മുംബൈ: അനേകായിരം കോടി രൂപയുടെ കടക്കെണിയിൽപെട്ട, അടിസ്ഥാന സൗകര്യ വികസന-ധനകാര്യ സേവന രംഗത്തെ അതികായരായ െഎ.എൽ.എഫ്.എസ് കമ്പനിയെ സർക്കാർ ഏറ്റെടുക്കുന്നു. സർക്കാർ നിയോഗിച്ച ആറംഗ സമിതിയുടെ നേതൃത്വത്തിൽ െഎ.എൽ.എഫ്.എസിനെ ഏറ്റെടുക്കാൻ ദേശീയ കമ്പനി നിയമ ട്രൈബ്യൂണൽ (എൻ.സി.എൽ.ടി) അനുമതി നൽകി. പ്രമുഖ ബാങ്കർ ഉദയ് കോട്ടക് നോൺ എക്സിക്യൂട്ടിവ് ചെയർമാനായ ആറംഗ ബോർഡാണ് കമ്പനി ഏറ്റെടുക്കുക.
െഎ.എൽ.എഫ്.എസ് പൊതുജന താൽപര്യത്തിന് വിരുദ്ധമായ രൂപത്തിൽ കമ്പനി കാര്യങ്ങൾ നടത്തുന്നുവെന്ന സർക്കാറിെൻറ ഇടക്കാല അപേക്ഷ പരിഗണിച്ചാണ് അനുമതി. കമ്പനിയുടെ ഡയറക്ടർമാർ അവരുടെ ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും കമ്പനി തകർന്നാൽ നിരവധി മ്യൂച്വൽ ഫണ്ടുകൾ തകരുമെന്നും ആയതിനാൽ ട്രൈബ്യൂണൽ അടിന്തരമായി ഇടപെടണമെന്നും കാണിച്ച് സർക്കാർ ഇന്നലെ തിരക്കിട്ട് ഹരജി സമർപ്പിക്കുകയായിരുന്നു. കമ്പനിയുടെ പ്രവർത്തനം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.
കോട്ടക് മഹീന്ദ്ര ബാങ്ക് എം.ഡിയാണ് ഉദയ് കോട്ടക്. ടെക് മഹീന്ദ്ര മുൻ എക്സിക്യൂട്ടിവ് വൈസ് ചെയർമാൻ വിനീത് നയ്യാർ, സെബി മുൻ ചെയർമാൻ ജി.എൻ. ബാജ്പേയ്, െഎ.സി.െഎ.സി.െഎ ബാങ്ക് നോൺ എക്സിക്യൂട്ടിവ് വൈസ് ചെയർപേഴ്സൻ ജി.സി. ചതുർവേദി, െഎ.എ.എസ് ഉദ്യോഗസ്ഥ മാലിനി ശങ്കർ, റിട്ട. ഉന്നത ഉദ്യോഗസ്ഥനായ നന്ദ് കിഷോർ എന്നിവരാണ് മറ്റു ബോർഡ് അംഗങ്ങൾ. ഉടൻതന്നെ ദൗത്യം ഏെറ്റടുക്കുന്ന ബോർഡിനു മുന്നിലെ പ്രധാനദൗത്യം, നിശ്ചിത സമയത്തിനുള്ളിൽ ശക്തമായ രക്ഷാപദ്ധതി ഒരുക്കുകയെന്നതാണ്. സിഡ്ബി അടക്കമുള്ള ബാങ്കുകളിലായി 91,000 കോടി രൂപയുടെ വായ്പ കുടിശ്ശിക വരുത്തിയ െഎ.എൽ.എഫ്.എസിെൻറ തകർച്ച ധനവിപണിയിൽ തകർച്ച സൃഷ്ടിക്കുമെന്ന് വ്യാപക ആശങ്ക ഉയർന്നിരിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ തിരക്കിട്ട ഇടപെടൽ.
‘‘സർക്കാറിെൻറ അപേക്ഷ പരിഗണിച്ചതിൽ, പൊതുതാൽപര്യത്തിന് ഹാനികരമായ വിധത്തിലാണ് െഎ.എൽ.എഫ്.എസ് കമ്പനി കാര്യങ്ങൾ നടത്തിയതെന്ന് കണ്ടെത്തിയതിനാൽ കമ്പനി നിയമത്തിലെ 241 (2), 242 വകുപ്പുകൾ പ്രകാരം നടപടിയെടുക്കാൻ ട്രൈബ്യൂണൽ തീരുമാനിക്കുകയായിരുന്നു’’ -ട്രൈബ്യൂണൽ ജഡ്ജിമാരായ എം.കെ. ശ്രാവത്ത്, രവികുമാർ ദൊരൈസ്വാമി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഒക്ടോബർ എട്ടിന് പുതിയ ബോർഡ് യോഗം ചേർന്ന്, 31 ഒാടെ പുനരുദ്ധാരണ പദ്ധതി രേഖ സമർപ്പിക്കണമെന്നും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.