Image Credit: istockphoto.com

ന്യൂസ്‌പേപ്പർ ബോയ്​യിൽ നിന്ന് സംരംഭകർക്ക് പഠിക്കാൻ കഴിയുന്ന നല്ല പാഠങ്ങൾ

പ്രതികൂല സാഹചര്യത്തിലും സ്ഥിരോത്സാഹം കാണിക്കാനുള്ള കഴിവാണ് ഒരു സാധാരണ മനുഷ്യനെ ഒരു മഹാനായ മനുഷ്യനിൽ നിന്ന് വേർതിരിക്കുന്നത്. സംരംഭകത്വത്തിലേക്കുള്ള യാത്ര മുള്ളുകളും കല്ലുകളും നിറഞ്ഞതാണ്. തികഞ്ഞ അനിശ്ചിതത്വം ഇതിൻ്റെ കൂടപ്പിറപ്പ് ആയത് കൊണ്ട് വളരെയധികം കഠിനാധ്വാനം, സമചിത്തത തുടങ്ങിയവ ഓരോ സംരംഭകനും പ്രകടിപ്പിക്കേണ്ടത് അനിവാര്യമാണ്. സമയം, അപകടസാധ്യത എന്നിവ അതി​െൻറ ഭാഗമാണ്​. പ്രഭാതങ്ങളിൽ വർത്തമാന പത്രങ്ങൾ വിതരണം ചെയ്യുന്ന ഒരു പയ്യൻ, സംരംഭകത്വം മനസ്സിൽ കൊണ്ട് നടക്കുന്ന ഏതൊരാൾക്കും വളരെ വിലപ്പെട്ട കുറേ പാഠങ്ങൾ നൽകുന്നുണ്ട്. എന്തെല്ലാമാണ് ആ പാഠങ്ങൾ എന്ന് നോക്കാം.

1. പ്രതികൂല കാലാവസ്ഥ, അതിരാവിലെയുള്ള ഉറക്കം ഒഴിവാക്കൽ തുടങ്ങിയ ഒരുപാട് വെല്ലുവിളികളെയും തടസ്സങ്ങളെയും അതിജീവിച്ചാണ് ഓരോ ദിവസവും ഒരു പത്രക്കാരൻ പയ്യൻ കഴിച്ചു കൂട്ടുന്നത്. ഒരു സംരംഭകനെന്ന നിലയിൽ, എറ്റവും കുറഞ്ഞത് തുടക്ക കാലത്ത്, ഈ മാതൃക അനുകരിച്ചേ മതിയാകൂ. തടസ്സങ്ങളെ കുറിച്ച് പരാതി പറയുകയും, പരിതപിക്കുകയും ചെയ്യുന്നതിന് പകരം, അതിനെ മറികടക്കാൻ നൂതന വഴികൾ കണ്ട് പിടിച്ചു മുന്നോട്ട് പോയെങ്കിൽ മാത്രമേ ഉദ്യമങ്ങൾ വിജയിപ്പിക്കാൻ കഴിയൂ.

2.എല്ലായ്​പ്പോഴും സമയനിഷ്ഠ പാലിക്കാൻ ഓരോ പത്ര വിതരണക്കാരനും സദാ ജാഗരൂകരാണ്. ഒരു സംരംഭകൻ നിർബന്ധമായി കൃത്യനിഷ്ഠത കാണിക്കണം. അല്ലെങ്കിൽ, പലപ്പോഴും തൻ്റെ യാത്ര വഴിയിൽ മുടങ്ങുന്ന അവസ്ഥ കാണേണ്ടി വരും.

3. കൂട്ടുകാരും, സുഹൃത്തുക്കളും, ബന്ധുക്കളും അടങ്ങിയ തൻ്റെ വേണ്ടപ്പെട്ടവരുടെ കൂടെയുള്ള കൂടിച്ചേരൽ, കുസൃതികൾ എല്ലാം ത്യജിച്ചാണ് ഒരു ന്യൂസ്​പേപ്പർ ബോയ്​ തൻ്റെ ജോലി ചെയ്യുന്നത്. ദീർഘകാല നേട്ടങ്ങൾ മുന്നിൽ കണ്ട് ഓരോ സംരംഭകനും തൻ്റെ ഹ്രസ്വകാല ആനന്ദങ്ങളും, ആഹ്ലാദ നിമിഷങ്ങളും കുറഞ്ഞ കാലത്തേക്ക് ത്യജിക്കാൻ മനസ്സ് സജ്ജമാക്കേണ്ടത് അനിവാര്യമാണ്.

