രമല്ല സാമ്പത്തിക ആസൂത്രണം എന്ന ഓർമപ്പെടുത്തലാണ് ഈ സംഭവം. ബജറ്റ് തയ്യാറാക്കുക, ടാക്സിനായി പണം മാറ്റിവെക്കുക, എമർജൻസി ഫണ്ട് നിലനിർത്തുക, കടങ്ങൾ കൈകാര്യം ചെയ്യുക എന്നിവ ഏത് വരുമാന പരിധിയിലും അത്യാവശ്യമാണ്.
എല്ലാറ്റിനുമുപരിയായി, യഥാർഥ സാമ്പത്തിക സുരക്ഷ അളക്കുന്നത് നിങ്ങൾ എത്ര സമ്പാദിക്കുന്നു എന്നതിലൂടെയല്ല, മറിച്ച് നിങ്ങളുടെ പണം നിങ്ങൾ എത്ര നന്നായി കൈകാര്യം ചെയ്യുന്നു എന്നതിലൂടെയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.