ദീപാവലിക്ക് പിന്നാലെ വിപണിയിൽ നിർണായകമാവുക ഇക്കാര്യങ്ങൾ

ഓഹരി നിക്ഷേപകരെ ആവേശം കൊള്ളിച്ച്‌ ദീപാവലി മുഹൂർത്ത വ്യാപാരത്തിൽ ഇന്ത്യൻ ഇൻഡക്‌സുകൾ തിളങ്ങി. പുതുവർഷമായ വിക്രം സംവത് 2080 ലെ ഒരു മണിക്കുർ മാത്രം നീണ്ട ആദ്യ വ്യാപാരത്തിൽ സെൻസെക്‌സ്‌ 354 പോയിൻറ്റും നിഫ്‌റ്റി 100 പോയിന്റും മികവ്‌ കാണിച്ചു. പിന്നിട്ടവാരം ബോംബെ സൂചിക 540 പോയിന്റും നിഫ്‌റ്റി 194 പോയിന്റും നേട്ടത്തിലായിരുന്നു. തുടർച്ചയാ രണ്ടാം വാരമാണ്‌ ഇന്ത്യൻ ഇൻഡക്‌സുകൾ തിളക്കം നിലനിർത്തുന്നത്‌.

മുൻ നിര ഓഹരിയായ എൽ ആൻറ്‌ ടിയും ആക്‌സിസ്‌ ബാങ്കും നാല്‌ ശതമാനം മുന്നേറി. എസ്.ബി.ഐ, ഐ.സി.ഐ.സി.ഐ ബാങ്ക്‌, എച്ച്‌.ഡി എഫ്‌.സി ബാങ്ക്‌, ഇൻഡസ്‌ ബാങ്ക്‌ തുടങ്ങിയവയും മികവിലാണ്‌. എം ആൻറ്‌ എം, മാരുതി, ടാറ്റാ സ്‌റ്റീൽ, സൺ ഫാർമ്മ, ഐ.ടി.സി, എയർടെൽ തുടങ്ങിയവയിലും ഇടപാടുകാർ താൽപര്യം കാണിച്ചു. ആർ.ഐ.എൽ, ഇൻഫോസിസ്, വിപ്രോ, ടി.സി.എസ്, എച്ച്.സി.എൽ ടെക്‌, എച്ച്‌ യു എൽ തുടങ്ങിയവയുടെ നിരക്ക്‌ താഴ്‌ന്നു.

19,230 പോയിന്റിൽ നിന്നും നിഫ്‌റ്റി 19,473 പോയിൻറ്റ്‌ ലക്ഷ്യമാക്കി കുതിച്ചങ്കിലും പ്രതിരോധ മേഖലയ്‌ക്ക്‌ പത്ത്‌ പോയിന്റ് അകലെ 19,463 സൂചികയ്‌ക്ക്‌ തളർച്ചനേരിട്ടു. ഈ അവസരത്തിൽ ഓപ്പറേറ്റർമാർ ലാഭമെടുപ്പിന്‌ ഉത്സാഹിച്ചതിനാൽ വ്യാപാരാന്ത്യം നിഫ്‌റ്റി 19,425 പോയിന്റിലാണ്. ഈ വാരം നിഫ്‌റ്റി 19,543 ലേയ്‌ക്ക്‌ ഉയരാനുള്ള ശ്രമം വിജയിച്ചാൽ വിപണിയുടെ അടുത്ത ലക്ഷ്യം 19,683 ലേയ്‌ക്ക്‌ പ്രവേശിക്കുകയാണ്‌. സൂചികയ്‌ക്ക്‌ തിരിച്ചടിനേരിട്ടാൽ 19,344 - 19,263 ൽ സപ്പോർട്ടുണ്ട്‌.

സെൻസെക്‌സ്‌ 64,363 ൽ നിന്നും 65,068 വരെ ഉയർന്ന അവസരത്തിൽ ഇടപാടുകാർ ലാഭമെടുപ്പിന്‌ ഉത്സാഹിച്ചതോടെ വ്യാപാരാന്ത്യം സൂചിക 64,904 ലേയ്‌ക്ക്‌ താഴ്‌ന്നു. വിപണിയുടെ സാങ്കേതിക വശങ്ങൾ വിലയിരുത്തിയാൽ സൂപ്പർ ട്രെൻറ്‌ സെല്ലിങ്‌ മൂഡിലാണ്‌. എം.ഏ.സി.ഡി.യം ദുർബലാവസ്ഥയിലാണ്‌‌. അതേ സമയം പാരാബോളിക്ക്‌ എസ്‌.ഏ.ആർ ബുള്ളിഷ്‌ സിഗ്‌നൽ നൽകി.

വിദേശ ഫണ്ടുകൾ പോയവാരം 3105 കോടി രൂപയുടെ ഓഹരികൾ വിൽപ്പന നടത്തി. തൊട്ട്‌ മുൻ വാരം അവർ 5548 കോടി രൂപയുടെ ഓഹരികൾ വിറ്റു. ഈ വർഷം അവരുടെ മൊത്തം നിഷേപം 90,165 കോടി രൂപയാണ്‌. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ കഴിഞ്ഞവാരം 4155 കോടി രൂപ നിക്ഷേപിച്ചു.

ഫോറെക്‌സ്‌ മാർക്കറ്റിൽ രൂപയ്‌ക്ക്‌ റെക്കോർഡ്‌ മൂല്യ തകർച്ച. 83.24 ൽ നിന്നും വിനിമയ നിരക്ക്‌ 83.50 ലേയ്‌ക്ക്‌ ഇടിഞ്ഞ ശേഷം ക്ലോസിങിൽ 83.29 ലാണ്‌. സാങ്കേതികമായി ഡോളറിന്‌ മുന്നിൽ രൂപ ദുർബലാവസ്ഥയിൽ നീങ്ങുന്നതിനാൽ 83.60 ലേയ്‌ക്ക്‌ നീങ്ങാം. രാജ്യാന്തര സ്വർണ വില ട്രോയ്‌ ഔൺസിന്‌ 1992 ഡോളറിൽ നിന്നും ഒരു വേള 1932 ലേയ്‌ക്ക്‌ ഇടിഞ്ഞു. മാർക്കറ്റ്‌ ക്ലോസിങിൽ സ്വർണം 1938 ഡോളറിലാണ്‌.

അമേരിക്കൻ ഫെഡ്‌ റിസർവ്‌ പലിശ സ്‌റ്റെഡിയായി നിലനിർത്തിയതും നാണയപ്പെരുപ്പം നിയന്ത്രണത്തിൽ എത്തിയതും ഡോളറിന്‌ തിളക്കം പകരുന്നു. പുതിയ സാഹചര്യത്തിൽ രാജ്യാന്തര സ്വർണം 1924‐1910 ഡോളറിലേയ്‌ക്ക്‌ പരീക്ഷണങ്ങൾക്ക്‌ നീക്കം നടത്താം.

Tags:    
News Summary - Indian stock market review

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-31 15:24 GMT