4. എല്ലായ്​പ്പോഴും സത്യസന്ധത പുലർത്തുകയും, വിശ്വസ്തത മുഖമുദ്രയാക്കുകയും ചെയ്തെങ്കിൽ മാത്രമേ, ഒരു പത്രക്കാരൻ തൻ്റെ മേഖലയിൽ അറിയപ്പെടുന്ന ആളായി മാറുകയുള്ളൂ. അതുപോലെ തന്നെ, ഉപഭോക്താക്കളുടെ മനസ്സിൽ ഇടം നേടണമെങ്കിൽ, ഒരു സംരംഭകൻ നിർബന്ധമായി സത്യസന്ധത, വിശ്വസ്തത, വാഗ്ദത്ത പാലനം തുടങ്ങിയ നല്ല ശീലങ്ങൾ ജീവിതത്തിൻ്റെ ഭാഗമാക്കി, താനുമായി ബന്ധപ്പെടുന്ന എല്ലാവരുടെയും പ്രീതി സമ്പാദിക്കാൻ കരുതിക്കൂട്ടി ശ്രമിക്കണം. അല്ലെങ്കിൽ, ഉദ്യമങ്ങൾ പലപ്പോഴും പാഴ് ശ്രമങ്ങൾ മാത്രമായി രേഖപ്പെടുത്തപ്പെട്ട അനുഭവങ്ങൾ പലതാണ്.

5. ഒരു ന്യൂസ് ബോയ് അതി രാവിലെ എഴുന്നേറ്റ്, വിതരണ കേന്ദ്രത്തിൽ നിന്ന് തൻ്റെ വിഹിതത്തിൽ പെട്ട പത്രങ്ങൾ എടുത്ത് വരിക്കാർക്ക് സമയത്ത് തന്നെ എത്തിച്ച് കൊടുത്തേ പറ്റൂ, അതാണ് മുൻഗണന കൊടുക്കേണ്ട ഒന്നാമത്തെ കാര്യം. ഒരു ദിനപത്രത്തിൻ്റെ സാമ്പത്തിക മൂല്യം വളരെ കുറഞ്ഞ മണിക്കൂർ മാത്രമാണ്. അതിന്​ ശേഷം അത് കേവലം മാലിന്യം മാത്രമായി മാറും. സംരംഭകൻ അവൻ്റെ ദിനചര്യയിൽ മുൻഗണനാ ക്രമം കൃത്യമായി പാലിക്കാൻ തയ്യാറാകണം. അല്ലെങ്കിൽ, ചെയ്യേണ്ട കാര്യം ചെയ്യേണ്ട സമയത്ത് തന്നെ ചെയ്ത് പൂർത്തിയാക്കാൻ കഴിയാതെ വരികയും, മുൻകൂട്ടി നിശ്ചയിച്ച എല്ലാ പദ്ധതികളും നടപ്പാകാത്ത അവസ്ഥ വരികയും ചെയ്യും. അത് ഒരിക്കലും അഭിലഷണീയമോ, അനുകരണനീയമോ അല്ലാത്ത കാര്യവുമാണ്.

6. പുറമെ നിന്നുള്ള കാഴ്ചയിൽ, ഓരോ ബ്രാൻഡ് പത്രങ്ങളുടെയും വിതരണക്കാർ തമ്മിൽ മത്സരമാണ്. എന്നാൽ യഥാർത്ഥത്തിൽ അവർ തമ്മിൽ നല്ല സൗഹൃദത്തിൽ ആണെന്ന് മാത്രമല്ല, അതിശക്തമായ ഒരു ശ്രേണിയിലെ കണ്ണികൾ ആണ് താനും. അതാണ് അവരുടെ വിജയത്തിൻ്റെ മറ്റൊരു നെടുന്തൂൺ. സംരംഭകൻ തൻ്റെ മേഖലയിൽ മാത്രമല്ല, മറ്റ് മേഖലയിൽ ഉള്ളവരുമായും, തന്നോട് മത്സരം കാഴ്ചവെക്കുന്നവരോട് പോലും ആരോഗ്യകരമായ ബന്ധം നിലനിർത്താൻ ശ്രദ്ധിക്കേണ്ടതാണ്. പ്രതിസന്ധി ഘട്ടങ്ങളിൽ ആരിൽ നിന്നാണ് ഉചിതമായ സഹായവും, സഹകരണവും ലഭിക്കേണ്ടത് എന്ന് പ്രവചിക്കാൻ പറ്റില്ല. മാത്രമല്ല, തമ്മിലുള്ള മത്സരം ആരോഗ്യകരമാക്കാനും ഇത് അത്യാവശ്യമാണ്.

