തൃശൂർ: സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യയുടെ പണം ഇനി സ്വകാര്യ സ്ഥാപനം കൈകാര്യം ചെയ്യും. ബാങ്കിെൻറ ‘കറൻസി അഡ്മിനിസ്ട്രേറ്റിവ് സെൽ’ വിഭാഗത്തിൽനിന്ന് പണം എണ്ണി കെട്ടാക്കി രാവിലെ ശാഖകളിലേക്ക് കൊണ്ടുപോകുന്നതും ൈവകീട്ട് തിരിച്ച് ശാഖകളിൽനിന്ന് സെല്ലിലേക്ക് കൊണ്ടുപോകുന്നതും ‘മുദ്രാക്ഷി ഹൈടെക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്’ എന്ന കൊൽക്കത്ത കമ്പനിയായിരിക്കും. എസ്.ബി.െഎ ജീവനക്കാർ ഇതുവരെ ദൈനംദിന ജോലിയുടെ ഭാഗമായി ചെയ്ത പ്രവൃത്തിയാണ് കമീഷൻ െകാടുത്ത് മുദ്രാക്ഷിക്ക് നൽകിയത്. രാജ്യത്തെ ചില മെട്രോ നഗരങ്ങളിൽ നടപ്പാക്കിയ കരാർ കേരളത്തിൽ ആദ്യമായി ശനിയാഴ്ച തൃശൂരിൽ പരീക്ഷിച്ചെങ്കിലും ജീവനക്കാരുടെ എതിർപ്പിനെത്തുടർന്ന് സ്വകാര്യ സ്ഥാപനത്തിന് പണം കൊണ്ടുപോകാൻ കഴിഞ്ഞില്ല. കരാർ നടപ്പാക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് എസ്.ബി.െഎ സ്റ്റാഫ് യൂനിയൻ ഹൈകോടതിയെ സമീപിച്ചു.
എസ്.ബി.െഎയുടെ ‘കാഷ് എഫിഷ്യൻസി പ്രോജക്ടി’െൻറ ഭാഗമായാണ് പണം കൈമാറ്റം പുറംകരാർ നൽകിയത്. എ.ടി.എമ്മിൽ പണം നിറക്കൽ പൂർണമായും സ്വകാര്യ കമ്പനികൾക്ക് കരാർ നൽകിയതിന് പിന്നാലെയാണ് ഇൗ നടപടി. ജീവനക്കാർ പരാതിയില്ലാതെ ചെയ്ത ജോലിയാണ് കറൻസി സെല്ലിലേത്. പണം കൊണ്ടുപോകുന്ന വാനിൽ വിമുക്തഭടന്മാരായ രണ്ട് സുരക്ഷ ജീവനക്കാരെയും നിയോഗിച്ചിരുന്നു. അവരുടെ തൊഴിലിനെക്കൂടി ബാധിക്കുന്ന നടപടിയാണ് പുറംകരാർ. ദിവസം 20,000 മുതൽ 30,000 രൂപ വരെ ഒാരോ സ്ഥലത്തും മുദ്രാക്ഷിക്ക് കമീഷൻ നൽകണം.
കേരളത്തിൽ തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിലാണ് എസ്.ബി.െഎ കറൻസി സെല്ലുള്ളത്. ഇവിടങ്ങളിലെ കാഷ് ചെസ്റ്റിൽനിന്നുള്ള പണം ശാഖകളിലേക്കും തിരിച്ചും കൊണ്ടുപോകേണ്ട ജോലി സ്വകാര്യ സ്ഥാപനത്തിന് നൽകിയെങ്കിലും അതിലെ വീഴ്ചകൾക്ക് മറുപടി പറയേണ്ടത് ബാങ്കിലെ ജീവനക്കാരാണ്. റിസർവ് ബാങ്കിെൻറ വ്യവസ്ഥയനുസരിച്ച് പണത്തിെൻറ ബണ്ടിൽ ബാങ്ക് ഉദ്യോഗസ്ഥർ ബോധ്യപ്പെട്ട് ഒപ്പുവെച്ച ശേഷമേ ചെസ്റ്റിൽ വെക്കാവൂ. എന്നാൽ, മുദ്രാക്ഷിയുടെ സീൽ പതിച്ച ബണ്ടിലുകളായിരിക്കും ഇനി എസ്.ബി.െഎയിലെ റിസർവ് ബാങ്ക് ചെസ്റ്റിൽ നിക്ഷേപിക്കുക. എ.ടി.എമ്മിൽ പണം നിറക്കാൻ കരാർ ലഭിച്ച സ്ഥാപനങ്ങൾ പല രീതിയിൽ തട്ടിപ്പ് നടത്തുന്നതിെൻറ വാർത്തകൾ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് വരുന്നതിനിടക്കാണ് പുതിയ പുറംകരാർ.
ഇന്നലെ തൃശൂരിൽ എസ്.ബി.െഎ സ്റ്റാഫ് യൂനിയെൻറ നൂറോളം പ്രവർത്തകരാണ് സ്വകാര്യ സ്ഥാപനം പണംകൊണ്ടുപോകുന്നത് തടയാൻ അവധിയെടുത്ത് എത്തിയത്. തൃശൂർ പാറമേക്കാവ് പരിസരത്തുള്ള ഒാഫിസിനു മുന്നിലായിരുന്നു പകൽ മുഴുവൻ നീണ്ട പ്രതിഷേധം. തൃശൂരിൽനിന്ന് പരീക്ഷണം തുടങ്ങി സമീപ ദിവസങ്ങളിൽ സംസ്ഥാനത്തെ മറ്റു മൂന്ന് സെല്ലുകളിലും പുറംകരാർ ഇടപാട് വ്യാപിപ്പിക്കാനാണ് ശ്രമം. രാജ്യത്ത് ആദ്യമായി പണം എണ്ണുന്ന യന്ത്രം അവതരിപ്പിച്ച സ്ഥാപനമാണ് മുദ്രാക്ഷി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.