കോഴിക്കോട്: സംസ്ഥാനത്ത് സ്വർണ വില റെക്കോഡ് തിരുത്തി കുതിച്ചുയർന്നതോടെ വിപണി നിർജീവമായി. ബുധനാഴ്ച പവന് 200 രൂപ വർധിച്ച് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയായ 24,600ലെത്തി. ഗ്രാമിന് 3,075 രൂപയാണ് വില. കഴിഞ്ഞ നാലുദിവസം തുടർച്ചയായി 24,400 രൂപയിലായിരുന്നു സ്വർണം.
വില ഉയർന്നതോടെ ഒരാഴ്ചയായി വിപണി നിർജീവമാണ്. കഴിഞ്ഞ ദിവസങ്ങളിൽ കച്ചവടത്തിൽ വൻ കുറവുണ്ടായെന്ന് വ്യാപാരികൾ പറയുന്നു. വിവാഹ സീസണായതിനാൽ ഉപഭോക്താക്കളും കച്ചവടക്കാരും ആശങ്കയിലാണ്. നേരത്തേ ബുക്ക് ചെയ്തവരാണ് നിലവിൽ സ്വർണം വാങ്ങാനെത്തുന്നത്. കൂടുതൽ സ്വർണം വാങ്ങാനെത്തിയവരിൽ പലരും വില ഉയർന്നതുകാരണം അളവ് കുറച്ചാണ് എടുക്കുന്നത്.
ജനുവരി 26നാണ് സ്വർണം കേരളത്തിലെ റെക്കോഡ് വിലയായ 24,400 രൂപയിലെത്തിയത്. ഒരാഴ്ചക്കിടെയാണ് വീണ്ടും റെക്കോഡ് തിരുത്തി കുതിക്കുന്നത്. ഒരുമാസത്തിനിടെ പവന് 1,160 രൂപ വർധിച്ചു. അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റമാണ് കേരളത്തിലും പ്രതിഫലിച്ചത്.
ബുധനാഴ്ച അന്താരാഷ്ട്ര വിപണിയിൽ ഒൗൺസിന് 10 ഡോളറാണ് വർധിച്ചത്. ജനുവരി ഒന്നിന് പവന് 23,440 രൂപയായിരുന്നു. ഡിസംബർ ഒന്നിന് 22,520 ആയതാണ് സമീപകാലത്തെ കുറഞ്ഞ നിരക്ക്. വില തുടർച്ചയായി വർധിക്കുന്നത് സ്വർണ വ്യാപാര മേഖലയെ സ്തംഭിപ്പിച്ചതായി ഒാൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻറ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ. സുരേന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.