കഞ്ഞി ഇപ്പോള്‍ വി.ഐ.പിയായി

‘ആളൊരു കഞ്ഞിയാണ്’ എന്ന് മുമ്പൊക്കെ വിശേഷിപ്പിക്കാറുണ്ട്. വിലയില്ലാത്തവന്‍ എന്ന അര്‍ഥത്തിലാണ് ഈ പ്രയോഗം. എന്നാല്‍, ഇനി അങ്ങനെ വിളിക്കുമ്പോള്‍ സൂക്ഷിക്കണം. വേനല്‍ കനത്തതോടെ ഏറ്റവുമധികം ആവശ്യക്കാരുള്ള ഭക്ഷ്യവിഭവമായി കഞ്ഞി മാറിക്കഴിഞ്ഞു. എറണാകുളം നഗരത്തില്‍ മാത്രം നൂറോളം കഞ്ഞിക്കടകളാണുള്ളത്. 
എണ്ണത്തില്‍ മാത്രമല്ല, വണ്ണത്തിലും കഞ്ഞി റെക്കോഡിടുകയാണ്. ഉച്ചക്ക് പന്ത്രണ്ടര മുതല്‍ ഈ കഞ്ഞിക്കടകളില്‍ പലതിന്‍െറയും മുമ്പില്‍ തിരക്കേറുകയാണ്. കഞ്ഞി കുടിച്ചുകൊണ്ടിരിക്കുന്നവര്‍ എഴുന്നേല്‍ക്കുന്നത് കാത്ത് ഓരോ സീറ്റിന് സമീപവും അടുത്തയാള്‍ നില്‍ക്കുന്നത് പതിവ് കാഴ്ച. 
ശരാശരി 25 കിലോ അരിയുടെ കഞ്ഞിവരെ വിറ്റുപോകുന്നുണ്ടെന്ന് ഏറെ തിരക്കേറിയ എം.ജി റോഡിന് സമീപം കഞ്ഞിക്കട നടത്തുന്നയാള്‍ പറയുന്നു. കുത്തരിക്കഞ്ഞി, ഒപ്പം കടല അല്ളെങ്കില്‍ ചെറുപയര്‍ തോരന്‍, അച്ചാറ്, പപ്പടം, മുളക് ചമ്മന്തി. ഇതാണ് വിഭവം. 30 രൂപയാണ് ശരാശരി വില നിലവാരം. 25 രൂപ വാങ്ങുന്നവരുമുണ്ട്. സ്പെഷല്‍ വേണമെന്നുണ്ടെങ്കില്‍ ഓംലറ്റും നല്‍കും. അതിന് പണം വേറെ നല്‍കണം. അരി നന്നായാല്‍, ഒരിക്കല്‍ കഞ്ഞി കുടിക്കാനത്തെുന്നവര്‍ വീണ്ടും അന്വേഷിച്ചത്തെുമെന്ന് ഇദ്ദേഹം പറയുന്നു. അരി മോശമായാല്‍, ആളുകള്‍ അടുത്ത കഞ്ഞിക്കട അന്വേഷിച്ച് പോകും. 
ചെറിയ കടമുറി വാടകക്കെടുത്ത് കഞ്ഞി മാത്രം വില്‍ക്കുന്നവരാണ് ഏറെയും. രാവിലെയും വൈകിട്ടും വില്‍പനയില്ല. കഞ്ഞി കുടിക്കാനത്തെുന്നവരില്‍ എല്ലാ തരക്കാരുമുണ്ട്. സാധാരണക്കാര്‍ മുതല്‍ ബാങ്ക് ഓഫിസര്‍മാര്‍ വരെ. നേരത്തെ കഞ്ഞി കുടിക്കുന്നത് അല്‍പം അഭിമാനക്കുറവായി കണ്ടിരുന്നവര്‍ ഇപ്പോള്‍ യാതൊരു മടിയും കൂടാതെ എത്തുന്നുണ്ട്. ആദ്യമൊക്കെ മടിച്ചു നിന്നിരുന്നെങ്കിലും സ്ത്രീകളും ഇപ്പോള്‍ ഉപഭോക്താക്കളായി എത്തുന്നുണ്ട്. 
ചൂടുള്ള കഞ്ഞി മാത്രമല്ല, പഴങ്കഞ്ഞിയും നഗരത്തില്‍ വില്‍പന വിഭവമാണ്. അടുത്തിടെ തുറന്ന കടയില്‍ പ്രാതലിന്‍െറ സ്പെഷല്‍ പഴങ്കഞ്ഞിയാണ്. റോസ് ചെമ്പാവരി കൊണ്ട് ചോറുണ്ടാക്കി, തലേദിവസം  വെള്ളമൊഴിച്ച് വെച്ചാണ് പിറ്റേന്ന് അത് പഴങ്കഞ്ഞിയാക്കി നല്‍കുന്നത്. 
ഇതില്‍ കപ്പപ്പുഴുക്ക്, കട്ടത്തൈര്, പുളിശ്ശേരി, തേങ്ങാച്ചമ്മന്തി, അച്ചാര്‍ എന്നിവയും ഒപ്പം പച്ചമുളകും രണ്ടല്ലി ചവന്നുള്ളിയും കൂടിച്ചേര്‍ത്താണ് ‘അമ്മച്ചീസ് പഴങ്കഞ്ഞി’ എന്ന പേരില്‍ വിളമ്പുന്നത്. ബാക്കി വന്ന ചോറാണെന്ന പേടിവേണ്ട. ഇവിടെ ഊണ് വില്‍പനയില്ല. പഴങ്കഞ്ഞിക്ക് വേണ്ടിമാത്രമാണ് അരിവെക്കുന്നത്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.