സ്വര്‍ണം: നേട്ടത്തില്‍ മുന്നില്‍ മൈനിങ് ഫണ്ടുകള്‍

മുംബൈ: സ്വര്‍ണത്തിന്‍െറ വിലയിലുണ്ടായ മുന്നേറ്റം കൂടുതല്‍ നേട്ടം നല്‍കിയത് സ്വര്‍ണ ഖനന ഫണ്ടുകള്‍ക്ക്. സ്വര്‍ണ ഖനന -വിപണന കമ്പനികളുടെ പ്രകടനം മെച്ചപ്പെട്ടതാണ് മികച്ച നേട്ടം കൈവരിക്കാന്‍ ഈ ഫണ്ടുകളെ സഹായിച്ചത്. ഏറ്റവും മികച്ച സ്വര്‍ണ ഫണ്ട് കഴിഞ്ഞ ഒരു വര്‍ഷംകൊണ്ട് 17.78 ശതമാനം റിട്ടേണ്‍ നല്‍കിയപ്പോള്‍ സ്വര്‍ണ ഖനന ഫണ്ടുകളുടെയും വിപണന കമ്പനികളുടെയും ഓഹരികളില്‍ നിക്ഷേപിച്ച രണ്ട് അന്താരാഷ്ട്ര സ്വര്‍ണ ഫണ്ടുകള്‍ ഇതിന്‍െറ മൂന്നിരട്ടിയോളം നേട്ടമാണ് നിക്ഷേപകര്‍ക്ക് നല്‍കിയത്. ഡി.എസ്.പി ബ്ളാക്റോക്ക് വേള്‍ഡ് ഗോള്‍ഡ് ഫണ്ട് 57.3 ശതമാനവും കോട്ടക്ക് വേള്‍ഡ് ഗോള്‍ഡ് ഫണ്ട് 47.4 ശതമാനവും റിട്ടേണാണ് ഒരു വര്‍ഷംകൊണ്ട് നല്‍കിയത്. ആഭ്യന്തര ഗോള്‍ഡ് ഫണ്ടുകള്‍ ശരാശരി 14.81 ശതമാനവും അന്താരാഷ്ട്ര ഇക്വിറ്റി ഫണ്ടുകള്‍ -6.27 ശതമാനവും റിട്ടേണ്‍ നല്‍കിയ സ്ഥാനത്താണിത്. സ്വര്‍ണവിലയില്‍ ഉണ്ടായ ഇടിവിനെ തുടര്‍ന്ന് നേരത്തേ പ്രതിസന്ധിയിലായ സ്വര്‍ണഖനന കമ്പനികള്‍ ഉല്‍പാദനം കുറക്കേണ്ടിവരെ വന്നിരുന്നു. എന്നാല്‍, യു.എസ് തെരഞ്ഞെടുപ്പ്, യൂറോപ്യന്‍ യൂനിയനിലെ രാഷ്ട്രീയ പ്രതിസന്ധി തുടങ്ങിയവയുടെ സാഹചര്യത്തില്‍ സ്വര്‍ണഖനന കമ്പനികള്‍ക്ക് അനുകൂല അന്തരീക്ഷമാണ് സമീപഭാവിയിലും കാണുന്നതെന്ന് ഡി.എസ്.പി ബ്ളാക്റോക്ക് ഇന്‍വെസ്റ്റ്മെന്‍റ് മാനേജേഴ്സ് വൈസ് പ്രസിഡന്‍റ് അനില്‍ ഗിലാനി പറയുന്നു. അതേസമയം, സ്വര്‍ണവിലയില്‍ ഇടിവുണ്ടായാല്‍ വിലയിലെ ഇടിവിനെക്കാള്‍ കഠിനമായിരിക്കും ഖനന കമ്പനികളിലുണ്ടാവുന്ന പ്രത്യാഘാതമെന്നതിനാല്‍ നിക്ഷേപം കരുതലോടെയാവണമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.