മൺസൂൺ മഴ കുറഞ്ഞു; രാജ്യത്ത് ഗോതമ്പ് വിതക്കൽ മന്ദഗതിയിൽ
ന്യൂഡൽഹി: തെക്കുപടിഞ്ഞാറൻ മൺസൂണിന്റെ കുറവ് കാരണം രാജ്യത്ത് ഗോതമ്പ് വിതക്കൽ വൈകുന്നു. ഒക്ടോബർ 23 വരെ ഏതാനും സംസ്ഥാനങ്ങളിൽ 11,000 ഹെക്ടറിൽ മാത്രമാണ് ഗോതമ്പ് വിതച്ചത് എന്നാണ് കൃഷി മന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ഈ കാലയളവിൽ ഇത് 27,000 ഹെക്ടറായിരുന്നു.
സാധാരണ ഒക്ടോബർ - നവംബർ മാസങ്ങളിൽ വിതക്കുന്ന റാബി വിളയാണ് ഗോതമ്പ്. മാർച്ച് - ഏപ്രിൽ മാസങ്ങളിൽ വിളവെടുക്കുകയും ചെയ്യും. 2025-26 വർഷത്തിൽ (ജൂലൈ-ജൂൺ) 336 ലക്ഷം ഹെക്ടറിലാണ് ഗോതമ്പ് വിതച്ചത്. ആ വർഷം 120.7 ദശലക്ഷം ടൺ ഉത്പാദനം നേടിയിരുന്നു. അതിനാൽ തന്നെ 2026-27 വർഷത്തേക്ക് 121 ദശലക്ഷം ടൺ ഉൽപ്പാദനമാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.
എന്നാൽ, ദുർബലമായ മൺസൂൺ ഗോതമ്പിന്റെ വിതക്കൽ വലിയ രീതിയിലാണ് ബാധിച്ചിരിക്കുന്നത്. കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ പ്രകാരം ജൂൺ - സെപ്റ്റംബർ മാസങ്ങളിൽ തെക്കുപടിഞ്ഞാറൻ മൺസൂൺ 13 ശതമാനം കുറവായിരുന്നു. മഴ കുറഞ്ഞത് തുടക്കത്തിൽ മണ്ണിലെ ഈർപ്പം കുറയാനും ജലസംഭരണികളിലെയും കനാലുകളിലെയും ജലനിരപ്പ് താഴാനും കാരണമായി. ഗോതമ്പിന് വിതക്കലിന് ശേഷം നിരവധി തവണ ജലസേചനം ആവശ്യമുള്ളതിനാൽ മഴ കുറവ് വിത വൈകാനും, കൃഷിസ്ഥലം കുറയാനും, വിളവിനെ ബാധിക്കാനും ഇടയാക്കിയേക്കും.
പഞ്ചാബിലും രാജസ്ഥാനിലുമാണ് ഇത് വലിയ ഭീഷണിയാകുന്നത്. ഇവിടെ യഥാക്രമം 38, 22 ശതമാനമാണ് മഴയിൽ കുറവ് രേഖപെടുത്തിയിട്ടുള്ളത്. സെപ്റ്റംബർ അവസാനത്തോടെ ഇവിടത്തെ ജലസംഭരണികളിലെ ജലനിരപ്പും സാധാരണയേക്കാൾ താഴെയായിരുന്നു.
ഇന്ത്യയിലെ ഗോതമ്പ് വിസ്തൃതിയുടെ 31 ശതമാനവും ഈ രണ്ട് സംസ്ഥാനങ്ങളിലാണ്. അതുകൊണ്ട് തന്നെ ഇവിടത്തെ ജലസേചനയിലുണ്ടാകുന്ന പ്രതിസന്ധികൾ രാജ്യവ്യാപകമായി വിതയെ കാര്യമായി ബാധിച്ചേക്കാം.
രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, ബുന്ദേൽഖണ്ഡ്, മധ്യ ഇന്ത്യയുടെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളും പ്രതിസന്ധിയിലാണ്. മഴയെ ആശ്രയിക്കുന്നതും ജലസേചനം കുറവുള്ളതുമായ പ്രദേശങ്ങൾക്ക് മൺസൂൺ മഴയുടെ കുറവ് നികത്താൻ കനാലോ ഭൂഗർഭജലമോ എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം.
ഗോതമ്പിന് പുറമെ, നെല്ലിന്റെയും പയർ വർഗങ്ങളുടെയും എണ്ണക്കുരുക്കളുടെയും (ഓയിൽ സീഡ്സ്) വിതയിൽ പ്രതിസന്ധി നേരിടുന്നുണ്ട്. 2.13 ലക്ഷം ഹെക്ടറിൽ നിന്ന് 1.02 ലക്ഷം ഹെക്ടറായി കുറഞ്ഞപ്പോൾ പയര്‍ വർഗങ്ങൾ 4.39 ലക്ഷം ഹെക്ടറിൽ നിന്ന് 3.27 ലക്ഷം ഹെക്ടറായി. മുൻ വർഷം 21.34 ലക്ഷം ഹെക്ടറുണ്ടായിരുന്ന എണ്ണക്കുരുക്കൾ 13.38 ലക്ഷം ഹെക്ടറായും കുറഞ്ഞു.
അതേസമയം, നാടൻ ധാന്യങ്ങളുടെ വിസ്തീർണം 13,000 ഹെക്ടറിൽ നിന്ന് 23,000 ഹെക്ടറായി വർധിച്ചു. ഒക്ടോബർ 23 വരെ മൊത്തം റാബി വിളകൾ 18.02 ലക്ഷം ഹെക്ടറിൽ വിതച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 28.26 ലക്ഷം ഹെക്ടറായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.