സില്‍വര്‍‌സ്റ്റോം ഐ.പി.ഒ. ജൂലായ് 24 മുതല്‍; 82.43 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യം

തൃശ്ശൂര്‍: പ്രമുഖ വിനോദസഞ്ചാര-തീം പാര്‍ക്ക് ശൃംഖലയായ സില്‍വര്‍‌സ്റ്റോം പാര്‍ക്സ് ആന്‍ഡ് റിസോര്‍ട്‌സ് ലിമിറ്റഡിന്‍റെ പ്രാഥമിക ഓഹരി വില്‍പ്പന (ഐ.പി.ഒ.) ജൂലായ് 24-ന് ആരംഭിക്കും. 82.43 കോടി രൂപ വരെ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. മൊത്തം 61.98 ലക്ഷം പുതിയ ഓഹരികളാണ് ഐ.പി.ഒ. വഴി വിറ്റഴിക്കുക.

10 രൂപ മുഖവിലയുള്ള ഓഹരിയൊന്നിന് 123-133 രൂപ നിലവാരത്തിലാണ് വില്‍പ്പനക്ക് വെക്കുന്നത്. ഓഹരി വില്‍പ്പന ജൂലായ് 28-ന് അവസാനിക്കും. ഓഹരികള്‍ ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ (ബി.എസ്.ഇ.) എസ്.എം.ഇ. പ്ലാറ്റ്ഫോമില്‍ ലിസ്റ്റ് ചെയ്യും. ജൂലായ് 31-നാണ് ലിസ്റ്റിങ്.

ആങ്കര്‍ നിക്ഷേപകര്‍ക്കായുള്ള ബിഡ്ഡിങ് ജൂലായ് 23-നാണ്. ഐ.പി.ഒ.യിലൂടെ വില്‍പ്പനക്ക് വെച്ചിരിക്കുന്ന മൊത്തം ഓഹരികളില്‍ 17.61 ലക്ഷം ഓഹരികള്‍ വരെയാണ് ഇവര്‍ക്കായി വകയിരുത്തിയിരിക്കുന്നത്. ആങ്കര്‍ ഒഴികെയുള്ള നിക്ഷേപക സ്ഥാപനങ്ങള്‍ക്കായി 11.76 ലക്ഷം ഓഹരികള്‍ നീക്കിവെച്ചിട്ടുണ്ട്.നോൺ ഇൻസ്ടിട്യൂഷണൽ നിക്ഷേപകർക്കായി 8.88 ലക്ഷം ഓഹരികളും വ്യക്തിഗത റീട്ടെയില്‍ നിക്ഷേപകര്‍ക്കായി കുറഞ്ഞത് 20.62 ലക്ഷം ഓഹരികളുമാണ് ലഭിക്കുക. ഏറ്റവും കുറഞ്ഞ ലോട്ട് സൈസ് 2,000 ഓഹരികളാണ്. തുടര്‍ന്ന്, 1,000 ഓഹരികളുടെ ഗുണിതങ്ങളായി അപേക്ഷിക്കാം.

ഐ.പി.ഒ.യിലൂടെ സമാഹരിക്കുന്ന തുക ലഖ്നൗവിലെ സ്‌നോ പാര്‍ക്ക്, ഫാമിലി എന്റര്‍ടെയ്ന്‍മെന്റ് സെന്റര്‍ എന്നിവയുടെ നിര്‍മാണം, കേരളത്തില്‍ അതിരപ്പിള്ളിയിലുള്ള തീം പാര്‍ക്കിന്റെ വികസനവും നവീകരണവും എന്നിവക്കായാണ് പ്രധാനമായും വിനിയോഗിക്കുക. ഒപ്പം, പൊതുവായ കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്കും തുക വിനിയോഗിക്കുമെന്ന് കമ്പനി അറിയിച്ചു. വിവ്‌റോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡാണ് ഐ.പി.ഒ.യുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജര്‍. എം.യു.എഫ്.ജി. ഇന്റൈം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് രജിസ്ട്രാര്‍.

