സ്വര്‍ണാധിഷ്ഠിത ഇ.ടി.എഫില്‍ ലാഭമെടുപ്പ്; ജൂണില്‍ പിന്‍വലിച്ചത് 80 കോടി

മുംബൈ: സ്വര്‍ണാധിഷ്ഠിത എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളില്‍ (ഇ.ടി.എഫ്) ലാഭമെടുപ്പിനെ തുടര്‍ന്ന് ജൂണില്‍ പിന്‍വലിക്കപ്പെട്ടത് 80 കോടി രൂപ. ഇതോടെ നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ പിന്‍വലിക്കപ്പെട്ട തുക മൊത്തം 228 കോടി രൂപയായി. മേയില്‍ 79 കോടിയും ഏപ്രിലില്‍ 69 കോടിയും പിന്‍വലിക്കപ്പെട്ടിരുന്നു. അതേസമയം മുന്‍വര്‍ഷം ഇതേകാലയളവില്‍ മൊത്തം 231 കോടിയാണ് പിന്‍വലിക്കപ്പെട്ടത്.  കഴിഞ്ഞ മൂന്നുവര്‍ഷമായി തണുപ്പന്‍ പ്രതികരണമായിരുന്നു സ്വര്‍ണാധിഷ്ഠിത ഇ.ടി.എഫുകളിലുണ്ടായിരുന്നത്. 2015-2016, 2014-15, 2013-14 വര്‍ഷങ്ങളില്‍ യഥാക്രമം 903,1475, 2293 കോടി രൂപ വീതമായിരുന്നു സ്വര്‍ണാധിഷ്ഥിത ഫണ്ടുകളില്‍നിന്ന് പുറത്തുപോയത്. ഓഹരി വിപണി മാന്ദ്യത്തിലായതോടെ കഴിഞ്ഞ സാമ്പത്തിക വര്‍ഷം അതിനുമുമ്പുളള രണ്ടുവര്‍ഷത്തെ അപേക്ഷിച്ച് നിലമെച്ചപ്പെട്ടിരുന്നു. വില കുറഞ്ഞുനിന്നിരുന്ന സമയങ്ങളില്‍ നിക്ഷേപം നടത്തിയവര്‍ കുറഞ്ഞകാലം കൊണ്ട് നേട്ടമെടുത്തു പിന്‍വാങ്ങാന്‍ നടത്തുന്ന ശ്രമമായാണ് വിപണി വിദഗ്ദര്‍ ഇപ്പോഴത്തെ വില്‍പ്പനയെ കാണുന്നത്. ഓഹരി വിപണിയും ബോണ്ടുകളും നില മെച്ചപ്പെടുത്തിയതും നിക്ഷേപകരെ സ്വര്‍ണത്തില്‍നിന്ന് മാറി ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. അതേസമയം സ്വര്‍ണാധിഷ്ഠിത ഫണ്ടുകളുടെ ആസ്തി അടിത്തറയില്‍ കാര്യമായ വര്‍ധനയുണ്ട്. മേയ് അവസാനം  6159 കോടി രൂപയായിരുന്നത്  ജൂണ്‍ അവസാനമായപ്പോഴേക്ക്  6645 കോടി രൂപയായാണ് ഉയര്‍ന്നത്. ഇന്ത്യയിലെ മ്യൂച്വല്‍ ഫണ്ട് വ്യവസായത്തില്‍ 14 സ്വര്‍ണാധിഷ്ഠിത പദ്ധതികളാണുള്ളത്. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.