ന്യൂയോർക്: കോവിഡ് -19 ഏതറ്റം വരെ പോകും? ചൈനയിൽ തുടങ്ങി നൂറോളം രാജ്യങ്ങളിലേക്കും ഒ രു ലക്ഷത്തിലേറെ മനുഷ്യരിലേക്കും പടർന്ന വൈറസ് ലോക സമ്പദ്വ്യവസ്ഥയെ അട്ടിമറിക്കുമോയെന്ന ആശങ്ക ശക്തം. നിരവധി രാജ്യങ്ങളിൽ ഫാക്ടറികൾ, വിമാനത്താവളങ്ങൾ, കടകൾ, വിദ്യാലയങ്ങൾ എന്നിവ അടച്ചിട്ടിട്ട് നാളുകളായെങ്കിൽ ചൈന, ദക്ഷിണ കൊറിയ, ഇറ്റലി, ഇറാൻ തുടങ്ങിയ രാജ്യങ്ങളിൽ ഒന്നിേലറെ പട്ടണങ്ങൾ പൂർണമായി അടഞ്ഞുകിടക്കുകയാണ്. സർക്കാറുകൾ വൈറസിനെ ചെറുക്കുന്നതിലെന്നപോലെ കേന്ദ്ര ബാങ്കുകൾ സാമ്പത്തിക പ്രതിസന്ധിയും മറികടക്കുന്നതിൽ ദയനീയ പരാജയമാണ്.
യു.എസ് ഓഹരി വിപണിയുടെ ഉരകല്ലായി പരിഗണിക്കപ്പെടുന്ന എസ് ആൻഡ് പി 500 വെള്ളിയാഴ്ച ഒറ്റ ദിവസംകൊണ്ട് രണ്ടു ശതമാനത്തിലേറെയാണ് താഴോട്ടുപോയത്. മറ്റ് ഓഹരി വിപണികളിലും ശനിയാഴ്ച തകർച്ച പൂർണമായിരുന്നു. വിപണികളിൽനിന്ന് ജനം ഓടി സുരക്ഷിത നിക്ഷേപങ്ങളിലേക്ക് തിരിയുന്നത് സ്വർണവില കുത്തനെ ഉയർത്തുകയാണ്.
യു.എസിൽ സിലിക്കൺ വാലിയിലെ വമ്പന്മാരായ ആപ്പിൾ, ട്വിറ്റർ എന്നിവ ജീവനക്കാരോട് വീട്ടിലിരുന്ന് പണിയെടുക്കാൻ ആവശ്യപ്പെട്ടുകഴിഞ്ഞു. ബാങ്ക് ഓഫ് അമേരിക്ക ഉൾപ്പെടെ സ്ഥാപനങ്ങൾ ജോലി ചെറിയ കേന്ദ്രങ്ങളിലേക്ക് മാറ്റി. എണ്ണ വിപണിയുടെ തകർച്ചയാണ് അതിലേറെ ആശങ്ക ഉയർത്തുന്നത്. മിക്ക രാജ്യങ്ങളിലും എണ്ണയുടെ ഉപഭോഗം ഗണ്യമായി കുറഞ്ഞത് ആവശ്യവും കുറച്ചിട്ടുണ്ട്.
ഉൽപാദന നഷ്ടം ലോക സമ്പദ്വ്യവസ്ഥക്ക് 2.7 ലക്ഷം കോടി ഡോളറിെൻറ നഷ്ടമുണ്ടാക്കുമെന്ന് റിപ്പോർട്ടുകൾ പ്രവചിക്കുന്നു. ചൈനക്കു പുറമെ, ഇറ്റലി, ദക്ഷിണ കൊറിയ, ഫ്രാൻസ്, ജർമനി തുടങ്ങിയ രാജ്യങ്ങളും കോവിഡ് അലയൊലികൾ അനുഭവിക്കുന്ന രാജ്യങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.