രണ്ടര പതിറ്റാണ്ടിന്റെ കരുത്ത്

രണ്ടര പതിറ്റാണ്ടിലേറെക്കാലം കൊണ്ട് അതിരപ്പിള്ളിയിലെ സില്‍വര്‍‌സ്റ്റോം മികച്ചൊരു വിനോദസഞ്ചാര ഡെസ്റ്റിനേഷനായി മാറിയിട്ടുണ്ടെന്നും ജാംഷഡ്പൂരിലേക്ക് സാന്നിധ്യം വ്യാപിപ്പിച്ചിട്ടുണ്ടെന്നും സില്‍വര്‍‌സ്റ്റോം പാര്‍ക്സ് ആന്‍ഡ് റിസോര്‍ട്‌സിന്റെ മനേജിങ് ഡയറക്ടര്‍ എ.ഐ.ഷാലിമാര്‍ പറഞ്ഞു. ബിസിനസ് വിപുലീകരിക്കാനും പുതിയ ആകര്‍ഷണങ്ങള്‍ കൂട്ടിച്ചേര്‍ക്കാനും ഐ.പി.ഒ. വഴി സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതിരപ്പിള്ളിയിലും ജാംഷഡ്പൂരിലും 'സില്‍വര്‍ സ്റ്റോം', 'സ്‌നോ സ്റ്റോം' എന്നീ ബ്രാന്‍ഡുകളില്‍ തീം പാര്‍ക്കുകളും റിസോര്‍ട്ടുകളും പ്രവര്‍ത്തിപ്പിക്കുന്ന മുന്‍നിര വിനോദസഞ്ചാര സ്ഥാപനമാണ് സില്‍വര്‍‌സ്റ്റോം. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപമുള്ള ടൂറിസം കേന്ദ്രം ആഭ്യന്തര വിനോദസഞ്ചാരികളുടെയും, വിദ്യാഭ്യാസ-കോര്‍പ്പറേറ്റ് ഗ്രൂപ്പുകളുടെയും, കുടുംബ സഞ്ചാരികളുടെയും ഇഷ്ട ഡെസ്റ്റിനേഷനായി മാറിയിട്ടുണ്ട്. അമ്യൂസ്‌മെന്റ് - വാട്ടര്‍ പാര്‍ക്ക്, ഇന്‍ഡോര്‍ സ്‌നോ പാര്‍ക്ക്, റിസോര്‍ട്ട്, ഭക്ഷണശാലകള്‍ എന്നിവയോടൊപ്പം കേബിള്‍ കാര്‍, ഫോറസ്റ്റ് വില്ലേജ് എന്നിവയും ഈ ഓണത്തോടുകൂടി സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുക്കും. ഇത്രയും വിനോദ സവിശേഷതകൾ ഒരു ഡെസ്റ്റിനേഷനിൽ ലഭ്യമാകുന്നത് ഇന്ത്യയിലാദ്യമായിട്ടാണ്. 2025 ഒക്ടോബറിലാണ് ജാംഷഡ്പൂരില്‍ ഇന്‍ഡോര്‍ സ്‌നോ പാര്‍ക്ക് കമ്പനി ആരംഭിച്ചത്. ലഖ്നൗവിലെ ഓമാക്സ് ഹസ്രത്ഗഞ്ച് മാളില്‍ പുതിയ സ്‌നോ പാര്‍ക്കും വിനോദകേന്ദ്രവും ആരംഭിക്കാനും പദ്ധതിയുണ്ട്.

2025-26 സാമ്പത്തിക വര്‍ഷം കമ്പനിയുടെ മൊത്തം വരുമാനം 44.85 കോടി രൂപയും അറ്റാദായം 19.10 കോടി രൂപയുമാണ്. തൊട്ടു മുന്‍വര്‍ഷം ഇത് യഥാക്രമം 31.64 കോടിയും 9.71 കോടി രൂപയുമായിരുന്നു. തൃശൂർ പേൾ റീജൻസിയിൽ വെച്ച് നടന്ന പ്രെസ്സ് മീറ്റിൽ മാനേജിങ് ഡയറക്ടർ - ഷാലിമാർ എ. ഐ, ചെയർമാൻ - അബ്ദുൽ ജലീൽ, പ്രൊമോട്ടർ - സിറാജ് വി. എ, സ്വതന്ത്ര ഡയറക്ടർ - കെ. അരവിന്ദാക്ഷൻ, സി. എഫ്. ഒ - കെ. രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. 9188905079

Tags:    
News Summary - silver storm ipo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.