7. തൻ്റെ നിലവിലുള്ള ഉപഭോക്താക്കളുടെ കാര്യത്തിൽ ഒരു ന്യൂസ്പേപ്പർ ബോയ് സദാ സമയവും ശ്രദ്ധയിൽ ആയിരിക്കും. അവർ ഉണ്ടെങ്കിൽ മാത്രമേ എൻ്റെ നിലനിൽപ്പ് സാധ്യമാവുകയുള്ളൂ എന്നും നല്ല ഉപഭോക്തൃ ബന്ധങ്ങൾ കൂടുതൽ പുതിയ വരിക്കാരെ സൃഷ്ടിക്കും എന്നും അവന് അറിയാം. ഒരു സംരംഭകൻ തൻ്റെ ഉപഭോക്താക്കൾ ആണ് തൻ്റെ ശരിയായ ആസ്തി എന്ന് തിരിച്ചറിഞ്ഞ്​, അവരുടെ സംതൃപ്തി ലക്ഷ്യം വെച്ചു കൊണ്ട് ഓരോ ചുവട് വെപ്പും നടത്തേണ്ടത് ഒഴിവാക്കാൻ പറ്റാത്ത കാര്യമാണ്. മാറിയ കാലഘട്ടത്തിൽ പ്രത്യേകിച്ചും. ഒരു സംതൃപ്ത ഉപഭോക്താവ് മൂന്ന് പുതിയ ഉപഭോക്താക്കൾക്ക് കാരണമാവും. ഒരു അസംതൃപ്തി നിറഞ്ഞ ഉപഭോക്താവ് ഒൻപത് പുതിയ ഉപഭോക്താക്കളുടെ വരവിനെ തടയാനും പോന്നതാണ് എന്നും നേരത്തെ മനസ്സിലാക്കുന്നത് വളരെ ഗുണം ചെയ്യും.

8. ഒരു ന്യൂസ് ബോയ് തൻ്റെ പ്രവൃത്തി മണ്ഡലത്തിൽ പുതിയ ഉപഭോക്താക്കളെ എപ്പോഴും അന്വേഷിക്കുക തന്നെ ചെയ്യും. കാരണം, വരിക്കാരിൽ ഉണ്ടാകുന്ന ഇടിവ് ഒരു ദിനം തൻ്റെ നിലനിൽപ് തന്നെ ചോദ്യം ചെയ്യും, അതിനാൽ മുൻകൂട്ടി തന്നെ പകരക്കാരെ ഒരുക്കി നിർത്തിയാൽ, വലിയ പരിക്കൊന്നും ഇല്ലാതെ പ്രതിസന്ധി ഘട്ടങ്ങളിൽ മുന്നോട്ട് പോകാം എന്നു അവൻ തിരിച്ചറിഞ്ഞ് കഴിഞ്ഞതാണ്. ഒരു സംരംഭകൻ പുതിയ ഉപഭോക്താക്കൾ, പുതിയ ആശയങ്ങൾ, പുത്തൻ വിപണികൾ, നൂതന ആശയങ്ങൾ, അധികരിച്ച സിദ്ധികൾ തുടങ്ങിയവയ്ക്ക് വേണ്ടി ദാഹിച്ച് കൊണ്ടിരിക്കണം. കടുത്ത മത്സരമാണ് നടക്കുന്നത്. ശകലം, പിന്നിലായാൽ മുന്നിലെത്താൻ നന്നേ പാട് പെടും, ചിലപ്പോൾ സാധിച്ചെന്നു വരില്ല. മനസ്സും ശരീരവും പുതിയതിനെ സ്വീകരിക്കാനും, പ്രവൃത്തി മണ്ഡലത്തിൽ കൊണ്ട് വരാനും സജ്ജമാക്കും. വിജയത്തിൽ കുറഞ്ഞ ഒന്നും സ്വീകാര്യം ആവരുത്.

ഏറ്റവും വിലയേറിയ പാഠങ്ങൾ പലപ്പോഴും അവിചാരിതമായി, അപ്രതീക്ഷിത ഉറവിടങ്ങളിൽ നിന്നും കിട്ടും. പഠിക്കാൻ തയ്യാറാവുക, കാലഹരണപ്പെട്ട അറിവുകൾ മറക്കാൻ ധൈര്യം കാണിക്കുക, വീണ്ടും പുതിയ പാഠങ്ങൾ ഉത്സാഹത്തോടെ പഠിക്കുക, വിജയം സുനിശ്ചിതം.


Tags:    
News Summary - Good lessons entrepreneurs can learn from Newspaper Boy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.